TopTop

ദളിത്‌ അതിജീവനത്തിന്റെ ഇന്ത്യന്‍ അവസ്ഥയില്‍ ശരണ്‍ കുമാര്‍ ലിംബാളെ നമ്മോട് പറയുന്നത്

ദളിത്‌ അതിജീവനത്തിന്റെ ഇന്ത്യന്‍ അവസ്ഥയില്‍ ശരണ്‍ കുമാര്‍ ലിംബാളെ നമ്മോട് പറയുന്നത്
ബഹിഷ്‌കൃതര്‍ (നോവല്‍)
ശരണ്‍ കുമാര്‍ ലിംബാളെ
പ്രസാധകര്‍: മാതൃഭൂമി ബുക്സ്
വില: 200.00 രൂപ

“എന്‍റെ വാക്കുകള്‍ വാക്കുകളല്ല. ആയുധങ്ങളാണ്. ഞാന്‍ അടിച്ചമര്‍ത്തപ്പെട്ടവരെപ്പറ്റി എഴുതാറുണ്ട്. അതെന്‍റെ ഉത്തരവാദിത്വമാണ്. ഞാന്‍ ദൈവത്തിലും പിശാചിലും വിശ്വസിക്കുന്നില്ല. കാല്‍പ്പനികതയല്ല എന്‍റെ ജീവിതം. ഞാന്‍ പഠിച്ചുവന്നതില്‍ ഒന്നും ഞങ്ങളുടെ ജീവിതം കാണാന്‍ സാധിച്ചില്ല. അതിനെകുറിച്ച്‌ പഠിക്കുക എന്നതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്”

പ്രശസ്ത മറാത്തി എഴുത്തുകാരനും ദളിത് ആക്റ്റിവിസ്റ്റുമായ ശരണ്‍ കുമാര്‍ ലിംബാളെയുടെ വാക്കുകളാണിത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും സ്വത്വാന്വേഷണവും കൂടിയാണ് ശരണ്‍കുമാര്‍ ലിംബാളെയ്ക്ക് എഴുത്ത്.

അതിപ്രാചീനകാലം മുതല്‍ക്കേ ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തിലെ ഏറ്റവും ശക്തമായ യാഥാര്‍ത്ഥ്യമാണ് ജാതി. ഹിന്ദുമതത്തിന്‍റെ ഭാഗമായി പരിഗണിക്കപ്പെടുകയും അതേസമയം ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് പുറത്തുള്ളവരെന്ന നിലയില്‍ നൂറ്റാണ്ടുകളായി അകറ്റി നിര്‍ത്തപ്പെടുകയും അതിക്രൂരമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ് ദളിതര്‍. അവര്‍ സ്വത്വബോധം കൈവരിക്കുകയും കര്‍തൃത്വമാര്‍ജ്ജിക്കുകയും ചെയ്തതിന്‍റെ ഫലമായാണ് ദളിത് സാഹിത്യം രൂപം കൊള്ളുന്നത്. പാര്‍ശ്വവത്ക്കരിപ്പെട്ട ഒരു ജനതയുടെ ജീവിതങ്ങളും ജ്ഞാനാന്വേഷണങ്ങളുമൊക്കെ ആവിഷ്കൃതമാകുന്ന സാഹിത്യത്തെയാണ് പൊതുവെ ദളിത് സാഹിത്യം എന്നു പറയുന്നത്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത തങ്ങളുടെ സ്വത്വബോധവും പ്രതിഷേധവും രേഖപ്പെടുത്തുന്നതാണ് ദളിത് സാഹിത്യം. അനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടാണ് അത് പ്രസക്തമാകുന്നത്. നിലനിന്നിരുന്ന വരേണ്യ സാഹിത്യസങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന ദളിത് സാഹിത്യം ഇന്ന് ഭാരതീയ സാഹിത്യത്തിലെ പുതുമയും ശക്തിയുമുള്ള ശാഖയാണ്.

ഇന്ന് ഇന്ത്യയിലെ ഒട്ടെല്ലാ ഭാഷകളിലും ദളിത് സാഹിത്യ രചനകളുണ്ടെങ്കിലും മറാഠിയാണ് ദളിത് സാഹിത്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. പുതിയൊരു സംവേദനം മുന്നോട്ട് വെക്കുന്ന ദളിത് സാഹിത്യം, ദളിതർ ജാതിയുടെ പേരിൽ അനുഭവിക്കുന്ന പരാധീനതകളെ തുറന്നുകാട്ടുന്നു. ദളിതരുടെ മാനുഷികമായ അന്തസ്സിനുവേണ്ടി വാദിക്കുകയും പ്രക്ഷോഭം കൂട്ടുകയും ചെയ്യുന്നു. നീതിക്കും സമത്വത്തിനും വേണ്ടിയാണ് അത് വാദിക്കുന്നത്. ദളിതരെക്കുറിച്ച് ദളിതരല്ലാത്തവര്‍ എഴുതുന്ന സാഹിത്യം പലപ്പോഴും ദളിത് പക്ഷ രചനയെ ആകുന്നുള്ളൂ.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ദളിത് സമൂഹത്തിൽ സ്വാധീനം ചെലുത്തിയ അംബേദ്കർ ചിന്തകളാണ് ദളിത് സാഹിത്യത്തിനു വഴിയൊരുക്കിയത്. ഇന്ത്യൻ ദൈവസങ്കല്പങ്ങളെയും പുരാണങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും നിർദാക്ഷിണ്യം വിമർശിച്ച അംബേദ്കർ ദര്‍ശനങ്ങളാണ് ദളിത് സാഹിത്യത്തിന്‍റെ അടിത്തറ. 1972 ല്‍ മഹാരാഷ്ട്രയിൽ രൂപീകൃതമായ ദളിത് പാന്തർ പ്രസ്ഥാനത്തിന്‍റെ പ്രതിഫലനവും അധികാര വികേന്ദ്രീകരണവും രാഷ്ട്രീയത്തില്‍ കടന്നു വന്ന വർഗീയതയും ദാരിദ്ര്യവും വർഗീയ കലാപങ്ങളും ഹിന്ദുത്വവാദവുമെല്ലാം ദളിതരെ ഉണർത്തി. ദളിത് സാഹിത്യകാരന്‍മാര്‍ എഴുതിയത് ബുദ്ധന്റെയും ഫൂലെയുടെയും അംബേദ്കറുടെയും പാരമ്പര്യത്തെ പിന്‍പറ്റി നിലവിലിരിക്കുന്ന സാഹിത്യ സിദ്ധാന്തങ്ങളെ മറികടന്നു കൊണ്ടാണ്. 1960 കളിൽ മറാഠിയിൽ രൂപംകൊണ്ട പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൽനിന്നു വേർപെട്ട് എഴുത്തിൽ സ്വന്തമായ ഒരിടം കണ്ടെത്താന്‍ ദളിത് എഴുത്തുകാരെ പ്രാപ്തരാക്കിയത് അംബേദ്കർ ചിന്തകളായിരുന്നു.മഹാരാഷ്ട്രയിലെ പൂനയിൽ ജനിച്ച ഡോ. ശരൺകുമാർ ലിംബാളെ‍ ഇന്ത്യയിലെ ദളിത്‌ സാഹിത്യകാരന്മാരിൽ പ്രമുഖനാണ്. ഇരുപത്തിയഞ്ചാം വയസ്സില്‍ അദ്ദേഹമെഴുതിയ ആദ്യ കൃതിയായ 'അക്കർമാശി' ആത്മകഥാഖ്യാനമാണ്. വരേണ്യവര്‍ഗ്ഗ നീതിശാസ്ത്രങ്ങള്‍ ദളിതനോട് എങ്ങനെ പെരുമാറുന്നു എന്നു കാണിച്ചു തരുന്ന അക്കര്‍മാശി കീഴാള ജീവിതത്തിന്‍റെ ഞെട്ടിക്കുന്ന നേര്‍ക്കാഴ്ചയാണ്. ഫ്രഞ്ച്‌ ഉൾപ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം ഈ കൃതിക്ക് വിവർത്തനങ്ങളുണ്ടായിട്ടുണ്ട് ശരണ്‍കുമാര്‍ ലിംബാളെ പറയുന്നു.

“സൌന്ദര്യത്തിന്‍റെ സാഹിത്യമാണ് മുഖ്യധാരാ സാഹിത്യം. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എഴുത്തുകാരന്‍ മാത്രമല്ല ആക്റ്റിവിസ്റ്റ് കൂടിയാണ്. പോരാട്ടങ്ങളുടെ ഭൂമികയില്‍ നിന്നാണ് ദളിതര്‍ എഴുതുന്നത്. ഞങ്ങളുടേത് സൌന്ദര്യത്തിന്‍റെ രചനകള്‍ അല്ല. മുഖ്യധാരാ എഴുത്തുകാരുടെ സാഹിത്യ പരികല്‍പ്പനകള്‍ ഞങ്ങള്‍ തള്ളിക്കളയുന്നു. കണ്ണീരിന്‍റെയും സഹനത്തിന്‍റെയും രചനകളാണ് ഞങ്ങളുടെത്. ഞങ്ങളുടെ അനുഭവങ്ങള്‍ പുറത്തു നിന്നുള്ളവര്‍ക്ക് എഴുതാനാവുമെന്ന് ഞാന്‍ കരുതുന്നില്ല. നേരത്തെ ഞങ്ങള്‍ എഴുതുന്നതു സാഹിത്യമാണെന്ന് കരുതപ്പെട്ടിരുന്നില്ല. അവഗണയിലൂടെ ഞങ്ങളെ തളര്‍ത്തുകയായിരുന്നു. സാഹിത്യ അക്കാദമികളില്‍ ഞങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സവര്‍ണ്ണ പ്രത്യയ ശാസ്ത്രത്തിന്‍റെ കോട്ട കൊത്തളങ്ങളാണ് സാഹിത്യ അക്കാദമികള്‍. ദളിതരെ മാത്രമല്ല പാര്‍ശ്വവത്ക്കരിക്കപ്പെട്ട എല്ലാ സമൂഹങ്ങളെയും തളര്‍ത്തുന്ന സമീപനമാണ് സാഹിത്യ അക്കാദമികള്‍ക്ക് ഉള്ളത്.”


വരേണ്യ വര്‍ഗ്ഗ സാഹിത്യം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം ജീവിതാനുഭവങ്ങളുടെ നേരാഖ്യാനവുമായാണ് ശരണ്‍കുമാര്‍ ലിംബാളെ കടന്നു വരുന്നത്. ദളിതരെയും ദളിത് ജീവിതത്തെയും അരികുകളിലേക്ക് മാറ്റിനിര്‍ത്തിയിരുന്ന ഒരു കാലത്ത് ശരണ്‍ കുമാര്‍ ലിംബാളെയുടെ എഴുത്ത് ഒരു പ്രതിരോധം തന്നെയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും അതിജീവന ഗാഥകളായിരുന്നു അത്.
ശരണ്‍കുമാര്‍ ലിംബാളെ മറാത്തിയില്‍ എഴുതിയ ‘ഉപല്യ’ എന്ന നോവലിന്‍റെ മലയാള പരിഭാഷയാണ് 'ബഹിഷ്‌കൃതര്‍'. ഡോ ബാബാസാഹിബ് അംബേദ്കറുടെ നിര്യാണത്തിന് ശേഷം ദളിതര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പവും ദളിത് സംഘടനയില്‍ ഉണ്ടായ മാറ്റങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങിനെയാണ് ദളിതരെ ചൂഷണം ചെയ്തിരുന്നതെന്നും ദളിതര്‍ എങ്ങനെയാണ് അവരുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ കുടുങ്ങിയതെന്നും ദളിത് പ്രസ്ഥാനങ്ങള്‍ എങ്ങിനെയാണ് ഭിന്നിച്ചു പോയതെന്നും ഈ നോവലില്‍ പറയുന്നുണ്ട്. അധികാരം കയ്യില്‍ കിട്ടുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മൂല്യ ബോധങ്ങള്‍ മറന്നുപോകുന്നതിനെ കുറിച്ചും എല്ലാ തരം അധികാരവും പണവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും ദളിതര്‍ മറ്റുള്ളവര്‍ക്ക് അധികാരത്തിലെത്താനുള്ള ടൂള്‍ മാത്രമാണെന്നും എഴുത്തുകാരന്‍ ബോധ്യപ്പെടുത്തുന്നു. ചിലര്‍ സംഘടന പിടിച്ചെടുക്കാന്‍ ശ്രമിച്ചു. മറ്റുചിലര്‍ വേറെ സംഘടനയുണ്ടാക്കി. റിപ്പബ്ലിക്കന്‍ ഐക്യം, ഭൂമി പിടിച്ചെടുക്കല്‍, മറാഠവാഡാ സര്‍വ്വകലാശാലയുടെ പേരുമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ദളിതര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. നിരവധി കലാപങ്ങള്‍ ഉണ്ടായി. ദളിതരുടെ പിന്തുണ കിട്ടാന്‍ കോണ്‍ഗ്രസും സംഘപരിവാറും അംബേദ്കറുടെ ഫോട്ടോ ഉപയോഗിച്ചു. ചിലരെ മാക്സിസ്റ്റ് എന്നു മുദ്രകുത്തിയപ്പോള്‍ ചിലരെ കോണ്‍ഗ്രസുകാരാക്കി, മറ്റുചിലരെ ഹിന്ദുത്വ വാദികളാക്കി. എന്തിന് വേണ്ടിയാണോ സംഘടന ഉണ്ടാക്കിയത് അതില്‍ നിന്നു വ്യതിചലിച്ചു കൊണ്ട് സംഘടന മറ്റെന്തൊക്കെയോ ആയി പരിണമിച്ചു. ഒരര്‍ത്ഥത്തില്‍ ദളിത് പാന്തര്‍ എന്ന പ്രസ്ഥാനത്തിന്‍റെയും ദളിതരുടെ മൂന്നേറ്റത്തിന്റെയും ചരിത്രം തന്നെയായി മാറുന്നുണ്ട് ഈ നോവല്‍.

നമുക്ക് വൈറ്റ് കോളര്‍ സാഹിത്യത്തില്‍ നിന്നു മുക്തി നേടണം. ഇതുവരെ നമ്മുടെ യഥാര്‍ത്ഥ ജീവിതം ചിത്രീകരിച്ചിട്ടില്ല. ഇനി നമ്മള്‍ തന്നെ നമ്മുടെ സാഹിത്യം രചിക്കണം. നമ്മുടെ സാഹിത്യത്തില്‍ ജാതി ഭേദത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പോരാ. ഉയര്‍ന്ന ചിന്തയും പ്രതിഫലിക്കണം. തങ്ങള്‍ നേടിയെടുത്ത സ്വത്വബോധത്തില്‍ നിന്നാണ് ഇങ്ങനെ ചിന്തിക്കാനുള്ള ശേഷി അവര്‍ക്ക് ഉണ്ടാകുന്നത്. നൂറ്റാണ്ടുകളായി ചൂഷണങ്ങള്‍ മാത്രം നേരിട്ട ഒരു ജനതയുടെ തിരിച്ചറിവാണിത്.ബാബാ സാഹിബ് അംബേദ്കര്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് അഭിമാനത്തോടെ എഴുതാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെന്തെന്ന് മനസ്സിലാകുമായിരുന്നില്ല എന്നാണ് അവര്‍ പറയുന്നത്. അവര്‍ക്ക് വാക്കുകള്‍ തിരിച്ചു കിട്ടിയതും സ്വത്വം ഉണ്ടായതും വാക്കുകള്‍ കൊണ്ട് വീടുകളെയും ദേശത്തെയും ചുട്ടെരിക്കാനുള്ള സ്വപ്നങ്ങള്‍ കാണാന്‍ അവരെ പഠിപ്പിച്ചതും അംബേദ്കര്‍ ദര്‍ശനങ്ങളാണെന്നും അവര്‍ തിരിച്ചരിയുന്നു.

ദളിതരോടൊപ്പം ഒരു ഹോസ്റ്റല്‍ മുറിയില്‍ ഒന്നിച്ച് കഴിയേണ്ടി വരുന്ന സനാതന ബ്രാഹ്മണനായ യുവാവിന്‍റെ ധര്‍മ്മസങ്കടങ്ങളില്‍ നിന്നാണ് നോവല്‍ തുടങ്ങുന്നത് തന്നെ. പതിവൃതയായ ഒരു സ്ത്രീ തന്‍റെ വേശ്യാചാരിയായ ഭര്‍ത്താവിന് വാതില്‍ തുറന്നു കൊടുക്കുന്നതു പോലെയാണ് ബ്രാഹ്മണനായ അനിരുദ്ധന്‍ സഹമുറിയരായ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതു തന്നെ. കീഴ്ജാതിക്കാരന്‍ റൂം പാര്‍ട്ട്ണറായിരിക്കുന്നത് ഒരു ശിക്ഷ തന്നെയാണ്. മതാചാര പ്രകാരം കീഴ്ജാതിക്കാരനും ബ്രാഹ്മണനും ഒരുമിച്ച് താമസിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ താമസിക്കുന്നു. ഒരു പക്ഷേ ഇതിനെയായിരിക്കും ജനാധിപത്യം എന്നു പറയുന്നത്? അതാണ് അയാളുടെ ചിന്ത.

ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടിന്റെയും കാര്യത്തില്‍ തുല്യരാണെങ്കിലും ഈ ബ്രാഹ്മണ വിദ്യാര്‍ത്ഥി തന്‍റെ ബ്രാഹ്മണ്യത്തിനേറ്റ അടിയായിട്ടാണ് ദളിത് വിദ്യാര്‍ത്ഥികളോടൊപ്പം താമസിക്കേണ്ടി വരുന്നതിനെ കാണുന്നത്. മതഗ്രന്ഥങ്ങളനുസരിച്ചും ശാസ്ത്രമനുസരിച്ചും ബ്രാഹ്മണനും കീഴ്ജാതിക്കാരനും ബന്ധുക്കളായിക്കൂടാ എന്നിട്ടും എന്തിനാണ് ഈ ചതി? എന്‍റെ പവിത്രമായ ഹിന്ദുത്വം എന്തിനാണ് ഇങ്ങനെ തിരസ്ക്കരിക്കപ്പെടുന്നത്? ഞാന്‍ മെഴുകുതിരിപോലെ ഓരോ തുള്ളിയായി ഉരുകിത്തീരുകയാണ് എന്ന് അയാള്‍ പരിതപിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി ബോധത്തില്‍ നിന്നു പുറത്തു കടക്കാന്‍ ഇന്ത്യന്‍ ജനതക്ക് കഴിഞ്ഞിട്ടില്ല. വളര്‍ന്ന് വരുന്ന ഓരോ കുഞ്ഞിനെയും സ്വന്തം ജാതിയിലും മതത്തിലും അഭിമാനിക്കാനാണ് നാം ആദ്യം പഠിപ്പിക്കുന്നത്. സനാതന ബ്രാഹ്മണ യുവാവിന്‍റെ വിധവയായ സഹോദരിയെ പിന്നീട് ഒരു ദളിത് കവി വിവാഹം കഴിക്കുന്നുണ്ട്. പൂജാരിയായ അച്ഛന് അത് അംഗീകരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്നു. എല്ലാ ജാതി ബോധങ്ങള്‍ക്കുമപ്പുറം മനുഷ്യനായിരിക്കുക എന്നത് തന്നെയാണ് പ്രാധാനം എന്നാണ് നോവലിസ്റ്റ് കാണിച്ചുതരുന്നത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വോട്ട് ബാങ്കുകളായിരുന്ന ദളിതര്‍ സ്വത്വബോധം ആര്‍ജ്ജിക്കുന്നത് ‘ദളിത് പാന്തര്‍’ എന്ന സംഘടനയിലൂടെയാണ്. ദളിത് യുവമോര്‍ച്ച, റിപ്പബ്ലിക്കന്‍ യുവത, ഡോ ബാബാസാഹേബ് അംബേദ്കര്‍ സ്റ്റുഡന്‍റ് അസോസിയേഷന്‍ തുടങ്ങി നിരവധി ചെറിയ ഗ്രൂപ്പുകള്‍ ദളിതര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സംഘടനകള്‍ക്കൊന്നും ഏകീകൃത രൂപം ഉണ്ടായിരുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ ഭരണകൂടത്തിന്റെ മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് പത്രമാധ്യമ ശ്രദ്ധ കിട്ടിയിരുന്നില്ല. ദളിത് പാന്തര്‍ എന്ന സംഘടന അവര്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഒന്നായിരുന്നു. ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കും മാറ്റി നിര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ ശബ്ദിക്കാന്‍ ദളിതര്‍ക്ക് പ്രചോദനം നല്കിയത് ഈ സംഘടനയായിരുന്നു. ഭരണകൂടവും പോലീസും എപ്പോഴും ഉയര്‍ന്ന ജാതിക്കാരുടെ കൂടെയായിരുന്നു. അവര്‍ ദളിതരുടെ പ്രതിഷേധങ്ങളെ ക്രൂരമായ രീതിയില്‍ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. സമരങ്ങള്‍ക്ക് നേരെ വെടിവെച്ചു. ദളിതര്‍ കൊല്ലപ്പെട്ടു. നിരവധി ദളിത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ലോക്കപ്പില്‍ ഇട്ടു. പ്രതിഷേധിക്കാനും ഒന്നിച്ചു കൂടാനും ഒരു കാലത്തും ദളിതരെ അനുവദിക്കരുതെന്ന മനോഭാവമായിരുന്നു അവര്‍ക്ക്. ദളിതര്‍ സ്വത്വബോധം ആര്‍ജ്ജിക്കുന്നതിനെ ഇന്ത്യന്‍ ജാതി വ്യവസ്ഥ ഒരിയ്ക്കലും അംഗീകരിച്ചിരുന്നില്ല. അവരെപ്പോഴും പുറമ്പോക്കില്‍ കഴിയേണ്ടവരാണെന്ന് സമൂഹം വിധിയെഴുതി. ദളിതനായ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് രാജിവെക്കേണ്ടി വരുന്നതും ദളിതര്‍ എഴുതുന്നതു സാഹിത്യമായി അംഗീകരിക്കാത്തതും അതുകൊണ്ടാണ്.

അധികാര വാഗ്ദാനം നല്കി തെരഞ്ഞെടുപ്പില്‍ അവരെ കൂടെ കൂട്ടുന്നവര്‍ അവര്‍ക്കെപ്പോഴും ജയിക്കാത്ത സീറ്റുകള്‍ മാത്രം നല്‍കുന്നതും നമ്മുടെ നിയമ സഭകളിലും ലോക്സഭയിലും ദളിതരുടെ എണ്ണം കുറയുന്നതും സവര്‍ണ്ണ ബോധം അത്രമേല്‍ സമൂഹത്തെ കെട്ടിവരിഞ്ഞിരിക്കുന്നത് കൊണ്ടാണ്. അധികാരം എപ്പോഴും സവര്‍ണ്ണന് മാത്രമുള്ളതാണെന്നും ദളിതര്‍ സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജോലികള്‍ ചെയ്താല്‍ മതിയെന്നുമുള്ള നൂറ്റാണ്ടുകളായി ഊട്ടിയുറപ്പിക്കപ്പെട്ട സവര്‍ണ്ണ ബോധം അത്രപെട്ടെന്നൊന്നും മാറ്റാന്‍ കഴിയില്ല.

ബ്രാഹ്മണര്‍ ജ്ഞാനം നല്‍കേണ്ടവരും ക്ഷത്രിയര്‍ രാജ്യം ഭരിക്കേണ്ടവരും വൈശ്യര്‍ വ്യാപാരം ചെയ്യേണ്ടവരാണെന്നും ക്ഷൂദ്രര്‍ ത്രൈവര്‍ണ്ണികരുടെ സേവ ചെയ്യേണ്ടവരാണെന്നുമുള്ളത് മനോഹരമായ ദര്‍ശനമാണെന്ന് വിശ്വസിക്കുന്നവനാണ് ബ്രാഹ്മണ വിദ്യാര്‍ഥിയായ അനിരുദ്ധന്‍. ദളിതര്‍ ഗ്രാമത്തിലെ തോട്ടിപ്പണിയും അടിമവേലയും നിര്‍ത്തിയാല്‍ ഗ്രാമം വൃത്തിയാക്കുന്ന ജോലി ആരാണ് ചെയ്യുക, ചത്ത മൃഗങ്ങളുടെ ജഡം ആരാണ് വലിച്ചു കൊണ്ടുപോവുക, സവര്‍ണരുടെ വീടുകളില്‍ ആരാണ് വിറകു വെട്ടുക, സന്ദേശങ്ങള്‍ ആരാണ് എത്തിച്ചു കൊടുക്കുക. അവര്‍ക്ക് അവരുടെ ജോലിക്കു കൂലി കിട്ടുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ഗ്രാമവാസികളുടെ ജോലികള്‍ ചെയ്യുന്നത്. ഇങ്ങനെയാണ് അനിരുദ്ധന്‍ ചിന്തിച്ചിരുന്നത്. അനിരുദ്ധന്‍ ഇവിടെ ഒരു പ്രതിനിധാനം മാത്രമാണ്. ജാതി വ്യവസ്ഥ എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈശ്വരന്‍ തന്നെയാണ് ജാതിവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി ദളിതരെ അടിച്ചമര്‍ത്തിയിരുന്നത് പുരാണങ്ങളുടെയും വിശ്വാസങ്ങളുടെയും കൂട്ടുപിടിച്ചാണ്. നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ അടിമത്വവും വിവേചനവും ദൈവത്തിന്റെ തീരുമാനമാണെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.മതം, അധികാരം, രാഷ്ട്രീയം എല്ലാം എന്നും സവര്‍ണ്ണ മേധാവിത്വത്തിനൊപ്പമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണു രാഷ്ട്രീയ പാര്‍ട്ടികള്‍ ദളിതരെ കുറിച്ചോര്‍ത്തിരുന്നത്. ദളിതര്‍ സംഘടിക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭയന്നിരുന്നു. നമ്മള്‍ കൊടുക്കുന്ന ആനുകൂല്യങ്ങള്‍ സ്വീകരിച്ചാല്‍ മതിയെന്നും അതിനപ്പുറത്തേക്ക് അധികാര സ്ഥാനങ്ങളില്‍ ഇരിക്കാനോ നേതൃത്വ സ്ഥാനത്തേക്ക് വരാനൊന്നും അവരെ കൊണ്ട് പറ്റില്ല എന്നതാണ് സവര്‍ണ്ണ പൊതുബോധം. അതിനെ തകര്‍ത്തു കൊണ്ട് ദളിതര്‍ ഒന്നിക്കുകയും മുന്നേറുകയും ചെയ്യുമ്പോള്‍ അവരെ ഭിന്നിപ്പിക്കാനും പഴയത് പോലെ അധ:കൃതരായി നിലനിര്‍ത്താനുമാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചത്. ദളിത് പാന്തര്‍ പ്രസ്ഥാനത്തിലെ ആളുകളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയതും അവരുടെ നേതാക്കന്മാരെ വെടിവെച്ച് കൊല്ലുന്നതും ഈ നോവലില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ കൊടുത്ത സീറ്റില്‍ മത്സരിച്ചു ജയിച്ച് രോഹിതദാസ് എന്ന ദളിതന്‍ മന്ത്രിയാകുന്നുണ്ട്. എന്നാല്‍ ഭരണത്തിന്‍റെ ഭാഗമായി എന്നല്ലാതെ അയാള്‍ക്ക് സ്വസമുദായത്തിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. തങ്ങളില്‍ ഒരാള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ അതിന്‍റെ മറവില്‍ കാശുണ്ടാക്കാമെന്നും സുഖമായി ജീവിക്കാമെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നത്. എതെങ്കിലും പ്രവര്‍ത്തകന് ഒരു സംഘടനയില്‍ എന്തെങ്കിലും തരത്തില്‍ ഇഷ്ടക്കേട് തോന്നിയാല്‍ അടുത്ത സംഘടനയില്‍ പോയി ചേരും. ആരെയെങ്കിലും സംഘടനയില്‍ നിന്നു പുറത്താക്കിയാല്‍ അവര്‍ അടുത്ത സംഘടനയില്‍ പോയി ചേരും. ഇതായിരുന്നു ദളിതരുടെ അവസ്ഥ. ഒന്നിച്ചു നില്‍ക്കുന്നതിന് പകരം പലതായി ചിതറിപ്പോകുന്നത് കൊണ്ടാണ് ദളിതര്‍ എന്നും ദളിതരായി തന്നെ തുടരുന്നത്. ഒന്നിച്ചു നിന്നാല്‍ പലതും നേടാന്‍ കഴിയും എന്ന തിരിച്ചറിവ് അവര്‍ക്ക് പലപ്പോഴും ഇല്ലാതെ പോയി. ദളിതരുടെ ഈ അജ്ഞതയെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ കാലത്തും മുതലെടുത്തത്.

'ബഹിഷ്കൃതര്‍' എന്ന നോവല്‍ പറയുന്നത് കീഴാള ജീവിതങ്ങളുടെ പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും ചരിത്രമാണ്. അംബേദ്കര്‍ ദര്‍ശനങ്ങള്‍ എങ്ങനെയാണ് ദളിതര്‍ക്ക് പുതിയ പ്രതീക്ഷകളും സ്വത്വബോധവും നല്‍കിയതെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. ഭരണകൂടം നല്‍കുന്ന ആനുകൂല്യങ്ങളെ പറ്റി പഠിച്ചു സര്‍ക്കാര്‍ ജോലി നേടുമ്പോള്‍ വ്യക്തികള്‍ക്ക് കിട്ടുന്ന സ്വീകാര്യതയല്ല ദളിതര്‍ക്കാവശ്യം. അതിനുമപ്പുറം സ്വന്തം സ്വത്വത്തില്‍ ഉറച്ചു നിന്നുകൊണ്ട് മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണ്. ഒരാള്‍ പഠിച്ച് ഉദ്യോഗസ്ഥനായതുകൊണ്ടോ അവരില്‍ ഒരാള്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു മന്ത്രി ആയതുകൊണ്ടോ സമൂഹം അവര്‍ക്ക് കല്‍പ്പിച്ചു കൊടുക്കുന്ന ദളിതത്വത്തില്‍ നിന്നു മോചനം നേടാന്‍ കഴിയില്ല. എല്ലാ വിധ ചൂഷണങ്ങളെയും അതിജീവിക്കാനും തിരിച്ചറിയാനും അവരെ പ്രാപ്തരാക്കുന്ന ഒന്നിച്ചു നിന്നു പൊരുതാനും ഉള്ള ഒരു രാഷ്ട്രീയമാണ് അവര്‍ക്ക് ഉണ്ടാവേണ്ടത്.

“ചാതുര്‍ വര്‍ണ്യത്തിലധിഷ്ഠിതമായ ഗീതയും മഹാഭാരതവും നമുക്ക് എങ്ങനെയാണ് പൂജനീയമാകുക? ശംബുകന്‍റെ വധം വിവരിക്കുന്ന രാമായണം നമുക്ക് എങ്ങനെയാണ് പവിത്രമാകുന്നത്? സംസ്കൃതം ദേവിവാണിയാണെന്നാണ് പറയുന്നത്. ശൂദ്രര്‍ക്ക് സംസ്കൃതം പഠിക്കാന്‍ അധികാരമില്ല. ശൂദ്രന്‍ മന്ത്രം കേട്ടാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് മനുസ്മൃതിയില്‍ നിര്‍ദ്ദേശമുണ്ട്. ഹിന്ദുക്കളുടെ അത്തരം മത ഗ്രന്ഥങ്ങള്‍ നമ്മള്‍ എങ്ങനെയാണ് പൂജിക്കുക? എല്ലാവരും തുല്യരാണെന്നാണ് പറയുന്നത്. പക്ഷേ ശൂദ്രന്‍റെ സ്ഥാനം പടിക്കു പുറത്താണ്. നമുക്ക് പുതിയൊരു പുരാണം രചിക്കണം. പുതിയ മിത്തുകള്‍ സൃഷ്ടിക്കണം.”


Next Story

Related Stories