സയന്‍സ്/ടെക്നോളജി

ആന്‍ഡ്രോയ്ഡ് ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ പ്ലേസ്റ്റോറിലെ ‘സേവ്യര്‍’!

ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ മുഴുവനോടെ നിയന്ത്രിക്കാന്‍ തക്ക ശേഷി ഉള്ളതാണ് ഈ മാല്‍വെയര്‍

ലിഷ അന്ന

ലിഷ അന്ന

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ജൂഡി മാല്‍വെയര്‍ കണ്ടെത്തിയതിന്റെ പുക ഒന്നടങ്ങുന്നേയുള്ളൂ. അപ്പോഴേയ്ക്കും അടുത്തതെത്തി. ‘സേവ്യര്‍’ എന്നാണ് പുതിയ ഐറ്റത്തിന്റെ പേര്. ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ മുഴുവനോടെ നിയന്ത്രിക്കാന്‍ തക്ക ശേഷി ഉള്ളതാണ് ഇത്. നിലവില്‍ എണ്ണൂറോളം ആപ്ലിക്കേഷനുകളില്‍ സേവ്യറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ട്രെന്‍ഡ് മൈക്രോയുടെ ഓണ്‍ലൈന്‍ സുരക്ഷാവിഭാഗമായ ട്രെന്‍ഡ്ലാബ്സ് സെക്യൂരിറ്റി ഇന്റലിജന്‍സ് ആണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആഡ് ലൈബ്രറിയുടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് കിറ്റ് ആയാണ് ഇത് കാണുന്നത്. നിലവില്‍ ആയിരക്കണക്കിന് ഡിവൈസുകളില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു എന്നാണ് കാണിക്കുന്നത്. പല തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇത് ഫോണിലേയ്ക്കും ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്.

വിയറ്റ്‌നാമിലാണ് നിലവില്‍ ഇതിന്റെ ഡൗണ്‍ലോഡ് ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. യുഎസ് ,യൂറോപ്പ് തുടങ്ങിയ ഇടങ്ങളില്‍ പൊതുവേ ഡൗണ്‍ലോഡ് കുറവായിട്ടാണ് കാണുന്നത്.

സേവ്യര്‍ അപകടകാരി

മുമ്പ് കണ്ടെത്തിയ ജൂഡിയേക്കാള്‍ അപകടകാരിയാണ് സേവ്യര്‍ മാല്‍വെയര്‍. ഫോണിന്റെ ഉടമ അറിയാതെ പെയ്ഡ് പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുകയാണ് ഇതിന്റെ പ്രധാന പരിപാടി. കൂടാതെ അനാവശ്യ കോഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വിദൂരത്തിരുന്നു ഫോണ്‍ നിയന്ത്രിക്കുക തുടങ്ങിയ കലാപരിപാടികളുമുണ്ട്. നിലവില്‍ ഈ മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ എടുത്തു കളഞ്ഞിട്ടുണ്ട്.

സ്വയം സംരക്ഷിത സംവിധാനം ഉള്ളതിനാല്‍ ഈ മാല്‍വെയറിനെ കണ്ടെത്തുക അത്ര എളുപ്പമല്ല. സ്റ്റാറ്റിക്, ഡൈനാമിക് അനാലിസിസുകളില്‍ ഇവ പിടി കൊടുക്കാതെ ഒളിച്ചിരിക്കും. എന്ന് മാത്രമല്ല, മറ്റു മാല്‍വെയര്‍ കോഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യും.

നാല്‍പ്പതു ആപ്ലിക്കേഷനുകളില്‍ ആണ് ജൂഡിയുടെ സാന്നിധ്യം കണ്ടെത്തിയത്. 36.5 മില്ല്യന്‍ ഡിവൈസുകളില്‍ ഈ മാല്‍വെയറുകള്‍ കയറിപ്പറ്റിയിട്ടുണ്ടായിരുന്നു. എന്നാല്‍ എണ്ണൂറു ആപ്പുകളില്‍ വരെ കയറിയ സേവ്യര്‍ മാല്‍വെയര്‍ വളരെ അപകടകാരിയാണ്.

ഫോണില്‍ ‘സേവ്യര്‍’ കയറാതെ സംരക്ഷിക്കാം

1. ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍ എപ്പോഴും അപ്ഡേറ്റ് ചെയ്തു സൂക്ഷിക്കുക

2. ഫോണിലെ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ മാല്‍വെയര്‍ പ്രൊട്ടക്ഷനും ഇന്റര്‍നെറ്റ് സുരക്ഷയും നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുക

3. അറിയാത്ത അഡ്രസുകളില്‍ നിന്നുള്ള മെയിലുകള്‍ കഴിവതും തുറക്കാതിരിക്കുക.

4. പരിചയമില്ലാത്ത പബ്ലിഷര്‍മാരില്‍ നിന്നുള്ള പ്ലഗ്ഗിനുകള്‍, ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.

5. ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പെ ആപ്ലിക്കേഷന്‍ വിവരങ്ങളും ഉപയോഗിച്ചവരുടെ അഭിപ്രായങ്ങളും പൂര്‍ണമായും വായിക്കുക. ആപ്ലിക്കേഷന്‍ ഉണ്ടാക്കിയ കമ്പനിയെക്കുറിച്ച് മോശം അഭിപ്രായങ്ങളോ മുന്‍കാലത്ത് തട്ടിപ്പുകള്‍ കാണിച്ച ചരിത്രമോ ഒന്നും ഇല്ലെന്നു ഉറപ്പുവരുത്തുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ലിഷ അന്ന

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍