Top

വീഡിയോ കാസറ്റ് കടക്കാരിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്

വീഡിയോ കാസറ്റ് കടക്കാരിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്
മാന്ത്രിക കഥകള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പഞ്ഞമില്ല. ആകസ്മിക രാഷ്ട്രീയക്കാരുടെയും അവരുടെ കൊള്ളിയാന്‍ പോലുള്ള വളര്‍ച്ചയ്ക്കും. മൈലാപ്പൂരിലെ ഒരു ചെറിയ വീഡിയോ കാസറ്റ് കടക്കാരിയില്‍ നിന്നും തമിഴ്നാട് മുഖ്യമന്ത്രിയായി വളര്‍ന്ന ശശികലയുടെ രാഷ്ട്രീയ യാത്ര അതുപോലൊന്നാണ്. അന്നത്തെ എഐഎഡിഎംകെ  പ്രചാരണ വിഭാഗം സെക്രട്ടറി ജയലളിതയ്ക്ക് തന്നെ പരിചയപ്പെടുത്തിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥ, വിഎസ് ചന്ദ്രലേഖയോട് കടപ്പെട്ടിരിക്കുന്നു അവരാ യാത്രയ്ക്ക്.

തിരുതുറൈപ്പൂണ്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ 1956 ജനുവരി 29-നു ജനിച്ച ശശികല, ബിരുദമെടുത്തതിന് ശേഷം എഐഡിഎംകെ യുവജന വിഭാഗം നേതാവായ  നടരാജനെ കല്ല്യാണം കഴിച്ചു. പിന്നീട് മൈലാപ്പൂരില്‍ ഒരു വീഡിയോ കാസറ്റ് വാടകകയ്ക്ക് കൊടുക്കുന്ന കട തുടങ്ങി.

ഇതിനിടയില്‍ ചന്ദ്രലേഖ ഐഎഎസ്, നടരാജനെ തന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി നിയമിച്ചിരുന്നു. തന്റെ ഭാര്യയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കണമെന്ന് നടരാജന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ജയലളിതയുടെ പര്യടനദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഒരു കരാര്‍ പിന്നീട് ശശികലയ്ക്ക് ലഭിച്ചു. അത് ചെയ്തത് ജയലളിതയെ ആകര്‍ഷിക്കുകയും ചെയ്തു. അന്ന് കുതിച്ചുയരുന്ന എഐഎഡിഎംകെ താരവുമായി ബന്ധമുണ്ടാക്കി കുറച്ചാഴ്ച്ചകള്‍ക്കുള്ളില്‍ത്തന്നെ, ശശികല അവരുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറി.

ജയലളിതയുമായുള്ള അവരുടെ ബന്ധം ഒരു സഹോദരിയായി അവരെ കണക്കാക്കുന്ന തലത്തിലേക്ക് വളര്‍ന്നു. ജയലളിതയുടെ വീട് നോക്കി നടത്തുന്നതിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ശശികലയ്ക്കായി. ശശികലയുടെ മരുമകന്‍ സുധാകരനെ ദത്തെടുത്ത ജയലളിത, അയാളുടെ കല്യാണം സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയായ ഒരു ആഡംബര മാമാങ്കമായാണ് കൊണ്ടാടിയത്. അത് നിരവധി ആദായ നികുതി പരിശോധനകളിലേക്കും ജയലളിതയും ശശികലയും അടക്കമുള്ളവര്‍ക്കെതിരെയുള്ള വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന കേസുകളിലേക്കുമാണ് നയിച്ചത്. അതിപ്പോഴും ശശികലയുടെ തലയ്ക്ക് മുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്.2011ല്‍ അമ്മ തന്റെ തോഴിയെ വീട്ടില്‍ നിന്നും പുറത്താക്കി. എന്നാല്‍ താന്‍ രാഷ്ട്രീയ, ഭരണ കാര്യങ്ങളില്‍ ഇടപെടില്ലെന്ന ഉറപ്പ് ശശികല നല്‍കിയതിനെ തുടര്‍ന്നെന്ന് പറയുന്നു, കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ശശികല തിരിച്ചെത്തി. നടരാജനെ പോയസ് ഗാര്‍ഡനില്‍ നിന്നും മാറ്റി നിര്‍ത്തും എന്ന ഉറപ്പും ശശികല നല്കിയിരുന്നു.

ജയലളിതയ്ക്ക് ഒരു മൂത്ത സഹോദരനുണ്ടായിരുന്നു. ജയകുമാര്‍. പക്ഷേ അവര്‍ എല്ലാ ബന്ധുക്കളില്‍ നിന്നും അകന്നു നിന്ന്‍ തന്റെ വിശ്വാസം മുഴുവന്‍ ശശികലയില്‍ അര്‍പ്പിച്ചു കഴിയുകയായിരുന്നു. ജയകുമാര്‍ 1990-ല്‍ മരിച്ചു. അതിനുശേഷം ബന്ധുക്കള്‍ക്കാര്‍ക്കും അവരുമായി ബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ബന്ധപ്പെടാന്‍ ശ്രമിച്ച ജയകുമാറിന്റെ മകള്‍ ദീപയ്ക്കും അതിനു കഴിഞ്ഞിരുന്നില്ല.

ഒരഭിമുഖത്തില്‍ ജയലളിത പറഞ്ഞത്, “ശശികല എന്റെ അമ്മയുടെ സ്ഥാനം ഏറ്റെടുത്തു” എന്നാണ്. ശശികലയ്ക്കെതിരായ ഒരു കുറ്റപ്പെടുത്തലും വിമര്‍ശനവും ചോദ്യം ചെയ്യലും ജയലളിത സഹിക്കുമായിരുന്നില്ല. അമ്മയ്ക്ക് ശശികല എത്ര പ്രധാനമാണെന്ന് എഐഡിഎംകെ അണികള്‍ക്കും അറിയാമായിരുന്നു. അവര്‍ക്കെല്ലാം ശശികല ചിന്നമ്മയായി മാറുകയായിരുന്നു.

ജയലളിതയുമായുള്ള അവരുടെ അടുപ്പമാണ് ശശികലയെ ഈ പദവിയിലേക്കെത്തിച്ചത് എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ ‘അമ്മ’യുടെ അതേ തലത്തില്‍ ‘ചിന്നമ്മ’യെ പ്രതിഷ്ഠിക്കാന്‍ തയ്യാറാകാത്ത അണികളുടെയും ജനങ്ങളുടെയും അംഗീകാരം, ശശികല ഇനിയും നേടേണ്ടിയിരിക്കുന്നു.


Next Story

Related Stories