Top

സൌദി സ്ത്രീകള്‍ സ്വയം ഡ്രൈവ് ചെയ്യണം; പറഞ്ഞത് രാജകുമാരനെങ്കിലും അടുത്തൊന്നും നടപ്പായേക്കില്ല

സൌദി സ്ത്രീകള്‍ സ്വയം ഡ്രൈവ് ചെയ്യണം; പറഞ്ഞത് രാജകുമാരനെങ്കിലും അടുത്തൊന്നും നടപ്പായേക്കില്ല

സാമന്ത ഷ്മിറ്റ്
(വാഷിംഗ്ടന്‍ പോസ്റ്റ്)സ്വന്തം രാജ്യത്ത് കാലങ്ങളായി നിലനില്‍ക്കുന്ന ഒരു നിയമത്തിനെതിരെ കോടീശ്വരനായ ഒരു സൌദി രാജകുമാരന്‍ അസാധാരണമായ നിലപാടെടുത്തിരിക്കുന്നു: സ്ത്രീകളെ വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമത്തെയാണ് അദ്ദേഹം എതിര്‍ക്കുന്നത്.സൌദി രാജകുടുംബത്തിലെ അംഗമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് 'സൌദി വനിതകള്‍ കാറുകള്‍ ഓടിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' എന്ന അഭിപ്രായം തന്‍റെ വെബ്സൈറ്റില്‍ നാലു പേജ് വരുന്ന ലേഖനമാക്കി പ്രസിദ്ധപ്പെടുത്തിയത്. ഇത് ട്വിറ്ററുമായി ലിങ്ക് ചെയ്തിട്ടുമുണ്ട്.ഇക്കാര്യത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിരോധനം "സ്ത്രീകളുടെ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണ്" എന്നാണ് അദ്ദേഹം എഴുതുന്നത്."സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതു പോലെയോ അവര്‍ക്ക് സ്വതന്ത്ര വ്യക്തിത്വമുണ്ടാകുന്നതിനെ എതിര്‍ക്കുന്നതു പോലെയോ ഉള്ള അവകാശ ലംഘനമാണ് ഇന്ന് സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കാതിരിക്കുന്നത്," അല്‍ വലീദ് രാജകുമാരന്‍ അഭിപ്രായപ്പെടുന്നു. തുടര്‍ന്ന് ഈ നിരോധനം നീക്കേണ്ടതിന്‍റെ സാമൂഹ്യവും സാമ്പത്തികവും മതപരവും രാഷ്ട്രീയവുമായ കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.അല്‍ വലീദ് രാജകുമാരന്‍ സൌദി ഗവണ്‍മെന്‍റില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്‍റ് സ്ഥാപനമായ കിങ്ഡം ഹോള്‍ഡിങ് കമ്പനി പല പടിഞ്ഞാറന്‍ ബിസിനസ്സ് സംരംഭങ്ങളിലും പങ്കാളിയാണ്. 18.9 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇദ്ദേഹത്തെ ചിലര്‍ "അറേബ്യന്‍ വാറന്‍ ബഫറ്റ്" എന്നാണ് വിളിക്കുന്നത്.മന്ത്രിസഭയ്ക്ക് ഉപദേശങ്ങള്‍ നല്‍കുന്ന സൌദി അറേബ്യയുടെ ഷൂറി കൌണ്‍സില്‍ നിരോധനം നീക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും തയ്യാറാകാതെ ഈ ആശയം പുറന്തള്ളിയത് കഴിഞ്ഞ മാസമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കാനാകില്ല.ലോകത്ത് സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാത്ത ഏക രാജ്യമാണ് സൌദി അറേബ്യ. സൌദി വനിതകള്‍ക്ക് പാസ്സ്പോര്‍ട്ട് ലഭിക്കണമെങ്കിലോ പുറംരാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യണമെങ്കിലോ ഭര്‍ത്താവിന്‍റെയോ പുരുഷന്മാരായ ബന്ധുക്കളില്‍ ഒരാളുടെയോ സമ്മതം വേണം. വിവാഹിതയാവാനും കുടുംബത്തിലെ ഒരു പുരുഷന്‍റെ അനുവാദം ആവശ്യമാണ്. കൂടാതെ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കണം; അബായ പോലെയുള്ള അയഞ്ഞ വസ്ത്രങ്ങളേ ധരിക്കാവൂ. ഈ രാജ്യം സ്ത്രീകള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇത്തരം കടുത്ത നിയന്ത്രണങ്ങളെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശിക്കാറുണ്ട്.ഇതിനെല്ലാമിടയിലും കൂടുതല്‍ കൂടുതല്‍ സൌദി വനിതകള്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് 'വാഷിംഗ്ടന്‍ പോസ്റ്റ്' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. ചരിത്രപ്രധാനമായ പല സംഭവങ്ങളും കഴിഞ്ഞ വര്‍ഷം നടന്നു. കഴിഞ്ഞ ഡിസംബറിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി സ്ത്രീകള്‍ വോട്ടു ചെയ്തു. മതപോലീസിനെ സ്വന്തമായി അറസ്റ്റുകള്‍ നടത്തുന്നതില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ വിലക്കിയിട്ടുണ്ട്."തര്‍ക്കം നിര്‍ത്തൂ: സ്ത്രീകള്‍ വണ്ടിയോടിക്കേണ്ട കാലമായി" എന്ന സന്ദേശം അറബിയിലും ഇംഗ്ലീഷിലും എഴുതിയാണ് അല്‍വലീദ് തന്‍റെ ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഇതോടെ ചില ട്വീറ്റര്‍മാര്‍ "സ്ത്രീകള്‍ വണ്ടിയോടിക്കേണ്ട കാലമായി" എന്ന അറബി ഹാഷ്ടാഗ് ഉപയോഗിക്കാനും തുടങ്ങി.ഒരു ട്വിറ്റര്‍ യൂസര്‍ പറഞ്ഞത്, "സ്ത്രീകള്‍ വണ്ടിയോടിക്കുന്നതു തന്നെയാണ് നല്ലത്. അന്യരാജ്യക്കാരായ ഡ്രൈവറെ വിശ്വസിച്ച് യാത്ര ചെയ്യുന്നതിനേക്കാള്‍ സുരക്ഷിതമാണത്. എന്നു മാത്രമല്ല, ഡ്രൈവര്‍മാര്‍ക്കും വീസ കച്ചവടക്കാര്‍ക്കുമല്ല, സ്ത്രീകള്‍ക്കും അവരുടെ കുടുംബത്തിനുമാണ് അവര്‍ക്കു കിട്ടുന്ന ശമ്പളത്തിനു മേല്‍ കൂടുതല്‍ അവകാശം" എന്നാണ്.


അല്‍വലീദ് ബിന്‍ തലാല്‍

മുന്‍പൊക്കെ ജോലിയുള്ള പെണ്‍കുട്ടിയെ ഭാര്യയാക്കുന്ന ആണുങ്ങളെ സമൂഹം ഒറ്റപ്പെടുത്തുമായിരുന്നു; എന്നാലിന്ന് ഉദ്യോഗസ്ഥകളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ ആളുകള്‍ കൊതിക്കുകയാണെന്ന് അല്‍വലീദ് രാജകുമാരന്‍ എഴുതുന്നു.സൌദിയിലെ കണക്കുകളെടുത്ത് പത്തു ലക്ഷത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്നവരാണ് എന്ന് അദ്ദേഹം പറയുന്നു. ഇവര്‍ക്കൊക്കെ എന്നും ജോലിസ്ഥലത്തേയ്ക്ക് പോകാന്‍ സുരക്ഷിതമായ ഗതാഗത സംവിധാനം ആവശ്യമുണ്ട്. മിക്കവരുടെയും മുന്നിലുള്ള മാര്‍ഗ്ഗം വിദേശിയായ ഒരു ഡ്രൈവറെ വയ്ക്കുന്നതാണ്. പക്ഷേ വരുമാനത്തിലെ ഒരു ഭാഗം ഇതിനായി ചെലവഴിക്കേണ്ടി വരുന്നു. മാത്രവുമല്ല, "സൌദി സമ്പദ്വ്യവസ്ഥയില്‍ നിന്ന് വര്‍ഷംതോറും കോടിക്കണക്കിനു റിയാല്‍ പുറമ്രാജ്യങ്ങളിലേയ്ക്ക് വേതനമെന്ന നിലയില്‍ പോകാനും ഇതു കാരണമാകുന്നു."സൌദിയുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ എണ്ണയുടെ വിലയില്‍ കുത്തനെ ഇടിവുണ്ടായതോടെ ചില ആനുകൂല്യങ്ങള്‍ ഗവണ്‍മെന്‍റിന് വെട്ടി കുറയ്ക്കേണ്ടി വന്നിട്ടുണ്ട്; പ്രധാനമായും ഇത് ബാധിച്ചത് ഇടത്തരക്കാരെയാണ്."സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കണമെന്ന് വാദിച്ചവര്‍ക്കെല്ലാം സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്നു നിശബ്ദരാകേണ്ടി വന്നിട്ടുണ്ട്. അതൊരാവശ്യമായിട്ടല്ല, മറിച്ച് ആഡംബരമായാണ് കണക്കാക്കപ്പെട്ടത്," അല്‍വലീദ് അഭിപ്രായപ്പെട്ടു. രാജ്യത്തു നിലനില്‍ക്കുന്ന ചില 'ഫത്വകള്‍' സ്ത്രീകളുടെ 'സുരക്ഷിതത്വവും സദാചാരവും' സംരക്ഷിക്കാനായി അവരെ ഡ്രൈവിങ്ങില്‍ നിന്നു വിലക്കണമെന്നാണ്പറയുന്നതെന്ന് അദ്ദേഹം എഴുതുന്നു. എന്നാല്‍ വാഹനമോടിക്കുന്ന പ്രക്രിയയെ അല്ല ഫത്വകള്‍ ബാധിക്കുന്നതെന്നും അതില്‍ നിന്നുണ്ടായേക്കാവുന്ന പ്രശ്നങ്ങളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി."ഇന്ന് സാഹചര്യങ്ങള്‍ മാറി. സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കുക എന്നത് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തത്തില്‍ അടിയന്തിരമായ ഒരു സാമൂഹിക ആവശ്യമാണ്."എന്നാല്‍, അധികം താമസിയാതെ "നിരോധനം നീക്കാന്‍ സൌദി അറേബ്യ തയ്യാറെടുത്തിട്ടില്ല" എന്ന് അദ്ദേഹം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിക്കുന്നത് "മതപരമായ വിഷയമെന്നതിനെക്കാള്‍ സാമൂഹികമാണ്. സമൂഹം ഈ ആശയത്തെ സ്വീകരിക്കുന്നോ ഇല്ലയോ എന്നതാണു വിഷയം," അദ്ദേഹം പറഞ്ഞു.


Next Story

Related Stories