UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടൌണ്‍ഷിപ്പുകള്‍ കെട്ടിപ്പൊക്കിയാല്‍ വികസനമാകുമോ?- അഡ്വ. വിദ്യ സംഗീതിന് പിന്തുണയുമായി സാറാ ജോസഫ്

Avatar

സാറാ ജോസഫ്

തൃശൂര്‍ കോലാഴി പഞ്ചായത്തിലെ പുഴയ്ക്കല്‍ പാടത്ത് ശോഭാ ഹൈടെക് സിറ്റി നടത്തുന്ന അനധികൃത വയല്‍ നികത്തലിനെതിരെ അഡ്വ. വിദ്യ സംഗീത് നടത്തിയ നിയമ പോരാട്ടം ഒക്ടോബര്‍ 18നു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. അന്നാണ് വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള കോടതി ഉത്തരവിന്‍റെ സമയപരിധി അവസാനിക്കുന്നത്. ഭരണസംവിധാനവും കോര്‍പ്പറേറ്റുകളും നമ്മുടെ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുന്നതിന്റെയും പരിസ്ഥിതിയെ നശിപ്പിക്കുന്നതിന്റെയും സംസ്ഥാനത്ത് നിന്നുള്ള സമീപകാല ഉദാഹരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശോഭാ ഹൈടെക് സിറ്റിയുടെ പുഴയ്ക്കല്‍ പാടം നികത്തല്‍. വിദ്യാ സംഗീതിന്‍റെ നിയമ പോരാട്ടത്തെക്കുറിച്ച് നേരത്തെ അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു- (അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ). അഡ്വ. വിദ്യ സംഗീത് നടത്തുന്ന ചെറുത്തു നില്‍പ്പിന്‍റെ  പശ്ചാത്തലത്തില്‍ കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെയും കടന്നുകയറ്റങ്ങളെയും സര്‍ക്കാര്‍-കോര്‍പ്പറേറ്റ് മാഫിയ കൂട്ടുകെട്ടുകളെയും കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആം ആദ്മി നേതാവുമായ സാറാ ജോസഫ്


സല്‍പ്പേരിനേക്കാള്‍ മൂല്യം പണത്തിനാണെന്ന് വിശ്വസിക്കുന്ന ഭരണകൂടം കോര്‍പ്പറേറ്റുകളെക്കാള്‍ അപകടകാരികളാണ്. അഴിമതിയൊഴിഞ്ഞുനില്‍ക്കുന്ന ഭരണസംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് എവിടെയുമില്ല. ഈ സ്ഥിതിയില്‍ പരിസ്ഥിതി സംരക്ഷണത്തിന് അധികാരവര്‍ഗ്ഗ സഹായം ലഭിക്കുമെന്ന ചിന്തപോലും മൂഢത്വമാണ്.

കോര്‍പ്പറേറ്റുകളുകള്‍ തന്നെയാണ് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രധാന ശത്രു. തദ്ദേശീയരായ കോര്‍പ്പറേറ്റുകളെ മാറ്റി നിര്‍ത്തി, രാജ്യത്തിനു പുറത്തുനിന്നു വരുന്നവരുടെ പശ്ചാത്തലം തിരഞ്ഞു നോക്കിയിട്ടുണ്ടോ? അവരുടെ നാട്ടില്‍ എത്ര കാര്യക്ഷമമായാണ് പ്രകൃതി സംരക്ഷിക്കപ്പെടുന്നത്. അവര്‍ തങ്ങളുടെ  പുഴകളും മലകളും വനങ്ങളും എത്ര ശ്രദ്ധയോടെയാണ് കാത്തുകൊള്ളുന്നത്. എന്നിട്ട് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വന്ന് ഇവിടത്തെ ഭരണാധികാരികളുടെ സഹകരണത്തോടെ പ്രകൃതിയെ തുരന്നെടുത്ത് ലാഭം കൊള്ളയടിക്കുന്നു. ഇതിനെ അധിനിവേശം എന്നു വിളിക്കാനാവില്ല, അവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടുകൊടുക്കുകയാണ് നമ്മുടെ അധികാരികള്‍. ആഘോഷമായി എതിരേല്‍ക്കുന്നു. എന്നിട്ട് തങ്ങള്‍ ഇതാ വികസനം കൊണ്ടുവരുന്നു എന്ന് ഉറക്കെ ഉറക്കെ ഉദ്‌ഘോഷിക്കുന്നു. ഈ പറയുന്ന വികസനങ്ങളെല്ലാം തന്നെ ഇന്നാടിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള പുകമറ മാത്രമാണ്.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യം എടുക്കുക. ഇടതും വലതും മാറിമാറി പറയുന്നു;  അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന്. ഈ പദ്ധതിയെക്കുറിച്ച് വ്യക്തമായി പഠിച്ച് നിഷേധിക്കാനാവാത്ത വിധം സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ പദ്ധതികൊണ്ട് ഇവര്‍ പറയുന്ന തരത്തിലുള്ള വൈദ്യുതി അവിടെ നിന്ന് ലഭിക്കില്ലായെന്ന്. അതേസമയം ഇങ്ങിനെയൊരു പദ്ധതി യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അത് വലിയ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുകയും ചെയ്യും. ചാലക്കുടി പുഴയുടെ തീരത്തുള്ള കര്‍ഷകര്‍ക്കും, പുഴയുടെ ഉത്ഭവസ്ഥാനത്ത് വസിക്കുന്ന ആദിവാസികള്‍ക്കും വനത്തിനും ജൈവവ്യവസ്ഥയ്ക്കുമെല്ലാം നാശമായിരിക്കും ഉണ്ടാക്കുക. എന്നിട്ടും രാഷ്ട്രീയക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയേ പറ്റൂ എന്ന് മുറവിളി കൂട്ടുന്നതിന്റെ കാരണമെന്താണ്? ഈ പദ്ധതിയുടെ പിന്നില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ തന്നെയാണ് അവരുടെ കണ്ണ്. ഓരോ നിര്‍മ്മാണവും അഴിമതിയുടെ സാധ്യതകള്‍ തുറന്നിടുകയാണ്. ഈ പദ്ധതിക്കുപിന്നില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുണ്ട്. അഴിമതി നിറഞ്ഞതും സുതാര്യതയില്ലാത്തതുമായ ഗവണ്‍മെന്റ് അതിനാവിശ്യമായ ഒത്താശ ചെയ്യുന്നു. അവര്‍, കോര്‍പ്പറേറ്റുകള്‍ നമ്മുടെ ആത്മാവായ പ്രകൃതിയെ കൊള്ളയടിക്കാന്‍ വന്നിട്ടുള്ളവരാണെന്ന് അറിഞ്ഞിട്ടും ഒപ്പം നില്‍ക്കുന്നത് പണത്തിന്റെ രാഷ്ട്രീയം കളിക്കാനാണ്.

ഇത്തരം കള്ളക്കച്ചവടങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ പലപ്പോഴും ശ്രമിക്കാറുള്ളത് ജനകീയ മുന്നേറ്റങ്ങളാണ്, അത് വ്യക്തി നടത്തുന്നതോ, ഒരുകൂട്ടം നടത്തുന്നതോ ആകാം. പക്ഷേ, ഈ മുന്നേറ്റങ്ങള്‍ ലക്ഷ്യപ്രാപ്തിയിലേക്ക് എത്താതെ പോകുന്നു. കാരണം, അധികാരം അവര്‍ക്കില്ല എന്നതുതന്നെ. ഈ മുന്നേറ്റങ്ങളെ ജനാധിപത്യത്തിലെ തന്നെ ഓരോ വിഭാഗവും, മാധ്യമങ്ങളുള്‍പ്പെടെ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ മുന്നേറ്റങ്ങള്‍ ഐക്യപ്പെടുകയും, അതൊരു പ്രസ്ഥാനമായി മാറി, അധികാരം നേടിയെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമെ പൂര്‍ണ്ണവിജയം സാധ്യമാകൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

വികസനത്തിന്റെ മറയാണ് പല കൊള്ളയ്ക്കും ഉപയോഗിക്കുന്നത്. കെട്ടിടവത്കരണമാണോ വികസനം? മംഗള്‍യാന്റെ വിജയം കൊണ്ടാടപ്പെടുന്നതിന്റെ ഇടയില്‍ തന്നെയാണ് നമ്മുടെ പ്രധാനമന്ത്രി, ഈ രാജ്യത്ത് പകുതിയിലേറെപ്പേരും കക്കൂസ് ഇല്ലാത്തവരാണെന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ച് സംസാരിച്ചത്. അടിസ്ഥാന സൗകര്യത്തില്‍പ്പെട്ട കക്കൂസ് പോലും ഇല്ലാത്ത പകുതിയിലേറെ ജനങ്ങള്‍ വസിക്കുന്ന ഒരു രാജ്യം മംഗള്‍യാന്‍പോലെ വലിയൊരു നേട്ടം സ്വന്തമാക്കിയാല്‍, സംശയമില്ല; നമ്മുടെ വിജയം മഹത്തരം തന്നെ! ഈ ശാസ്ത്രനേട്ടത്തെ ചെറുതാക്കി കാണുകയല്ല, ഇതും നമ്മുടെ നാടിന്റെ പുരോഗതിക്ക് ആവശ്യം തന്നെ. എന്നാല്‍ സാധാരണക്കാരന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നേടിക്കഴിയുമ്പോഴാണ് ഒരു രാജ്യം വികസിച്ചു എന്നു പറയുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ
ആറളവും ആദിവാസിയും പുനരധിവാസത്തിന്റെ പിച്ചച്ചട്ടിയും
വിജയിച്ച കളക്ട്രേറ്റ് പിടിച്ചടക്കലും വിജയിക്കാത്ത നില്‍പ്പു സമരവും
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
അട്ടപ്പാടിയിലേത് വംശഹത്യ: അഴിമുഖം റിപ്പോര്‍ട്ട്

വികസനം എന്നാല്‍ നിര്‍മ്മാണം എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. റോഡ് വികസിപ്പിക്കുമ്പോള്‍, കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍, ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുമ്പോള്‍, ഐടി പാര്‍ക്കുകള്‍ വരുമ്പോള്‍ നമ്മുടെ പുരോഗതി സാധ്യമായിരിക്കുന്നു എന്ന ധാരണ തെറ്റാണ്. ഇതെല്ലാം തന്നെ പുരോഗതിയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്, തര്‍ക്കമില്ല. എന്നാല്‍ ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ പുനരധിവാസം സാധ്യമാകാത്തിടത്തോളം നമ്മള്‍ കണ്ട ലക്ഷ്യം പൂര്‍ണ്ണമായെന്ന് എങ്ങിനെ പറയാന്‍ കഴിയും? പതിനൊന്നു ലക്ഷത്തോളം വീടുകളും ഫ്‌ളാറ്റുകളുമാണ്  ആള്‍ത്താമസമില്ലാതെ കിടക്കുന്നത്. അതേ സമയം പന്ത്രണ്ട് ലക്ഷത്തോളം ഭവനരഹിതര്‍ കേരളത്തിലുണ്ട്. അങ്ങിനെയുള്ളപ്പോള്‍, ഫ്‌ളാറ്റുകള്‍ ഉയര്‍ന്നാല്‍ നാട് വികസിച്ചു എന്നു പറയുന്നതിലെ യുക്തി എന്താണ്? ഉള്ള കൃഷിയിടങ്ങളെല്ലാം നികത്തി ടൗണ്‍ഷിപ്പുകള്‍ ഉണ്ടാക്കുകയാണ്. കൃഷി ചെയ്യാം, വനം സംരക്ഷിക്കാം എന്ന് പറയുന്ന ആദിവാസികള്‍ക്ക് ഒരു തുണ്ട് ഭൂമി കൊടുക്കുകയുമില്ല. ഇതാണോ ജനാധിപത്യം? ഇങ്ങനെയാണോ ഈ നാട്ടില്‍ വികസനം കൊണ്ടുവരുന്നത്?

നമ്മുടെ ആവാസവ്യവസ്ഥയെ ചൂഷണം ചെയ്യാനെത്തുന്നവനെ തടയാനുള്ള ആര്‍ജ്ജവം കാണിക്കാതെ, അവന്റെ പിണിയാളുകളാകാന്‍ തയ്യാറാകുന്ന ഭരണകൂട പ്രതിനിധികളെ തന്നെയാണ് പ്രകൃതിനശീകരണത്തിന് ആദ്യ പ്രതികളാക്കേണ്ടത്. സമരം ചെയ്യേണ്ടതും ചോദ്യം ചോദിക്കേണ്ടതും അവരോടാണ്. അതിനായുള്ള മുന്നേറ്റങ്ങളെയാണ് നമുക്ക് ആദ്യം വിജയിപ്പിക്കേണ്ടത്.

(തയ്യാറാക്കിയത് രാകേഷ് നായര്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍