TopTop
Begin typing your search above and press return to search.

സെക്രട്ടറിയേറ്റ് ചാണകം തളിച്ചു വെടിപ്പാക്കി മന്നാര്‍ഗുഡി മാഫിയ; ഇനി ചിന്നമ്മയുടെ കിരീടധാരണം

സെക്രട്ടറിയേറ്റ് ചാണകം തളിച്ചു വെടിപ്പാക്കി  മന്നാര്‍ഗുഡി മാഫിയ;  ഇനി ചിന്നമ്മയുടെ കിരീടധാരണം

തമിഴ് മക്കള്‍ ആനന്ദം കൊണ്ട് തുള്ളിച്ചാടുകയാണ്. ജയാമ്മയുടെ തങ്കച്ചി വിവേകാനന്ദന്‍ കൃഷ്ണവേണി ശശികല എന്ന വി കെ ശശികല സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിലെ കനകസിംഹാസനത്തില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഉപവിഷ്ട ആകുകയാണ്. നീക്കങ്ങള്‍ രഹസ്യമായിരുന്നെങ്കിലും ചില മാധ്യമത്തൊഴിലാളികള്‍ സംഗതി മണത്തറിഞ്ഞു. കാരണം ഇന്നലെ സെക്രട്ടറിയേറ്റും പരിസരവും എം നടരാജന്റെ നേതൃത്വത്തില്‍ വെടിപ്പാക്കി ചാണകം തളിക്കുന്നതു കണ്ടപ്പോഴാണ് ചിലര്‍ക്ക് സംശയം തോന്നിയത്. തിങ്കളാഴ്ച നല്ല ദിവസമാണ്. അന്നല്ലെങ്കില്‍ ബുധനാഴ്ച. തൂത്തുവാരിക്കളഞ്ഞ കൂട്ടത്തില്‍ ജയലളിതുടെ വിശ്വസ്തരായ മൂന്നു ഇഷ്ടകഥാപാത്രങ്ങളും ഉണ്ടായിരുന്നു. ജയാമ്മയുടെ ഉപദേഷ്ടാവും പഴയ ചീഫ് സെക്രട്ടറിയുമായ ഷീലാ ബാലകൃഷ്ണന്‍, കെ എന്‍ വെങ്കിട്ടരമണന്‍, പെഴ്‌സണല്‍ സെക്രട്ടറി രാമലിംഗം എന്നിവരെയാണ് രായ്ക്ക് രാമാനം മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ ഓഫീസില്‍ നിന്ന് ചിന്നമ്മ മുന്നറിയിപ്പൊന്നും ഇല്ലാതെ പുകച്ചു ചാടിച്ചത്.

രണ്ടു ദിവസമായി പൊയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ചില രഹസ്യനീക്കങ്ങള്‍ അരങ്ങേറുകയാണെന്ന് പ്രതിപക്ഷ കക്ഷികളല്ല പ്രചരിപ്പിച്ചത്. ശശികലയുടെ ഉപജാപക സംഘത്തിലുള്ളവര്‍ തന്നെയാണ്. ജയലളിത പുറത്താക്കുകയോ ഒതുക്കുകയോ ചെയ്ത ഇരുപത്തിമൂന്നിലധികം സീനിയര്‍ നേതാക്കളെ കഴിഞ്ഞ ദിവസം ക്ഷണിച്ചുവരുത്തി പാര്‍ട്ടിയിലെ സുപ്രധാന സ്ഥാനങ്ങളില്‍ ഏല്‍പ്പിച്ചുകൊണ്ടാണ് ശശികല വിപ്ലവം സൃഷ്ടിച്ചത്. മുന്‍ മന്ത്രിമാരായ കെ എ ചെങ്കോട്ടിയന്‍, നയിനാര്‍ നാഗേന്ദ്രന്‍, ഗോകുല ഇന്ദിര, മുന്‍ ചെന്നൈ മേയര്‍ സെയ്‌ദെയ് ദുരൈസ്വാമി, ബി വി രാമണ്ണ, കറുപ്പ സ്വാമി പാണ്ഡ്യന്‍ തുടങ്ങിയവരൊക്ക അക്കൂട്ടത്തില്‍ പെടുന്നു. ഇതില്‍ പലരും കഴിഞ്ഞ പത്തു വര്‍ഷമായി പാര്‍ട്ടി ഓഫീസിന്റെ വരാന്തയില്‍പ്പോലും പ്രവേശിക്കാന്‍ ജയാമ്മ അനുമതിച്ചിരുന്നില്ല.

ജെല്ലിക്കെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനു മുമ്പു തന്നെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ശശികല തീരുമാനിച്ചതായിരുന്നു. എന്നാല്‍ രാഷ്ട്രീയാന്തരീക്ഷം മാറിമറിഞ്ഞതിനാല്‍ സ്ഥാനാരോഹണം നടന്നില്ല. പനീര്‍ശെല്‍വത്തെ സ്ഥാനഭൃഷ്ടനാക്കി ശശികലയെ മുഖ്യമന്ത്രിക്കസേരയില്‍ അവരോധിക്കാനായിരുന്നു ഭര്‍ത്താവ് എം നടരാജന്‍ ചരടുവലിച്ചത്. എന്നാല്‍ മറീനയിലേക്കുള്ള യുവാക്കളുടെ കടന്നുകയറ്റവും തുടര്‍ന്നുള്ള ദുരന്ത സംഭവങ്ങളും അവരുടെ ആഗ്രഹങ്ങളുടെ മുനയൊടിച്ചു. നിയമത്തിലൂടെ ജെല്ലിക്കെട്ട് പ്രശ്‌നങ്ങള്‍ ഒതുക്കി. വീണ്ടും അന്തരീക്ഷം മേഘരഹിതമായി. ശശികലക്കെതിരെയുള്ള കാര്‍മേഘങ്ങള്‍ സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളില്‍ കൂടുതല്‍ ഉയര്‍ന്നുപൊങ്ങുന്നതിനു മുമ്പ് കാര്യങ്ങള്‍ മുന്നേറണമെന്ന് നടരാജന്‍ തീരുമാനിക്കുന്നു. അധികാരമാണ് നിലനില്‍പ്പിന്റെ അസ്തിവാരമെന്ന് ശശികലക്കറിയാം. അത്തരം പാഠങ്ങള്‍ കണ്ടുപഠിപ്പിച്ചതാകട്ടെ തന്റെ സര്‍വസ്വമായ ജയാമ്മയില്‍ നിന്നും. മുഖ്യമന്ത്രിക്കസേരയില്‍ തല്‍ക്കാലം ഒ പനീര്‍ശെല്‍വത്തെ പടിച്ചിരുത്തിയെങ്കിലും അതൊന്നും ശാശ്വതമല്ലെന്ന ചിന്താഗതി ചിന്നമ്മയെ അലട്ടിയിരുന്നു.

തങ്ങള്‍ അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്ഥാപിച്ച സാമ്പത്തിക- വ്യാവസായിക സാമ്രാജ്യങ്ങള്‍ നിരവധിയാണെന്ന് ശശികലക്കും നടരാജനും നന്നായറിയാം. 1991 മുതല്‍ വാരിക്കൂട്ടിയ സമ്പത്തെല്ലാം അന്യംനിന്നു പോകാതിരിക്കണമെങ്കില്‍ അധികാരത്തിന്റെ തലപ്പത്തുതന്നെ വര്‍ണക്കൊടി നാട്ടണം. ആയിരക്കണക്കിനു കോടിയുടെ ബിനാമി സ്വത്തുക്കളാണ് അവരെ വ്യാകുലപ്പെടുത്തുന്നത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദം കൊണ്ടുമാത്രം കാര്യങ്ങള്‍ നടക്കില്ല. ഈ ബോധമാണ് ശശികലയെ മുഖ്യമന്ത്രിക്കസേരയിലേക്ക് ശശികലയെ അടുപ്പിക്കുന്നത്. എന്തായാലും ശശികല മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമെന്നുറപ്പായി. അനധികൃത സ്വത്തു സമ്പാദനക്കേസിന്റെ അന്തിമ വിധി സുപ്രീംകോടതിയില്‍ ഉടനുണ്ടാകും. അതു തനിക്ക് അനുകൂലമല്ലെങ്കില്‍ ഭരണക്കസേരയില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടാകും. എന്തായാലും വിധിക്കു മുമ്പ് അധികാരവിധിയാണ് മികച്ചതെന്ന ചിന്തയാണ് ശശികലയേയും നടരാജനേയും നയിക്കുന്നത്.

ചിന്നമ്മയെ വലയ്ക്കുന്ന മറ്റൊരു ഘടകം ജയാമ്മയുടെ സഹോദരന്റെ മകള്‍ ദീപാ ജയകുമാറിന്റെ രംഗംപ്രവേശമാണ്. പൊയസ് ഗാര്‍ഡനില്‍ താമസിക്കാന്‍ ശശികലക്ക് അവകാശമില്ലെന്നും താനാണ് ജയലളിതയുടെ യഥാര്‍ത്ഥ അവകാശിയെന്നും ദീപ പറയുന്നു. അവര്‍ ഫെബ്രുവരി അവസാനത്തോടെ പുതിയ തീരുമാനങ്ങള്‍ എടുക്കുമെന്നാണ് അറിയുന്നത്.

ഉരുക്കു വനിതയെന്ന് തമിഴ് മക്കള്‍ വിശേഷിപ്പിക്കുന്ന വിപ്ലവനായിക കുമാരി ജെ ജയലളിതയുടെ ഉയര്‍ച്ചയിലും തകര്‍ച്ചയിലും നിന്ന ഉറ്റ തോഴിയായിരുന്നു ശശികലാ നടരാജന്‍. 1987 ല്‍ മുഖ്യമന്ത്രി എം ജി രാമചന്ദ്രന്‍ അന്തരിച്ചതിനു ശേഷം ജയലളിതയുടെ ഏക ആശ്രയം മന്നാര്‍ഗുഡിയില്‍ നിന്ന് യാദൃച്ഛികമായി പൊയസ് ഗാര്‍ഡനിലേക്ക് കയറിവന്ന ശശികലയായിരുന്നു. ശശികലയില്ലാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാനാവില്ലെന്ന അവസ്ഥയിലായി പുരട്ശ്ചിത്തലൈവിക്ക്. വേദനിലയത്തിലെ അധികാരത്തിന്റെ അച്ചുതണ്ടായി മാറാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല 'ചിന്നമ്മ'ക്ക്.

തഞ്ചാവൂരിനു 34 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉറക്കംതൂങ്ങി പ്രദേശമാണ് മന്നാര്‍ഗുഡി. 28 കിലോമീറ്റര്‍ അകലെയുള്ള തിരുത്തുറൈപൂണ്ടിയില്‍ ജനിച്ച ശശികല മന്നാര്‍ഗുഡിയില്‍ എത്തിയത് മുത്തച്ഛനോടൊപ്പമാണ്. മുത്തച്ഛന്‍ അവിടെ ഒരു മെഡിക്കല്‍ ഷോപ്പ് നടത്തിയിരുന്നു. വിവേകാനന്ദന്റെ അഞ്ചു മക്കളില്‍ ഇളയവളായിരുന്ന ശശികല ആ പ്രദേശത്തെ ചന്തമുള്ള കുട്ടിയായി വളര്‍ന്നു. എണ്‍പതുകളിലാണ് ഡിഎംകെ യൂത്ത് വിംഗ് നേതാവായ നടരാജന്റെ രംഗപ്രവേശം. പാര്‍ട്ടിയുടെ സഹായത്തോടെ താല്‍ക്കാലികമായി സര്‍ക്കാര്‍ ജോലി സംഘടിപ്പിച്ച നടരാജന്‍ കുടംബത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ശശികലയെ വിവാഹം കഴിച്ചു. അടിയന്തിരാവസ്ഥ കാലത്ത് അയാളുടെ പണി തെറിച്ചു. ജീവിതം പരീക്ഷണമായിത്തീര്‍ന്നപ്പോള്‍ ഇരുവരും ചെന്നൈയിലേക്ക് താമസം മാറി. ഒരു വീഡിയോ ക്യാമറ വാങ്ങിയ ശശികല സ്വന്തമായൊരു വീഡിയോ ഷോപ്പ് ആരംഭിച്ചു. പൊതു ചടങ്ങുകളും വിവാഹങ്ങളുമൊക്കെ ഷൂട്ടു ചെയ്യാന്‍ ശശികല പഠിച്ചു. ആര്‍ക്കോട്ട് ജില്ലാ കളക്ടറായിരുന്ന വി ചന്ദ്രലേഖ ഐഎഎസിനെ നടരാജനു നേരിട്ടറിയാമായിരുന്നു. അന്ന് എഐഎഡിഎംകെയില്‍ ജയലളിത ശക്തിപ്രാപിച്ചു വരുന്ന കാലം. അവരുടെ രാഷ്ട്രീയ-പൊതു ചടങ്ങുകള്‍ ശശികലയെക്കൊണ്ടു ഷൂട്ടു ചെയ്യാന്‍ ജയലളിതയോടു ശുപാര്‍ശ ചെയ്യണമെന്ന് നടരാജന്‍ കളക്ടറോടു അഭ്യര്‍ത്ഥിച്ചു. ചന്ദ്രലേഖയുടെ ശുപാര്‍ശ ശശികലയുടെ ഭാഗധേയത്തെ മൊത്തത്തില്‍ മാറ്റിമറിച്ചു. ജയലളിതക്ക് ശശികലയുടെ കഴിവില്‍ താല്‍പ്പര്യം തോന്നി.

എണ്‍പതുകളുടെ മധ്യത്തോടെ എം ജി ആര്‍ ക്ഷീണിതനായി. 1987 ല്‍ അദ്ദേഹം രോഗം മൂര്‍ച്ഛിച്ച് അന്തരിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ അധികാരത്തിന്റെ പേരില്‍ കടിപിടി തുടങ്ങി. ഒരു ഭാഗത്ത് ജയലളിതയും മറുഭാഗത്ത് ആര്‍ എം വീരപ്പനുമായിരുന്നു. ഇക്കാലത്താണ് ശശികല ജയലളിതയുടെ വീട്ടിലേക്ക് താമസം മാറുന്നതും അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കുന്നതും. രാഷ്ട്രീയത്തില്‍ മുമ്പേ തന്നെ പയറ്റിത്തെളിഞ്ഞ നടരാജന്‍ ജയയുടെ രാഷ്ട്രീയ പുനഃപ്രവേശത്തിനും നിലനില്‍പ്പിനും സര്‍വ ഒത്താശകളും ചെയ്തു. അക്കാലത്ത് പൊയസ് ഗാര്‍ഡനില്‍ മുഴുവന്‍ ശശികലയുടെ ബന്ധുക്കളെയും അനുയായികളേയും കൊണ്ട് നിറഞ്ഞിരുന്നു.

1991 ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു. അതോടെ ശശികലയുടെ ശുക്രദശ തെളിഞ്ഞു. തുടര്‍ന്ന് 1996 വരെ ശശികല ആയിരുന്നു വേദനിയത്തിലെ എല്ലാമെല്ലാം. അവരുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ ആജ്ഞകളായി എല്ലാവരും സ്വീകരിച്ചിരുന്നു. അങ്ങനെ ഭരണത്തിന്റെ ചുക്കാന്‍ ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിന്റെ കൈകളില്‍ ഭദ്രമായി അമര്‍ന്നു. പണത്തോടുള്ള ശശികലയുടേയും നടരാജന്റേയും ബന്ധുക്കളുടേയും ആര്‍ത്തി ആകാശംമുട്ടെ വളര്‍ന്നു. ചുരുക്കത്തില്‍ ശശികലയുടെ തടവിലായി മുഖ്യമന്ത്രി ജയലളിത. എന്തായാലും മന്നാര്‍ഗുഡി മാഫിയ അനധികൃതസ്വത്തിന്റെ ഉടമകളായി. നടരാജന്റെ ബന്ധുവായ രാവണനാണ് ശശികലയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ചുക്കാന്‍ പിടിച്ചത്.

ജയലളിതക്കെതിരെ മന്നാര്‍ഗുഡി മാഫിയ നീങ്ങുകയാണെന്ന് അറിയിച്ചത് ഇന്റലിജന്‍സ് വിഭാഗമാണ്. ശശികല, നടരാജന്‍, ഇവരുടെ ബന്ധുക്കളായ രാവണന്‍, വി കെ സുധാകരന്‍, ടി ടി കെ ദിനകരന്‍, എം രാമചന്ദ്രന്‍ (നടരാജന്റെ സഹോദരന്‍), മിഡാസ് മോഹന്‍ (നടരാജന്റെ ബിസിനസ് പാര്‍ട്‌നര്‍) തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 2011 ഡിസംബര്‍ 19 നു ജയലളിത ശശികലയേയും മന്നാര്‍ഗുഡി മാഫിയാ സംഘത്തിലെ മറ്റു 13 പേരേയും പുറത്താക്കി.

ശശികലയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ജയാമ്മ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് ശശികലയെ 2012 മാര്‍ച്ച് 31 നു മടക്കി വിളിച്ചു. ശശികലയുടെ വൈകാരിക ഇടപെടലുകള്‍ക്കപ്പുറം ഒന്നും സംഭവിക്കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പക്ഷേ തലൈവി മറ്റു സംഘാങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. രാവണന്‍ രത്‌നസ്വാമി പിച്ച സിങ്കപ്പൂര്‍ യാത്ര കഴിഞ്ഞെത്തിയപ്പോള്‍ പൊലീസ് പിടികൂടി. അയാളുടെ വീട്ടില്‍ നിന്ന് 50 കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. നടരാജനേയും ജയാമ്മ വിട്ടില്ല. സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ അയാള്‍ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം കേസ്സുകള്‍ ഫയല്‍ ചെയ്തു.

ജയലളിതയുടെ അന്ത്യത്തോടെ നടരാജന്‍ രംഗത്തെത്തി. ജയാമ്മയില്ലെങ്കില്‍ നടരാജന്‍ എന്നല്ലാതെ ശശികലക്ക് ചിന്തിക്കാന്‍ കഴിയില്ലല്ലോ. അതിനാല്‍ സര്‍വതിന്റേയും കടിഞ്ഞാണ്‍ അയാള്‍ കൈക്കലാക്കി. ഇനി 'മുഖ്യമന്ത്രി' ശശികലയുടെ സംഘത്തിന്റെ ഭരണമാണ്. അണ്ണാദുരെയുടേയും എംജിആറിന്റേയും ജയലളിതയുടേയും വര്‍ണ്ണഭശബളമായ കട്ടൗട്ടുകളിലും പോസ്റ്ററുകളിലും ശശികലയും സ്ഥാനം പടിച്ചിരിക്കുന്നു. അത്തരം ചിത്രങ്ങള്‍ തമിഴകത്തിന്റെ തെരുവോരങ്ങളിലും കോലായകളിലും എത്രകാലം നില്‍ക്കുമെന്നാണ് നിരീക്ഷകര്‍ ചോദിക്കുന്നത്. ഏപ്രിലിനു ശേഷം വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളും 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പും തമിഴക രാഷ്ട്രീയത്തിന്റെ ഉരകല്ലുകളാണ്. പക്ഷേ ജെല്ലിക്കെട്ടിനു മറീനാ കടപ്പുറമുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിനു യുവാക്കളുടെ പങ്കെന്തായിരിക്കും? പഴയ രാഷ്ട്രീയക്കുപ്പായങ്ങളോടു അവര്‍ പ്രതികരിക്കാന്‍ ഇരിക്കുന്നതേയുള്ളു. യുവാക്കളുടെ വരുംകാല പ്രസക്തി മനസ്സിലാക്കാനുള്ള കെല്‍പ്പ് ശശികലാസംഘത്തിനു ഉണ്ടാകുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories