TopTop
Begin typing your search above and press return to search.

അച്ഛനമ്മമാരെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കളുടെ ചെവിക്ക് പിടിച്ച് ഒരു കളക്ടര്‍

അച്ഛനമ്മമാരെ തെരുവില്‍ ഉപേക്ഷിക്കുന്ന മക്കളുടെ ചെവിക്ക് പിടിച്ച് ഒരു കളക്ടര്‍

കേരളം വൃദ്ധസദനങ്ങളുടെ സ്വന്തം നാടായി മാറുന്നത് അതിവേഗമാണ്. പ്രായമായ മാതാപിതാക്കള്‍ സംരക്ഷിക്കാന്‍ ചെലവേറിയ പാഴ്‌വസ്തുക്കളായി മാറുന്നു. തെരവില്‍ ഉപേക്ഷിച്ചും വൃദ്ധസദനങ്ങളില്‍ തള്ളിയും മാതാപിതാക്കളെന്ന ഭരമൊഴിവാക്കാന്‍ വ്യഗ്രത കാണിക്കുന്ന മക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ആരും ചോദ്യം ചെയ്യാനില്ലെന്ന ധൈര്യത്തില്‍ നടത്തുന്ന ക്രൈം! പക്ഷേ ഈ ധാര്‍ഷ്ഠ്യത്തെ എതിര്‍ക്കാന്‍ ഒരു നിയമം തന്നെ നമുക്കുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം. വൃദ്ധരുടെയും മാതാപിതാക്കളുടെയും അവകാശങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ആ നിയമത്തിന്റെ സഹായത്തോടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി മാതൃകയാവുകയാണ് കണ്ണൂര്‍ ജില്ല കളക്ടര്‍ പി ബാലകിരണ്‍. 'സസ്‌നേഹം' എന്ന പേരില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയെക്കുറിച്ച് അഴിമുഖവുമായി പി ബാലകിരണ്‍സംസാരിക്കുന്നു.

ആ അമ്മ എന്റെ ശരീരം തളര്‍ത്തിക്കളഞ്ഞു. ഞാന്‍ പെട്ടെന്ന് എന്റെ അമ്മയെക്കുറിച്ചോര്‍ത്തു. ഉള്ളിലെ സങ്കടം പുറത്തുവരാതിരിക്കാന്‍ എനിക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു.

അമ്മേ... മാപ്പ്... ആ മക്കള്‍ക്കു വേണ്ടിയും ഈ നാടിനു വേണ്ടിയും...

കണ്ണൂര്‍ ജില്ല കളക്ടര്‍ ബാലകിരണ്‍ ഒന്നര വര്‍ഷത്തിനു മുമ്പ് നടന്ന ആ സംഭവത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ശബ്ദത്തില്‍ വിറയലുണ്ട്. മക്കളുണ്ടായിട്ടും വഴിയിലുപേക്ഷിക്കപ്പെട്ട ഒരമ്മയായിരുന്നു അത്. ആരും നോക്കാനില്ലാതെ, ഒരുനേരത്തെ ആഹാരം പോലും കൊടുക്കാനാളില്ലാതെ... നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഞാനാ അമ്മയെ തേടിയെത്തുമ്പോള്‍ കാണുന്ന കാഴ്ച്ച... വിശപ്പ് സഹിക്കാനാവാതെ ആ പെറ്റവയര്‍ മണ്ണ് വാരി തിന്നുകയായിരുന്നു. മലമൂത്രവിസര്‍ജ്യങ്ങള്‍ പൊതിഞ്ഞ ഒരു രൂപം. സങ്കടം കൊണ്ടും നാണക്കേടുകൊണ്ടും എന്റെ തല താഴ്ന്നു പോയി. മനസുകൊണ്ട് ആയിരംവട്ടം ഞാനാ അമ്മയോട് മാപ്പു ചോദിച്ചു...

കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്ന, എന്നെങ്കിലും കാണമെന്ന് ആഗ്രഹിച്ച സ്ഥലങ്ങളില്‍ ഏറ്റവും മുന്നിലുള്ള നാടായിരുന്നു കേരളം. ഇവിടുത്തെ കായലുകളും പച്ചപ്പുകളും വെള്ളച്ചാട്ടങ്ങളും ഞങ്ങള്‍ ആന്ധ്രാക്കാരെ എന്നും ഈ നാടിന്റെ ആരാധകരാക്കിയിരുന്നു. നാടിനെ മാത്രമല്ല, ഇവിടെയുള്ള മനുഷ്യരോടും ബഹുമാനമായിരുന്നു. ഞങ്ങള്‍ പറയും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം എപ്പോഴും ഇരുപതു വര്‍ഷങ്ങളെങ്കിലും അഡ്വാന്‍സ്ഡ് ആണെന്ന്. പക്ഷേ ഇപ്പോളീ കാഴ്ച്ചകളൊക്കെ കാണുമ്പോള്‍... (ബാലകിരണ്‍, പറഞ്ഞുവന്നത് ഇടയ്ക്കുവച്ചു നിര്‍ത്തുന്നു. അല്‍പ്പനേരം നീണ്ട നിശബ്ദത..പിന്നെ തുടര്‍ന്നു) ഇത് കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ മൊത്തം അവസ്ഥയാണ്. നമ്മള്‍ നമ്മുടെ സംസ്‌കാരം മറക്കുന്നു. നമ്മള്‍ സയന്‍സ് പഠിക്കുന്നു, പക്ഷേ നമ്മുടെ പാഠങ്ങളില്‍ നിന്നും മോറല്‍ സയന്‍സ് ഇല്ലാതായിരിക്കുന്നു. നമ്മള്‍ അണുകുടുംബങ്ങളായിരിക്കുന്നു. അവിടങ്ങളില്‍ നിന്നും വൃദ്ധരായ മാതാപിതാക്കളെ നമ്മള്‍ ഇറക്കി വിടുന്നു.

ഒരു ജില്ലാ കളക്ടറുടെ ഔദ്യോഗിക ചുമതലകളും അതിന്റെ തിരക്കുകളും ഏറെയാണ്. അതിനിടയില്‍ പലപ്പോഴും കാണാന്‍ കഴിയാതെ പോകുന്ന ചില പ്രശ്‌നങ്ങളുണ്ട്. പലപ്പോഴും സ്വകാര്യകാര്യങ്ങളെന്നും കുടുംബപ്രശ്‌നങ്ങളെന്നുമൊക്കെ പറഞ്ഞ് നിസ്സാരവത്കരിക്കുന്ന ചില പ്രശ്‌നങ്ങള്‍. അവയിലേക്ക് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധ പതിയുന്നത് പലപ്പോഴും വൈകിയായിരിക്കും.

ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് സാക്ഷിയാകേണ്ടി വന്ന രണ്ടു സംഭവങ്ങളാണ് സസ്‌നേഹം എന്ന പ്രൊജക്ട് ജില്ലയില്‍ നടപ്പിലാക്കാന്‍ കാരണമായത്.

അഞ്ചു മക്കളുള്ള ഒരമ്മ, ആരു നോക്കുമെന്ന തര്‍ക്കത്തിനൊടുവില്‍ അഞ്ചുപേരും ചേര്‍ന്ന് അമ്മയെ പെരുവഴിയിലേക്കിറക്കി വിട്ടു. പിന്നെയാ മണ്ണുതിന്നു വിശപ്പടക്കിയ അമ്മയും...വൃദ്ധരായ മാതാപിതാക്കളെ പെരുവഴിയിലിറക്കി വിടുന്ന ക്രൂരതയ്ക്ക് ഈ ജില്ലയിലെങ്കിലും അവസാനം വേണമെന്നൊരു ചിന്ത ഉണ്ടാകുന്നത് ഇതോടെയാണ്. എന്തു ചെയ്യാന്‍ കഴിയും? ഉപദേശം കൊണ്ട് ആരും മാറണമെന്നില്ല. നിയമം കൊണ്ടോ? നിയമം കൊണ്ട് കഴിയും. 2007-ല്‍ പാസാക്കിയ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്ട് ഉണ്ട്. മാതാപിതാക്കളെ, വൃദ്ധരായവരെ നോക്കാത്തവര്‍ക്കെതിരെ നിയമപരമായി നടപടികളെടുക്കാനും വൃദ്ധര്‍ക്കും മാതാപിതാക്കള്‍ക്കും അവര്‍ക്കു കിട്ടേണ്ട പരിരക്ഷയും പരിചരണവും അവകാശങ്ങളും ഉറപ്പു നല്‍കുന്നതുമാണ് ഈ നിയമം.

മരവിച്ചുപോയ മന:സാക്ഷിയെ നിയമം കൊണ്ടു നേരിടാന്‍ ഞങ്ങള്‍ തീരമാനിച്ചു. അങ്ങനെയാണ് ജില്ല കളക്ടര്‍ അപ്പലറ്റീവ് അഥോറിറ്റിയും സബ് കളക്ടര്‍ ഹെഡ് ആയും സസ്‌നേഹം എന്ന പ്രൊജക്ട് രൂപീകരിക്കുന്നത്. ഈ പ്രൊജകട് രൂപീകരിക്കുമ്പോഴെ കൃത്യമായൊരു തീരുമാനം ഞങ്ങള്‍ എടുത്തിരുന്നു, നിയമത്തിന്റെ ഏതൊരു സാങ്കേതിക വശങ്ങളിലൂടെയും തെറ്റു ചെയ്യുന്ന മക്കള്‍ രക്ഷപ്പെടരുത്. ഈ നിയമം പൂര്‍ണമായും മാതാപിതാക്കള്‍ക്ക് ഉപകാരപ്പെടുന്നതായിരിക്കണം.

മക്കള്‍ നോക്കുന്നില്ലെന്നോ ഇറക്കി വിട്ടെന്നോ പരാതിയുള്ള ഏതൊരു മാതാപിതാക്കള്‍ക്കും ഒരു വെള്ളക്കടലാസില്‍ അവരുടെ പരാതി എഴുതി സമര്‍പ്പിക്കാം. ആ പരാതിയിന്‍മേല്‍ ആദ്യം മക്കള്‍ക്ക് നോട്ടീസ് അയക്കും. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും. വിളിച്ചു വരുത്തുന്ന മക്കളെ ആദ്യം കൗണ്‍സിലിംഗിന് വിധേയരാക്കും. പലരും പറയുന്നത് അവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്നായിരിക്കും. ഞാന്‍ പലരോടും ചോദിച്ചൊരു ചോദ്യമുണ്ട്, നിങ്ങള്‍ക്ക് എത്രമക്കളുണ്ട്? രണ്ട്, അവര്‍ പറയും. മൂന്നാമത്തെ മകനോ മകളോ ആയി നിങ്ങളുടെ മാതാപിതാക്കളെയും നോക്കാന്‍ അത്ര പ്രയാസമാണോ? ഇതിലും കഷ്ടപ്പാടുകളുകളില്‍ നിന്നാകില്ലേ ആ അച്ഛനുമമ്മയും നിങ്ങളെ വളര്‍ത്തിയത്! അന്നവര്‍ നോക്കാന്‍ പണമില്ലെന്നു പറഞ്ഞു നിങ്ങളെ പെരുവഴിയില്‍ ഇറക്കി വിട്ടിരുന്നെങ്കിലോ? പലര്‍ക്കും ഇതിനു മറുപടി കാണില്ല. ഒന്നില്‍ക്കൂടുതല്‍ മക്കളുള്ള മാതാപിതാക്കളായിരിക്കും പലപ്പോഴും ഉപേക്ഷിക്കപ്പെടുന്നത്. മൂത്തയാള്‍ പറയും ഞാനൊരു ഡ്രൈവറാണ്, എന്നെക്കാള്‍ ശമ്പളം അനിയനാണ്, അയാള്‍ പറയും ഗള്‍ഫിലുള്ള സഹോദരന് അയാളെക്കാള്‍ സാമ്പത്തികസ്ഥിതി ഉണ്ടെന്ന്. ഇങ്ങനെ തര്‍ക്കം നീണ്ടുപോയി അച്ഛനുമമ്മയും ഒന്നുകില്‍ പെരുവഴിയില്‍ ഇറക്കി നിര്‍ത്തപ്പെടും അല്ലെങ്കില്‍ ഏതെങ്കിലും വൃദ്ധസദനത്തില്‍ എത്തപ്പെടും. ഈ അവസ്ഥ അനുവദിക്കാന്‍ കഴിയില്ല. മാതാപിതാക്കള്‍ക്ക് സംരക്ഷണവും ഭക്ഷണം, വസ്ത്രം, താമസം എന്നീ അവകാശങ്ങളും നടപ്പാക്കി കൊടുത്തേ തീരൂ.

മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈക്കലായതിനുശേഷമായിരിക്കും പലരും അവരെ ഒഴിവാക്കുന്നത്. അങ്ങനെയുള്ള മക്കളുടെ വസ്തുക്കള്‍ തിരിച്ചെടുക്കും. മതാപിതാക്കളുടെ കൈയില്‍ നിന്നും കിട്ടിയ സ്വത്തുക്കളുടെ ഡോക്യുമെന്റ് പിടിച്ചെടുക്കും. പതിനായിരം രൂപവരെ ഇവരില്‍ നിന്നും പിഴയീടാക്കും. മാതാപിതാക്കളെ തിരികെ വീട്ടിലേക്കു കൊണ്ടുപോകാന്‍ കര്‍ശനമായ നിര്‍ദേശം കൊടുക്കും. ഇതെല്ലാം നിയമത്തിന്റെ കീഴില്‍ നിന്നു തന്നെ ചെയ്യുന്നതാണ്. ഭൂരിഭാഗംപേരും ഈ നിയമത്തിനു കീഴടങ്ങും. ചിലര്‍ അപ്പീലുപോകും. പക്ഷേ അവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഒന്നര വര്‍ഷം കൊണ്ട് 230 ഓളം പേരെ ഞങ്ങള്‍ ഇങ്ങനെ വിളിപ്പിച്ചിട്ടുണ്ട്. മുപ്പതോളം പേരുടെ വസ്തുവകകളുടെ ഡോക്യുമെന്റ് പിടിച്ചുവച്ചു. നാലോളം പോരെ ഞങ്ങള്‍ക്ക് അറസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഇത്തരമൊരു നിയമസഹായത്തെ കുറിച്ച് അറിവുള്ളവരാണ് ആദ്യകാലത്തൊക്കെ ഞങ്ങളെ സമീപിച്ചത്. എന്നാല്‍ എല്ലാവരും തന്നെ ഇതിനെക്കുറിച്ച് ബോധവാന്മാരുമല്ല. അതുകൊണ്ട് ഇത്തരം കേസുകളിലേക്ക് ഞങ്ങള്‍ തന്നെ ഇറങ്ങിച്ചെന്നു. ജില്ലയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള നൂറ്റിപ്പത്തോളം വൃദ്ധസദനങ്ങളുണ്ട്. നാല്‍പ്പത്തിയഞ്ചോളം പുതിയവ ആരംഭിച്ചിട്ടുമുണ്ട്. ആരും ഇല്ലാത്തവരായി ഇവിടെ വന്നുപെട്ടിരിക്കുന്നവരുണ്ട്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ് ഏറെയും. ഇങ്ങനെയുള്ളവരെ നേരില്‍ കണ്ട് അവരോട് ഈ നിയമത്തെക്കുറിച്ചും ഞങ്ങളുടെ പ്രൊജക്ടിനെ കുറിച്ചും സംസാരിച്ചു. പരാതിയുള്ളവരുടെ കൈയില്‍ നിന്നും അതെഴുതി വാങ്ങിച്ച് എതിര്‍സ്ഥാനത്തുള്ളവര്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടു.

ആരെയും ശിക്ഷിക്കാനുള്ള വ്യഗ്രതയല്ല. പക്ഷേ നല്ലവാക്കുകളും ഉപദേശങ്ങളും ഫലിക്കാത്തിടത്ത് നിയമത്തിന്റെ കര്‍ശന ഇടപെടല്‍ തന്നെയാണ് ആവശ്യം.

വളരെ മാറ്റം ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് വിശ്വാസം. ഉണ്ടാകുന്ന നാണക്കേട്, നിയമത്തിന്റെ ശിക്ഷാവിധികള്‍ ഇവയെല്ലാം മക്കളെ മാറി ചിന്തിക്കാന്‍ ഇടവരുത്തുന്നുണ്ട്.പക്ഷേ ഒരു കളക്ടര്‍ പറഞ്ഞിട്ടുവേണോ സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാന്‍ ഒരു മകനോ മകള്‍ക്കോ തോന്നേണ്ടതെന്ന വലിയ ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ശോഷണമാണിത്. വളരെ ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ടൊരാളാണ് ഞാന്‍. അമ്മയും സഹോദരിയും അടങ്ങുന്ന ചെറിയ കുടുംബമായിരുന്നു എന്റേത്. സഹോദരി വിവാഹിതയായി വിശാഖപട്ടണത്താണ്. അമ്മ എന്നോടൊപ്പവും. അമ്മ എനിക്ക് ശക്തിയും ആശ്വാസവും ഊര്‍ജ്ജവുമാണ്. ജോലിയുടെ തിരക്കും സമ്മര്‍ദ്ദവുമെല്ലാം അകറ്റുന്നത് അമ്മയുടെ സാമിപ്യമാണ്. എന്റെ കാര്യം മാത്രമല്ല, നമ്മളോരോരുത്തരും ചിന്തിച്ചു നോക്കൂ, അച്ഛനമ്മമാരുടെ അടുത്ത് നിന്നു കിട്ടുന്നതിനേക്കാള്‍ വലിയ ആശ്വാസം നമുക്ക് വേറെ എവിടെ നിന്നെങ്കിലും കിട്ടുമോ? അത്രയും വൈകാരികമായി ഇടപെടാന്‍ മറ്റാരെങ്കിലുമായി കഴിയുമോ? എന്നിട്ടും നാം ആദ്യം ഒഴിവാക്കാന്‍ നോക്കുന്നത് അവരെ തന്നെ. അവര്‍ നമുക്ക് അനാവശ്യ ചെലവായി തോന്നുന്നു. കേരളത്തെക്കുറിച്ച് കുട്ടിക്കാലത്ത് കേട്ട കഥകളില്‍ ഇവിടുത്തെ കൂട്ടുകുടുംബങ്ങളും തറവാടുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിലും അത്തരം കുടുംബവ്യവസ്ഥയായിരുന്നു. എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ അച്ഛനെ അനുസരിക്കുന്നത് ഞാന്‍ കണ്ടു, അതേ ശീലം ഞാന്‍ എന്റെ അച്ഛന്റെയടുത്തും കാണിച്ചു. കൈമാറിവരുന്ന ഈ സംസ്‌കാരമാണ് നമ്മളെ ഒരു നല്ല ജനതയായി നിലനിര്‍ത്തുന്നത്. ഇടയിലെവിടെയോ ആ ധാര നമ്മളില്‍ നിന്നും മുറിഞ്ഞു. അവിടെ തുടങ്ങിയതാണ് എല്ലാ തെറ്റുകളും, ഒരമ്മയ്ക്ക് അവരുടെ വയറ് നിറയ്ക്കാന്‍ പച്ചമണ്ണ് വാരി തിന്നേണ്ടി വന്നത്.

സസ്‌നേഹത്തിന്റെ ഭാഗമായി ഞങ്ങള്‍ നേരിടുന്ന ചില ബുദ്ധിമുട്ടികളുണ്ട്. അതായത് തെറ്റുകാരായ മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ. ഹാജരാകാന്‍ തയ്യാറാകാത്തവരെ അറസ്റ്റ് ചെയ്യാന്‍ പോകുമ്പോള്‍, അല്ലെങ്കില്‍ വസ്തുവകകള്‍ തിരികെ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ തടസ്സവുമായി വരുന്ന ഒരു കൂട്ടരുണ്ട്.

വേറാരുമല്ല, ആ മക്കള്‍ ഉപേക്ഷിച്ച അവരുടെ മാതാപിതാക്കള്‍ തന്നെ...!

ആ അമ്മയും അച്ഛനും നിറകണ്ണുകളോടെ തൊഴുകൈയ്യുകളോടെ ഞങ്ങളോടു യാചിക്കും; എന്റെ മക്കളെ ഒന്നും ചെയ്യരുതേ സാറേ... അവരെ ജയിലില്‍ അടയ്ക്കരുതേ... ഞങ്ങള്‍ക്ക് ഒന്നും വേണ്ട, എല്ലാം അവരു തന്നെ എടുത്തോട്ടെ, എന്നാലും എന്റെ കുഞ്ഞുങ്ങളെ ഒന്നും ചെയ്യരുതേ സാറേ...


Next Story

Related Stories