TopTop

സന്തോഷ് പണ്ഡിറ്റ്/ അഭിമുഖം: അഞ്ചുവര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്റ്റാറുകളെവച്ച് സിനിമ ചെയ്യും; മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക സ്വപ്‌നമായിരുന്നു

സന്തോഷ് പണ്ഡിറ്റ്/ അഭിമുഖം: അഞ്ചുവര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സ്റ്റാറുകളെവച്ച് സിനിമ ചെയ്യും; മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക സ്വപ്‌നമായിരുന്നു
മലയാളിക്ക് ഇപ്പോള്‍ ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന പേരാണ് സന്തോഷ് പണ്ഡിറ്റ്. ഒരു വിഭാഗം ജനങ്ങള്‍ വിമര്‍ശിച്ചിട്ടും അഞ്ചുലക്ഷം രൂപയുടെ പരിമിതിയില്‍ ഒരു സിനിമ എടുത്ത് വിജയിപ്പിച്ച്‌ ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ തന്റെതായൊരു സ്ഥാനം നേടിയെടുക്കാന്‍ സന്തോഷ് പണ്ഡിറ്റിനു കഴിഞ്ഞിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്ത മമ്മൂട്ടിക്കൊപ്പം ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രം ചെയ്യാന്‍ പോകുന്നു എന്നതാണ്. ഇപ്പോള്‍ കിട്ടിയ അവസരത്തെ കുറിച്ചും തന്റെ ലക്ഷ്യങ്ങളെ കുറിച്ചുംവിമര്‍ശകരോടുള്ള നിലപാടുകളെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് അഴിമുഖത്തോട് സംസാരിക്കുന്നു


അനു: പ്രേക്ഷകരുടെ ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വരുമ്പോഴും സ്വന്തം സിനിമകളിലൂടെ തന്റെതായൊരു സ്ഥാനം സന്തോഷ് പണ്ഡിറ്റ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോകുന്നു. അതും മറ്റൊരാളുടെ സിനിമയില്‍ ആദ്യമായി. ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ?

സന്തോഷ്: പ്രേക്ഷക വിമര്‍ശമനം, ഞാന്‍ അതിനെയെല്ലാം അതിജീവിച്ചു എന്നൊക്കെ പറയുമ്പോള്‍, വാസ്തവത്തില്‍ ഈ വിമര്‍ശനങ്ങളൊന്നും തന്നെ എന്നെ ബധിച്ചിട്ടില്ല എന്നതാണു സത്യം. ഓരോന്നും ഞാന്‍ മുന്‍കൂട്ടി പഠിച്ചു ചെയ്യുന്നതാണ്. ഇപ്പോള്‍ കിട്ടിയ അവസരം 2011 മുതല്‍ ഞാന്‍ പ്രതീക്ഷിക്കുന്നതാണ്. അത് 2017 ല്‍ സംഭവിച്ചിരിക്കുന്നു.

അ: അപ്പോള്‍ മുഖ്യധാര നായകന്മാര്‍ക്കൊപ്പം അഭിനയിക്കുക എന്നത് ലക്ഷ്യമായിരുന്നു എന്നാണോ?

സ: സംവിധായകന്‍ എന്ന ലക്ഷ്യവുമായിട്ടാണു ഞാന്‍ സിനിമയില്‍ വരുന്നത്. ഈ ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം മുഴുനീള കഥാപാത്രം ചെയ്യുമ്പോഴും എന്നിലെ അഭിനേതാവിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്റെയുള്ളിലെ സംവിധായകനെയാണ്. ഒരു തുടക്കക്കാരന്റെ പരിമിതികളില്‍ നിന്ന് കൊണ്ട് എങ്ങനെ ശ്രദ്ധിക്കപ്പെടാം എന്നതായിരുന്നു എന്റെ ചിന്ത. സിനിമയിലേക്കു വരാന്‍ ഒരു പിന്‍ബലം എപ്പോഴും ആവശ്യമാണ്. അല്ലെങ്കില്‍ കോടികള്‍ മുടക്കി സൂപ്പര്‍ സ്റ്റാര്‍സിനെ വെച്ച് സിനിമ ചെയ്യണം. വളരെ തിരക്കേറിയവരാണു നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍. ഒന്നിലേറെ ചിത്രങ്ങളില്‍ അവര്‍ ഒരേസമയം കമ്മിറ്റഡ് ആയിരിക്കും. അതുകൊണ്ടു തന്നെ അവരുടെ ഡേറ്റ് നേടിയെടുക്കുക എന്നത് ഒരു വലിയ പ്രതിസന്ധിയാണ്. ആ പ്രതിസന്ധി തരണം ചെയ്യുക എന്നുളളതാണ് എന്റെ ടാര്‍ഗെറ്റ്. അതിന് എന്നാലാവുന്ന വിധം കാര്യങ്ങള്‍ ചെയ്ത് ഒരു ശ്രദ്ധ പിടിച്ചു പറ്റണം. നമ്മള്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ ചില കാര്യങ്ങള്‍ എളുപ്പമാകും. എന്റെയുള്ളിലെ സംവിധായകന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ കൂടിയും മമ്മൂട്ടി എന്ന അതുല്യ പ്രതിഭയ്‌ക്കൊപ്പമുളള ഇത്തരം അവസരങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലെന്ന് പറയാനാകില്ല. എന്റെ സ്വപ്‌നങ്ങളില്‍ ഇതും ഉണ്ടായിരുന്നു. സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ പുറത്ത് പറയരുതെന്നു വിലക്കുളളത് കൊണ്ട് അതിലേക്ക് കൂടുതലായി കടക്കുന്നില്ല.



അ: ഈ സിനിമയ്ക്കു പിന്നാലെ വീണ്ടും അവസരങ്ങള്‍ വന്നാല്‍ ഒരു നടനായി തന്നെ മുന്നോട്ടുപോകുമോ? അതോ സ്വന്തം സിനിമകള്‍ സംവിധാനം ചെയ്യുന്നതിലാണോ അപ്പോഴും താത്പര്യം ഉണ്ടായിരിക്കുക?

സ: ഞാന്‍ മുന്‍പേ പറഞ്ഞല്ലോ, സംവിധായകനാകുക എന്ന ലക്ഷ്യത്തില്‍ വന്നയാളാണ് ഞാന്‍. സംവിധാനം ഒരു ക്രിയേറ്റിവിറ്റിയാണ്. എന്നാല്‍ അഭിനയം അങ്ങനെയല്ല. എഴുതിവെച്ച തിരക്കഥയിലെ സംഭാഷണം പറഞ്ഞഭിനയിച്ചു പോകുക എന്നുളളതാണ് അഭിനയത്തിന്റെ വശം. ഉദാഹരണത്തിന്, സിനിമയില്‍ എഴുതിവെച്ച പാട്ട് ആരെ കൊണ്ടും പാടിപ്പിക്കാം. എക്‌സ് ഓര്‍ വൈ. ഇതില്‍ ആര്‍ക്കു വേണമെങ്കിലും പാടാം. അല്ലെങ്കില്‍ രണ്ടു പേര്‍ക്കും ഒന്നിച്ചു ചേര്‍ന്ന് പാടാം. എന്നാല്‍ പാട്ട് ഉണ്ടാകുന്നതോ? അത് ഏതെങ്കിലും ഒരു വ്യക്തിയിലൂടെ മാത്രം സംഭവിക്കുന്നതാണ്. ഇതിനെയാണ് ക്രിയേറ്റിവിറ്റി എന്ന് പറയുന്നത്. ഞാന്‍ ക്രിയേറ്റിവിറ്റിയെ ഇഷ്ടപ്പെടുന്ന ആളാണ്. എന്റെ സിനിമകളെ സംബന്ധിച്ചിടത്തോളം അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്രിയേറ്റീവ് എലമെന്റ് സ്‌ക്രിപ്റ്റ് ആണ്. ആ സ്‌ക്രിപ്റ്റിനെ പരമാവധി നന്നാക്കുക എന്നുളളതാണ് ആദ്യം ഞാന്‍ ചെയ്യുന്നത്. അതത്ര എളുപ്പമല്ല. അതിനുളള നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ സ്‌ക്രിപ്റ്റ് ചാര്‍ട്ട് ചെയ്തതിന് ശേഷമാണ് സിനിമയുടെ മറ്റു മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുക. ഇത്തരത്തില്‍ ക്രിയേറ്റിവിറ്റിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് സംവിധാനത്തിനോട് കൂടുതല്‍ ആഭിമുഖ്യം ഉണ്ടാകും.

അ: ചലച്ചിത്ര മേഖലയില്‍ നിന്നും പല സാഹചര്യങ്ങളിലും പരിഹസിച്ചും ആക്ഷേപിച്ചുമുളള വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് താങ്കള്‍ക്കു നേരെ. അതിനിടയിലും ഇത്തരത്തില്‍ ഒരു അവസരം വന്നുവെങ്കില്‍ ഇന്‍ഡസ്ട്രിയ്ക്കുള്ളില്‍ നല്ല ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നു എന്നല്ലേ അര്‍ത്ഥം?

: ശരിയാണ്. സന്തോഷ് പണ്ഡിറ്റ് ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. എന്റെ നിലപാടുകളോട് വിയോജിപ്പുളളവര്‍ ഉണ്ടാകാം. എന്നാല്‍ സന്തോഷ് പണ്ഡിറ്റ് ഒരു മോശം വ്യക്തിയാണെന്ന് അവര്‍ പോലും പറയില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്കകത്തും പുറത്തുമായി ഒരുപാട് ബന്ധങ്ങള്‍ എനിക്കുണ്ട്. ഞാനത് നന്നായി കൊണ്ടുപോകുന്നുമുണ്ട്.

അ: താങ്കളുടെ സിനിമകളിലെ സംഭാഷണങ്ങളില്‍ പലയിടങ്ങളിലും സ്വാമി വിവേകാനന്ദന്‍ തുടങ്ങി പല മഹദ് വ്യക്തിത്വങ്ങളുടെ വചനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷേ അത്തരം സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെയും താങ്കളെ പരിഹസിക്കാനുതകുന്ന സംഭാഷണങ്ങള്‍ ആഘോഷിക്കുകയും ചെയ്യുകയാണ്?

സ: നോക്കൂ... ഒരു ധാരണകളെയും മാറ്റേണ്ട കാര്യമില്ല. നിലവില്‍ ഇതാണ് സ്ഥിതി. ഇതിനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടത്. നിങ്ങള്‍ ഒരു ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍ ആണെങ്കില്‍ നിങ്ങള്‍ക്കു സെഞ്ച്വറി അടക്കാന്‍ എപ്പോഴും റണ്‍സ് ഒഴുകുന്ന പിച്ച് കിട്ടിക്കൊള്ളണമെന്നില്ല. ബൗണ്‍സ് ഉളള പിച്ചിലാണെങ്കിലും സെഞ്ച്വറി അടിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. അത് ചെയ്യുക. എന്താണ് സത്യം, ആ സത്യത്തെ നിങ്ങള്‍ ആദ്യം ഉള്‍ക്കൊളളുക എന്നതാണ് ഞാന്‍ മനസ്സിലാക്കിയ മനഃശാസ്ത്രം. ശേഷം അതിനപ്പുറത്തേക്ക് എങ്ങനെ പോകണമെന്ന് നമ്മള്‍ ചിന്തിക്കണം. ഒരു പുതുമുഖം സംഭാഷണം പറഞ്ഞാലും ജനങ്ങള്‍ കൈയ്യടിക്കുന്ന അവസ്ഥയിലേക്ക് നമ്മള്‍ അതിനെ എത്തിക്കണം. അല്ലാതെ ജനങ്ങളെ മാറ്റാന്‍ നടക്കരുത്. അത് നടക്കില്ല. നമ്മള്‍ നമ്മുടെതായ ഒരു ശൈലി ഉണ്ടാക്കി എടുത്താല്‍ മാത്രം നമ്മുടെ ലക്ഷ്യത്തിലേക്കു വരാന്‍ പറ്റുമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അത് ഞാന്‍ പ്രൂവ് ചെയ്യുകയാണ്.

അ: സൈക്കോളജി പഠിച്ച ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകളാണോ ഇത്?

സ: സൈക്കോളജി പഠിക്കുക എന്നു വെച്ചാല്‍ അതില്‍ പുസ്തകത്തിലെഴുതി വെച്ച കുറേ നിയമങ്ങളെ ഉളളൂ. ഞാന്‍ ചെയ്യുന്നത് ഇവിടെ നടക്കുന്ന കാര്യങ്ങളെ നിരീക്ഷിക്കുക എന്നതാണ്. നിരീക്ഷണമാണു കുറച്ചുകൂടി നല്ലത്. എന്റെ അമ്മ പണ്ട് പറയുമായിരുന്നു, ഒരു പ്രശ്‌നത്തെ തന്നെ പല രീതിയിലും അഭിമുഖീകരിക്കാം. ഉദാഹരണമായി, ഒരു പ്രശ്‌നത്തിന്റെ പേരില്‍ നിയമം, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി എന്തിനേയും ഏതിനെയും കുറ്റപ്പെടുത്താം. അതേ സമയം എല്ലാത്തിനു നേരെയും കണ്ണടച്ച് പിടിച്ച് എനിക്കിതൊന്നും കാണാന്‍ വയ്യെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാം. ഇതു രണ്ടുമല്ല നമ്മള്‍ ചെയ്യേണ്ടത്. ഒരു സ്ഥലത്ത് ഭയങ്കര ഇരുട്ട് ഉണ്ടെങ്കില്‍ ഒരു ചെറിയ മെഴുകു തിരി കത്തിക്കാം. ചെറിയ ഒരു ഭാഗത്തായാലും വെളിച്ചമാവില്ലേ. ഒരു പ്രശ്‌നത്തെ നമ്മളാലാവും വിധം പരിഹരിക്കുക. അത് മറ്റുളളവര്‍ക്കും പ്രചോദനമാകും. പതിനെട്ട് വര്‍ഷത്തെ ജോലി ഉപേക്ഷിച്ച് സംവിധായക സഹായിയാകാന്‍ പോയി. സംവിധായകനാകാനുളള മാനസികാവസ്ഥ എനിക്കപ്പോള്‍ ഇല്ല. അതേസമയം അക്കാരണത്താല്‍ എന്റെ ലക്ഷ്യത്തിലേക്ക് എനിക്ക് വരാതിരിക്കാനുമാകില്ല. എന്റെ അമ്മ പറയുന്നു; ഒരു ചെറിയ മെഴുകുതിരി കത്തിച്ച് വെളിച്ചമുണ്ടാക്കണമെന്ന്. അതാണ് ഞാന്‍ ചെയ്തതും. അതിന്റെ പ്രകാശം കൂടി വരട്ടെ എന്നാണാഗ്രഹം.



അ: സിനിമയില്‍ സംവിധായകന്‍ ആവുക എന്നത് ആര്‍ക്കും പ്രാപ്യമായ കാര്യമാണെന്നാണോ താങ്കള്‍ പറയുന്നത്?

സ: എല്ലാവര്‍ക്കും ചെയ്യാവുന്നതാണ് ഞാന്‍ ചെയ്തത്. പക്ഷെ ഞാന്‍ use ചെയ്ത method കൂടുതല്‍ ക്ഷമയോടും അവനവന്റെ strength നും അനുസരിച്ച് ചെയ്തു.

അ: മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോകുമ്പോള്‍ മനസില്‍ ഉണ്ടാകുന്ന വികാരം?

സ:  മമ്മൂട്ടി എന്ന നടന്‍ ഒരതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന്റെ അത്ര കലാപരമായ അറിവോ അനുഭവമോ എനിക്കില്ല. എന്നാലും പരിമിതികളില്‍ നിന്നു കൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം മുഴുനീള കഥാപാത്രം ഞാന്‍ സ്വപ്നം കണ്ടിരുന്നു. അതിപ്പോള്‍ സാധിച്ചു. അദ്ദേഹത്തെ അടുത്ത് നിന്ന് നിരീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാന്‍ സാധിക്കും അദ്ദേഹം ചെയ്യുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും പിറകിലുമുളള കഷ്ടപ്പാടുകള്‍.

അ: മലയാള സിനിമയില്‍ ഇനി സന്തോഷ് പണ്ഡിറ്റിന്റെ ദിനങ്ങളാണോ വരാന്‍ പോകുന്നത്?

സ: അഞ്ചു വര്‍ഷം കഴിഞ്ഞ് നിങ്ങള്‍ക്ക് എന്നെ ഇതുപോലെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിച്ചെന്ന് വരില്ല. ഇപ്പോള്‍ ഉള്ളതിനെക്കാള്‍ ഒരുപടി കൂടി ഞാന്‍ മുന്നോട്ടു പോയിരിക്കും. സൂപ്പര്‍ സ്റ്റാറുകളെവച്ച് സിനിമ സംവിധാനം ചെയ്തിരിക്കും. മലയാളത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഭാഷയില്‍. എല്ലാത്തിനുമാവശ്യം ക്ഷമയാണ്. പ്രതിഭകളായ പലര്‍ക്കും അവരുടെ സ്വപ്നത്തിലേക്ക് അടുക്കാന്‍ പറ്റാത്തതിന്റെ ഒരു കാരണം അവര്‍ക്ക് ക്ഷമയില്ല എന്നതാണ്. അതിനൊപ്പം മറ്റുളളവരെ നിരീക്ഷിക്കാനും അവരുടെ ആംഗിളിലൂടെ കാണാനുമുളള കഴിവും വേണം. ജീവിതത്തില്‍ reasonable risk എടുക്കാന്‍ തയ്യാറാകണം. എപ്പോഴും ഓര്‍ക്കുക, ആരുടെയും ക്യാരക്ടര്‍ നിങ്ങള്‍ക്ക് മാറ്റാനാകില്ല. അതേ സമയം അവര്‍ക്കനുസരിച്ച് നിങ്ങള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാം. അതാണ് ഞാന്‍ ചെയ്യാറ്.

അ: ഒരു ചാനല്‍ പരിപാടിയില്‍ ജോര്‍ജ് എലൂര്‍ എ്ന്ന മിമിക്രി ആര്‍ട്ടിസ്റ്റ് താങ്കളെ പരസ്യമായി അധിക്ഷേപിച്ചിരിക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോകുന്ന വേളയില്‍ ജോര്‍ജിനോട് എന്തെങ്കിലും പറയാന്‍ തോന്നുന്നുണ്ടോ?

സ: ജോര്‍ജ് ഏലൂര്‍ എന്നല്ല, എന്നെ വിമര്‍ശിക്കുന്ന എല്ലാ മിമിക്രിക്കാരോടും പറയാനുള്ളത്, നിങ്ങള്‍ ഒന്നുമാകാതെ ജീവിതാവസാനം വരെ സീറോ ആകുന്നതിന്റെ ഒരു കാരണം അനുകരണമാണ്. നിങ്ങള്‍ ചെയ്യുന്നത് അനുകരിക്കുക എന്നുളളത് മാത്രമാണ്. നിങ്ങളുടെതായ ഒരു ശൈലി ഉണ്ടാക്കിയില്ലെങ്കില്‍ ഈ അവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാനാകില്ല. മിമിക്രിക്ക് കിട്ടുന്ന ഓരോ കയ്യടിയും നിങ്ങള്‍ക്കല്ല, നിങ്ങള്‍ അനുകരിക്കാന്‍ ഉദ്ദേശിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്കാണെന്ന് മനസ്സിലാക്കുക. പിന്നെ, സന്തോഷിന് എവിടെന്ന് ഇത്രമാത്രം നായികമാരെ കിട്ടുന്നു എന്നൊക്കെ ചോദിച്ച് ആക്ഷേപിക്കാന് ശ്രമിച്ചാല്‍ സന്തോഷ് പണ്ഡിന്റെ സ്വഭാവം നല്ലതാണെന്നു വേണമെങ്കില്‍ ചിന്തിക്കാം എന്നു കൂടി ഇവര്‍ക്ക് ഞാന്‍ ഉത്തരം നല്‍കുന്നു. അവനവന്റെ സ്വഭാവം നന്നാക്കുക, ധര്‍മ്മം പാലിക്കുക, നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുക

Next Story

Related Stories