Top

കേരള സര്‍വീസില്‍ എമിറേറ്റ്‌സിന് ചിറ്റമ്മനയം; ശശി തരൂര്‍ എം പി

കേരള സര്‍വീസില്‍ എമിറേറ്റ്‌സിന് ചിറ്റമ്മനയം; ശശി തരൂര്‍ എം പി

അഴിമുഖം പ്രതിനിധി

തിരുവനന്തപും-ദുബായ് എമിറേറ്റ്‌സ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭ അംഗം ശശി തരൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എമിറേറ്റ്‌സ് വിമാന സര്‍വീസുകളെ കുറിച്ചുള്ള ഉത്കണ്ഠ പങ്കുവയ്ക്കുന്നു. തിരുവനന്തപുരം-ദുബായ് വഴി നിരവധി തവണ വിമാനയാത്ര നടത്തിയിട്ടുള്ളൊരാളാണ്. അപ്പോഴെല്ലാം എന്നെ ഉത്കണ്ഠപ്പെടുത്തിയിട്ടുള്ള കാര്യമാണ് എമിറേറ്റ്‌സ് വിമാനങ്ങളുടെ കാലപ്പഴക്കം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന എമിറേറ്റ്‌സ് വിമാനങ്ങളേക്കാള്‍ നിലവാരം കുറഞ്ഞവയാണ് ഈ മേഖലയില്‍ ഉപയോഗിക്കുന്നത്. ലോകനിലവാരത്തിലുള്ള ഒരു വിമാന കമ്പനി അവരുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലാത്തതാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ദുരന്തത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ജീവഹാനി സംഭവിച്ചില്ലെങ്കിലും ഒരു ഫയര്‍മാന്‍ തന്റെ ജീവന്‍ ത്യജിക്കേണ്ട വന്നത് തന്നെ എത്ര നിര്‍ഭാഗ്യകരമാണ്. അതുകൊണ്ട തന്നെ വിമാന കമ്പനി അധികൃതരോട് ഞാന്‍ ആവശ്യപ്പെടുന്നത് വിശദമായ അന്വേഷണമാണ്, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അപകടത്തെ കുറിച്ച് മാത്രമായി അതു ചുരുക്കരുത്. കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തിന്റെ പഴക്കവും ഗുണനിലവാരവുമെല്ലാം അന്വേഷിക്കണം; ശശി തരൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

തരൂരിന്റെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളോട് നിരവധി പേരാണ് യോജിച്ചിരിക്കുന്നത്. എന്നാല്‍ മലയാളി കൂടിയായ എമിറേറ്റ്‌സ് ജീവനക്കാരി നിഖില ഷാജു എമിറേറ്റ്‌സ് കമ്പനിക്ക് അനുകൂലമായി വാദിച്ചു. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളിലെ റണ്‍വേകള്‍ക്ക് വലിയ വിമാനങ്ങളെ താങ്ങാനുള്ള ശേഷി ഇല്ലാത്തതിനാലാണ് സാധാരണ വിമാനങ്ങള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നതെന്ന് അവര്‍ പറയുന്നു. തരൂരിന്റെ പോസ്റ്റിനുള്ള മറുപടിയില്‍ നിഖില ഇങ്ങനെ കുറിക്കുന്നു;

'നമസ്‌കാരം സര്‍, അത് 13 വര്‍ഷം പഴക്കമുള്ള ബോയിംഗ് 777 ആയിരുന്നു. ഒരു എമിറേറ്റ്‌സ് ഉദ്യോഗസ്ഥ എന്ന നിലയില്‍ കമ്പനി ഓരോ മേഖലയിലും ഉപയോഗിക്കുന്ന വിമാനങ്ങളെപ്പറ്റി എനിക്ക് ഉത്തമ ധാരണയുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ബോയിംഗ് 777 ആണ് എമിറേറ്റ്‌സ് ഉപയോഗിക്കുന്നത്. ഒരിടത്തേക്ക് മാത്രം ജംബോ എയര്‍ ബസ് എ380 ഉം ഉപയോഗിക്കുന്നു. എ 380 പോലുള്ള ജംബോ ജെറ്റുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ശക്തമായ അടിത്തറയുള്ള റണ്‍വേ ആവശ്യമാണ്. ആ കാര്യം താങ്കള്‍ പരിശോധിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഇത്തരം സാധാരണ വിമാനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത് എന്നതിലുപരി എന്തുകൊണ്ടാണ് അത്യാധുനിക വിമാനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കാത്തത് എന്നു ഗവേഷണം നടത്തുകയാണ് ഉചിതം'.

സുരക്ഷയുടെ കാര്യത്തില്‍ എമിറേറ്റ്‌സിനും അവരുടെ വിമാനങ്ങള്‍ക്കും സുതര്‍ഹ്യമായ സേവന ചരിത്രം ആണുള്ളത്. 1980 ല്‍ കമ്പനി സ്ഥാപിച്ചതിനു ശേഷം നന്നാക്കാന്‍ പറ്റാത്ത വിധത്തില്‍ നശിച്ചുപോയ ആദ്യത്തെ വിമാനം ആണ് ദുബൈ വിമാനത്താവളത്തില്‍ കത്തിനശിച്ച ബോയിംഗ് 777. കാര്യമായ കേടുപാടുകള്‍ സംഭവിക്കുന്ന മൂന്നാമത്തെ അപകടവുമായിരുന്നു അത്. 2015ല്‍ എമിറേറ്റ്‌സ് വിമാനങ്ങളിലൂടെ അഞ്ചു കോടിയിലധികം ആളുകള്‍ യാത്ര ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ കമ്പനി ആണ് എമിറേറ്റ്‌സ്. 250ലധികം വിമാനങ്ങളുള്ള കമ്പനി ദുബായ് ഹബ് ആക്കിയാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ നിന്നും യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക്് ഗതാഗത സൗകര്യം ഒരുക്കുന്നത്.Next Story

Related Stories