TopTop

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പ്രഭാഷകരായി ആര്‍എസ്എസ് നേതാക്കളും; ബഹിഷ്ക്കരിച്ച് സച്ചിദാനന്ദന്‍

ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പ്രഭാഷകരായി ആര്‍എസ്എസ് നേതാക്കളും; ബഹിഷ്ക്കരിച്ച് സച്ചിദാനന്ദന്‍
പ്രസിദ്ധമായ ജയ്പൂര്‍ സാഹിത്യോത്സവം റാഞ്ചാന്‍ ആര്‍എസ്എസ്. ആര്‍.എസ്.എസിന്റെ രണ്ടു മുതിര്‍ന്ന നേതാക്കളാണ് ഇത്തവണ സാഹിത്യോത്സവത്തില്‍ മുഖ്യ പ്രഭാഷകരായി പങ്കെടുക്കുന്നത്. അതേ സമയം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരേ നില്‍ക്കുന്നവര്‍ക്ക് സാഹിത്യോത്സവങ്ങളില്‍ സ്ഥാനം കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്‍ വ്യക്തമാക്കി. താനും അശോക് വാജ്പേയിയും പങ്കെടുക്കില്ലെന്നും അദ്ദേഹം അഴിമുഖത്തോട് വ്യക്തമാക്കി.

ജനുവരിയിലാണ് പത്താമത് ജയ്പൂര്‍ സാഹിത്യോത്സവം നടക്കുന്നത്. ഇതില്‍ മുഖ്യ പ്രഭാഷകരായി ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യയേയും സഹസര്‍കാര്യവാഹ് ദത്താത്രേയ ഹോസബൊലെയുമാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. "കലാ-സാഹിത്യരംഗങ്ങളില്‍ ഇത്തരം കടന്നു കയറ്റങ്ങള്‍ അനുവദിക്കാനാവാത്തതാണ്. അഭിപ്രായസ്വാതന്ത്ര്യത്തോട് ഏതുവിധത്തിലുള്ള നിലപാടുകളാണ് അവര്‍ എടുത്തിട്ടുള്ളതെന്നത് എല്ലാവര്‍ക്കും വ്യക്തമായതുമാണ്
;" സച്ചിദാനന്ദന്‍ പറഞ്ഞു.

അതേസമയം തന്നെയും പ്രമുഖ കവി അശോക് വാജ്പേയ് അടക്കമുള്ളവരെ ഒഴിവാക്കിയെന്ന വാര്‍ത്തകളോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. "എന്നെ ഒഴിവാക്കി എന്ന പരാമര്‍ശം ശരിയല്ല. ഞാനും അശോക് വാജ്‌പേയിയും പങ്കെടുക്കുന്നില്ല എന്നു തീരുമാനിച്ചിരുന്നതാണ്. ഞങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്നറിഞ്ഞതിനാല്‍ ക്ഷണിക്കാതിരുന്നതാവാം. എന്നാല്‍ ക്ഷണിക്കാത്ത മറ്റു ചിലരുടെ കാര്യത്തില്‍ എന്താണു സംഭവിച്ചതെന്ന് എനിക്കു പറയാന്‍ കഴിയില്ല.


അസഹിഷ്ണുത വിവാദവും പുരസ്‌കാരം തിരിച്ചുകൊടുക്കലുമായി ബന്ധപ്പെട്ടതിലുമൊക്കെ പേരു വന്നവരെയാണ് ഒഴിവാക്കിയതെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ എന്റെ കാര്യത്തില്‍ ഒരു ഒഴിവാക്കല്‍ നടന്നിട്ടില്ല, പങ്കെടുക്കാതിരിക്കാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. ഫെസ്റ്റിവല്‍ ഡയറക്ടര്‍ നമിത ഗോഖലെയുമൊക്കെയായി നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ് ഞാന്‍. പക്ഷെ കഴിഞ്ഞ തവണയൊക്കെ ഉണ്ടായതുപോലെ മനസിനെ ബാധിക്കുന്ന ചില സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി.


sach1

കഴിഞ്ഞ തവണ ഞങ്ങളെ അഭിമുഖത്തിനായി കൊണ്ടുവന്നിരുത്തി. അവര്‍ മോദി അനുകൂലികളായ മാധ്യമപ്രവര്‍ത്തകരായിരുന്നു. അവരുടെ ചോദ്യവും ആ തരത്തിലുള്ളതായിരുന്നു. എന്നാല്‍ അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി എനിക്കുണ്ടായിരുന്നു. പക്ഷെ അവരുടെ ഉദ്ദേശ്യം എന്താണെന്നത് വ്യക്തമായിരുന്നു. ഇനിയത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ല. കുറെ ആയില്ലേ സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കുന്നു, ഇനി വയ്യാ എന്നു നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ഏറെ പ്രധാനപ്പെട്ടൊരു സാഹിത്യോത്സവമാണെങ്കിലും ജയ്പൂര്‍ ലിറ്ററി ഫെസ്റ്റില്‍ ഇനി പങ്കെടുക്കേണ്ടെതില്ലെന്നു തന്നെയായിരുന്നു തീരുമാനം. അതുമനസിലാക്കിയായിരിക്കണം ഇത്തവണ അവര്‍ വിളിക്കാതിരുന്നതും.


എന്നെ വിളിക്കാതിരുന്നതോ ഞാന്‍ പങ്കെടുക്കതിരിക്കുന്നതോ അല്ല വിഷയം, മറ്റു ചിലരെ ബോധപൂര്‍വം പങ്കാളികളാക്കുന്നതാണ്. ഇത്തരം നീക്കങ്ങള്‍ അപകടമാണ്."- സച്ചിദാനന്ദന്‍ പറഞ്ഞു. 

ഇന്ത്യയിലെ മികച്ച സാഹിത്യകാരന്മാരും സാഹിത്യോത്സവത്തിലെ സ്ഥിരം മുഖങ്ങളുമായിരുന്ന അശോക് വാജ്‌പേയി, സച്ചിദാന്ദന്‍, ഉദയ പ്രകാശ് തുടങ്ങിയവരെ ക്ഷണിക്കാതെ പകരം സംഘപരിവാര്‍ ബന്ധമുള്ളവരെ പ്രധാനപ്പെട്ട അതിഥികളായി സാഹിത്യോത്സവത്തില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനാര്‍ഹമായിരുന്ന ഒരു സാഹിത്യോത്സവത്തിലേക്കുള്ള ആര്‍എസ്എസ് കടന്നു കയറ്റമായാണ് ഇതിനെ കാണുന്നത്.

Next Story

Related Stories