TopTop

നെഹ്രു ശങ്കറിനോട്: "എന്നെ വെറുതെ വിടരുത്", എഡിറ്റര്‍ സതീഷ് ആചാര്യയോട്: "മോദിയെ വെറുതെ വിട്ടേക്ക്"

നെഹ്രു ശങ്കറിനോട്: "എന്നെ വെറുതെ വിടരുത്", എഡിറ്റര്‍ സതീഷ് ആചാര്യയോട്: "മോദിയെ വെറുതെ വിട്ടേക്ക്"
Dont spare me shankar ("എന്നെ വെറുതെ വിടരുത്, ശങ്കര്‍") എന്നാണ് 1948 മേയില്‍ ന്യൂഡല്‍ഹിയില്‍ ശങ്കേഴ്‌സ് വീക്കിലിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്. സ്വാതന്ത്ര്യത്തിന് മാസങ്ങള്‍ മാത്രം പ്രായമുള്ളതും റിപ്പബ്ലിക്കായി മാറിയിട്ടില്ലാത്തതുമായ ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പുതിയ വാരികയുടെ പത്രാധിപരും കാര്‍ട്ടൂണിസ്റ്റുമായ ശങ്കറിനോട് പറഞ്ഞതാണ് ഇക്കാര്യം. 2018ല്‍ സതീഷ് ആചാര്യ എന്ന കാര്‍ട്ടൂണിസ്റ്റിനോട് മെയില്‍ ടുഡെ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത് മോദിയെ വെറുതെ വിടാനാണ്. 70 വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യം നേടിയ വളര്‍ച്ചയാണിത് വ്യക്തമായി വരച്ചുകാട്ടുന്നത്.

പ്രശസ്ത കാർട്ടൂണിസ്റ്റായ സതീഷ് ആചാര്യ മെയില്‍ ടുഡേ പത്രത്തിലെ തന്‍റെ കാര്‍ട്ടൂണ്‍ കോളം അവസാനിപ്പിച്ചിരിക്കുന്നു. മാല്‍ഡീവ്സ് അടക്കമുള്ള രാജ്യങ്ങളിൽ സ്വാധീനം ചെലുത്തിക്കൊണ്ട് ഇന്ത്യയ്ക്ക് മേല്‍ ചൈന പിടിമുറുക്കുന്നതിനെ കുറിച്ച് അദ്ദേഹം വരച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ലെന്ന് മെയില്‍ ടുഡേ പത്രാധിപര്‍ തീരുമാനമെടുത്തിരുന്നു. ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ഞാന്‍ കാര്‍ട്ടൂണ്‍ കോളം അവസാനിപ്പിച്ചതെന്ന് സതീഷ് ആചാര്യ തന്‍റെ വെബ്സൈറ്റില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കീഴിലുള്ള പത്രമാണ്‌ മെയില്‍ ടുഡേ.

‘ഇന്ത്യ-ചൈന പ്രശ്നം പെരുപ്പിച്ച് കാണിക്കുന്നു എന്നാണ് എഡിറ്റര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, ഇന്ത്യയുടെ താൽപര്യങ്ങൾക്കുമേല്‍ ചൈന സ്വാധീനം ചെലുത്തുന്നതിനെ ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ഇങ്ങനെയാണ് നോക്കി കാണുന്നത് എന്ന വിശദീകരണം മുഖവിലക്കെടുക്കാതെ കാര്‍ട്ടൂണ്‍ ഒഴിവാക്കി പകരം ഒരു ഫോട്ടോ പ്രിന്‍റ് ചെയ്യാനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്’, സതീഷ് ആചാര്യ പറയുന്നു. എന്‍റെ സ്വാതന്ത്ര്യവും കാര്‍ട്ടൂണ്‍ കോളത്തിന്‍റെ പരിശുദ്ധിയും കാത്ത് സൂക്ഷിക്കുന്നതിനായി അനവധി ദിവസങ്ങളായി ഞാന്‍ പോരാടുന്നുവെന്നും, എഡിറ്റർക്ക് ഇത് കേവലം മൂന്ന് കോളം മാത്രമാണെങ്കിൽ, ഒരു കാർട്ടൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇത് അയാളുടെ മുഴുവൻ ലോകവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.പശുവിന്‍റെ ചിത്രമുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത് എഡിറ്റർക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ് ഒരു കാര്‍ട്ടൂണ്‍ ആദ്യം അവര്‍ തള്ളിക്കളഞ്ഞു. പിന്നീട് ചെറിയൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞ് ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ തള്ളിക്കളഞ്ഞു. മോദിയുടെ ചിത്രമുള്ള കാര്‍ട്ടൂണ്‍ കൊടുത്തപ്പോള്‍ അതൊഴിവാക്കി മറ്റേതെങ്കിലും ബിജെപി നേതാവിന്‍റെ ചിത്രം കൊടുക്കാന്‍ പറഞ്ഞു. മറ്റൊരു കാര്‍ട്ടൂണിലെ മുസ്ലീം വീക്ഷണങ്ങളായിരുന്നു എഡിറ്ററുടെ പ്രശ്നം. നോട്ട് നിരോധനത്തെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണവുമായി ബന്ധപ്പെടുത്തിയ കാര്‍ട്ടൂണ്‍ എഡിറ്റർക്ക് ഇഷ്ടമായില്ല. ഇത്തരത്തില്‍ ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് ഒരുപാട് കാര്‍ട്ടൂണുകള്‍ ഒഴിവാക്കപ്പെട്ടുവെന്ന് സതീഷ് ആചാര്യ എഴുതിയ കുറിപ്പില്‍ പറയുന്നു.

അതേസമയം മെയില്‍ ടുഡേ തള്ളിക്കളഞ്ഞ പല കാര്‍ട്ടൂണുകളും മറ്റ് പത്രങ്ങള്‍ ഏറ്റെടുത്തുവെന്നും, അതില്‍ ചിലതെല്ലാം വൈറലായി മാറിയെന്നും സതീഷ് പറഞ്ഞു. ‘ചുറ്റും ധാരാളം തടസ്സങ്ങൾ ഉണ്ടായിരുന്നതിനാല്‍ കാർട്ടൂൺ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. നിരാശ കാരണം ഞാൻ പല മുതിർന്ന പത്രപ്രവർത്തകരെയും സമീപിച്ചു. ചിലര്‍ സഹതപിച്ചു. ചിലർ എന്നോട് കാത്തിരിക്കാന്‍ പറഞ്ഞു. മറ്റുചിലരാവട്ടെ ശക്തമായി മുന്നോട്ട് പോകുവാനും പറഞ്ഞു. എന്നാല്‍ വിട്ടുകൊടുക്കാന്‍ എളുപ്പമാണ്. എന്‍റെ അവകാശത്തിനായി ഞാൻതന്നെ പൊരുതണം എന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേരില്‍ വരുന്ന കാര്‍ട്ടൂണ്‍ കോളത്തോട് നീതി പുലര്‍ത്തേണ്ട ഉത്തരവാദിത്തം എന്‍റെതാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനയ്ക്ക്: https://goo.gl/YHGvRW

Next Story

Related Stories