TopTop
Begin typing your search above and press return to search.

സൗദി നയതന്ത്ര പീഡനം: മോദിയുടേത് ദയനീയ പതനം

സൗദി നയതന്ത്ര പീഡനം: മോദിയുടേത് ദയനീയ പതനം

ടീം അഴിമുഖം

രണ്ട് നേപ്പാളി സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അപമാനിക്കുകയും ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന സൗദി നയതന്ത്ര ഉദ്യാഗസ്ഥനായ മജീദ് ഹസന്‍ അഷൂര്‍ ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഒരു വിമാനത്തില്‍ രക്ഷപ്പെട്ടത് ഈ ഭീതിജനകമായ കഥയിലെ ഏറ്റവും നാണംകെട്ട അദ്ധ്യായമായി മാറിയിരിക്കുന്നു. അഷൂറിന്റെ വാസസ്ഥലത്ത് നിന്നും ഡല്‍ഹി പോലീസ് രണ്ട് ഇരകളെ ഈ മാസം ഏഴിന് രക്ഷപ്പെടുത്തിയതോടെയാണ് ഈ സംഭവങ്ങളുടെ ചുരുള്‍ നിവരുന്നത്. വര്‍ദ്ധിച്ചുവരുന്ന മനുഷ്യക്കടത്തിനെ കുറിച്ചും നയതന്ത്ര ഉദ്യോഗസ്ഥര്‍ വിയന്ന ഉടമ്പടി ലംഘിക്കുന്നതിനെ കുറിച്ചും ഇന്ത്യയുടെ ദുര്‍ബല രാഷ്ട്രീയ നേതൃത്വത്തെ കുറിച്ചുമുള്ള ഉള്‍ക്കാഴ്ചകളുടെ ഒരു ആഖ്യാനമായി പുതിയ സംഭവവികാസം മാറിയിരിക്കുന്നു.

നഷ്ടപ്പെട്ട അവസരം

തീവ്രവാദ അഭിവാഞ്ചയില്‍ നിന്നും മോചിതരാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മുസ്ലീങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുകയും ഇസ്ലാമിക ഭീകരവാദത്തിനെതിരെ തുടര്‍ച്ചയായി പ്രബോധനങ്ങള്‍ നടത്തുകയും മുസ്ലീങ്ങള്‍ പൗരസമൂഹത്തിലേക്ക് ഇഴുകിച്ചേരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ബുധനാഴ്ച അഷൂര്‍ രക്ഷപ്പെട്ടതിനെ കുറിച്ച് വിശദീകരിക്കാനും ബാധ്യതയുണ്ട്. എങ്ങനെ പെരുമാറണമെന്നും എന്ത് കഴിക്കണമെന്നും എപ്പോള്‍ വിവാഹിതരാവണമെന്നും എന്ത് വിശ്വസിക്കണണെന്നും സ്വന്തം നാട്ടുകാരെ ഉപദേശിക്കാന്‍ എളുപ്പമാണ്. വലതുപക്ഷ നേതാക്കള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്ന വിശാല ലോകത്തിലെ വിഡ്ഢികളുടെ രക്ഷാമാര്‍ഗ്ഗമാണത്.

shamodi

ഒരു മുസ്ലീം നയതന്ത്ര ഉദ്യോഗസ്ഥന്റെ പീഢനത്തിന്റെ ഇരകളായ രണ്ട് ഹിന്ദു സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് നരേന്ദ്ര മോദിയില്‍ നിന്നും അമിത് ഷായില്‍ നിന്നും ഗിരിരാജ് സിംഗില്‍ നിന്നും ഉമാ ഭാരതിയില്‍ നിന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അതോ ആ രാജ്യം സന്ദര്‍ശിക്കാനുള്ള മോദിയുടെ പദ്ധതിയുടേയും എണ്ണ കയറ്റുമതിക്കാരും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ തൊഴില്‍ ദാതാവും എന്ന നിലയിലുള്ള സൗദി അറേബ്യയുടെ പ്രയോഗിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ ഹിന്ദു അഭിമാനം ബലികഴിക്കുന്നതിന്റെ ഭാഗമാണോ ഇത്?

മോദി സര്‍ക്കാരിന് അന്താരാഷ്ട്ര വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാനുള്ള ശേഷി പ്രദര്‍ശിപ്പക്കാനുള്ള ഒരവസരമായി യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംജാതമായത്. എന്നാല്‍ ന്യൂഡല്‍ഹി വളരെ ദയനീയമായി കീഴടങ്ങുന്ന ദൃശ്യത്തിനാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്.

സ്ത്രീകളുടെ അവകാശങ്ങള്‍

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും നിയമവാഴ്ചയെ കുറിച്ചുമുള്ള നമ്മുടെ നേതാക്കന്മാരുടെ കാഴ്ചപ്പാടിനെ കുറിച്ചുള്ള വ്യക്തമായ വിശദീകരണമായിരുന്നു സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ രക്ഷപ്പെടല്‍. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഏതാനും നൂറ് മീറ്ററുകള്‍ അകലെ വച്ചായിരുന്നു മഷൂറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും രണ്ട് നേപ്പാളി സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും അപമാനിക്കുകയും ചെയ്തതെന്ന വാര്‍ത്ത തന്നെ ഞെട്ടിക്കുന്നതായിരുന്നു. ബലാല്‍സംഗം കുറ്റാരോപിതനായ വ്യക്തിയെ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അനുവദിച്ചു എന്നത് മറ്റൊരു അപമാനമായി തീര്‍ന്നിരിക്കുന്നു.

ലൈംഗീക പീഢന ആരോപണങ്ങള്‍ക്ക് വിധേയനായ സൗദി അറേബ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ അഷൂര്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തിയത് വിദേശകാര്യ മന്ത്രാലയമാണ്. ഈ രക്ഷപ്പെടല്‍ വഴി വിദേശകാര്യ മന്ത്രാലയം വിഷമകരമായ നയതന്ത്ര പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെട്ടേക്കാം. പക്ഷെ ഇന്ത്യയെ പോലെ ഒരു വലിയ രാജ്യത്തിനും നരേന്ദ്ര മോദിയെ പോലെ വൈഭവമുള്ള ഒരു നേതാവിനും ഒന്നും ഭൂഷണമായ ഒന്നല്ല അത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ നടന്ന ഒരു നയതന്ത്ര വിലപേശലിന്റെ ഫലമാവാം അഷൂറിന്റെ നിശബ്ദ പലായനം. എന്നാല്‍ ബലാല്‍സംഗ കേസില്‍ നിന്നും സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ മാത്രമായിരുന്നു ഡോവലിന്റെ കടുത്ത നിലപാടെങ്കില്‍, അത്തരം ഒരു ഇടപെടല്‍ ഇല്ലാതെ തന്നെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നു.

ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും എണ്ണയുടെ കാര്യത്തിലും ഒക്കെ സൗദി ഇന്ത്യയോട് സ്വീകരിച്ചിട്ടുള്ള സമീപനത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, ഇതുപോലെയുള്ള പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അല്ലാത്തപക്ഷം, നാളെ ഒരിന്ത്യന്‍ പൗരന്‍ സൗദിയില്‍ വിഷമകരമായ ഒരു സാഹചര്യം നേരിടുമ്പോള്‍ നമ്മുടെ കൂട്ടായ മനുഷ്യാവകാശ ബോധത്തിന് ചേരുന്ന നിലപാടായിരിക്കില്ല അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. കാരണം ഇത്തരം നടപടികളിലൂടെ ഇന്ത്യ ഒരു ദുര്‍ബല രാഷ്ട്രമാണെ് നമ്മള്‍ സ്വയം പ്രഖ്യാപിക്കുന്നു.

നേപ്പാളി ഇരകളോടുള്ള ഇന്ത്യയുടെ സമീപനം അപമാനത്തിന്റെ ആക്കം കൂട്ടുന്നു. വേണ്ട പിന്തുണ നല്‍കാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അവരെ അനുവദിച്ചു. എന്നാല്‍ അവര്‍ തിരികെ നാട്ടിലെത്തിയപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരെ സ്വീകരിക്കാന്‍ തയ്യാറായില്ല.

വിയന്ന ഉടമ്പടിയുടെ ലംഘനം

സ്വതന്ത്ര രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ക്കുള്ള ചട്ടക്കൂട് നിര്‍വചിക്കുന്ന അന്താരാഷ്ട്ര കരാറാണ് 1961-ലെ നയതന്ത്രബന്ധങ്ങള്‍ക്കുള്ള വിയന്ന ഉടമ്പടി. ആതിഥേയ രാജ്യത്തിന്റെ ബലപ്രയോഗമോ പീഢനമോ ഇല്ലാതെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു നയതന്ത്ര ദൗത്യത്തിന് ലഭിക്കുന്ന വിശേഷാധികാരങ്ങളെ കുറിച്ച് അത് വ്യക്തമാക്കുന്നു. ഒരു നയതന്ത്ര പ്രതിരോധത്തിന്റെ അടിസ്ഥാനമായി അത് വര്‍ത്തിക്കുന്നു.

പക്ഷെ, ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കാനോ സ്ത്രീകളെ മാനഭംഗപ്പെടുത്താനോ ഉള്ള സ്വാതന്ത്ര്യം ഒരു നയതന്ത്ര ഉദ്യോഗസ്ഥന് നല്‍കാന്‍ ഈ നയതന്ത്ര പ്രതിരോധത്തിന് സാധിക്കില്ല. അതുകൊണ്ട് തന്നെ, അന്താരാഷ്ട്രതലത്തില്‍ ശക്തമായ നിലപാട് വ്യക്തമാക്കാനുള്ള ഒരവസരമായിരുന്നു ന്യൂഡല്‍ഹിക്ക് ഈ സംഭവം.

dk

ദേവയാനി ഖോബ്രഗഡെ സംഭവത്തില്‍ യുഎസ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ഇന്ത്യ കണ്ടതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടെന്നങ്കിലും, ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയ്‌ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് തയ്യാറായത്. അവരുടെ പരിചാരികയുടെ അവകാശങ്ങളെ ദേവയാനി അധിക്ഷേപിച്ചു എത് തന്നെയായിരുന്നു അവിടെയും പ്രശ്‌നം.

അസ്വീകാര്യനായ വ്യക്തിയാണ് അഷൂര്‍ എന്ന് ചൂണ്ടിക്കാട്ടി അയാളെ പുറത്താക്കാനെങ്കിലും ന്യൂഡല്‍ഹി തയ്യാറാവണമായിരുന്നു. ഗുര്‍ഗാവ് പോലീസിന്റെ കൈവശമുള്ള തെളിവുകള്‍ സൂക്ഷമമായി പരിശോധിക്കാനും അഷൂറിനെതിരെ സൗദിയില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും സൗദി അറേബ്യയെ നിര്‍ബന്ധിതരാക്കാന്‍ അതുവഴി ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അഷൂറിന്റെ പലായനത്തോടെ ഇത്തരം സാധ്യതകളെല്ലാം അടഞ്ഞുപോയിരിക്കുകയാണ്.

മനുഷ്യക്കടത്ത്

അവസാനമായി, വര്‍ദ്ധിച്ചുവരുന്ന മനുഷ്യക്കടത്ത് വ്യാപാരത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഈ വിവാദം കാരണമായിരിക്കുന്നു. ലൈംഗീക പീഢനത്തിനും അടിമത്തത്തിനുമായി ആയിരക്കണക്കിന് കുട്ടികളെയും സ്ത്രീകളെയുമാണ് ഉപഭൂഖണ്ഡത്തില്‍ നിന്നും കടത്തിക്കൊണ്ട് പോകുന്നത്. നേപ്പാളില്‍ നിന്ന് പലപ്പോഴും അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും, പിന്നീട് ദുബായിലേക്കും മറ്റ് നഗരങ്ങളിലേക്കും കടത്തിക്കൊണ്ട് പോവുകയും ചെയ്യുന്നു.

നേപ്പാളിലെ സാമ്പത്തികാവസ്ഥയെ വീണ്ടും ശോഷിപ്പിച്ചുകൊണ്ട് സമീപകാലത്ത് നടന്ന മാരകമായ ഭൂകമ്പത്തെ തുടര്‍ന്ന് ഹിമാലയന്‍ രാജ്യത്ത് നിന്നുള്ള മനുഷ്യക്കടത്ത് കുത്തനെ ഉയര്‍ന്നിരിക്കുന്നു.

ജാര്‍ഖണ്ഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങളെയും സ്ത്രീകളെയും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്കും വിദേശത്തേക്കും കടത്തിക്കൊണ്ട് പോകുന്നു.

പ്രാപ്തിയും കാര്യക്ഷമതയും ഇല്ലാത്ത ഇന്ത്യന്‍ പോലീസ് സേനകള്‍ ഇതിന് ഒരറുതി വരുത്തുതില്‍ പരാജയപ്പെടുന്നു. യൂറോപ്പിലേക്ക് ഒഴുകിയെത്തുന്ന അരമില്യണ്‍ അഭയാര്‍ത്ഥികളുടെ പലായനം കണ്ട് ലോകം ഞെട്ടിയിരിക്കെ, ദക്ഷിണേഷ്യന്‍ ദരിദ്രരുടെ പലായനത്തെ ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories