TopTop
Begin typing your search above and press return to search.

ശ്രദ്ധിക്കൂ ഭക്തരേ, സാരി അത്ര ഇന്ത്യനല്ല

ശ്രദ്ധിക്കൂ ഭക്തരേ, സാരി അത്ര ഇന്ത്യനല്ല

ഒരു കൂട്ടർക്ക് സാരി ഫാഷൻ ആകുമ്പോള്‍ മറുകൂട്ടർ സാരിയെ 'സംസ്കാര'ത്തിന്റെ അടയാളമായാണ് കാണുന്നത്. ഇന്ന് കാണുന്ന സാരിയാണ് യഥാർത്ഥ ഭാരതീയ സ്ത്രീകളുടെ വസ്ത്രം എന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം മറ്റു വസ്ത്രങ്ങൾ (പാശ്ചാത്യ) ഗണത്തിൽ ഉൾപ്പെടുത്താനും ചിലർ ശ്രമിക്കുന്നതായി കാണാം. സാരി ഭാരതസ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഉപയോഗിച്ചിരുന്നു എന്നതാണ് രസകരമായ കാര്യം.

ഒരാളുടെ വസ്ത്രധാരണം എങ്ങനെയായിരിക്കണം എന്ന് നിശ്‌ചയിക്കുന്നത് ആ വ്യക്തിയാണ്. ഇന്ന് ചില ആരാധനാലയങ്ങളിൽ സാരി ഉടുത്ത സ്ത്രീകൾക്ക് പ്രവേശനം നൽകുകയും മറ്റു വസ്ത്രങ്ങളായ ചുരിദാർ, ജീൻസ് തുടങ്ങിയവ ഉപയോഗിക്കുന്നവരെ തടയുകയും ചെയ്യുന്നത് സാരി അല്ലാത്ത വസ്ത്രങ്ങൾ ഭാരത സംസ്കാരത്തിന് എതിരാണെന്ന് വരുത്തിത്തീർത്താണ്.

ഫാഷൻ ലോകത്തിന് ഇന്ത്യയുടെ ഒരു സംഭാവന എന്ന് സാരിയെ വിശേഷിപ്പിക്കുമ്പോൾ തന്നെ, ഈ പറയുന്ന ഇന്നത്തെ സാരി പാശ്ചാത്യ കലർപ്പില്ലാത്ത ഒന്നാണെന്നു പറയാൻ സാധിക്കില്ല. ഇന്നത്തെ സാരിയുടെ ഘടകങ്ങൾ എന്തൊക്കെയാണ്, എവിടെ നിന്നൊക്കെ ഉത്ഭവിച്ചു എന്ന് മനസിലാക്കാത്തവരാണ് വസ്ത്രങ്ങളുടെ പേരിൽ കലഹം സൃഷ്ടിക്കുന്നത്. ചൈനയിൽ നിർമിച്ച ഫോണിലൂടെ ചൈനീസ് ഉത്പന്നങ്ങൾ നിരോധിക്കണം എന്ന് പറയുന്നതുപോലെ തന്നെയാണ് വസ്ത്രധാരണത്തിന്റെ കാര്യവും.സാരി ഘടകങ്ങൾ (ഇന്നത്തെ സാരി വസ്ത്രധാരണത്തിന്‍റെ അടിസ്ഥാനത്തിൽ) :

1) ബ്ലൗസ്: അരയ്ക്ക് - വയറിനു മുകളിൽ തുണി gather (വസ്‌ത്രം ചേര്‍ച്ചയുള്ളതാകാന്‍ തയ്‌ച്ചു ചേര്‍ക്കുന്ന മടക്ക്‌) വെച്ച് തയ്ച്ചെടുത്ത വസ്ത്രം. ബ്ലൗസ് ഭാരതത്തിന്റെ സൃഷ്ടി അല്ല. ഫ്രഞ്ചുകാരുടെ സംഭാവനയാണ്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും ബ്ലൗസ് രീതിയിലുള്ള തുണിത്തരങ്ങൾ കണ്ടിരുന്നു.

2) സ്കര്‍ട്ട്, സാരിയുടെ skirt (അടിപാവാട): 16-ആം നൂറ്റാണ്ടിൽ ഉപയോഗിച്ച് തുടങ്ങിയത് യുകെ യിലാണ്. പിന്നീട് പല യൂറോപ്യൻ - അമേരിക്കൻ രാജ്യങ്ങളിൽക്കൂടി വ്യവസായവത്ക്കരണസമയത്ത് ഇന്ത്യയിലേക്ക് എത്തി.

3) എംബ്രോയിഡറി, മറ്റു അലങ്കാരപ്പണികൾ സാരിയിൽ വന്നത് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ (middle east) നിന്നുമാണ്.

4) സില്‍ക്ക്: സിൽക് സാരി വന്നത് ചൈനയിൽ നിന്നുമാണ്. 12-ആം നൂറ്റാണ്ടിൽ സിൽക്ക് ലോക ശ്രദ്ധ പിടിച്ചുപറ്റി.

ഇനി യഥാർത്ഥ ഭാരത സാരി എന്താണെന്നു പറയാം:

നാലര മീറ്റർ മുതൽ ഒൻപതു മീറ്റർ നീളത്തിലും ഒന്നേകാൽ മീറ്റർ വരെ വീതിയിലുള്ളതുമായ ഒരു നീണ്ട കോട്ടൺ തുണിയാണ് സാരി. ഇത്തരത്തിലുള്ള സാരി സിന്ധു നദീതട സംസ്കാര കാലഘട്ടത്തിൽ നിര്‍മ്മിച്ചിരുന്നതും ഉപയോഗിച്ചിരുന്നതുമായ വസ്ത്രമാണ്. പാശ്ചാത്യ സംസ്കാരത്തിനെ ഉൾക്കൊണ്ട് പിന്നീട് സാരിക്ക് വലിയ വ്യത്യാസങ്ങൾ വന്നു. സ്കര്‍ട്ടും ബ്ലൗസും എല്ലാം പിന്നീട് ചേർത്തതാണ്.

പുരാതനകാലഘട്ടങ്ങളിൽ ഹൈന്ദവ വിശ്വാസമനുസരിച്ച് തുണികൾ തമ്മിൽ തയ്ക്കുന്നത് അശുദ്ധമായിരുന്നു. അതുകൊണ്ടു തന്നെ അന്ന് ബ്ലൗസും സ്കർട്ടും ഉണ്ടായിരുന്നില്ല. അതിനാൽ പുരാതനകാലത്ത് സാരി ഞൊറിഞ്ഞുടുക്കുമ്പോൾ അത് ഇന്നത്തെ പാന്റ്സ് അല്ലങ്കിൽ ട്രൗസേഴ്‌സ് പോലെയുള്ള ആകൃതിയിൽ ഉടുക്കുമായിരുന്നു. (സംശയമുള്ളവർ പഴയ വിഗ്രഹങ്ങളിലെ സാരി drape ശ്രദ്ധിച്ചാൽ മതി). സാരിക്ക് മേൽവസ്ത്രം ഉപയോഗിക്കാറുമില്ലായിരുന്നു. അന്ന് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സാരി ഉടുത്തിരുന്നു. അതുകഴിഞ്ഞ് നൂറ്റാണ്ടുകൾക്കു ശേഷം മേൽവസ്ത്രം (റൗക്ക) ഉപയോഗിച്ച് തുടങ്ങുകയും പിന്നീട് ബ്രിട്ടീഷ് ഭരണകാലത്താണ് 'തയ്ച്ച' മേൽവസ്ത്രം സാരിക്ക് കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതും.പാശ്ചാത്യ ഫാഷൻ അങ്ങനെ ഭാരതത്തിലും എത്തി. സ്കര്‍ട്ട് യഥാർത്ഥത്തിൽ ഒരു സ്ത്രീയുടെ ശരീര വടിവ് (Fashionable shape) എടുത്തു കാണിക്കുന്ന തരത്തിലുള്ള ഒരു വസ്ത്രമാണ്. വിരിഞ്ഞു നിൽക്കുന്ന സ്കര്‍ട്ട് ഇട്ട സ്ത്രീ രൂപങ്ങള്‍ കൂടുതൽ യൂറോപ്യൻ പെയിന്‍റിംഗിലും കാണാൻ സാധിക്കും. അരവണ്ണം കുറഞ്ഞവർ അരവണ്ണം കൂടുതൽ തോന്നിപ്പിക്കാൻ 16-ആം നൂറ്റാണ്ടിൽ യൂറോപ്യൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നതാണ് സ്കര്‍ട്ട്. ഇതേ സ്കട്ടിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് ഉപയോഗിക്കുന്ന സാരി സ്കര്‍ട്ട്.

ചുരിദാർ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ നിന്നും വന്നതാണെന്ന് തർക്കിക്കുന്നവർ ഒന്നോർക്കുക, ഇന്ന് നമ്മൾ അണിഞ്ഞിരിക്കുന്ന ഓരോ 'തയ്ച്ച' തുണിയും പശ്ചിമേഷ്യന്‍ പ്രദേശങ്ങളുടെയോ മറ്റു പാശ്ചാത്യ ഫാഷൻ സംസ്കാരത്തിന്റെയൊക്കെ കൂട്ടിക്കലർപ്പാണ്.

ഭാരതത്തിന്റെ സ്വന്തം പരുത്തി നൂലും പരുത്തിത്തുണി നെയ്ത്തും കൈത്തറിയും എല്ലാം ചേർന്ന്‍ പാശ്ചാത്യ ഫാഷൻ സംസ്കാരത്തിന്റെ തയ്യലും പാറ്റേണും എംബ്രോയ്ഡറിയും മിനുക്കു പണികളും കൂടിച്ചേർന്നുണ്ടായതാണ് ഇന്നത്തെ നാം കാണുന്ന ഭാരതീയമെന്ന് പറയുന്ന വസ്ത്ര രീതികൾ. ഒന്നും നമ്മുടെ മാത്രം സ്വന്തമല്ല. മനുഷ്യനെ 'സംസ്കാരം' എന്ന വാക്കുപയോഗിച്ച് വസ്ത്രത്തിന്റെയും ആഹാരത്തിന്റെയും പേരിൽ തമ്മിൽ തല്ലിക്കുന്നവർ 'സംസ്കാരം' എന്ന വാക്ക് എങ്ങനെയുണ്ടായി എന്ന് തിരിച്ചറിവില്ലാത്തവർ ആണെന്നത് വ്യക്തം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories