TopTop
Begin typing your search above and press return to search.

മരണത്തിലേക്ക് പോലും ഒന്നിച്ചു പറക്കുന്ന ചില പക്ഷികൾ

മരണത്തിലേക്ക് പോലും ഒന്നിച്ചു പറക്കുന്ന ചില പക്ഷികൾ

ഈയിടെയാണ് ആ ഫോണ്‍ വന്നത്. അത് ദിലീപിന്റെതായിരുന്നു. വല്ലാതെ ഒറ്റപ്പെട്ട് ഒരു വീടിന്റെ മുകളിലത്തെ നിലയിൽ സ്വയമുണ്ടാക്കിയ സെല്ലില്‍ ഇങ്ങനെ കുമിഞ്ഞിരിക്കുമ്പോഴാണ് ആ വിളി. 'നീ എവിടെയാ? ഞാന്‍ ഇവിടെ കാസർഗോഡാണ്; ഒരു ഷാഡോ പോലീസ് പണി. ഒരു സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരച്ചായനെ തേടി വന്നതാണ്. ഇന്ന് ഉച്ചയോടെ പോകും.'

പോസ്റ്റല്‍ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന അച്ഛന് 1987-ലോ മറ്റോ ആണ് സ്ഥലം മാറ്റമായി പീരുമേട്ടിലേക്ക് എത്തുന്നത്. അന്നത്തെ കൊച്ചു പ്രായത്തില്‍ ഒരിക്കലും പോകില്ല എന്ന് കരുതിയ, പണ്ട് പ്രേംനസീര്‍ 'നീലഗിരിയുടെ...' എന്ന് പാട്ട് പാടിയ പോലത്തെ മനോഹരമായ സ്ഥലം. പീരുമേട് ടൌണില്‍ തന്നെ കുറച്ചു മുകളിലായി ഒരു വലിയ പറമ്പിൽ മതിൽകെട്ടി ഒറ്റപ്പെടുത്തിയ ഒരു ക്വർട്ടേഴ്സ് ആയിരുന്നു നമ്മടെ ജീവിതസ്ഥലം. താഴെ ഉള്ളവരൊക്കെ അതുവഴി പ്രേതബാധ ഉണ്ടെന്നൊക്കെ പറഞ്ഞുവെങ്കിലും കുടുംബം ധൈര്യം കാണിച്ച് പിടിച്ചു നിന്നു. അച്ഛന്റെ ജോലിയുടെ സ്വഭാവത്തില്‍ സ്ഥിരമായി യാത്ര ചെയ്യേണ്ടതിനാല്‍ മിക്കവാറും രാത്രി വണ്ടന്‍മേട്, കട്ടപ്പന, ഇടുക്കി എന്നീ സ്ഥലങ്ങളിലൊക്കെ പോയി തിരിച്ചുവരാന്‍ നട്ടപ്പാതിരയാകും. അന്ന് മൊബൈൽ ഫോൺ ഒന്നുമില്ലല്ലോ. രണ്ട് അനിയന്മാരും കിടന്നുറങ്ങിയ കാലങ്ങളില്‍ ഞാനും അമ്മയും രാത്രിയിൽ മതിലിനരികില്‍ ഇങ്ങനെ അച്ഛനെ കാത്തിരിക്കും. പ്രേതപ്പേടിയും അച്ഛന്‍ വൈകുമോ എന്നുള്ള പേടിയും ഒക്കെ എന്നെയും ചിലപ്പോ അമ്മയേയും കരച്ചലിന്റെ വക്കില്‍പ്പോലും എത്തിക്കും. അക്കാലത്ത് അമ്മേടെ പക്കല്‍ നിന്ന് കട്ട് വായിച്ച കോട്ടയം പുഷ്പനാഥിന്റെ നോവലിലെ രംഗസംവിധാനം പോലെയായിരുന്നു ആ പ്രദേശം മൊത്തം.പീരുമേട്ടില്‍ എത്തിയ ഉടനെ എന്നെ അവിടത്തെ സിപിഎം ഗവൺമെന്റ് ഹൈസ്കൂളിലെ ആറാം ക്ലാസ്സില്‍ ചേര്‍ത്തു. വളരെ ചുരുക്കം പേരേ ഗവണ്മെന്റ് ഉദ്യോഗസ്ഥരായിട്ടുള്ളൂ. ബാക്കിയുള്ളവരൊക്കെ തേയില തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും ചുമട്ടുതൊഴിലാളികളുടെയും ഒക്കെ മക്കളാണ്. ഞാനും ആ സ്കൂളിലെ തന്നെ ടീച്ചറുടെ മകനായ രതീഷും പീരുമേട്ടിലെ ഒരു പോലീസുകാരനായ ആളിന്റെ മകന്‍ ദിലീപും ആയിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍. അതുകൊണ്ട് ഞങ്ങൾ മുന്‍ബെഞ്ചിലും ആയി. മൂന്നുപേരും ദളിത്‌ വിഭാഗത്തില്‍പ്പെട്ടവര്‍. ക്ലാസ്സില്‍ മുക്കാല്‍ പങ്കും അങ്ങനെ തന്നെ. ദളിത്‌ വിഭാഗത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ മുന്നില്‍. സുരേഷ്, ആരോഗ്യം, കുഞ്ഞുമോന്‍, കൊച്ചുമോന്‍, ഷാജി എന്നിവരൊക്കെ പിന്‍ബെഞ്ചിലും. അടുത്ത വര്‍ഷം എന്നെ തൊട്ടടുത്തു തന്നെയുള്ള മരിയഗിരി ഇംഗ്‌ളീഷ്‌ മീഡിയം സ്കൂളിൽ ഏഴാം ക്ലാസ്സില്‍ ചേർത്തു.മരിയഗിരി ഇംഗ്‌ളീഷ്‌ മീഡിയത്തിലെ വട്ടോത്തുപറമ്പില്‍ അച്ചനെ ഒരിക്കല്‍ ഞാനും അച്ഛനും പോയിക്കണ്ടു. അദ്ദേഹം എന്നെ ഒരു ഇംഗ്‌ളീഷ്‌ പത്രം വായിപ്പിച്ചു. എന്തൊക്കെയോ ചോദിച്ചു. ഒടുവില്‍ അഡ്മിഷനും കിട്ടി. എനിക്ക് പുറകെ രതീഷും ദിലീപും ആ സ്കൂളില്‍ തന്നെ ചേര്‍ന്നു. മരിയഗിരിയിലെത്തിയെപ്പോ സിപിഎമ്മിലെ മുൻ ബെഞ്ചേന്ന് മരിയഗിരിയിലെ പിന്‍ബെഞ്ചിലേക്ക് മാറി. ബയോളജി പരീക്ഷക്ക് വേണ്ടത്ര മാർക്കില്ലാതിരുന്നതോടെ ജീവിതത്തില്‍ ആദ്യമായി ഒരു പരീക്ഷക്ക് തോറ്റു. ഹരിഹരന്‍ എന്നൊരു കൂട്ടുകാരനെ അവിടെ കിട്ടി. പാമ്പനാര്‍ എന്ന സ്ഥലത്ത് ബിസിനസ് നടത്തുന്ന തമിഴ്നാട്ടുകാരനായ മനുഷ്യന്റെ മകന്‍. അവന്റെ അടുത്ത് ഇരുന്നതുകൊണ്ട് തന്നെ അവന്‍ തമിഴ് പറയാനും എഴുതാനും എന്തിന്, പാടാന്‍ വരെ പഠിപ്പിച്ചു. ഞങ്ങള്‍ നല്ല കൂട്ടായി. കൊടൈക്കനാല്‍ എന്ന ദൂരദര്‍ശന്‍ ചാനലില്‍ ഞായറാഴ്ച തോറും പ്രദര്‍ശിപ്പിച്ച തമിഴ് സിനിമകളുടെ കഥകള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞു. ദളപതി എന്ന സിനിമയുടെ പത്രത്തിലെ പരസ്യം പോലും കണ്ട് ഞങ്ങള്‍ കോള്‍മയിര്‍ കൊണ്ടു. പുറകിലിരിക്കുന്ന മറ്റൊരു വിരുതന്‍ ദളപതി സിനിമ കാണാന്‍ ഹോസ്റ്റലില്‍ നിന്ന് ചാടിയതിനു വട്ടോത്ത്പറമ്പില്‍ അച്ചന്റെ നല്ല പെട കിട്ടി. ഇന്ന് കബാലിക്ക് സ്കൂളുകള്‍ക്ക് അവധി കൊടുത്തത് കാലത്തിന്റെ പ്രതികാരമാകാം. ഒരിക്കല്‍ ഹരിഹരന്‍ ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ പഠിച്ച അവന്റെ ചേട്ടന്‍ ശാസ്ത, പിന്നെ വേറൊരു കൂട്ടുകാരന്‍ ആന്റണി എന്നിവരെ ഒരു കണക്ക് മാഷ്‌ എഴുന്നേൽപ്പിച്ചു നിര്‍ത്തി; വര്‍ത്തമാനം പറഞ്ഞതിന്. ചോദിച്ചു വരുമ്പോ മൂന്നു പേരുടെയും അച്ഛന്മാര്‍ക്ക് പലചരക്ക് കച്ചവടമാണ് ജോലി. അത് ചോദിച്ചറിഞ്ഞ മാഷുടെ ഒരു പ്രസ്താവന ഇങ്ങനെയായിരുന്നു; 'അപ്പൊ എല്ലാം പലചരക്ക് ആണ് അല്ലേ?'.കല്ലറ സുകുമാരന്‍

അക്കാലങ്ങളില്‍ പീരുമേട്ടിലെ എസ് എം എസ് ക്ലബ്ബിനു പിന്നിലുള്ള രതീഷിന്റെ വീട്ടിന്റെ അടുത്തുള്ള മറ്റൊരു വീട്ടില്‍ നിന്നും വെള്ള ഷര്‍ട്ടും വെള്ള മുണ്ടും കഴുത്തില്‍ പച്ച നിറമുള്ള ഒരു ഷാളും ഒക്കെ ഇട്ട് നെഞ്ചു നിവര്‍ത്തി മെലിഞ്ഞ ഒരു മനുഷ്യന്‍ എന്നും പീരുമേട് ടൌണിലൂടെ നടന്നു പോവുമായിരുന്നു. അപ്പോഴേക്കും റോഡ്‌ അരികിലേക്ക് മാറിയ അച്ഛന്റെ ഓഫീസിലേക്കും ഞങ്ങളുടെ വീട്ടിലേക്കും ആ മനുഷ്യന്‍ വരും. അച്ഛനോട് കൊറേ നേരം സംസാരിച്ചു അങ്ങനെ ഇരിക്കും. ഒരിക്കല്‍ അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. അവിടെ ഇരുന്നും കുറെ നേരം സംസാരിച്ചു. അങ്ങനെ സംസാരത്തിന്റെ ഒടുവില്‍ അദ്ദേഹം രണ്ടു പുസ്തകങ്ങള്‍ എനിക്ക് സമ്മാനിച്ചു. 'ബ്രാഹ്മണിസം', 'ഏകലവ്യന്റെ പെരുവിരല്‍'. ഏകലവ്യനെക്കുറിച്ച് കേട്ടിട്ടുള്ളതുകൊണ്ട് ഏകലവ്യന്റെ പെരുവിരല്‍ കവിത വായിച്ചു. ബ്രാഹ്മണിസം വായിക്കുന്നത് പത്ത് മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഈയിടെ വീട്ടില്‍ അച്ഛന്‍ സൂക്ഷിച്ചു വെച്ച ആ പുസ്തകം വീണ്ടും കണ്ടപ്പോഴാണ്. കല്ലറ സുകുമാരന്‍ എന്നായിരുന്നു ആ മനുഷ്യന്റെ പേര്.ഹരിഹരന്റെ കൂടെ ഇടയ്ക്ക്, വ്യാഴാഴ്ചകള്‍ തോറും നടക്കാറുള്ള അസോസിയേഷന്‍ പരിപാടിക്ക് തമിഴ് പാട്ട് പാടാന്‍ ശ്രമിച്ചതുകൊണ്ട് എനിക്ക് അണ്ണാച്ചി എന്ന ഇരട്ടപ്പേര് കിട്ടി. എന്നാലും ഞങ്ങള്‍ ഒരുളുപ്പും ഇല്ലാതെ തമിഴ് പാട്ട് പാടിക്കൊണ്ടേ ഇരുന്നു. ഒരിക്കല്‍ ഒരു രജനി പാട്ടായ 'ഊരുക്കുല്ലേ ചക്കരവര്‍ത്തി ആന ഉണ്മയിലെ മെഴുകുവരുതി' എന്ന പാട്ട് പാടിയതിന് സുരേഷ് എന്ന ദുഷ്ടന്‍ ഇങ്ങനെയാണ് കളിയാക്കിയത്; 'കണ്ണുക്കുല്ലേ എണ്ണയെ ഒഴിച്ച് അതുക്കുല്ലേ ബോണ്ടയും വറുത്ത്'. അണ്ണാച്ചി എന്നാണ് ഇരട്ടപ്പേരെങ്കിലും ദിലീപില്‍ നിന്നും രതീഷില്‍ നിന്നും വ്യത്യസ്തമായി മാഷമ്മാരുടെ ഇടയില്‍ എനിക്ക് ചെറിയ പിടി ഉണ്ടായിരുന്നു. അമേരിക്കയില്‍ നേഴ്സുമാരും മറ്റുമായി ജോലി ചെയ്യുന്ന അവരുടെ വധുക്കള്‍ക്കുള്ള എയ്‌റോഗ്രാമുകള്‍ ഞാനായിരുന്നു എന്നും അച്ഛന്റെ ഓഫീസിലെ തപാല്‍പ്പെട്ടിയില്‍ കൊണ്ടിട്ടിരുന്നത്. മരിയഗിരി സ്‌കൂളിൽ നിന്നും പീരുമേട്ടിലേക്കുള്ള നടത്തത്തിന്റെ ഇടയില്‍ പ്രണയം തുളുമ്പുന്ന കത്തുകള്‍ എന്റെ കയ്യില്‍ ഇരുന്നു പിടയ്ക്കും. പലപ്പോഴും അതിനുള്ളിലെന്താണെന്ന് വായിക്കണം എന്നുണ്ടായിരുന്നെങ്കിലും ഏയ്റോഗ്രാമുകള്‍ മൂന്നു വശവും ഒട്ടിച്ചതു കൊണ്ട് ഒരിക്കലും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ എത്രയെത്ര മാഷമ്മാരുടെ കല്യാണം നിശ്ചയിച്ച, അവരുടെ ഉന്മാദ പ്രണയങ്ങളാണ് ഈ കയ്യിലൂടെ കടന്നു പോയത്. എന്റെ പേര് അണ്ണാച്ചി എന്നായിരുന്നെങ്കില്‍ രതീഷിന്റെ പേര് മാള അരവിന്ദന്‍ എന്നും. ദിലീപിന് കിട്ടിയ പേരാണ് ഈ എഴുത്തിലെ കഥ.

മരിയഗിരി സ്കൂളില്‍ നിന്ന് രണ്ടു കിലോമീറ്റെര്‍ മാത്രമേ പീരുമേട്ടിലേക്കുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ പീരുമേട്ടുകാര്‍ ബസ്സില്‍ കയറാതെ നടന്നോണം എന്നാണ് പ്രിന്‍സിപ്പളച്ചന്റെ ഉത്തരവ്. കൂടെ ബസ്സുകാരും ഞങ്ങളെ കേറ്റില്ല. അങ്ങനെ ഞങ്ങള്‍ പീരുമേട്ടിലേക്ക് നടക്കും. സ്കൂളിന്റെ തോട്ടടുത്തുള്ള ഒരു കാട്ടിലൂടെ പോകുന്ന ചോലയുടെ സൈഡിലൊക്കെ പോയി നിൽക്കും. അവിടെ നിന്ന് പേരക്ക, നെല്ലിക്ക ഒക്കെ പറിച്ചു തിന്നും. വഴിയരികിലെ മറിയത്തിന്റെയോ മറ്റോ പ്രതിമ ഉള്ള നേര്‍ച്ചപ്പെട്ടിയില്‍ പൈസ ഇട്ടു പ്രാർത്ഥിക്കും. പ്രാര്‍ത്ഥന ഇതൊക്കെയാണ്. 'പ്രേതം വന്നു പേടിപ്പിക്കരുതേ, സ്കൂളീന്ന് തല്ലു കിട്ടരുതേ, ഈ ആഴ്ച രജനീകാന്തിന്റെ പടം ഉണ്ടാവണേ അങ്ങനെ ഒക്കെ'. രാവിലെ ബസ്സില്‍ തന്നെ സ്കൂളിലേക്ക് പോകാം. പഴയ മലയാള സിനിമേലൊക്കെ കാണുന്ന പോലെ സ്ലൈറ്റ് കളര്‍ പാന്റ്സും മഞ്ഞ ഷര്‍ട്ടും മോളിലൊരു ചുവന്ന കമ്പിളി കുപ്പായവും ഒക്കെ ഇട്ട് കയ്യില്‍ ഇരുപത് പൈസയുമായി പീരുമേട്ടിലെ മഞ്ഞിന് കുറുകെ ഞങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് ഓടും. വണ്ടിപ്പെരിയാറില്‍ നിന്ന് വരുന്ന പിആര്‍സി എന്ന തമിഴ്നാട് ബസ്സിലാണ് മിക്കവാറും കേറുക. സ്കൂളിലൊക്കെ ചിലപ്പോ മഞ്ഞായിരിക്കും. മഴക്കാലവും മഞ്ഞുകാലവും. വൈകുന്നേരം തിരിച്ചു നടക്കുകയും മഞ്ഞിലൂടെ ആയിരിക്കും. ചിലപ്പോ വൈകുന്നേരം നടക്കുമ്പോ പീരുമേട്ടിലെ ഗസ്റ്റ്ഹൌസില്‍ ഏതെങ്കിലും എ പടത്തിന്റെ ഷൂട്ട് നടക്കുന്നുണ്ടാകും. അത് കുറെ നേരം നോക്കി നിൽക്കും. പിന്നേം നടക്കും. ഒരു മൂന്നരക്ക് വിട്ടാല്‍ അഞ്ചു മണി ഒക്കെ ആകും വീട്ടിലെത്താന്‍.അങ്ങനെ ഒരിക്കല്‍ ഞാന്‍ ബസ്സിനു പോയ ഒരു വൈകുന്നേരമാണ് രതീഷും ദിലീപും ഒക്കെ അതുവഴി പീരുമേട്ടിലേക്ക് നടന്നു പോയത്. അങ്ങനെ അവര്‍ ആരും അധികം പോകാത്ത ഒരു കുന്നിന്‍ പുറത്തേക്ക് പോയി. അവിടെ അവര്‍ കുറച്ചു ഷൂസിന്റെ അടയാളങ്ങള്‍ അവിടെ കണ്ടു. കൌമാരപ്രായക്കാരായ ആ കുട്ടികള്‍ ചില കഥകള്‍ സ്വയം സൃഷ്ടിച്ചെടുത്തു. ആരും വരാത്ത ഈ സ്ഥലത്ത് ആരാണ് ഇങ്ങനെ വരേണ്ടത്? അവര്‍ കൊള്ളക്കാരാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞു. സ്വാഭാവികമായും ഈ ‘വാര്‍ത്ത' അവര്‍ സ്കൂളില്‍ വന്നു കൂട്ടുകാരോടൊക്കെ പറഞ്ഞു. കുട്ടികള്‍ എല്ലാം അത് വിശ്വസിച്ചു. അങ്ങനെ അത് സ്കൂള്‍ മുഴുവന്‍ പാട്ടായി. മാഷമ്മാര്‍ അന്വേഷിച്ചു. അന്വേഷണ കമ്മീഷന്‍ അങ്ങനെ ഒരു കൊള്ളക്കാരും ഇല്ലെന്നു വിധിയെഴുതി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ദിലീപിനും രതീഷിനും ചൂരല് കൊണ്ട് നല്ല തല്ലു കിട്ടി. എന്നിട്ട് ദിലീപിനേം രതീഷിനേം ഓരോ ക്ലാസ്സിലും കൊണ്ടുപോയി തങ്ങള്‍ പറഞ്ഞത് കളവാണെന്ന് പറയിപ്പിച്ചു മാപ്പും പറയിച്ചു. അന്ന് ഞാന്‍ നടന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനും ആ കൂട്ടത്തില്‍ മാപ്പ് പറയാന്‍ ഉണ്ടായിരുന്നേനെ. രതീഷും ദിലീപും മാപ്പ് പറയാന്‍ പോകുമ്പോ ഉറഞ്ഞു കൂടുന്ന സങ്കടം ആ കണ്ണുകളില്‍ കണ്ടത് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും മറക്കാന്‍ കഴിയില്ല. ദിലീപിന് അങ്ങനെ സ്കൂള്‍ ഒരു പേര് ചാര്‍ത്തിക്കൊടുത്തു. 'കൊള്ളക്കാരന്‍'. മാഷമ്മാരടക്കം തമാശക്കെങ്കിലും അവനെ അങ്ങനെ വിളിച്ചു. ദിലീപിന്റെ അച്ഛന് മറ്റൊരു ദേശത്ത് ട്രാൻസ്ഫറായി. ദിലീപ് ഹോസ്റ്റലിലുമായി. കൊള്ളക്കാരന്‍ എന്ന പേരുമായി ആ ഹോസ്റ്റലില്‍ അവന്‍ ജീവിച്ചു. പഠിക്കാന്‍ ബുദ്ധിമുട്ടി. ഉറച്ച ആണിനെപ്പോലെ നടന്നെങ്കിലും അവന്റെ കണ്ണിലെ കനല്‍ എനിക്കെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നു.ദിലീപ്

അന്നൊക്കെ നൂറു ശതമാനം ജയം ലക്ഷ്യം വച്ച് എസ് എസ് എല്‍ സി ജയിക്കും എന്നുറപ്പുള്ളവരെ മാത്രമേ ഒമ്പതാം ക്ലാസ്സില്‍ നിന്ന് കയറ്റി വിടുകയുള്ളായിരുന്നു. ദിലീപിന്റെ പഠിത്തം ‘മോശം ആയതോണ്ട്’ സ്കൂള്‍ അവന് ടി.സി കൊടുത്തു പറഞ്ഞുവിട്ടു. അവന്‍ പത്താം ക്ലാസ് വേറെ ഏതോ സ്കൂളില്‍ പഠിച്ചു. ഞാനും രതീഷും അവിടെ തന്നെ തുടര്‍ന്നു. പത്താം ക്ലാസ്സിലെ മീറ്റിങ്ങുകളിലും മിമിക്സ് പരേഡിലും അവസാന വര്‍ഷ പാര്‍ട്ടിയിലും ഫോട്ടോ എടുപ്പിലും ഒരാളുടെ ഓര്‍മയില്‍ പോലും ദിലീപ് ഉണ്ടായിരുന്നില്ല. അവന്‍ എല്ലാവരുടെയും ഓര്‍മകളില്‍ നിന്ന് മറഞ്ഞു പോയി. പഴയ ഒരു സിപിഎം ഗവൺമെന്റ് സ്കൂളിലെ ഫോട്ടോയില്‍ അവനെ കാണാന്‍ കഴിഞ്ഞെങ്കിലും മരിയഗിരിയിലെ പത്താം ക്ലാസ് ഫോട്ടോയില്‍ അവനില്ല. അതിനുശേഷം ഒരുപാട് സ്കൂളുകളില്‍ പത്താം ക്ലാസ് ജയിക്കാന്‍ കഴിയാത്തവര്‍ക്ക് സ്കൂള്‍ ഫോട്ടോകളില്‍ ഇടം ഇല്ലാത്ത ഒരു കാലം കേരളത്തില്‍ ഉണ്ടായിരുന്നു.കാലം പിന്നെയും ഒരുപാട് കഴിഞ്ഞു. ഏകദേശം 25 - 30 വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിനെ ഫേസ്ബുക്കില്‍ കണ്ടുമുട്ടി. അവന്റെ ചേച്ചിയെയും കണ്ടു മുട്ടി. കുട്ടിക്കാലത്ത് കണ്ട ചേച്ചി ആളാകെ മാറിപ്പോയിരിക്കുന്നു. ദിലീപ് എന്നെ വിളിച്ചു വിശേഷങ്ങളൊക്കെ തിരക്കി. ഞാന്‍ അവനോടു ചോദിച്ചു; നീ എന്തുചെയ്യുന്നു? 'ഞാന്‍ പോലീസാ...'. ആഹാ! ഇന്റെര്‍വെല്ലിനു ശേഷം വിജയിച്ചു തിരിച്ചു വരുന്ന ഒരു രജനി ഡയലോഗ് പോലെ എനിക്കത് തോന്നി. ഒരിക്കല്‍ കൊള്ളക്കാരന്‍ എന്നു വിളിക്കപ്പെട്ട എന്റെ കൂട്ടുകാരന്‍ ഒരു പോലീസായി തിരിച്ചു വന്നിരിക്കുന്നു. കാലം കൊടുത്ത മധുര പ്രതികാരം. പിന്നെയും ഒന്നു രണ്ടു വർഷം വലിയ ബന്ധം ഒന്നുമില്ല. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അന്വേഷണത്തിന്റെ ഭാഗമായി എറണാകുളത്തുള്ള ചില വിവരങ്ങള്‍ അറിയാനായി വീണ്ടും വിളിച്ചു. ഞാന്‍ അന്വേഷിച്ചു പറയാം എന്ന് പറഞ്ഞു. പക്ഷെ ഒന്നും ചെയ്തുകൊടുക്കാന്‍ പറ്റിയില്ല. പിന്നെയും ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. കുറച്ചുകാലത്തിനു ശേഷം ബംഗളൂരുവിൽ നിന്നുള്ള പത്രപ്രവര്‍ത്തകരായ രണ്ടു പെൺസുഹൃത്തുക്കള്‍ ഇടുക്കി കാണാന്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അവിടെ താമസത്തിനും യാത്രക്കും ഒക്കെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോ ദിലീപുമായി ബന്ധപ്പെടുത്തിക്കൊടുത്തു. ദിലീപ് അവരെ ഇടുക്കി മുഴുവന്‍ കാണിച്ചു കൊടുത്തു. ആ കുട്ടികളുടെ കൂടെയുള്ള ഫോട്ടോ കാണിച്ചു എന്നെ കുശുമ്പ് പിടിപ്പിക്കാന്‍. ഞാന്‍ പ്രതികാരം തീര്‍ത്തത് ഇങ്ങനെ ആയിരുന്നു. “നിനക്കറിയുവോ? ആ യാത്രക്ക് ശേഷം ആ പെൺകുട്ടികള്‍ എന്താണ് പറഞ്ഞതെന്ന്? ഹൌ സ്വീറ്റ് ദിലീപ് അങ്കിള്‍ എന്നാ....” പകുതി തമാശയും പകുതി കാര്യങ്ങള്‍ ആയാലും 1987-ലെ ആ ട്രൌസര്‍ ചെക്കന്മാരായ അണ്ണാച്ചിയും കൊള്ളക്കാരനും ഇന്ന് 25 വയസ്സുള്ള പെൺകുട്ടികളുടെ അമ്മാവന്മാര്‍ ആയിരിക്കുന്നു. നമ്മള്‍ പഴയ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. ഹരിഹരന്‍ ഇപ്പൊ പാമ്പനാറില്‍ വലിയ ബിസിനസുകാരനാണ്. 2000-ല്‍ ഒരിക്കല്‍ ഞാന്‍ അവനെപ്പോയി കണ്ടിരുന്നു.ചിലപ്പോ ദിലീപിനോട് ഞാന്‍ ചോദിക്കും. നമുക്ക് പീരുമേട്ടിലേക്ക് പോകണ്ടേ? ദിലീപ് പറയും; പോണം. നമുക്ക് ഹരിഹരനെ ഒക്കെപ്പോയി കാണണം, നീ വാ. അപ്പൊ ഞാന്‍ ചോദിക്കും. 'സ്കൂളിലേക്ക് പോവണ്ടേ?'. ദിലീപ് പറയും, 'വേണ്ടാ എനിക്ക് ആ സ്കൂളില്‍ പോകാന്‍ ഇഷ്ടൂല്ല...'. എല്ലാവർക്കും 'ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ' എന്ന പാട്ടൊക്കെ ഇഷ്ടപ്പെടാന്‍ പറ്റാത്തത് ഇതുകൊണ്ടൊക്കെ ആയിരിക്കും അല്ലേ? മരിയഗിരി സ്കൂളിനു ഇപ്പോൾ വാട്സാപ്പ്ഗ്രൂപ്പ് ഒക്കെ ഉണ്ട്. രതീഷും ദിലീപും ഇല്ലാത്ത വാട്സാപ്പ് ഗ്രൂപ്പുകള്‍. കേരളത്തിലെ എത്ര വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് എത്ര കൊള്ളക്കാര്‍ അങ്ങനെ ടി.സി വാങ്ങി പോയിട്ടുണ്ടാകും അല്ലേ? ഒരു കൂട്ടുകാരനെക്കുറിച്ചെഴുതിക്കഴിഞ്ഞപ്പോള്‍ ഒരു മഴ പെയ്തുതോര്‍ന്നപോലെ തോന്നുന്നു. ഇനി ഒന്ന് മെല്ലെ ചിരിക്കാം. ചെറിയ ചില ചിരികള്‍.പോലീസുകാരനായിത്തീർന്ന കൊള്ളക്കാരനും സിനിമാക്കാരൻ ആകണം എന്നാഗ്രഹിച്ചു 'തീവ്രവാദിയുമായ' രണ്ടു പേരുടെ 30 വർഷത്തെ സൗഹൃദത്തിന്റെ കഥയാണിത്. ലോകത്തിനിയും ഒരുപാട് ചങ്ക് സൗഹൃദങ്ങൾ ഉണ്ടാകട്ടെ. ഒരാളും മുമ്പേ അല്ലാതെ മരണത്തിലേക്ക് പോലും അവർ ഒരുമിച്ചു പറക്കട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories