TopTop
Begin typing your search above and press return to search.

സി കെ ജാനുവിനെ പ്രതിരോധിക്കാന്‍ ഒ ആര്‍ കേളുവിനെ സി പി ഐ എം മന്ത്രിയാക്കുമോ?

സി കെ ജാനുവിനെ പ്രതിരോധിക്കാന്‍ ഒ ആര്‍ കേളുവിനെ സി പി ഐ എം മന്ത്രിയാക്കുമോ?

അഴിമുഖം പ്രതിനിധി

2011-ല്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്ന ഒരു ചോദ്യത്തിന് ഉത്തരമായാണ് പികെ ജയലക്ഷ്മിയെന്ന നവാഗതയ്ക്ക് സംസ്ഥാന മന്ത്രി സഭയിലേക്ക് പ്രവേശനം ലഭിച്ചത്. മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യവും പട്ടികവര്‍ഗ്ഗ സാന്നിദ്ധ്യവും ഉറപ്പാക്കാന്‍ ജയലക്ഷ്മിയുടെ സ്ഥാനലബ്ദി ഉപകരിച്ചു. യുഡിഎഫ് എംഎല്‍എമാരില്‍ ഏക വനിതായിയിരുന്നു അവര്‍. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് വിഭജിച്ചാണ് ഇവര്‍ക്ക് പോര്‍ട്ട് ഫോളിയോ കണ്ടെത്തിയത്. പട്ടിക വര്‍ഗ്ഗ ക്ഷേമമെന്ന പ്രധാന വകുപ്പിനൊപ്പം യുവജനക്ഷേമവും മൃഗശാല നടത്തിപ്പുമെല്ലാം ചേര്‍ത്തൊരു ഉത്തരവാദിത്വം. പുതിയൊരു കീഴ് വഴക്കമായിരുന്നു അത്. ഇത്തവണ അങ്ങനെയൊരു ദുര്‍ഘടാവസ്ഥ എല്‍ഡിഎഫിനില്ല. എട്ട് ഇടത് വനിതകള്‍ നിയമസഭയിലുണ്ട്. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഏറെ വേവലാതിപ്പെടേണ്ടതില്ലെന്ന് ചുരുക്കം.

പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല. നമ്മുടെ നാട്ടില്‍ പതിവായി പിന്തുടരുന്ന ചില ശൈലികളുണ്ട്. നിയമസഭാംഗങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ വൈദഗ്ദ്ധ്യം വിലയിരുത്തി അനുയോജ്യമായ വകുപ്പുകള്‍ നല്‍കുകയാണ് അത്. ധനകാര്യ വിദഗ്ദ്ധന് ധനവും വ്യവസായ തല്‍പരന് വ്യവസായവും സ്ത്രീകള്‍ക്കും വനിത, ശിശു ക്ഷേമ സംബന്ധികളായ വകുപ്പും നല്‍കുകയാണ് ഈ രീതി. പട്ടിക ജാതി/വര്‍ഗ വകുപ്പുകളും ഇങ്ങനെയാണ് നല്‍കിയിരുന്നത്.

നല്‍കാന്‍ വകുപ്പില്ലാത്തത് കൊണ്ടാകണം അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹങ്ങളുടെ ക്ഷേമ വകുപ്പ് രൂപീകരിച്ച് 2011-ല്‍ ജയലക്ഷ്മിക്ക് നല്‍കിയത്. ഇങ്ങനെയൊരു വകുപ്പ് രൂപീകരിച്ചതു കൊണ്ട് ആര്‍ക്കെന്ത് ഗുണമുണ്ടായിയെന്നൊന്നും ചോദിക്കേണ്ടതില്ല. കാരണം അത്ര ദയനീയമായിരുന്നു കഴിഞ്ഞ അഞ്ചാണ്ടത്തെ സ്ഥിതി. തീരുമാനങ്ങള്‍ എടുക്കാനോ നടപ്പിലാക്കാനോ കഴിയില്ലെന്ന് സ്ഥാനലബ്ദി ഭാഗ്യമായി കണ്ട ജയലക്ഷ്മി തെളിയിച്ചു. രണ്ടാം അങ്കത്തിന് മണ്ഡലം പിടിച്ചു വാങ്ങിയ ജയലക്ഷ്മി വികസനത്തിനായി ചെലവഴിച്ച കണക്കുകള്‍ മാനന്തവാടിയിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി ലഭിക്കുന്ന കോടികളാണ് ക്ഷേമ വകുപ്പിലെത്തുക. ഇപ്പണം ഫലപ്രദമായി വിനിയോഗിക്കുക എന്നതാണ് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും ദൗത്യം. അതുണ്ടായില്ലെന്ന് മാത്രമല്ല സകല രംഗത്തും കനത്ത വീഴ്ചയും സംഭവിച്ചു. അപരിചിതത്വവും നിസ്സംഗതയും കൊണ്ടാണ് അവര്‍ ആരോപണങ്ങള്‍ക്ക് തടയിട്ടത്.ഇക്കാലയളവില്‍ തദ്ദേശീയ ജനതയുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോയോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് ഫലം. ഭൂമിക്കുവേണ്ടിയുള്ള ആദിവാസിയുടെ സമരം ഇന്നും അവസാനിച്ചിട്ടില്ല. കരാറുകാര്‍ പണം മുന്‍കൂര്‍ കൈപ്പറ്റി നിര്‍മ്മാണം പാതിയിലുപേക്ഷിച്ച ആയിരക്കണക്കിന് വീടുകള്‍ ഓരോ ജില്ലയിലുമുണ്ട്. ആശ്രമ വിദ്യാലയങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ പൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നു. ശിശുമരണവും ഗര്‍ഭിണികളുടെ മരണവും സംഭവിക്കുന്നു. സ്ത്രീ, പുരുഷ ഭേദമെന്യേ പൂര്‍ണ ആരോഗ്യമുള്ള ആദിവാസികളെ കാണാനേയില്ലാതായി. വഴിയരികും ആംബുലന്‍സും എന്തിന് ഓട്ടോറിക്ഷകള്‍ വരെ ഇവരുടെ ലേബര്‍ മുറികളായി. ഇങ്ങനെ പോകുന്ന നൂറ് നൂറായിരം പ്രശ്‌നങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ ജയലക്ഷ്മിക്കും സംഘത്തിനുമായില്ല. ഈ വീഴ്ച്ചയ്ക്ക് നല്‍കിയ വിലയാണ് പി കെ ജയലക്ഷ്മിയുടെ ദയനീയ തോല്‍വി.

തദ്ദേശീയരായ ദുര്‍ബല മനുഷ്യരുടെ നിലനില്‍പ് അപകടത്തിലായ കാലമാണിത്. സമൂഹത്തിന്റെ പരിരക്ഷയില്ലെങ്കില്‍ ചില മനുഷ്യ സമൂഹങ്ങള്‍ ഭൂമുഖത്തിനോട് വിട പറയുമെന്ന് ഇതിനകം ബോധ്യമായി കഴിഞ്ഞു. വയനാട്ടിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളെല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇപ്പറഞ്ഞതിന് അര്‍ത്ഥം ഇത്തരം മനുഷ്യരുടെ ക്ഷേമത്തിനായി രൂപീകരിച്ച വകുപ്പിന് പ്രാധാന്യം ഉണ്ടെന്ന് തന്നെയാണ്. അങ്ങനെയെങ്കില്‍ അടുത്ത ചോദ്യം ഈ വകുപ്പിന്റെ ചുമതല നല്‍കാന്‍ അനുയോജ്യര്‍ ആരെന്നാണ്. ഇത്തരം മനുഷ്യരെ അറിയുന്നവരും അവരുടെ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നവരുമാണ് ഉചിതം.

സംസ്ഥാനത്ത് രണ്ട് നിയമസഭ മണ്ഡലങ്ങളാണ് പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ ഐസി ബാലകൃഷ്ണനാണ് വിജയിച്ചത്. മാനന്തവാടിയില്‍ നിന്ന് വിജയിച്ച ഒ ആര്‍ കേളുവാണ് ഈ വിഭാഗത്തെ പ്രതിനിധീകരിച്ച് എല്‍ഡിഎഫ് എംഎല്‍എയായി നിയമസഭയിലുള്ളത്. നിയമസഭയിലെ കന്നി അംഗമായി ഒ ആര്‍ കേളുവിന് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇടതുമുന്നണി കൂടി തയ്യാറാകുമോയെന്നാണ് ഇനിയറിയേണ്ടത്. എന്തായാലും സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന പട്ടികയില്‍ ഒ ആര്‍ കേളുവിന്റെ പേരില്ല. നാളെ സംസ്ഥാന സമിതിയില്‍ എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയില്ലെങ്കിലും പട്ടിക വര്‍ഗ്ഗത്തിന് അവരില്‍ നിന്നൊരാള്‍ മന്ത്രി എന്ന ആവശ്യത്തെ തട്ടിക്കളയാന്‍ സി പി ഐ എം നേതൃത്വത്തിനാവില്ല. കാരണം സി കെ ജാനുവിലൂടെ ആദിവാസി ജനസമൂഹത്തിലേക്ക് കൂടുതല്‍ കടന്നു ചെല്ലാന്‍ കേന്ദ്ര ഭരണം കയ്യാളുന്ന ബി ജെ പി ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.Next Story

Related Stories