TopTop
Begin typing your search above and press return to search.

ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നൊരു ഹര്‍ത്താല്‍ ഉണ്ടാവട്ടെ, അതുവരെ ഹര്‍ത്താല്‍ വിരുദ്ധരെ പിന്തുണയ്ക്കാം

ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നൊരു ഹര്‍ത്താല്‍ ഉണ്ടാവട്ടെ, അതുവരെ ഹര്‍ത്താല്‍ വിരുദ്ധരെ പിന്തുണയ്ക്കാം

ഷെറിന്‍ വര്‍ഗീസ്

സിപിഎം നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎമ്മുകാരനായ ഒരു യുവ എംഎല്‍എ ഹര്‍ത്താല്‍ വിരുദ്ധരാല്‍ തടയപ്പെട്ടതായിരുന്നു ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലെ പ്രധാനപ്പെട്ട വാര്‍ത്ത. അദ്ദേഹം എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും, അത് യാത്രാമധ്യേ അറിഞ്ഞ മരണവിവരമാണെങ്കിലും, അല്ലെങ്കില്‍ ബൈക്കുമായി വരാനുള്ള തന്റെ നിര്‍ദേശത്തെ അനുയായി കാറുമായി വന്ന് തെറ്റിച്ചതാണെന്നാണെങ്കിലും അതിന് നീതീകരണമില്ല. കാരണം അന്നേ ദിവസം കേരളത്തിലെ ആയിരക്കണക്കിനാളുകള്‍ക്ക് അവരുടെ ബന്ധുക്കളുടെ മരണത്തിനു പോകാന്‍ വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയുടെ നേതാവാണ് ഇദ്ദേഹം.

എല്‍ഡിഎഫിന്റെ സമുന്നത നേതാവ് പന്ന്യന്‍ രവീന്ദ്രനും ആ ഹര്‍ത്താലിനോട് 'അനീതി' കാട്ടിയ നേതാവാണ്. ഗസ്റ്റ് ഹൗസില്‍ നിന്ന് കാല്‍നടയായാണ് താന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതെന്ന് പറഞ്ഞതുകൊണ്ട് വിദ്യാലയങ്ങളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ച് മനുഷ്യരെ ബന്ദിയാക്കിയതിന് സമാധാനമാകുമോ?

അങ്ങനെയെങ്കില്‍ ഒരു കാര്യം വ്യക്തമാണ്, ഹര്‍ത്താല്‍ ദിനത്തില്‍ വീട്ടിലടയ്ക്കപ്പെടുന്ന ജനങ്ങള്‍ക്കു മാത്രമല്ല, ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കുപോലും ഉയര്‍ത്തുന്ന വിഷയങ്ങളോട് നീതിപുലര്‍ത്താനാവുന്നില്ല.

ജനങ്ങളെ രാഷ്ട്രീയവത്കരിക്കുക എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. ഡോ. മീന കുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് തീരപ്രദേശങ്ങളെയും മത്സ്യബന്ധന മേഖലയെയും എങ്ങനെ ബാധിക്കുമെന്ന് യുക്തിസഹജമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉയരുന്ന ജനാഭിപ്രായങ്ങളെയും പ്രതിഷേധങ്ങളെയും ക്രോഢീകരിക്കുകയും ചെയ്യേണ്ടവര്‍ അത്തരം ഉത്തരവാദിത്വങ്ങളൊന്നുമെടുക്കാതെ ഹര്‍ത്താല്‍ നടത്തുകയാണ്. ഒരു പത്രക്കുറിപ്പിന്റെ മാത്രം ചെലവില്‍ നടത്താവുന്ന ഏറ്റവും വലിയ സമരം.

സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ നാടാണ് കേരളം. അമര്‍നാഥ് ക്ഷേത്രത്തിന്റെ സ്ഥലം ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ തിരിച്ചെടുത്തതിന്റെ പേരിലും നമ്മള്‍ ഹര്‍ത്താല്‍ നടത്തി. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവില്‍ പ്രതിഷേധിക്കാനും സ്ഥിരമായി നമ്മള്‍ ഹര്‍ത്താലുകള്‍ നടത്തിപ്പോരുന്നു.

ലോകത്തെ സമസ്ത വിഷയങ്ങളിലും പ്രതിഷേധിക്കാനും പ്രതികരിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ നമ്മളത് ചെയ്യുക തന്നെവേണം. പക്ഷെ, ആ പ്രതികരണത്തിനും പ്രതിഷേധത്തിനും സ്വാഭാവികതയും ജൈവികതയും വേണം.

വല്ലാതെ പ്രാദേശികവത്കരിക്കപ്പെടുകയും, ജാതിവത്കരിക്കപ്പെടുകയും അവനവന്‍വത്കരിക്കപ്പെടുകയും ചെയ്യുന്ന സമൂഹമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് നമ്മള്‍.

വിളപ്പില്‍ശാലയിലെ മാലിന്യ പ്രശ്‌നം ആലപ്പുഴക്കാരന്റെ, എന്തിന് കൊല്ലത്തുകാരന്റെപോലും പ്രശ്‌നമാകുന്നില്ല. മൂലമ്പള്ളിയില്‍ വീടുകള്‍ ഇടിച്ചു നിരത്തിയപ്പോള്‍, എറണാകുളത്ത് അതറിയാതെപോയവരാണ് നല്ലൊരു പങ്ക് നഗരവാസികള്‍. കിനാലൂരിലെ പൊലീസ് വേട്ട കോഴിക്കോടുകാരന്റെ പോലും പൊതുവിഷയമാകുന്നില്ല. പത്രത്തിലെ ചരമക്കോളത്തില്‍ ഇടംപിടിക്കുന്നവന്റെയും ജാതിനോക്കുന്ന അവസ്ഥയിലേക്കുവരെ നമ്മള്‍ വല്ലാതങ്ങ് ചുരുങ്ങിപ്പോയി. അങ്ങനെയുള്ള സമൂഹത്തിലേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ ചിക്കനും മദ്യവുംവെച്ച് അവനതാഘോഷിക്കുകയും രാഷ്ട്രീയപ്പാര്‍ട്ടിയെ നോക്കി കൊഞ്ഞനംകുത്തുകയും ചെയ്യും. ഇപ്പോള്‍ ചെയ്യുന്നതുപോലെ.

2004 ല്‍ ബന്ദ് നിരോധിച്ച കോടതിയുടെ അവസ്ഥയും സഹതാപാര്‍ഹമാണ്. ജോര്‍ജ് കുര്യന്‍ vs സ്‌റ്റേറ്റ് ഓഫ് കേരള കേസില്‍ ബന്ദ് നിരോധിച്ച് ഉത്തരവിറക്കിയ ജസ്റ്റീസ് ജെ ബി കോശിക്കും ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തിറങ്ങാനാവുന്നില്ല.പാലും പത്രവും ആശുപത്രിയുമാണ് ഹര്‍ത്താല്‍ ദിനത്തില്‍ ഒഴിവാക്കപ്പെടുന്ന സംഗതികള്‍. ആശുപത്രിയെന്നുവച്ചാല്‍ ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങള്‍ എന്നര്‍ത്ഥം. അടുത്ത ഹര്‍ത്താല്‍ ദിനത്തിലെങ്കിലും തിരുവനന്തപുരത്തേയും എറണാകുളത്തെയും കോഴിക്കോട്ടെയും റയില്‍വേ സ്‌റ്റേഷനുകളിലേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ ഒന്നു വരണം. റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും, ജനറല്‍ ഹോസ്പിറ്റലുകളില്‍ നിന്നും കീമോ തെറാപ്പിയും, ഡയാലിസിസുമൊക്കെ കഴിഞ്ഞ് വൈകുന്നേരം ആറു മണിയാകുന്നതിനുവേണ്ടി കാത്തിരിക്കുന്നവരെ നേരിലൊന്നു കാണണം. ടാക്‌സി വിളിച്ചു പോകാന്‍ പോയിട്ടു ബസുകൂലി പോലും തികച്ചില്ലാതെ നിസ്സംഗരായിരിക്കുന്നവരെ.

അവിടെയാണ്, മുന്‍പിന്‍ നോക്കാതെ തങ്ങളുടെ വാഹനങ്ങളുമായി റയില്‍വേ സ്‌റ്റേഷനുകളിലേക്കും പൊതുനിരത്തിലേക്കും സന്നദ്ധപ്രവര്‍ത്തകരായി ഇറങ്ങുന്ന 'സേ നോ ടു ഹര്‍ത്താല്‍' പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യ്തുപോകുന്നത്. പല ഹര്‍ത്താലുകളിലും അവരും അവരുടെ വാഹനങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്. പക്ഷെ അഭ്യസ്തവിദ്യരും, ഉയര്‍ന്ന തൊഴില്‍ സാഹചര്യങ്ങളുമുള്ള അവര്‍ ചെറുപ്പത്തിന്റെ 'തീ' ഉള്ളില്‍ സൂക്ഷിച്ചുകൊണ്ട് ഒരു പ്രശ്‌നത്തിന്റെ നടുവിലേക്കിറങ്ങുന്നു.

ഹര്‍ത്താലനുകൂല പാര്‍ട്ടിയുടെ നേതാക്കളെ ചോദ്യം ചെയ്യുന്നു. ജനങ്ങള്‍ക്കു വേണ്ടി പോരാടിയ പാര്‍ട്ടികള്‍ പ്രതിസ്ഥാനത്താവുന്നു.

പ്രതിഷേധത്തിന് അതിരുകള്‍ നിശ്ചയിക്കണമെന്നല്ല സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പ്രതിഷേധങ്ങളുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നവരുടെ ഒപ്പം കൂടി പാര്‍ട്ടികളുണ്ടാവണം. അതിനു സാധിക്കുന്നില്ലെങ്കില്‍ ഒന്നുകൂടി നമ്മള്‍ ചിന്തിക്കണം.ജനങ്ങളെ ബന്ദിയാക്കുന്ന ഈ സമരരൂപം ഇനി വേണോയെന്ന്.

ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയില്‍ പൊതുവിഷയത്തില്‍ ഒരു നാടാകെ സ്വയം പ്രേരിതമായി ഹര്‍ത്താല്‍ നടത്തുന്നതാണെന്റെ സ്വപ്നം. അതിന് പ്രാപ്തമാക്കാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നതുവരെ നമുക്കീ ഹര്‍ത്താല്‍ വിരുദ്ധരെ പിന്തുണയ്ക്കാം.

(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q


Next Story

Related Stories