ട്രെന്‍ഡിങ്ങ്

അയോധ്യ ബാബ്‌റി കേസ് വീണ്ടും നീളും, മധ്യസ്ഥതയ്ക്ക് സുപ്രീം കോടതി ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി

ഭരണഘടന ബഞ്ചിന്റെതാണ് തീരുമാനം

അയോധ്യ ബാബ്‌റി ഭൂമി തര്‍ക്കകേസില്‍ മധ്യസ്ഥതയ്ക്കുള്ള സമയം സുപ്രീം കോടതി നീട്ടി നല്‍കി. ഓഗസ്റ്റ് 15 വരെയാണ് കോടതി സമയം നല്‍കിയത്. മധ്യസ്ഥതയ്ക്കായി നിയമിക്കപ്പെട്ട സമിതിയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. രണ്ട് മാസം മുമ്പാണ് പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ സുപ്രീം കോടതി സമിതിയെ നിയമിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ച് ആണ് കേസ് പരിഗണിച്ച കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് റിട്ട.ജസ്റ്റിസ് ഫാകിര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ മധ്യസ്ഥ കമ്മിറ്റിയെ സുപ്രീം കോടതി മധ്യസ്ഥ ശ്രമം നടത്താന്‍ നിയോഗിച്ചത്. മെയ് ആറിനാണ് മധ്യസ്ഥ സമിതി മുദ്ര വച്ച കവറില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജസ്റ്റിസ് കലീഫുള്ളയ്ക്ക് പുറമെ ആര്‍ട് ഓഫ് ലീവിങ് തലവന്‍ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. എട്ടാഴ്ചത്തെ സമയമാണ് കമ്മിറ്റിക്ക് സുപ്രീം കോടതി നല്‍കിയിരുന്നത്. ഹിന്ദു സംഘടനകളായ നിര്‍മോഹി അഘാര അടക്കമുള്ളവയും ഉത്തര്‍പ്രദേശ് സര്‍ക്കാരും മധ്യസ്ഥതയെ എതിര്‍ത്തെങ്കിലും മുസ്ലീം സംഘടനകള്‍ അനുകൂലിച്ചു.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാം ലല്ലയ്ക്കും നിര്‍മോഹി അഘാരയ്ക്കും തുല്യമായി വിഭജിക്കാനാണ് 2010 സെപ്റ്റംബര്‍ 30ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഈ വിധി ചോദ്യം ചെയ്താണ് ഹിന്ദു, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. തര്‍ക്കഭൂമി ഒഴിച്ചുള്ള അയോധ്യയിലെ ബാക്കി ഭൂമി രാമജന്മഭൂമി ന്യാസിന് നല്‍കണം എന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Also Read-  കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍