Top

എസ് സി /എസ് ടി പെട്രോള്‍ പമ്പുടമകള്‍ ആത്മഹത്യയുടെ വക്കില്‍; ബിനാമികള്‍ പിടിമുറുക്കുന്നു

എസ് സി /എസ് ടി പെട്രോള്‍ പമ്പുടമകള്‍ ആത്മഹത്യയുടെ വക്കില്‍; ബിനാമികള്‍ പിടിമുറുക്കുന്നു
കൃഷ്ണ ഗോവിന്ദ്‌ 

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗകാര്‍ക്ക് അനുവദിച്ച പെട്രോള്‍പമ്പ് ഔട്ട്‌ലെറ്റുകളില്‍ പലതും സാമ്പത്തിക പ്രതിസന്ധികള്‍ കാരണം അടച്ചുപൂട്ടലിന്റെ വക്കില്‍. കേരളത്തില്‍ 2500 ഒൗട്ട്‌ലൈറ്റുകളാണുള്ളത്. ഇതില്‍ 240 ഔട്ട്‌ലെറ്റുകളാണ് പട്ടികജാതി/വര്‍ഗകാര്‍ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ 90 ശതമാനം പമ്പുകളും മറ്റുള്ളവര്‍ ഏറ്റെടുത്തു നടത്തുന്നു എന്നാണ് അന്വേഷണത്തില്‍ മനസിലായത്; അതായത് ലൈസന്‍സ് ഇവരുടെ പേരിലും നടത്തിപ്പുകാര്‍ മറ്റുള്ളവരും.   ബാക്കിയുള്ള 10 ശതമാനം പമ്പുകള്‍ കൈക്കാര്യം ചെയ്യുന്ന പട്ടികജാതി/വര്‍ഗകാരില്‍ പലരും പമ്പ് നടത്തി സാമ്പത്തിക ബുദ്ധിമുട്ടു കാരണം അത്മഹത്യയുടെ വക്കിലാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയവയുടെ ഔട്ട്‌ലൈറ്റുകളാണ് കേരളത്തില്‍ കൂടുതലായിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍, പട്ടികജാതി/വര്‍ഗകാര്‍ നടത്തുന്ന പമ്പുകള്‍ക്ക് കോര്‍പ്പസ് ഫണ്ടുകള്‍ അനുവദിച്ചിട്ടും പല പമ്പുകളും ബുദ്ധിമുട്ടിലാണ്. വേണ്ടത്ര വില്‍പ്പന നടക്കാത്തതിനാല്‍ പമ്പുടമകള്‍ക്ക് തവണ തുക തിരിച്ചിടയ്ക്കാനുള്ളതു പോലും ലഭ്യമാകാത്തതാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്.

വര്‍ക്കിംഗ് ക്യാപിറ്റല്‍ കിട്ടാത്തതും പമ്പ് നടത്തിപ്പിലെ പരിചയക്കുറവുമാണ് പട്ടികജാതി/വര്‍ഗകാര്‍ക്ക് അനുവദിച്ച പമ്പുകള്‍ അടച്ചുപൂട്ടലിന് കാരണമെന്ന് പാലക്കാട് പമ്പ് നടത്തുന്ന ബാലസുബ്രഹ്മണ്യം പറയുന്നത്. പട്ടികജാതി/വര്‍ഗകാരുടെ പമ്പുകള്‍ക്ക് 1992- മുതല്‍ സര്‍ക്കാര്‍ കോര്‍പ്പസ് ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം ഏതു ഇന്ധന കമ്പനിയുടെ ഡീലര്‍ഷിപ്പാണോ എടുക്കുന്നത് അവര്‍ 18000 ലിറ്റര്‍ ഡീസലും, 18000 ലിറ്റര്‍ പെട്രോളും 4000 ലിറ്റര്‍ ഓയിലും തുടക്കത്തില്‍ ഇവര്‍ക്ക് നല്‍കണം. പമ്പ് തുടങ്ങി ഒരു കൊല്ലത്തിന് ശേഷം ഇത് 100 ഗഡുകളായി തിരിച്ചടച്ചാല്‍ മതിയാകും. പക്ഷെ ഈ ആനുകൂല്യം ഇന്ധന കമ്പനികള്‍ നല്‍കുന്നില്ല. മാത്രമല്ല ഒരു ബാങ്കും ഈടില്ലാതെ വായ്പകള്‍ തരാത്തതിനാല്‍ ദുരിതത്തിലാവുന്നത് പമ്പ് ലൈസന്‍സ് എടുത്ത പട്ടികജാതി/വര്‍ഗകാരായ ആളുകളാണ്. കൂടാതെ മാനദണ്ഡം പാലിക്കാതെ പട്ടികജാതി/വര്‍ഗകാര്‍ നടത്തുന്ന പമ്പുകള്‍ക്ക് സമീപം എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള പുതിയ പമ്പുകള്‍ വരുന്നതും ഇവര്‍ക്ക് തിരിച്ചടിയാണ്. പുതിയ പമ്പുകള്‍ സ്ഥിരം ഉപഭോക്താകളെ കിട്ടുവാന്‍ കടം നല്‍കാനും തയ്യാറാണ്. ബസുകള്‍, ലോറികള്‍ തുടങ്ങിയ വലിയ വാഹന ഉടമകള്‍ ഇന്ധനം വാങ്ങുമ്പോള്‍ മാസാവസാനം ഒന്നിച്ച് തുക അടയ്ക്കുകയാണ് പതിവ്. അതിനാല്‍ ആവശ്യത്തിന് പണം കൈയിലുള്ള, എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള പുതിയ പമ്പുകള്‍ തൊട്ടടുത്ത് വരുമ്പോള്‍ കഷ്ടത്തിലാവുന്നത് തങ്ങളെപ്പോലെയുള്ളവരാണെന്നും അതുകൊണ്ട് പട്ടികജാതി/വര്‍ഗകാര്‍ക്ക് അനുവദിക്കുന്ന പമ്പുകള്‍ക്ക് സമീപം മറ്റ് ഔട്ട്‌ലെറ്റുകള്‍ മാനദണ്ഡം തെറ്റിച്ച് നല്‍കരുതെന്നും ബാലസുബ്രഹ്മണ്യം പറയുന്നു.

വളരെ കഷ്ടപ്പെട്ട് പമ്പുകള്‍ തുടങ്ങുന്ന ഇവരില്‍ പലര്‍ക്കും ഡീസലിന്റെയും പെട്രോളിന്റെയും വില യഥാസമയം അടയ്ക്കാന്‍ പറ്റാതെ വരുമ്പോള്‍ ഇന്ധന കമ്പനികള്‍ സ്ഥാപനം നടത്തുവാന്‍ പണമുളളവര്‍ക്ക് വിട്ടുകൊടുക്കുവാന്‍ നിര്‍ബന്ധിക്കുകയാണ്. ഇന്ധനം സ്ഥിരമായി എടുത്തില്ലെങ്കില്‍ പമ്പിന്റെ ലൈസന്‍സ് നഷ്ടപെടും. ഇതു കാരണം കടം മേടിച്ചും ഇന്ധനം നിറയ്ക്കുന്ന പട്ടികജാതി/വര്‍ഗകാരായ പമ്പുടമകളെ മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ പമ്പുടമകള്‍ക്ക് പണം കടമായി നല്‍കി അവസാനം പമ്പ് കൈവശപ്പെടുത്തുന്ന അവസ്ഥയുമുണ്ട്. ചില പട്ടികജാതി/വര്‍ഗകാരായ പമ്പുടമകള്‍ കാശുള്ളവരുടെ ബിനാമിയുമാകുന്നുണ്ട്. പട്ടികജാതി/വര്‍ഗകാരുടെ പേരില്‍ ലൈസന്‍സ് എടുത്ത് പണം ഇറക്കുന്ന മുതലാളിമാര്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പട്ടികജാതി/വര്‍ഗകാര്‍ക്ക് അനുവദിച്ചിട്ടുള്ള 240 ഔട്ട്‌ലെറ്റുകളില്‍ ഇരുനൂറോളം പമ്പുകളും നടത്തുന്നത് ബിനാമികളാണെന്നാണ് ആരോപണം. ഇവരെ കണ്ടുപിടിച്ച് നടപടി എടുക്കുകയും മുമ്പ് കോര്‍പസ് ഫണ്ട് നല്‍കി തിരിച്ചടച്ചവര്‍ക്ക് കേന്ദ്രം വീണ്ടും ഫണ്ട് നല്‍കുകയുമാണ് പോംവഴിയെന്ന്‍ ബന്ധപ്പെട്ടവര്‍ പറയുന്നു.
(അഴിമുഖം സ്റ്റാഫ്‌ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)

Next Story

Related Stories