UPDATES

ട്രെന്‍ഡിങ്ങ്

സത്യത്തില്‍ ഇതൊരു ഹണിട്രാപ്പാണോ? അന്വേഷണം വേണ്ടതുണ്ട്

ശബ്ദരേഖക്കപ്പുറം എന്തെങ്കിലും കൂടുതല്‍ തെളിവുകളുമായി ചാനല്‍ ഇതേവരെ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ചാനലിന്റെ ഭാഗത്ത് നിന്നുള്ള ഈ അമാന്തം ചില സംശയങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്.

കെ എ ആന്റണി

കെ എ ആന്റണി

പരാതിക്കാരിയില്ല പരാതിയും. ആകെ ഉള്ളത് ഒരു ചാനല്‍ പുറത്തുവിട്ട ഒരു ശബ്ദരേഖ മാത്രം. ഇതിലാവട്ടെ സ്ത്രീയുടെ ശബ്ദം കേള്‍ക്കാനേയില്ല. എന്നിട്ടും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചിരിക്കുന്നു. രാജിയിലൂടെ ശശീന്ദ്രന്‍ ധാര്‍മികത ഉയര്‍ത്തിപിടിച്ചുവെന്നാണ് ഇത് സംബന്ധിച്ച് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയും എല്‍ഡിഎഫും അവകാശപ്പെടുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണം എന്നുപോലും ആവശ്യപ്പെടാതെ നടത്തിയ രാജി, ആരോപണത്തില്‍ അല്‍പ്പം വാസ്തവം ഇല്ലേ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്. എങ്കിലും പിടിച്ചു തൂങ്ങി വലിയ കോലാഹലങ്ങള്‍ക്ക് മുതിരാന്‍ നില്‍ക്കാതെ ഉടന്‍ രാജി പ്രഖ്യാപിച്ച ശശീന്ദ്രന്റെ നടപടി പ്രശംസ അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ. മുമ്പും പല മന്ത്രിമാര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു രാജി ആദ്യമായാണ് എന്നതും ശ്രദ്ധേയം.

ചാനല്‍ പുറത്തുവിട്ട ശബ്ദരേഖയിലെ കേള്‍ക്കാന്‍ പറ്റുന്ന ഏക ശബ്ദം ഒരു പുരുഷന്റേതാണ്. ആ ശബ്ദത്തിന്റെ ഉടമ മന്ത്രി തന്നെയാണോ എന്ന കാര്യം ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാല്‍ ശബ്ദം തന്റേതല്ലെന്ന് മന്ത്രിയൊട്ട് തീര്‍ത്ത് പറഞ്ഞിട്ടുമില്ല. ആ സ്ഥിതിക്ക് ശബ്ദം മന്ത്രിയുടെ തന്നെ ആയിരിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ്. അറിയേണ്ടത് ശബ്ദം മന്ത്രിയുടെ തന്നെ ആണെങ്കില്‍ കൂടി ആ സംഭാഷണം അയാള്‍ക്ക് അത്രമേല്‍ പരിചയവും അടുപ്പവുമുള്ള ഒരാളുമായി നടത്തിയ ഒന്നാണോ അതോ എന്തെങ്കിലും കാര്യസാധ്യത്തിനായി ബന്ധപ്പെട്ട ഒരു സ്ത്രീയെ ലൈംഗികമായി ദുരുപയോഗം നടത്താന്‍ വേണ്ടി മന്ത്രി പറഞ്ഞ വാക്കുകളാണോ എന്നതാണ്. ആദ്യം പറഞ്ഞ രീതിയിലുള്ള ഒന്നെങ്കില്‍ ചാനല്‍ നടത്തിയത് ഒരു സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണ്. ഉഭയകക്ഷി സമ്മതപ്രകാരം ഉള്ള സെക്‌സിനെ അംഗീകരിക്കുന്ന ഒരു രാജ്യത്ത് ഇത്തരം ഒളിഞ്ഞുനോട്ടങ്ങള്‍ ഒരേ സമയം കുറ്റകരവും അപലപനീയവുമാണ്.

ചാനല്‍ ഈ വിഷയം കൈകാര്യം ചെയ്ത രീതിയെ പലരും വിമര്‍ശിച്ച് കണ്ടു. യെല്ലോ ജേണലിസം ആയാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചാനല്‍ സ്വകാര്യതയിലേക്ക് കടന്നു കയറിയതാണെങ്കില്‍ ആ വിമര്‍ശനത്തില്‍ തെറ്റില്ല താനും. എന്നാല്‍ ഇത് സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണോ എന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. അതേസമയം ശബ്ദരേഖക്കപ്പുറം എന്തെങ്കിലും കൂടുതല്‍ തെളിവുകളുമായി ചാനല്‍ ഇതേവരെ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ചാനലിന്റെ ഭാഗത്ത് നിന്നുള്ള ഈ അമാന്തം ചില സംശയങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്.

സത്യത്തില്‍ ഇതൊരു ഹണി ട്രാപ്പാണ്. ഇതിനുപിന്നില്‍ കളിച്ചത് ഇനിയും വെളിച്ചത്തുവരാത്ത സ്ത്രീയാണോ അതോ അവര്‍ക്കുപിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ കൃത്യമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരികയുള്ളു. അങ്ങനെ ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട് താനും. ശശീന്ദ്രന്‍ രാജി വച്ചിട്ടും ഇതൊക്കെ പിണറായി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ നടത്തുന്ന ശ്രമം ചിരിക്ക് വക നല്‍കുന്നതാണ്. ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട ഉടന്‍ തന്നെ മന്ത്രിമാരെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നാളിതുവരെ കാണിച്ച ധൈര്യവും ധാര്‍മികതയും കാണിക്കാതിരുന്നവരാണ് ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ ഒരു മന്ത്രി രാജിവെച്ചിട്ടും മുടന്തന്‍ ന്യായവാദങ്ങളുമായി കളം നിറഞ്ഞു ആടുന്നത്. എന്തൊരു തൊലിക്കട്ടി!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍