അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ഈ സ്കൂള്‍ ബസ്സില്‍ ഇല്ലാത്ത കുട്ടികള്‍

അപര്‍ണ്ണ

കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള സിനിമകൾ എല്ലാ അവധിക്കാലത്തും കേരളത്തിലെ തീയേറ്ററുകളിൽ എത്താറുണ്ട്. ദിലീപ് നായകനായ കോമഡി സിനിമ ഒന്ന്, സത്യൻ അന്തിക്കാടിന്റെ  കുടുംബ ചിത്രം ഒന്ന് എന്ന പതിവു രീതി മാറിയപ്പോഴും അതിന് സമാന്തരമായി വന്ന കുട്ടികളുടെ സിനിമ തുടർന്നും ഉണ്ടായി. ഇക്കൊല്ലം അത്തരം ഒരു മാതൃക പിന്തുടർന്ന് എത്തിയ സിനിമയാണ് റോഷൻ ആൻഡ്രൂസിന്റെ സ്കൂൾ ബസ്.

അജോയും (ആകാശ്) ആഞ്ജലീനയും (ആഞ്ജലീന) നഗരത്തിലെ പ്രധാന ഇന്റർനാഷനൽ സ്ക്കൂളിലെ വിദ്യാർത്ഥികളാണ്. ഫ്ലാറ്റ് ജീവിതം, ക്ഷിപ്രകോപിയായ അച്ഛൻ (ജയസൂര്യ), ജോലിത്തിരക്കുകളിൽ പെട്ട് ഉഴറുന്ന അമ്മ (അപർണ ), ഇവർക്ക് രണ്ടു പേർക്കുമിടയിലെ പ്രശ്നങ്ങൾ സിനിമകളിൽ കണ്ടു വരുന്ന  പതിവു പ്രശ്നങ്ങൾ തന്നെയാണ് ഈ കുട്ടികൾക്കും ഉള്ളത്. കുട്ടികളെ അച്ഛനുമമ്മയ്ക്കും മനസിലാക്കാൻ പറ്റുന്നില്ല. കുട്ടികൾക്ക് സ്കൂളിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുന്നതും തുടർന്ന് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും ഒക്കെയാണ് സിനിമ .ഒന്നാം പകുതിയിൽ നിന്നു കഥ മാറിപ്പോകുമ്പോഴാണ് പൊലീസുദ്യോഗസ്ഥനായി  കുഞ്ചാക്കോ ബോബൻ എത്തുന്നത്.

പണ്ടു മുതല്‍ക്കേ കുട്ടികളുടെ ഒറ്റപ്പെടലിനെ പറ്റി അതിവൈകാരികമായി മലയാള സിനിമ പറയാറുണ്ട്. അതേ രീതിയിൽ അതേ കാര്യങ്ങളും കാരണങ്ങളും തന്നെയാണ് സ്കൂൾ ബസ്സിനും പറയാനുള്ളത്. ഫ്ലാറ്റും ജോലിത്തിരക്കും ഗ്രാമീണ ബാലന്റെ സ്വാതന്ത്ര്യം കണ്ടുള്ള കൊതിയും സ്കൂളിലെ  ഭാരം തരുന്ന മടുപ്പിക്കുന്ന അന്തരീക്ഷവുമൊക്കെയാണ് സ്കൂൾ ബസ്സിലേയും വില്ലന്മാർ. 

പൊള്ളയായ പ്രദർശനപരതയിൽ  ഊന്നിയ കെട്ടുകാഴ്ചയാണ് ഇന്നു കാണുന്ന മിക്ക സ്കൂൾ  കെട്ടിടങ്ങളും. അതിനുള്ളിലെ ജയിൽ സമാനമായ അന്തരീക്ഷത്തെ പ്രശ്നവത്കരിക്കുമ്പോഴും അതേ സ്കൂൾ ബസിൽ തിരിച്ചു കയറ്റുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്തിനോട് പ്രതിഷേധിക്കാൻ  ശ്രമിച്ചോ അതിനോട് തന്നെ സന്ധി ചെയ്യുന്ന രീതിയിലാണ് സിനിമ നീങ്ങുന്നത്. അച്ഛന്റെയും അമ്മയുടെയും തിരിച്ചറിവുകൾ കുട്ടികളെ രക്ഷിക്കുന്നില്ല. ഒരു കൈ കൊണ്ട് മഴ നനയുമ്പോഴും മറുകൈ കൊണ്ട് സ്കൂൾ ബാഗിന്റെ വലിയ ഭാരം പേറുന്ന കുട്ടികളിലാണ് സിനിമ അവസാനിക്കുന്നത്. ആ ഭാരത്തെ മുഴുവനായി വലിച്ചെറിയാനുള്ള  ധൈര്യം സിനിമ കാണിച്ചിട്ടില്ല.

ഇഴഞ്ഞിഴഞ്ഞാണ് സ്കൂൾ ബസ്സിന്റെ  യാത്ര. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ആശയക്കുഴപ്പം അണിയറ പ്രവർത്തകരെ ബാധിച്ച പോലെ തോന്നി. കൃത്യമായ  ഒരു കഥാഗതിയെ പിന്തുടരാതെ എന്താക്കെയോ ചെയ്ത് അവസാനിപ്പിച്ചതു പോലെയാണ് സിനിമ കണ്ടിറങ്ങിയാൽ തോന്നുക. കുട്ടികൾ  കൊണ്ടു പോകുന്ന കഥയിൽ താരങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ബോബി – സഞ്ജയും റോഷൻ ആൻഡ്രൂസും ചേർന്ന് മെനഞ്ഞ കഥ ക്ലീഷേകളുടെ കൂടാരമാണ്. കുട്ടികളെ കൊണ്ട് മുതിർന്നവരുടെ രീതികൾ അനുകരിച്ച് അഭിനയിപ്പിക്കുന്ന പതിവു രീതിയും ബോറാണ്.

പുസ്തകക്കെട്ടിന്റെ ഭാരം പേറി വേച്ചു വേച്ച് നടക്കുന്ന കുട്ടികൾ ഒരുപാട് ഉള്ള നാട്ടിൽ അതിന്റെ പൊള്ളത്തര o തിരിച്ചറിയുന്ന സിനിമ ആവശ്യമാണ്‌. പക്ഷെ ആ തിരിച്ചറിവിന് ഒരു വിനോദയാത്രയുടെ  സമയം മാത്രം നൽകി അവരെ അതേ ഭാരങ്ങളിലേക്ക്  തിരിച്ചയക്കുന്ന പതിവു കാഴ്ച്ചയായി സ്കൂൾ  ബസ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍