UPDATES

വിപണി/സാമ്പത്തികം

മൂന്നു വര്‍ഷം കൊണ്ട് എസ്ബിഐ എഴുതിത്തള്ളിയത് 40,000 കോടി രൂപ, വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നും വാദം

എസ്ബിഐ എഴുതിത്തള്ളിയ കിട്ടാക്കടത്തെക്കുറിച്ച് രാജു വാഴക്കാല തനിക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം വിശദീകരിക്കുന്നു

എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) മൂന്നു വര്‍ഷംകൊണ്ട് എഴുതിത്തള്ളിയത് 40,000 കോടി രൂപയുടെ കിട്ടാക്കടമെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം അന്വേഷിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി രേഖകളിലാണ് 2013 മുതല്‍ 2o16 വരെയുള്ള കാലഘട്ടത്തില്‍ എസ്ബിഐ എഴുതിത്തള്ളിയത് 39,475.35 കോടിയുടെ കിട്ടാക്കടമാണെന്ന് കാണിക്കുന്നത്. തനിക്ക് ലഭിച്ച വിവരവകാശ രേഖകള്‍ പ്രകാരം എസ്ബിഐ എഴുതിത്തള്ളിയ കിട്ടാക്കടത്തെക്കുറിച്ച് അദ്ദേഹം അഴിമുഖത്തിലൂടെ വിശദീകരിക്കുന്നു

‘കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എഴുതിത്തള്ളിയത് 39,475.35 കോടിയുടെ കിട്ടാക്കടമാണ്. 2013-14 കാലയളവില്‍ 10,378.06 കോടിയും 2014-15ല്‍ 15,509.16 കോടിയും 2015-16ല്‍ 13,588.15 കോടിയുമാണ് എസ്ബിഐ എഴുതിത്തള്ളിയത്. 2016 ഒക്ടോബര്‍ 30 വരെ എസ്ബിഐക്കുള്ള ആകെ കിട്ടാക്കടം 10,1506.79 കോടി രൂപയാണ്. എഴുത്തള്ളിയ തുകകള്‍ തിരിച്ചുപിടിക്കുമെന്നാണ് ബാങ്ക് പറയുന്നത്. എഴുതിത്തള്ളല്‍ എന്നത് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള സാങ്കേതികമായ നടപടി മാത്രമാണെന്നും പണം തരാനുള്ളവര്‍ക്കെതിരെ കേസ്‌ കൊടുത്ത് കിട്ടാക്കടം തിരികെ വാങ്ങുമെന്നുമാണ് ബാങ്കിന്റെ വാദം.

എന്നാല്‍ നാളിതുവരെ എഴുതിത്തള്ളിയ കിട്ടാക്കടം എസ്ബിഐ തിരിച്ച് പിടിച്ച ചരിത്രമില്ല. കിട്ടാക്കടം അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട്‌സ് (എയുസിഎ) എന്ന സംവിധാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബാങ്ക് എഴുതിത്തള്ളിയ കിട്ടാക്കടം ഉപേക്ഷിച്ചുവെന്ന് അര്‍ഥമില്ലെന്നും മറ്റ് കടങ്ങള്‍പോലെ ഇതും തിരികെപ്പിടിക്കുമെന്നുമാണ് ബാങ്കിന്റെ വിശദീകരണം. എയുസിഎ അക്കൗണ്ടിലേക്ക് തുക മാറ്റുകയെന്നത് തന്നെ കടം പൂര്‍ണമായും എഴുതിത്തള്ളുന്നതുപോലെ തന്നെയാണ്. എയുസിഎ അക്കൗണ്ടിലേക്ക് മാറ്റുന്ന തുക ബാങ്കിന്റെ ലാഭമായിട്ടാണ് പരിഗണിക്കുക. ഇതുവരെ എയുസിഎ അക്കൗണ്ടിലേക്കു മാറ്റിയ കോടിക്കണക്കിനുള്ള കിട്ടാക്കടം എസ്ബിഐ തിരിച്ച് പിടിച്ചിട്ടില്ല.

തുടര്‍ന്ന് നൂറ് കോടിയിലധികം രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ ആനുകൂല്യം ലഭിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍, കടം എഴുതിത്തള്ളാനുണ്ടായ കാരണം തുടങ്ങിയവയെക്കുറിച്ച് വിവരവകാശ നിയമപ്രകാരം എസ്ബിഐയോട് ചോദ്യച്ചിരുന്നുവെങ്കിലും ബാങ്ക് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. നൂറ് കോടിയിലധികം രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ബാങ്കിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാല്‍ അത് നല്‍കുവാന്‍ സാധിക്കില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇതു കാരണം മുമ്പ് (2013-ല്‍)വിവരങ്ങള്‍ ലഭിക്കുവാന്‍ സെന്‍ട്രല്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസില്‍ അപ്പീല്‍ നല്‍കി. അതിന് വിഡീയോ കോണ്‍ഫറസ് വഴി വാദം നടത്തി അനുകൂലമായി വിധി ലഭിച്ചിരുന്നു. വിവരവകാശ നിയമപ്രകാരം ആവിശ്യപ്പെട്ട വിവരങ്ങള്‍ ബാങ്ക് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വിവരങ്ങള്‍ നല്‍കാതെ ഈ വിധിക്കെതിരെ ബാങ്ക് ഡല്‍ഹി ഹൈക്കോടതിയില്‍ കേസിന് പോയി. പലപ്പോഴും ഡല്‍ഹി വരെ പോയി കേസിന് ഹാജരാകാന്‍ കഴിയാത്തതുകൊണ്ട് അത് നീണ്ടു പോവുകയാണ്. ഈ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് നടക്കുകയാണെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. എഴുതിത്തള്ളിയ കിട്ടാക്കടം ഇവിടുത്തെ കോടീശ്വരന്‍മാരുടെ മാത്രമാണ്. ഒരു പാവപ്പെട്ടവന് പോലും അവന്റെ ചെറിയ കടം കിട്ടാക്കടമായി തള്ളിയിട്ടില്ല. ബാങ്കിന്റെ പല മേലധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തിയാണ് ഈ കോടീശ്വരമാര്‍ തങ്ങളുടെ കടങ്ങള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയിരിക്കുന്നത്. നൂറ് കോടിയിലധികം രൂപയുടെ കിട്ടാക്കടം ആനുകൂല്യം ലഭിച്ച വ്യക്തികള്‍, സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ നല്‍കുവാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവത്തതിന് ഒരു കാരണം ഈ കോടീശ്വരന്‍മാരോടുള്ള അടുത്ത ബന്ധം കാരണമാണ്. ഇവരുടെ പേരു വെളിപ്പെടുത്തിയാല്‍ ഈ കോടീശ്വരന്‍മാരുടെ വിശ്വാസിയതയെയാണ് ബാധിക്കുന്നത്. അല്ലാതെ ബാങ്കിന്റെ അല്ല. കൂടാതെ മറ്റ് ബാങ്കുകളില്‍ നിന്ന് ഇവര്‍ക്ക് കടം ലഭിക്കാതെയാകും.

ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ട് നില്‍ക്കുന്നത് അവര്‍ക്ക് തക്ക പ്രതിഫലം കിട്ടുന്നതുകൊണ്ടാവാം. ഇവിടെ ഒരു പാവപ്പെട്ടവനും അര്‍ഹിക്കുന്ന ആനുകൂല്യം ഈ ബാങ്കുകളുടെ ഭാഗത്ത് നിന്ന് കിട്ടുന്നില്ല. അവര്‍ പണമുള്ളവര്‍ക്കുമാത്രമാണ് പരിഗണന നല്‍കുന്നത്. സാധാരണകാരന്റെ കടങ്ങള്‍ തിരികെ പിടിക്കാന്‍ വേണ്ടി ഏതു കോടതി കയറാനും എത്ര തുക മുടക്കാനും ബാങ്കുകള്‍ തയ്യാറാണ്. ഇതേ ആവേശം എന്തുകൊണ്ടാണ് അവര്‍ കോടികള്‍ കടം എടുത്തിട്ട് തിരിച്ചു നല്‍കാത്ത ആളുകളോടും കാണിക്കാത്തത്. എസ്ബിഐ മാത്രമല്ല രാജ്യത്തെ പല ബാങ്കുകളും ഇതേ നയം തന്നെയാണ് കാണിക്കുന്നത്.

ഉദാഹരണത്തിന് യൂണിയന്‍ ബാങ്കിന് 29,862 കോടിയുടെ കിട്ടാക്കടമുണ്ട്. അതില്‍ 2014 എപ്രില്‍ ഒന്നു മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള 1773 കോടിയോളം കിട്ടാക്കടം എഴുതിത്തള്ളി. 2014-15ല്‍ 931 കോടി, 2015-16 792 കോടി 2016-2017 (സെപ്റ്റംബര്‍) 150 കോടി, ആണ് എഴുതിത്തള്ളിയിരിക്കുന്നത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണ് ഇത് കാണിച്ചിരിക്കുന്നത്. യൂണിയന്‍ ബാങ്കും ഇത്രയും വിവരങ്ങള്‍ ഒക്കെ തരും. പക്ഷെ അവരോട് നൂറ് കോടിയിലധികം രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ ആനുകൂല്യം ലഭിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍, കടം എഴുതിത്തള്ളാനുണ്ടായ കാരണം തുടങ്ങിയവയെക്കുറിച്ച് വിവരവകാശ നിയമപ്രകാരം ചോദിച്ചാല്‍ വിവരം നല്‍കാന്‍ സാധിക്കില്ലെന്നാണ് പറയുന്നത്.

ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ എന്തു വിശ്വാസ്യതയാണ് ഇവരുടെ നഷ്ടപ്പെടുന്നത്. നഷ്ടപ്പെടുന്നത് കോടീശ്വരന്‍മാരായ ഇടപാടുകാരെ ആയിരിക്കും. സാധാരണ ജനങ്ങള്‍ക്ക് ഒരു നീതി കൂടുതല്‍ പണമുള്ളവര്‍ക്ക് മറ്റൊരു നീതി.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍