TopTop
Begin typing your search above and press return to search.

വയനാടിന്‍റെ'കുറിയ' വലിയ മനുഷ്യന്‍

വയനാടിന്‍റെകുറിയ വലിയ മനുഷ്യന്‍

റോണ്‍ ബാസ്റ്റ്യന്‍

വയനാട് കളക്ടറേറ്റിന് മുകളില്‍ കയറി ഒരാള്‍ ആത്മഹത്യാഭീഷണി മുഴക്കുന്നു... കായികതാരങ്ങള്‍ക്കുള്ള ഫണ്ട് നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രശ്‌നം കൈവിട്ട അവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ കളക്ടറുടെ വിളിയെത്തിയത് പൊലീസിന്റെയോ, ഫയര്‍ഫോഴ്‌സിന്റെയോ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണിലേക്കല്ല. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്റെ ഫോണിലേക്കാണ്. ജില്ലാ ഭരണകൂടം പരാജയപ്പെട്ടിടത്ത്, സഖാവിന്റെ ഒരേയൊരു വിളിയില്‍ പ്രതിഷേധക്കാരന്‍ താഴെയിറങ്ങാന്‍ തയ്യാറായി. കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനപ്പുറത്ത് സി.കെ.ശശീന്ദ്രന്‍ വയനാട്ടുകാരുടെ ശശിയേട്ടന്‍ ആയി വളര്‍ന്നതെങ്ങനെയെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നത് ഇത്തരം ഒരു പിടി സംഭവങ്ങളിലൂടെയാണ്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഭൂമിക്കും കൂലിക്കും അന്തസ്സിനും വേണ്ടിയുള്ള സമരങ്ങള്‍, ജപ്തിഭീഷണിക്കെതിരെ കർഷകപക്ഷത്ത് നിന്ന് ബാങ്കുകാരെ വിറപ്പിച്ച സമരങ്ങള്‍, എന്തിന്, ആദിവാസി ഊരുകളിലെ നിറസാന്നിദ്ധ്യമായ ശശീന്ദ്രന് നേരെ രണ്ട് വര്‍ഷം മുമ്പ് മാവോയിസ്റ്റുകള്‍ ഉയര്‍ത്തിയ വധഭീഷണി പോലും അദ്ദേഹത്തിന്റെ ജനസമ്മതിയുടെ സാക്ഷ്യപത്രം ആയേ കാണാനാവൂ.

കാടും മേടും താണ്ടി ജനങ്ങള്‍ക്കിടയിലൂടെ നഗ്നപാദനായി സഞ്ചരിക്കുന്നതുകൊണ്ടോ, വെളുപ്പിനെ എഴുന്നേറ്റ് പശുവിനെ കറന്ന് പാല്‍ സൊസൈറ്റിയില് കൊടുത്ത് കിട്ടുന്ന പണം കൊണ്ട് നിത്യച്ചെലവ് കണ്ടെത്തുന്നത് കൊണ്ടോ മാത്രമല്ല ശശീന്ദ്രന്‍ വ്യത്യസ്തനാകുന്നത്. ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍മാര്‍ക്കിടയില്‍ നിന്നും ലളിതജീവിതത്തിന്റെ വക്താക്കളെ ഇനിയും നമുക്ക് കണ്ടെടുക്കാനായേക്കും. മറിച്ച്, കര്‍ഷകരും തോട്ടം തൊഴിലാളികളും ആദിവാസികളും തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത്, മുകളില്‍ നിന്നും അവതരിച്ച രക്ഷകനാകാതെ, അവര്‍ക്കൊപ്പം അവരിലൊരാളായി മണ്ണില്‍ ചവുട്ടി നില്‍ക്കാനും അവരെ കേള്‍ക്കാനും തയ്യാറായിടത്താണ് ഈ നേതൃത്വത്തെ ജനം തിരിച്ചറിഞ്ഞത്.

കല്‍പ്പറ്റയിലെ കാക്കവയല്‍ സ്വദേശി ഉണ്ണി ശശീന്ദ്രന്റെ വിജയത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്, ''മൂന്നാല് പശുവുണ്ട് വീട്ടില്‍. രാവിലെ പാല് കറന്ന് കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ തൊഴിലാളികളുടെയും ആദിവാസികളുടെയും ഇടയില്‍ത്തന്നെയാണ്. ജനങ്ങള്‍ക്കിടയിലുള്ള ജീവിതമാണ്, 365 ദിവസവും. എല്ലാ ആദിവാസികോളനികളിലും മൂപ്പര്‍ക്ക്‌ പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന ആളുകളുണ്ടാവും. അതുകൊണ്ട് തന്നെ ഇത്തവണ ശശിയേട്ടന്‍ മതിയെന്ന് ആളുകള്‍ തീരുമാനിച്ചിരുന്നു. അതില്‍ എല്ലാ പാര്‍ട്ടിയിലും പെട്ടവരുണ്ട്.''തെരഞ്ഞെടുപ്പ് വിജയം അന്തിമലക്ഷ്യമാക്കിയല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള സമരവേദിയാകണം. പാര്‍ലമെന്ററി പദവികള്‍ മഹത്തായ ഒരു ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമായാണ് കരുതപ്പെട്ടിരുന്നത്. ഈ മൂല്യങ്ങള്‍ ഒരു പരിധിവരെ തിരിച്ചുപിടിച്ച തെരഞ്ഞെടുപ്പു കൂടിയാണ് കല്‍പ്പറ്റയില്‍ നടന്നത്. മത്സരരംഗത്ത് ജനങ്ങളോട് പുതുതായി ഒന്നും തന്നെ എല്‍.ഡി.എഫിന് പറയേണ്ടി വന്നില്ല. ശശീന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ പാര്‍ട്ടി നടത്തിയ നിരന്തര സമരങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ച തന്നെയായിരുന്നു, തെരഞ്ഞെടുപ്പ് പ്രചരണവും. അതുകൊണ്ടാണ് സിറ്റിംഗ് എം.എല്‍.എ.ക്കെതിരെ 'വയനാടിന്റെ വികസന നായകന്‍' എന്ന ലേബലില്‍ ശശീന്ദ്രനെ അവതരിപ്പിക്കാന്‍ ഇടതുമുന്നണിക്കായത്. അതേക്കുറിച്ച് സി.കെ.ശശീന്ദ്രന്‍ പറയുന്നു, ''മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ആന്ധ്രയിലെ അനന്തപൂരിലും കേരളത്തിലെ വയനാട്ടിലുമായിരുന്നു കര്‍ഷകആത്മഹത്യകള്‍ വലിയതോതില്‍ നടന്നിരുന്നത്. മറ്റ് രണ്ട് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ കാര്‍ഷിക പ്രക്ഷോഭങ്ങളാണ് വയനാട്ടില്‍ ഉയര്‍ന്നുവന്നത്. ആ പ്രക്ഷോഭങ്ങളുടെ ഉല്‍പ്പന്നമാണ് കാര്‍ഷിക കടാശ്വാസ നിയമം. ആദിവാസികള്‍ ഭൂമിക്ക് വേണ്ടി നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ചതാണ്. ആ പ്രക്ഷോഭത്തിന്റെ ഉല്‍പ്പന്നമാണ് 2006-ലെ വനാവകാശ നിയമം. തോട്ടം തൊഴിലാളികളുടെ ജീവിതത്തിന് ഒരു പുതിയ മാറ്റം നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. വയനാട്ടിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കാനാണ് സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും എപ്പോഴും പരിശ്രമിച്ചിരുന്നത്. വയനാട് രക്ഷാപദ്ധതി വേണം എന്ന നിലയിലാണ് ഞങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. അതിന് നല്ല സ്വീകാര്യത വയനാട്ടിലെ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്.''

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആദിവാസി സമൂഹത്തില്‍ നിന്നകന്നുപോയിടത്തു നിന്നാണ് സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങാ സമരം തുടങ്ങുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സി.പി.എമ്മിന്റെ ബഹുജനസംഘടനയായ ആദിവാസിക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള സമരങ്ങള്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്, വയനാട്ടില്‍. മൂന്നാറില്‍ പൊമ്പിളൈ ഒരുമയുടെ സമരം നടന്നപ്പോള്‍ വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ സംഘടിച്ചത് സി.പി.എമ്മിന്റെ കൊടിക്കീഴിലാണ്. ആ സംഘശക്തി തന്നെയാണ് തെരഞ്ഞെടുപ്പിലും ഇടതിന്റെ ഇന്ധനമായത്.

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലത്തില്‍ വിലത്തകര്‍ച്ചയും കടക്കെണിയുമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ എന്ന ലക്ഷ്യവും എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. അടിസ്ഥാനപ്രശ്‌നങ്ങളുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും വയനാടിന്റെ വികസനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം വരച്ചുകാട്ടാനും ശശീന്ദ്രനായി.''ഇന്നത്തെ ടൂറിസമല്ല നമുക്ക് വേണ്ടത്. വയനാടിന്റെ പരിസ്ഥിതിയും കാര്‍ഷികസംസ്‌കാരവും കൂട്ടിയോജിപ്പിക്കുന്ന ഒരു ടൂറിസം പദ്ധതിയാണ് നമുക്ക് വേണ്ടത്. പരിസ്ഥിതിയും വികസനവും ജനങ്ങള്‍ ഒരേ പോലെ കൈകാര്യം ചെയ്യുന്ന ഒരന്തരീക്ഷമുണ്ടാക്കാനും വയനാടിനെ ലോകത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റാനുമാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ജൈവപച്ചക്കറികൃഷി, മരവല്‍ക്കരണം, പുഴകളും നദികളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈറ്റയും മുളയും വെച്ചുപിടിപ്പിക്കല്‍, ഉറവിട മാലിന്യസംസ്‌കരണം; ഇത്തരം കാര്യങ്ങളിലൂടെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവിന് തത്തുല്യമായ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.''

കര്‍ഷക പ്രാധാന്യമുള്ള മേഖലയില്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ കൊടുത്താല്‍ അത് ഏറ്റുമുട്ടലിന് വഴിവയ്ക്കില്ലേ, എന്ന ചോദ്യത്തിന് ഇതായിരുന്നു ശശിയേട്ടന്റെ മറുപടി. ''നാല് മരം വെച്ചുപിടിപ്പിക്കുന്നതിന് കര്‍ഷകര്‍ എന്തിനാണ് ഏറ്റുമുട്ടുന്നത്? തോടും പുഴകളും ഇന്നത്തെപ്പോലെ ഉപയോഗശൂന്യമാകാതെ അവ സംരക്ഷിക്കുന്നത് അവന്റെ കുഞ്ഞുങ്ങള്‍ക്കും അവരുടെ ഭാവിക്കും വേണ്ടിയാണ്. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ കൊണ്ടുവരുന്നത് കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. മരംവെച്ചു പിടിപ്പിക്കാന്‍ ഏതു കര്‍ഷകനും ആഗ്രഹമേയുള്ളു. ജൈവകൃഷി എന്ന് പറയുന്നത് ഇന്നത്തെ കീടനാശിനി ഉപയോഗിച്ച പച്ചക്കറിക്ക് പകരം നല്ല പച്ചക്കറി കൊടുക്കുക എന്നുള്ളതാണല്ലോ. അതെല്ലാം കര്‍ഷകന് ആത്മസംതൃപ്തിയുണ്ടാക്കും. ഏതെങ്കിലും ഒന്നിനെ ഞങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നില്ല. പരിസ്ഥിതിയോടൊപ്പം ജനങ്ങളുടെ ജീവിതവും സംരക്ഷിക്കപ്പെടണം. അതുകൊണ്ട് കസ്തൂരിരംഗന്‍ - മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ കേവല പരിസ്ഥിതിവാദത്തെ ഞങ്ങള്‍ അംഗീകരിക്കുന്നതേയില്ല..''

അവഗണിക്കപ്പെടുന്നവരുടെ ശബ്ദം ആയി മാറിയ നേതൃത്വത്തിനുള്ള അംഗീകാരമാണ് ഈ വിജയം. ശശിയേട്ടന്‍ നിയമസഭയിലെത്തിയാല്‍ വയനാട്ടുകാര്‍ മുഴുവന്‍ അവിടെ എത്തിയ പോലെയാണ് എന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് പലരും പറഞ്ഞത്. അത് സത്യവുമാണ്. രാഷ്ട്രീയം അശ്ലീലക്കാഴ്ചകളുടെ തത്സമയസംപ്രേക്ഷണം ആകുന്ന കാലത്ത് ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ മാതൃകയാവുകയാണ് ശശീന്ദ്രന്‍. ഇവിടെ കല്‍പ്പറ്റയുടെ ചുവരെഴുത്തിന് ജനം വോട്ട് കൊണ്ട് നിറം ചാലിച്ചു - 'കുറിയ' വലിയ മനുഷ്യനെ ആര് മറക്കും?

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് റോണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories