TopTop
Begin typing your search above and press return to search.

സ്കൂള്‍ വിദ്യാഭ്യാസം; വേണം ചില വീണ്ടുവിചാരങ്ങള്‍

സ്കൂള്‍ വിദ്യാഭ്യാസം; വേണം ചില വീണ്ടുവിചാരങ്ങള്‍

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മെയ് 29 വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ ഡോ. ആര്‍ വി ജി മേനോന്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം.


നമ്മുടെ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ് എന്ന കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് പുതുമ നഷ്ടപ്പെട്ട അവസ്ഥയിലാണ്. എനിക്കോര്‍മ്മയുള്ള കാലം മുതല്‍ നമ്മുടെ വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലാണ് എന്ന് പ്രസംഗിച്ചുനടക്കുന്നവര്‍ പറഞ്ഞുകേട്ടത് ഓര്‍മ്മയുണ്ട്. അടുത്തകാലത്ത് ചില പഴയ രേഖകള്‍ വായിച്ചപ്പോഴാണ് 1935 ല്‍ അന്നത്തെ തിരുവിതാംകൂറിലെ വിദ്യാഭ്യാസ പ്രതിസന്ധിയെപ്പറ്റി പഠിച്ച് പരിഹാരം കണ്ടെത്താന്‍ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തതായി വായിക്കാനിടയായി. അതില്‍ പറയുന്ന ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍ എന്നതില്‍ പറയുന്നത് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായവരെയാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടും ഉദ്യോഗം കിട്ടാത്തവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വളരെ രൂക്ഷമായ പ്രതിസന്ധിയായിരിക്കുന്നു. ഇതിന് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ആ സമിതിയുടെ ഉദ്ദേശ്യം. ആ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ പല കാര്യങ്ങളും ഇപ്പോഴും പ്രസക്തമാണ്. വര്‍ഷം 80-85 കഴിഞ്ഞെങ്കിലും അന്ന് നമ്മുടെ വിദ്യാഭ്യാസത്തെപ്പറ്റി ചൂണ്ടിക്കാണിച്ച പരിമിതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

അന്ന് ചൂണ്ടിക്കാണിച്ച ഒരു കാര്യം നമ്മുടെ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എങ്കിലും അത് എല്ലാ നിലയിലും ജീവിക്കാന്‍ പഠിപ്പിക്കുന്നില്ല എന്നതാണ്. അതിനു പകരം ഒരു നിശ്ചിത യോഗ്യത നേടാനുള്ള വിദ്യാഭ്യാസമാണ്. ഉന്നത വിദ്യാഭ്യാസത്തിനുള്ള കോളേജ് വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടുക എന്നതായിരിക്കരുത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ജീവിതവുമായി ബന്ധപ്പെട്ടതായിരിക്കണം. അതുകൊണ്ടുതന്നെ ഈ നാട്ടിലാവശ്യമുള്ള തൊഴിലുകള്‍ സംബന്ധിച്ച പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടണം. വിദ്യാഭ്യാസത്തെ തൊഴില്‍ അധിഷ്ടിതമാക്കുക എന്ന് നമ്മള്‍ പലപ്പോഴും കേട്ടിട്ടുള്ള മുദ്രാവാക്യം. 1934-ലെ റിപ്പോര്‍ട്ടിലും അതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. തന്നെയുമല്ല, സര്‍വ്വകലാശയിലധിഷ്ഠിതമായ വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറുവിഭാഗത്തിന് മാത്രമാകയാല്‍ അത് ലക്ഷ്യമാക്കിയിട്ടുള്ള ഒരു വിദ്യാഭ്യാസം ഭൂരിപക്ഷത്തിനും ആവശ്യമില്ലാത്തതും അവര്‍ക്ക് താല്‍പ്പര്യമുണര്‍ത്താത്തതുമായിരിക്കും എന്ന് അവര്‍ ചൂണ്ടിക്കാട്ടി.

നമ്മുടെ ഇന്നത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലവും അതിന്റെ പഠനലക്ഷ്യങ്ങളും നോക്കുകയാണെങ്കില്‍ കുറച്ച് ആളുകള്‍ പഠിച്ചാല്‍ മതിയെന്ന് മനസ്സിലാകും. അത് ഹയര്‍ സെക്കന്ററി കഴിഞ്ഞ് ഒരു ലക്ഷത്തോളം കുട്ടികള്‍ എഴുതുന്ന ഒരു എന്‍ട്രന്‍സ് പരീക്ഷയുടെ സിലബസ് അനുസരിച്ച് കുട്ടികളെ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള അടിസ്ഥാനം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് എന്നുള്ളതാണ്. ഇപ്പോഴും അഞ്ചുലക്ഷത്തോളം കുട്ടികള്‍ പത്താം ക്ലാസ് കഴിഞ്ഞിട്ടുള്ളവരായുണ്ട്. ഒരു ലക്ഷത്തോളം കുട്ടികളാണ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയെഴുതുന്നത്. ഏതാണ്ട് അത്രത്തോളം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയും എഴുതുന്നുണ്ട്. പലരും ഈ രണ്ട് പരീക്ഷയും എഴുതുന്നവരായതുകൊണ്ട് ഏതാണ്ട് ഒന്നൊന്നര ലക്ഷം കുട്ടികളാണ് ഈ തരത്തിലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറാകുന്നത്. ബാക്കി മൂന്നുമൂന്നരലക്ഷത്തോളം കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ എന്‍ട്രന്‍സ് പരീക്ഷയുടെ സിലബസ് അപ്രസക്തമാണ്. അതുപോലെ തന്നെ നമ്മുടെ പത്താംക്ലാസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ ചാര്‍ത്തുന്ന മുദ്ര എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ് എന്നാണ്. ആ പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്ക് കിട്ടുന്ന സര്‍ട്ടിഫിക്കറ്റില്‍ അണ്‍ഫിറ്റ് ഫോര്‍ ഹയര്‍ സ്റ്റഡീസ് എന്നായിരിക്കും. വീണ്ടും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ആകെ ഉദ്ദേശ്യം ഹയര്‍ സ്റ്റഡീസിന് യോഗ്യരായ കുറച്ച് ഭാഗ്യവാന്‍മാരെയും ഭാഗ്യവതികളെയും വാര്‍ത്തെടുക്കുക എന്ന ഒരു ചിന്ത ഈ പരീക്ഷ നടത്തിപ്പുകാര്‍ക്ക് മാത്രമല്ല വിദ്യാഭ്യാസ സമ്പ്രദായം ആസൂത്രണം ചെയ്യുന്നവര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്.ദൗര്‍ഭാഗ്യവശാല്‍ ഈ ചിന്ത നമ്മുടെ സമൂഹത്തിലൊട്ടാകെ വേരുപിടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്ന്നു എന്ന് വിലപിക്കുന്ന പലരും പഴയ എസ്.എസ്.എല്‍.സി.ക്കാരുടെ നിലവാരത്തോട് ഇപ്പോഴത്തെ എസ്.എസ്.എല്‍.സി.ക്കാരുടെ നിലവാരത്തെ താരതമ്യം ചെയ്ത് സംസാരിക്കുന്നത്. എന്താണ് ഈ പഴയ എസ്.എസ്.എല്‍.സി.യുടെ മഹത്വം എന്ന് കൂടി നമ്മള്‍ ആലോചിച്ചുനോക്കണം. പത്തറുപത് വര്‍ഷം മുമ്പ് ഞങ്ങളൊക്കെ സ്‌കൂളില്‍ ചേരുന്ന കാലത്ത് ഒന്നാം ക്ലാസിലെത്തുന്ന നൂറുകുട്ടികളില്‍ പകുതി കുട്ടികള്‍ പോലും പത്താംക്ലാസിലെത്തുന്നില്ല. അതിന് മുമ്പ് തന്നെ പ്രൈമറി തലത്തിന്റെ അവസാനത്തിലും അതുപോലെ പ്രൈമറി തലത്തിലും ഒരുപാട് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു. അങ്ങനെ കൊഴിഞ്ഞുപോയി ബാക്കി വരുന്ന അമ്പതോ അറുപതോ കുട്ടികളാണ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്നത്. അതിലെ 30-35 ശതമാനമായിരുന്നു വിജയശതമാനം. അതായത് ഒന്നാംക്ലാസിലെത്തിയ നൂറു കുട്ടികളില്‍ ഏതാണ്ട് 20 ഓളം കുട്ടികളാണ് ഒന്നാം ക്ലാസ് പാസ്സാവുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍. ഇവരെ അരിച്ചെടുക്കുക എന്നതാണ് നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും രക്ഷിതാക്കളും സമൂഹവും കരുതിയിരുന്നു എന്നത് വാസ്തവമാണ്. അതിന് തിരഞ്ഞെടുക്കുന്നവര്‍ താരതമ്യേന മെച്ചപ്പെട്ട ഗാര്‍ഹിക സൗകര്യങ്ങള്‍, അതായത് വീട്ടില്‍ തൊഴിലിന്റെയും പഠിത്തത്തിന്റെയും പ്രാധാന്യം അറിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ ആയിരിക്കും. അത് അന്നത്തെ സാമൂഹിക അവസ്ഥ നോക്കുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും ഉന്നതിയില്‍ നില്‍ക്കുന്നവരായിരിക്കും എത്തുന്നത്. അല്ലാത്തവരൊക്കെ അവിടെയും ഇവിടെയും ഈക്കുട്ടത്തില്‍പ്പെട്ട് പാസായി വന്നിട്ടുണ്ടാവാം. അത് നമ്മള്‍ക്ക് എക്‌സ്പഷണല്‍ കേസായി മാത്രമേ എടുക്കാന്‍ കഴിയു. അപ്പോള്‍ മുമ്പേ തന്നെ വിദ്യാഭ്യാസം സാമ്പത്തികമായും സാമൂഹികമായും നേട്ടങ്ങളുള്ളവരുടെ കുട്ടികളെ വീണ്ടും അരിച്ചെടുത്ത് ഉന്നത വിദ്യാഭ്യാസത്തിനും അതിലൂടെ ലഭിക്കുന്ന മെച്ചപ്പെട്ട ജോലിയിലേക്കും പദവിയിലേക്കും എത്തിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത് എന്ന് മനസ്സിലാക്കാം.

ഈ ചിന്ത സമൂഹത്തില്‍ കുറച്ച് കൂടിയിരുന്നപ്പോഴാണ് സമൂഹത്തില്‍ കുട്ടികളെ കുറച്ച് കൂടുതല്‍ പാസാക്കണം എന്ന സാഹചര്യം വന്നപ്പോള്‍ കൂടുതല്‍ പേരെ പരീക്ഷണങ്ങള്‍ നടത്തിയും മറ്റും പാസ്സാക്കാനുള്ള ശ്രമം വന്നപ്പോള്‍ അതിനെ പുച്ഛിച്ചും അധിക്ഷേപിച്ചും ഒരുപാട് പ്രചരണം സമൂഹത്തിലുണ്ടായി. അധ്യാപകരുടെ ഭാഗത്തുനിന്നും തന്നെ ആ പ്രചരണം ഉണ്ടായി. ഈ ക്ലാസില്‍ കൊള്ളാത്ത കുട്ടികളെ പരിഹാരരൂപേണ അഴിച്ചുമാറ്റിയാല്‍ നമ്മുടെ ക്ലാസുകളില്‍ പലതും മാലിന്യമുക്തമാകും എന്ന് അധ്യാപകരും ചിന്തിച്ചിരുന്നു. ഇതിനെ നമ്മള്‍ പലരീതിയിലും കളിയാക്കിയിരുന്നു പുച്ഛിച്ചിരുന്നു. ഈ സമ്പ്രദായം വന്നതുകൊണ്ടാണ് വിദ്യാഭ്യാസം തകര്‍ന്നത് എന്ന് ഇപ്പോഴും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന അധ്യാപകരും പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഈ നാട്ടിലുണ്ട്. ഇതൊന്നൊഴിവാക്കിയാല്‍ തന്നെ നമ്മുടെ സ്‌കൂള്‍ നിലവാരം ഉയരും. ഈ തോല്‍ക്കുന്ന കുട്ടികളെ അഴിച്ചുമാറ്റികളഞ്ഞാല്‍ പഴയതുപോലെ മുപ്പതോ നാല്‍പ്പതോ കുട്ടികള്‍ പത്താംക്ലാസ് എഴുതുകയും അതില്‍ ഒരു അമ്പതോ നാല്‍പ്പതോ ശതമാനം പേര്‍ പാസാകുകയും ചെയ്താല്‍ മാത്രമേ ഇവര്‍ ഉദ്ദേശിക്കുന്ന നിലവാരം ഉണ്ടാകൂ.

പക്ഷേ അതാണോ ഒരു സമൂഹത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം നിറവേറ്റേണ്ടുന്ന ധര്‍മ്മം. സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും ജീവിക്കാനാവശ്യമായ അറിവുകളും നൈപുണ്യവും നല്‍കാനുദ്ദേശിച്ച വിദ്യാഭ്യാസം അതില്‍ ഒരു വിഭാഗത്തിന് മാത്രമായി കൊടുത്ത്, അത് സാമൂഹ്യവും സാമ്പത്തികവുമായ അസമത്വത്തിനനുസരിച്ച് ഒരു വിഭാഗത്തെ മാത്രം അരിച്ചെടുത്ത് അവരെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് തള്ളിവിടാന്‍ ഉതകുകയാണോ ചെയ്യേണ്ടത് എന്നത് നമ്മുടെ സമൂഹം ആലോചിച്ച് ചിന്തിക്കേണ്ട ഒരു കാര്യമാണ്. ഇപ്പോഴും അത്തരത്തിലുള്ള ആഴത്തിലുള്ള ഒരു പരിശോധന, ആന്തരികമായ ഒരു വീണ്ടുവിചാരം, നമ്മുടെയിടയില്‍ ഉണ്ടായിട്ടില്ല. എനിക്ക് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി സംസാരിക്കുമ്പോള്‍ ആദ്യമായി സമര്‍പ്പിക്കാനുള്ള കാര്യമിതാണ്.വിദ്യാഭ്യാസ സമ്പ്രാദയത്തിന്റെ പ്രശ്‌നങ്ങളെ നോക്കുമ്പോള്‍ രണ്ടുവിധത്തില്‍ നമുക്ക് വര്‍ഗ്ഗീകരിക്കാം. ഒന്ന് വിദ്യാഭ്യാസരംഗത്തിന്റെ ദീര്‍ഘകാല പ്രാധാന്യവും ഏതുതരത്തിലുള്ള വിദ്യാഭ്യാസമാണ് ഇവര്‍ക്ക് കിട്ടേണ്ടത്, അതിന് അനുവര്‍ത്തിക്കേണ്ട ഏറ്റവും നല്ല ബോധനരീതിയെന്താണ്, എന്നതിനെപ്പറ്റി ലോകത്ത് എന്നും നടന്നിട്ടുള്ള പഠനങ്ങള്‍ അനുഭവങ്ങള്‍. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികവല്‍ക്കരിക്കേണ്ടതിന്റെ ശ്രമങ്ങള്‍. അതിന്റെ ഭാഗമായിട്ടാണ് പരിശീലനാത്മക വിദ്യാഭ്യാസം, വിമര്‍ശനാത്മക ബോധനം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍, പാഠ്യപുസ്തക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഉണ്ടായത്. ആ പുതിയ സങ്കല്‍പ്പങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ശേഷി, അദ്ധ്യാപകര്‍ക്ക് നല്‍കുന്നതിനു വേണ്ടി വ്യാപകമായ പരിശീലന പരിപാടികളും ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടു.

രണ്ടാമത്തെ കാര്യം ഏറ്റവും പ്രായോഗികമായി നോക്കുമ്പോള്‍ ഇതിനെല്ലാം പുറമേ നടക്കേണ്ട മറ്റൊരു കാര്യം നമ്മുടെ സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരുണ്ടായിരിക്കണം. എല്ലാ ക്ലാസുകളിലും ടീച്ചര്‍മാരുണ്ടായിരിക്കണമെന്നത് വളരെ ലഘുവായ ഒരു പ്രസ്താവമായി തോന്നാമെങ്കിലും പലപ്പോഴും പല സ്‌കൂളുകളിലും അത് സംഭവിക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഹരിതവിദ്യാലയം എന്ന ടെലിവിഷന്‍ ഷോയിലൂടെ കുറേ വിദ്യാലയങ്ങള്‍ അവുരുടെ അനുഭവങ്ങള്‍ പൊതുവേദിയില്‍ പങ്കുവയ്ക്കുകയുണ്ടായി. അത് നമ്മുടെ ദൂരദര്‍ശന്‍ ബ്രോഡ്കാസ്റ്റ് ചെയ്തു. ഇത് പല വിദ്യാലയങ്ങളും നടപ്പിലാക്കിയെങ്കിലും ഏതെങ്കിലും കാരണവശാല്‍ ഒരു ടീച്ചര്‍ അവധിയിലായാല്‍, ഒരു ദിവസത്തെ അവധിയാകാം അല്ലെങ്കില്‍ കുറച്ചുദിവസം അടുപ്പിച്ചുള്ള അവധിയാകാം, അത് പകരം ഒരു ടീച്ചറെ ഏല്‍പ്പിക്കാനുള്ള സൗകര്യം. അതിന് ടീച്ചര്‍മാര്‍ ആരും ഇല്ലെങ്കില്‍ താല്‍ക്കാലികമായി ടീച്ചറെ കണ്ടെത്താനുള്ള ഒരു പാനല്‍ തയ്യാറാക്കുക. അധ്യാപക രക്ഷകര്‍തൃ സമതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുക, ആ പാനലില്‍ നിന്ന് ഒരു ടീച്ചറെ ആ ദിവസത്തേക്ക് നിയമിക്കുന്നതിന് അനുവാദം നല്‍കി അവരുടെ ശമ്പളം അധ്യാപക രക്ഷകര്‍ത്തൃസമിതിയില്‍ നിന്നും കൊടുക്കുക. ചില പഞ്ചായത്തുകളെങ്കിലും ഇത്തരത്തിലുള്ള സര്‍ക്കാരിതര അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കി. ആ പ്രോജക്ടുകള്‍ക്ക് ചില സ്ഥലങ്ങളില്‍ എതിര്‍പ്പ് വന്നെങ്കിലും പല പഞ്ചായത്തുകളിലും അത് അംഗീകരിക്കുകയുണ്ടായി. ഇത്തരം സൗകര്യങ്ങള്‍ ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയും എന്നതിന് തെളിവായി നമുക്ക് അതിനെ കാണാം. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നു. വളരെ ധീരമായ നടപടികളെടുത്ത പ്രാദേശിക ഭരണങ്ങളെ എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്ത നടപടികളും ഈ നാട്ടിലുണ്ടായിട്ടുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങളില്‍ അവര്‍ക്ക് വളരെ വലിയൊരു പങ്ക് വഹിക്കാന്‍ കഴിയും എന്നതിന്റെ ചെറിയ സൂചനകളാണ് നാമിവിടെ കണ്ടത്.

എല്ലാ ക്ലാസുകളിലും അധ്യാപകരുണ്ട് എന്ന് ഉറപ്പുവരുത്തുക. അതുപോലെ തന്നെ പ്രൈമറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്ററും ഹെഡ്മിസ്ട്രസും മറ്റധികം ഭരണപരമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നുവെങ്കില്‍ അവരുടെ ക്ലാസും ആളില്ലാതെ പോകാനിരിക്കാനുള്ള സംവിധാനങ്ങളും ഇതിനെല്ലാമുള്ള സവിധാനം ഉണ്ടാകേണ്ടതാണ്. രണ്ടാമതായി നമ്മള്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലാകുമ്പോള്‍ നമ്മുടെ എസ്.സി.ഇ.ആര്‍.ടി. രൂപം കൊടുത്ത ഒരു ചട്ടക്കൂടിനകത്തുനിന്നാണ് നമ്മുടെ പാഠ്യപദ്ധതി തയ്യാറാക്കുന്നത്. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് എത്ര ക്ലാസ് വേണം. വളരെ സത്യസന്ധതയുള്ള ആത്മാര്‍ത്ഥതയുള്ള പല ടീച്ചര്‍മാരും പരാതി പറയുന്നത് ഈ പാഠ്യപദ്ധതി അനുസരിച്ച് ക്ലാസ് എടുക്കുകയാണെങ്കില്‍ പോര്‍ഷന്‍ തീരില്ല. അതിനനുസരിച്ച് ക്ലാസ് കിട്ടുന്നില്ല. നമുക്ക് യഥാര്‍ത്ഥത്തില്‍ എത്ര വര്‍ക്കിംഗ് ഡേയ്‌സ്, അതായത് ക്ലാസുകള്‍ ഉണ്ടാവുകയും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ദിവസങ്ങള്‍, ഉണ്ട് എന്നത് ഇപ്പോഴും ഒരു രഹസ്യമാണ്. പല അധ്യാപകരോടും ചോദിക്കുമ്പോള്‍ നമുക്ക് കൃത്യമായ ഉത്തരം കിട്ടാന്‍ നിവൃത്തിയില്ല. പക്ഷേ അത് വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് 200 ഉം 220 ഉം ദിവസം ആയിരിക്കണം എന്നാണ്. 200 -220 ദിവസം പ്രവൃത്തി ദിനങ്ങള്‍ കിട്ടുന്നുവെന്ന് ഉറപ്പുവരത്തക്കരീതിയില് നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. അത് ഉറപ്പുവരുത്തേണ്ടതിനാവശ്യമായ നടപടികള്‍ എടുക്കേണ്ടതുണ്ട്. അധ്യാപകരുമായി സംസാരിച്ച് ഇതെങ്ങനെ സാധ്യമാക്കാം എന്ന് ആലോചിക്കേണ്ടതുണ്ട്.

അതുപോലെ തന്നെ പ്രധാനമാണ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആദ്യമേ സൂചിപ്പിച്ച തൊഴില്‍ സംബന്ധമായ പരിശീലനം. അതിന് രണ്ട് ഘടകങ്ങളുണ്ട്. ഇത് കഴിഞ്ഞാലുടന്‍ ഒരു തൊഴില്‍ നേരിട്ട് ചെയ്യാനുള്ള ശേഷി ഈ കുട്ടികള്‍ക്ക് ഉണ്ടാകണം എന്നതല്ല. പക്ഷേ കൈകൊണ്ട് പണിയെടുക്കുകയും കൈകൊണ്ട് പണിയെടുക്കുന്നതിലൂടെ നമ്മുടെ മനസ്സിലുണ്ടാകുന്ന മാറ്റങ്ങളും അതിലൂടെ നമുക്ക് കൈകൊണ്ടുള്ള പണിയോടുള്ള സമീപനവും ഇതെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളില്‍ വളരേണ്ടതുണ്ട്. ഇത് വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്ന രീതിയിലാണ് ഒരു കാലത്ത് പലതരത്തിലുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് ക്ലാസുകള്‍ ഇവിടെയുണ്ടായിരുന്നത്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ അടുത്തകാലത്തായി ഇത്തരത്തിലുള്ള പണിപരിശീലനത്തിന്റെ പ്രാധാന്യം കുറയുകയാണ്. ആ സമയത്തൊക്കെയാണ് പലപ്പോഴും നമ്മള്‍ കമ്പ്യൂട്ടര്‍ ക്ലാസിനൊക്കെ സമയം കണ്ടെത്തുന്നത്. അങ്ങനെ ഓരോ കാലികമായ കഴിവുകള്‍ക്ക് വേണ്ടി വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ പ്രാധാന്യം കുറയുകയും അതിന് മിക്കവാറും കുട്ടികള്‍ക്ക് അവസരം കിട്ടാതാവുകയും ചെയ്യുന്നുണ്ട്. പക്ഷേ അതേ സമയം നമ്മള്‍ ഈ വര്‍ക്ക് എക്‌സിപീരിയന്‍സിന്റെ പ്രാധാന്യം നിലനിര്‍ത്തുന്നതിനുവേണ്ടി ചില പരിപാടികള്‍ പ്രത്യേകിച്ച് നടത്താറുണ്ട്.

അതുപോലെ കലാകായികരംഗത്തെ താല്‍പ്പര്യം നിലനിര്‍ത്തുന്നതിനു വേണ്ടി കലോത്സവങ്ങള്‍ വളരെയധികം, ലോകപ്രശസ്തമാണ്, റിക്കോര്‍ഡാണ് എന്നൊക്കെ പറഞ്ഞു നമ്മള്‍ നടത്തുന്നുണ്ട്. കായികരംഗത്തും നമുക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെയെല്ലാം സംഭവിക്കുന്ന ഒരു കാര്യം, ഈ നേട്ടങ്ങള്‍ ഉണ്ടാക്കുക, കുറച്ച് കുട്ടികള്‍ വളരെ ഔട്ട് സ്റ്റാന്‍ഡിംഗായി പൊതുശ്രദ്ധയില്‍ വരിക എന്നതിലേക്ക് ശ്രദ്ധ മാറിപ്പോയി. യഥാര്‍ത്ഥത്തില്‍ ഇത്തരം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സംഭവിക്കേണ്ടത് എല്ലാ കുട്ടികള്‍ക്കും ഈ അവസരങ്ങളുണ്ടാവുകയും അവര്‍ക്ക് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കാവുന്ന നൈപുണ്യം ഈ മേഖലയില്‍ ഉണ്ടാവുകയുമാണ്. എല്ലാവരുമായി ചേര്‍ന്ന കൂട്ടത്തില്‍ ചേര്‍ന്ന് പാട്ടുപാടാനുള്ള കഴിവ്, നൃത്തം ചെയ്യാനുള്ള കഴിവ്, അല്ലെങ്കില്‍ ഒരു കിലോമീറ്റര്‍, രണ്ട് കിലോമീറ്റര്‍ ഓടാനുള്ള കഴിവ്, കവിതയെഴുതാനുള്ള കഴിവ് ഇതെല്ലാം എല്ലാ കുട്ടികള്‍ക്കും ഉണ്ടാവേണ്ടതാണ്. ഇതെല്ലാം സ്‌കൂളില്‍ വച്ചാണ് നമ്മള്‍ ചെയ്യുന്നത്. സ്‌കൂളിലെ സംവിധാനങ്ങളൊക്കെ ഉപയോഗിച്ചാണ് ഈ രംഗത്ത് പലരും വളര്‍ന്നുവന്നിട്ടുള്ളത്. ഇപ്പോഴും പല സ്‌കൂളുകളിലും പൊതുവിദ്യാലയങ്ങളിലും പ്ലേഗ്രൗണ്ടുകള്‍ ഉണ്ടെങ്കിലും അവയെത്രമാത്രം ഉപയോഗിക്കപ്പെടുന്നുവെന്നത് സംശയാസ്പദമാണ്. അതിനെല്ലാം പ്രാധാന്യം കുറയുകയും ആ സമയം കൂടി കുട്ടികളെ ട്യൂഷനയയ്ക്കുകയും ചെയ്യാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് നാം ചുറ്റും കാണുന്നത്.

അപ്പോള്‍ വിദ്യാഭ്യാസത്തിന്റെ വിപുലമായ അര്‍ത്ഥവും അടിസ്ഥാനവും അതിലൂടെ കുട്ടിക്ക് കിട്ടേണ്ട സമഗ്രമായ വളര്‍ച്ചയും നമ്മുടെ ശ്രദ്ധയില്‍ നിന്നും മാറുന്നു, അതിനു പകരം പരീക്ഷയിലെ മാര്‍ക്ക്, അല്ലെങ്കില്‍ ഗ്രേഡ് അല്ലെങ്കില്‍ റാങ്ക്. ഇതൊക്കെയാണ് വിദ്യാഭ്യാസത്തിന്റെ നേട്ടം എന്ന് നമ്മള്‍ ചിന്തിച്ചുപോവുകയും ചെയ്യുന്നു. ഇതിന്റെ ഒരു പ്രതിഫലനമാണ് നമ്മുടെ ഏറ്റവും മികച്ച വിദ്യാലയങ്ങള്‍ എന്നു പറയുമ്പോള്‍ സമൂഹത്തില്‍ പൊതുവേ വരുന്ന ചിത്രങ്ങള്‍. വളരെ ഉന്നത തരത്തിലുള്ള കെട്ടിടങ്ങള്‍, ബസ് സൗകര്യങ്ങള്‍, കുട്ടികള്‍ ധരിക്കുന്ന യൂനിഫോം, ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മീഡിയം ഇതൊക്കെയാണ് ഉന്നതവിദ്യാഭ്യാസത്തിന് അല്ലെങ്കില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് സമൂഹം പൊതുവേ കരുതുന്നതിന്റെ ഫലമായിട്ടാണ് അത്തരം സ്‌കൂളുകള്‍ക്ക് ഡിമാന്റ് കൂടുന്നത്. അത്തരം സ്‌കൂളികളിലേക്ക് എങ്ങനെയെങ്കിലും കുട്ടികളെ അയയ്ക്കാനായിട്ട് താരതമ്യേന നിര്‍ദ്ധനരായ രക്ഷിതാക്കള്‍ പോലും ശ്രമിക്കുന്നത്. ഇത്തരം സ്‌കൂളുകളില്‍ കളിക്കളങ്ങളോ കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികസനത്തിനുള്ള സൗകര്യങ്ങളോ ഒന്നുമുണ്ടാകില്ല. പരീക്ഷയിലുള്ള പെര്‍ഫോര്‍മന്‍സ് മാത്രമാണ് ഉന്നത നിലവാരമായിട്ട് അവര്‍ കാണുന്നത്.അതോടൊപ്പം ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യവും. അതുപറഞ്ഞാല്‍ പ്രധാനമാണ്. നമുക്കതിനെ പുച്ഛിച്ചുതള്ളാന്‍ സാധിക്കില്ല. സമൂഹത്തിലെ പദവയും അധികാരവുമായി ബന്ധപ്പെട്ട സംഗതിയാണ് ഇംഗ്ലീഷ് ഭാഷയിലെ കഴിവ് എന്നതില്‍ സംശയമില്ല. സ്വകാര്യമേഖലയില്‍ അല്ലെങ്കില്‍ കേരളത്തിന് പുറമെയുള്ള ജോലികള്‍ക്ക് ശ്രമിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ഉച്ചാരണവും ഇംഗ്ലീഷില്‍ നമ്മുടെ ആശയങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാനുള്ള കഴിവും എല്ലാം പ്രധാനമാണ്. ഇത് രക്ഷിതാക്കള്‍ക്കെല്ലാം അറിയാം. അവരോട് ഇതൊന്നും വേണ്ടായെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇംഗ്ലീഷിലുള്ള അറിവ് പ്രധാനമാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ഇംഗ്ലീഷ് മീഡിയത്തിലാണെങ്കില്‍ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിക്കും എന്ന ഒരു ധാരണയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ ധാരണ പൊളിക്കണമെങ്കില്‍ ഇംഗ്ലീഷ് മീഡിയത്തിലല്ലാതെ മലയാളം മാധ്യമത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പത്തുപന്ത്രണ്ട് വര്‍ഷം ഇംഗ്ലീഷ് പഠിക്കുന്നുവെന്നതുകൊണ്ട് ഇംഗ്ലീഷ് വാക്കുകളില്‍ ആവശ്യമായ പരിജ്ഞാനം ഉണ്ടാക്കാന്‍ കഴിയുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തണം. ഇത് നമുക്ക് ചെയ്യാന്‍ കഴിയുന്നതാണ്, കഴിയേണ്ടതാണ്. ഇത് നടക്കുന്നില്ല. ഒന്നാം ക്ലാസ് മുതല്‍ പത്തുവര്‍ഷം ഇംഗ്ലീഷ് പഠിപ്പിച്ചിട്ട് ഈ കുട്ടിക്ക് സുഗമമായി ഇംഗ്ലീഷ് സംസാരിക്കാനും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാനും കഴിയുന്നില്ലായെങ്കില്‍ ഇവരെ പഠിപ്പിച്ചവര്‍ക്കെന്തോ കുഴപ്പമുണ്ടെന്നേ പറയാന്‍ പറ്റൂ. പഠിപ്പിച്ചത് നേരാംവണ്ണം അല്ല. അല്ലെങ്കില്‍ പത്തുവര്‍ഷം ഒരു ഭാഷ പഠിപ്പിച്ചിട്ട് ഈ ഭാഷ കൈകാര്യം ചെയ്യാന്‍ കുട്ടിക്ക് കഴിയുന്നില്ലേ. എന്തുകൊണ്ട് കഴിയുന്നില്ല? ഈ ചോദ്യം നമ്മള്‍ നമ്മളോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്. ഇവരെ ഇംഗ്ലീഷ് പഠിപ്പിക്കേണ്ട രീതിയിലാണോ പഠിപ്പിച്ചത്? സ്കൂളില്‍ പഠിച്ച ചില കവിതകളൊക്കെ അന്ന് പഠിപ്പിച്ചത് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നുണ്ട്. നമ്മളൊക്കെ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ഡാഫോഡില്‍സിനെ പറ്റിയൊക്കെ. പുതിയ കാലത്ത് കവിതകള്‍ അതങ്ങനെ തന്നെ കാണാതെ പഠിച്ച് പരീക്ഷാ പേപ്പറില്‍ എഴുതുകയല്ലാതെ ഈ സാധനം എങ്ങനെയിരിക്കുമെന്ന ഒരു ധാരണയും കുട്ടികള്‍ക്കുമില്ല പഠിപ്പിക്കുന്നവര്‍ക്കുമില്ല. ഇങ്ങനെയാണോ ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത്? ഇങ്ങനെ പഠിപ്പിച്ചിട്ട് എന്താണ് കാര്യം? അതിനു പകരം ഈ ഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷി കുട്ടികള്‍ക്ക് വളരുന്നുണ്ടോ? ഇംഗ്ലീഷിലുള്ള ഭാഗം വായിച്ച് അതിലെന്താണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കുട്ടിക്ക് കഴിയുന്നുണ്ടോ? അതിന് ഏത് തരത്തിലാണ് പഠിപ്പിക്കേണ്ടത്? ഇതിനെപ്പറ്റി നമ്മുടെ അധ്യാപകലോകത്ത് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. വളരെ അര്‍ത്ഥവത്തായ ചില നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ എന്തുകൊണ്ടോ ഈ നീക്കങ്ങള്‍ മുമ്പോട്ട് പോയിട്ടില്ല.

പൊതുവേ പറഞ്ഞുകഴിഞ്ഞാല്‍ പത്തുവര്‍ഷം ഇംഗ്ലീഷ് പഠിച്ചിട്ടും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്ന അവസ്ഥ ബഹുഭൂരിപക്ഷം കുട്ടികളിലും നിലനില്‍ക്കുന്നു. ഇവിടെ ചോദിക്കേണ്ട ഒരു കാര്യം അല്ലെങ്കില്‍ നമ്മള്‍ ആലോചിക്കേണ്ട ഒരു കാര്യം ഈ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് ഈ ശേഷി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നാണ്. അവര്‍ പത്തുവര്‍ഷമല്ല അതില്‍ കൂടുതല്‍ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടായിരിക്കും. എന്നിട്ടും അവര്‍ക്ക് അതിന് കഴിയുന്നുണ്ടോ. ഇല്ലെങ്കില്‍ എങ്ങനെയാണ് അദ്ധ്യാപകരെ ഇതിന് ശേഷിയുള്ളവരായി നമുക്ക് മാറ്റാന്‍ കഴിയുക. പഠിപ്പിക്കേണ്ട രീതിയിലെന്ത് മാറ്റങ്ങളാണ് വരുത്തേണ്ടത്? ഇതിനനുസരിച്ചുള്ള വളരെ അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ അതിനനുസരിച്ചുള്ള തുടര്‍ നടപടികളും നടക്കേണ്ടതാണ്. ഇതില്‍ ഒരു കോംപ്രമൈസും പറ്റില്ല. മലയാളം മീഡിയത്തില്‍ പഠിക്കുകയും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കുട്ടിക്ക് കഴിയുന്നുമുണ്ടെന്ന് രക്ഷകര്‍ത്താക്കളെ ബോധ്യപ്പടുത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കുള്ള ഒഴുക്ക് തുടരും. നമ്മള്‍ ആരും മുദ്രാവാക്യം വിളിച്ചിട്ടും പ്രചരണം നടത്തിയിട്ടുമൊന്നും ഇത് മാറാന്‍ പോകുന്നില്ല.

ഈ അവസ്ഥ തിരിച്ചറിയേണ്ടതും ഇതിന് പരിഹാരം നമ്മള്‍ തന്നെ കണ്ടെത്തേണ്ടതുമാണ്. ഇതിന് പുറമെയായിട്ട് സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളുണ്ട്. കഴിഞ്ഞ കുറേക്കാലമായി മാറിമാറി വരുന്ന മന്ത്രിമാര്‍ കരുതുന്നത് എസ്.എസ്.എല്‍.സി. റിസല്‍ട്ട് അനൗണ്‍സ് ചെയ്യുന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നാണ്. ഇതൊന്നും വിദ്യാഭ്യാസ മന്ത്രി അനൗണ്‍സ് ചെയ്യേണ്ട സംഗതിയെയല്ല. അതിനു പകരം വിദ്യാഭ്യാസമന്ത്രി അന്വേഷിക്കേണ്ടത് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എത്ര പാഠപുസ്തകങ്ങള്‍ അച്ചടിച്ചു തീര്‍ന്നു? എന്തുകൊണ്ട് ഇത് താമസിക്കുന്നു എന്നൊക്കെയാണ്. അത് ഈ പതിനൊന്നാം മണിക്കൂറില്‍ നോക്കിയാല്‍ പോര. അത് നോക്കേണ്ട സമയത്ത് നോക്കണം. ഇതിനൊക്കെ ഒരു ടൈംടേബിള്‍ ഉണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. നമ്മുടെ വിദ്യാഭ്യാസ രംഗം ഒരു കലണ്ടര്‍ അനുസരിച്ചാണ് നീങ്ങുന്നത്. അപ്പോള്‍ ഈ കലണ്ടര്‍ അനുസരിച്ച് എന്നായിരുന്നു ഈ പാഠപുസ്തകങ്ങളുടെ പ്രതി തയ്യാറാകേണ്ടിയിരുന്നത്. ആ ദിവസത്തില്‍ ഇത് തയ്യാറായോ ഇല്ലെങ്കില്‍ എന്തുകൊണ്ട്? എന്നാണ് അച്ചടിക്ക് കൊടുക്കേണ്ടത്? എന്നാണ് കടലാസ് വാങ്ങേണ്ടത്? മഷി വാങ്ങേണ്ടത്? ഇത്തരം കാര്യങ്ങളെല്ലാം അന്നന്ന് പരിശോധിച്ചിരുന്നെങ്കില്‍ ഇന്ന് ചെയ്യുന്നതുപോലെ മുറവിളിക്കേണ്ടി വരില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഇതില്‍ ശ്രദ്ധ കുറവുണ്ട്. ഇതിന് പ്രാധാന്യം കൊടുക്കേണ്ടതിന്റെ കുറവുണ്ട്. ഇതൊക്കെ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയെന്ന വിചാരവും ഉണ്ട്. ഇക്കാര്യത്തിലാണ് സര്‍ക്കാരിനെ നേരിട്ട് കുറ്റപ്പെടുത്താന്‍ എനിക്ക് തോന്നുന്നത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഏറ്റവും അടിസ്ഥാനപരമായ സംഗതി, സ്‌കൂള്‍ തുറന്നാലും പഠിത്തം നടക്കുന്നില്ല, പാഠ പുസ്തകങ്ങള്‍ കിട്ടുന്നില്ല, അധ്യാപകര്‍ക്ക് കിട്ടേണ്ട അധ്യാപക സഹായി കിട്ടുന്നില്ല, ഇതൊന്നും നേരാവണ്ണം നടക്കുന്നില്ല. ഇത് പൊതുവിദ്യാഭ്യാസം അപ്രധാനമാണെന്ന സന്ദേശമാണ് സമൂഹത്തിലേക്ക് കൊടുക്കുക. ഈ മേഖലകളില്‍ ഗവണ്‍മെന്റിന്റെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്. സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അധ്യാപകരുടെ സമീപനത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. അതിനുവേണ്ടി യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടായേ തീരു. അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുന്നതിലല്ല കാര്യം. ഇത് മാറ്റം വരുത്തുന്നതിലുള്ള ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം. അതിന് ഇതുപോലുള്ള ചര്‍ച്ചകള്‍ സഹായിക്കട്ടെയെന്ന് ആശംസിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories