TopTop
Begin typing your search above and press return to search.

'പട്ടികജാതിക്കാരി പതാക ഉയര്‍ത്തേണ്ടെ'ന്ന പ്രധാന അദ്ധ്യാപകന്റെ പരാമര്‍ശം; പഞ്ചായത്ത് പ്രസിഡണ്ടിന്റെ പരാതി അട്ടിമറിച്ചു

വിഷ്ണു ശൈലജ വിജയന്‍

“സ്വാതന്ത്ര്യ ദിനത്തിന് ദേശിയപതാക ഉയര്‍ത്തുവാന്‍ വേണ്ടി വിളിച്ചു വരുത്തുക, എന്നിട്ട് ജാതി പറഞ്ഞു അധിക്ഷേപിച്ചു പതാക ഉയര്‍ത്താന്‍ സമ്മതിക്കാതെ മാറ്റി നിര്‍ത്തുക, ഒരു പ്രധാന അദ്ധ്യാപകന് നിരക്കുന്ന പ്രവര്‍ത്തികളാണോ ഇതെല്ലാം? പഞ്ചായത്ത് പ്രസിഡന്‍റ് ആയാലും ദളിത ദളിതയല്ലാതാകുന്നില്ല എന്ന് പ്രഖ്യാപിക്കുകയല്ലേ ഈ സംഭവത്തിലൂടെ”. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ കുട്ടികളുടെയും നാട്ടുകാരുടെയും മുന്നില്‍ വെച്ച് തനിക്ക് നേരെ നടന്ന ജാതി അധിക്ഷേപത്തെ കുറിച്ചാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത കേശവന്‍കുട്ടി പറയുന്നത്.

പതാക ഉയര്‍ത്താന്‍ സമ്മതിക്കാത്തതിലും, ജാതി പറഞ്ഞു അപമാനിച്ചതിലും കൂടുതല്‍ ഗീതയെ ഇപ്പോള്‍ വിഷമിപ്പിക്കുന്നത് സര്‍ക്കാര്‍ അന്വേഷണ സംഘം പ്രധാനാധ്യാപകനെ കുറ്റ വിമുക്തനാക്കിയതിലാണ്. സംഭവം ഇങ്ങനെ:

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഉമ്മന്നൂര്‍ ഗവണ്‍മെന്റ്‌ എല്‍.പി.എസില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തുവാന്‍ വേണ്ടി പ്രധാനാധ്യാപകന്‍ വിക്ടര്‍ ജെയിംസ് ക്ഷണിച്ചത് പ്രകാരമാണ് വാര്‍ഡ്‌ മെമ്പര്‍ സബിനൊപ്പം ഗീത കേശവന്‍കുട്ടി സ്കൂളില്‍ എത്തുന്നത്. പതാക ഉയര്‍ത്തുന്നതിന് മുന്‍പ് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം പതാക ഉയര്‍ത്താന്‍ സമയമായപ്പോള്‍ ഗീതയുടെ കയ്യില്‍ നിന്നും പതാക പിടിച്ചു വാങ്ങുകയും "പട്ടികജാതിക്കാരി പതാക ഉയര്‍ത്തേണ്ട" എന്ന് പറഞ്ഞു പ്രധാനാധ്യാപകന്‍ തന്നെ പതാക ഉയര്‍ത്തുകയും ചെയ്തു.

"അപമാനിതയായെങ്കിലും ഞാന്‍ വേദിയില്‍ തന്നെ നിന്നു. ഇനിയും ഇങ്ങനെ ഒരു അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുത് എന്ന് കരുതി വിദ്യാഭ്യാസ വകുപ്പിന്‌ പരാതി നല്‍കി. എന്നാല്‍ പരാതി അന്വേഷിക്കാന്‍ എത്തിയ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കു കീഴിലുള്ള വെളിയം എ.ഇ.ഒ ഏകപക്ഷീയമായി അന്വേഷണം നടത്തുകയും പരാതി നിലനില്‍ക്കുകയില്ല എന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കി പ്രധാനാധ്യാപകനെ കുറ്റ വിമുക്തനാക്കുകയായിരുന്നു." ഗീത പറഞ്ഞു.

ഹെഡ്‌മാസ്‌റ്റര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ വിദ്യാഭ്യാസമന്ത്രി, കൊല്ലം ഡി.ഡി.ഇ. എന്നിവര്‍ക്കു പഞ്ചായത്ത്‌ നേരിട്ടു പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതി നിലനില്‍ക്കുമ്പോഴാണ്‌ ഹെഡ്‌മാസ്‌റ്ററെ എ.ഇ.ഒ. കുറ്റവിമുക്‌തനാക്കിയിരിക്കുന്നത്.

പരാതി നല്‍കിയ ഗീതയോടോ മറ്റു ആളുകളോടെ പിടിഎയോട് പോലും അന്വേഷണത്തിന് വന്ന ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ആരഞ്ഞില്ല എന്ന് ഗീത കേശവന്‍കുട്ടി പറയുന്നു.

പ്രോട്ടോകോള്‍ അനുസരിച്ച് താനാണ് പതാക ഉയര്‍ത്തേണ്ടത് എന്നാണ് അദ്ദേഹത്തിന്‍റെ വാദം. അങ്ങനെയായിരുന്നു എങ്കില്‍ എന്നെ പതാക ഉയര്‍ത്തണം എന്ന് പറഞ്ഞു ക്ഷണിക്കരുതായിരുന്നു. ഞാന്‍ പട്ടികജാതിക്കാരി ആയതു കൊണ്ടാകാം എന്നെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. ദേശിയപതാകയോട് പോലും അകലം പാലിക്കേണ്ട ഗതികേട് ഇപ്പോള്‍ വന്നു പെട്ടിരിക്കുന്നു” ഗീത പറയുന്നു.

സ്കൂളിന്‍റെ നൂറാം വാര്‍ഷികം ഈ മാസം ആഘോഷിക്കാന്‍ വേണ്ടി നാട്ടുകാരും പഞ്ചായത്തുകാരും പരിപാടികളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രധാനാധ്യാപകന്റെ പ്രവര്‍ത്തിമൂലം സ്കൂളിന്‍റെ നല്ലപേര് കളങ്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാറ്റം കിട്ടി സ്കൂളില്‍ എത്തിയ വിക്ടര്‍ ജെയിംസിനെ പറ്റി വ്യാപക പരാതികളാണ് പഞ്ചായത്ത് അംഗംഗള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത്. “എന്തെങ്കിലും ആവശ്യത്തിന് സ്കൂളില്‍ എത്തിയാല്‍ അത്യാവശ്യമായി നല്‍കേണ്ട പേപ്പറുകള്‍ക്ക് വേണ്ടി ദിവസങ്ങളോളം ആളുകളെ നടത്തിച്ചാലേ സാറിന് സമാധാനമാകുള്ളു. പലരും ഞങ്ങളോട് പരാതി പറഞ്ഞിട്ടുണ്ട്. ഈ ഒഴുക്കന്‍ മട്ടു മാറ്റണം എന്ന് പലപ്പോഴും ഞങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുമുണ്ട്. പട്ടികജാതി സ്റ്റൈഫന്റ് വാങ്ങാന്‍ വേണ്ടി രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഒരുപാട് തവണ സ്കൂളില്‍ കയറി ഇറക്കി നടത്തിക്കും. ഓരോ പ്രാവശ്യവും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയും. ഇപ്പോള്‍ കുട്ടിയെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോള്‍ തന്നെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫികറ്റ് കൃത്യമായി ഹാജരാക്കുന്നുണ്ട്. അതൊന്നും പോരാഞ്ഞിട്ട് എല്ലാ വര്‍ഷവും ഇങ്ങനെ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഓടിക്കും. അതില്‍ ഭൂരിഭാഗം ആളുകളും കൂലിപ്പണിക്കാരാണ്. അവരെയാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. അതിലൊരു രക്ഷിതാവിനെ ജാതി പറഞ്ഞു അധിക്ഷേപിക്കുകയുണ്ടായി. അതിന്‍റെ പരാതി എന്‍റെടുത്തു പറഞ്ഞിരുന്നു.” ഗീത പറയുന്നു.

"പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം ശരിയാണ്. ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങളെയെല്ലാം വിളിച്ചു വരുത്തിയിട്ട് പ്രസിഡന്‍റ് സമ്മേളനം ഉത്ഘാടനം ചെയ്‌താല്‍ മതി എന്ന് ഹെഡ്മാസ്റ്റര്‍ തീരുമാനിച്ചു. പഞ്ചായത്തിന്റെ നിര്‍വഹണ ഓഫീസര്‍ കൂടിയാണ് ഇദ്ദേഹം. പക്ഷെ ഒരു വിധ പ്രവര്‍ത്തനങ്ങളും അദ്ദേഹം അവിടെ നടത്തുന്നില്ല. ഇക്കാര്യങ്ങള്‍ കാരണം അടുത്ത വര്‍ഷം മുതല്‍ സ്കൂളില്‍ കുട്ടികള്‍ കുറയും എന്നാണ് ഞങ്ങളുടെ ഒക്കെ ഭയം. ഒരു സര്‍ക്കാര്‍ സ്കൂളിനെ തകര്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്." വാര്‍ഡ്‌ മെമ്പര്‍ സബിന്‍ പറയുന്നു.

എന്നാല്‍ താന്‍ അന്വേഷിച്ചത് ജാതി പറഞ്ഞു അപമാനിച്ചു എന്ന പരാതിയിന്മേല്‍ അല്ല എന്നും സ്കൂള്‍ പിടിഎ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയ വേറൊരു പരാതിയിന്മേല്‍ ആണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നുമാണ് വെളിയം എഇഒ പറയുന്നത്. എന്നാല്‍ പി ടി എ നല്‍കിയ പരാതി എന്താണെന്ന് വെളിപ്പെടുത്താന്‍ എ ഇ ഒ തയ്യാറായില്ല.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉമ്മന്നൂര്‍ സ്കൂളില്‍ ടെലിഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിക്കുകയുണ്ടായില്ല.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories