TopTop

രാമാനുജന്റെയും സലാമിന്റെയും ശാസ്ത്രബുദ്ധിക്ക് പിന്നില്‍ 'ദൈവികശക്തി'ക്ക് എന്തെങ്കിലും പങ്കുണ്ടോ?

രാമാനുജന്റെയും സലാമിന്റെയും ശാസ്ത്രബുദ്ധിക്ക് പിന്നില്‍
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചിരപ്രതിഷ്ഠ നേടിയ രണ്ട് പേര്‍ക്കും പൊതുവായി ഉണ്ടായിരുന്ന പ്രധാനപ്പെട്ട ഒന്ന് ഇരുവരും തങ്ങളുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ദൈവികശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നവരായിരുന്നു എന്നതാണ്. ഇക്കാര്യത്തെ വിശകലനം ചെയ്തുകൊണ്ട് പാക്കിസ്ഥാനിലെ ന്യൂക്ലിയര്‍ ഫിസിസ്റ്റും അറിയപ്പെടുന്ന ആക്റ്റിവിസ്റ്റുമായ പര്‍വേസ് അമീറലി ഹൂഡ്ബോയ്‌, 'ദി ഡോണി'ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

ലോകത്തിന്റെ ഏതാണ്ട് ഒരേ കോണിൽ 20-ആം നൂറ്റാണ്ടിൽ ജനിച്ച രണ്ട് മഹാ മനീഷികളായിരുന്നു ശ്രീനിവാസൻ രാമാനുജനും (1887- 1920), മുഹമ്മദ് അബ്ദുൾ സലാമും (1926- 1996). തീർത്തും സാധാരണമായ സാഹചര്യങ്ങളിൽ ജനിച്ച് സാമാന്യ വിദ്യാഭ്യാസം നേടി ഇരുവരും  സൈദ്ധാന്തിക ശാസ്ത്രത്തിന്റെ നിഗൂഢ ലോകത്ത് വിഭ്രമാത്മകമായ ഉയരങ്ങൾ താണ്ടുകയായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഈ വിധത്തിൽ ചിരപ്രതിഷ്ഠ നേടിയവർ മറ്റധികം പേരില്ല തന്നെ.


ഇരുവരും തങ്ങളുടെ പ്രവർത്തനങ്ങളെ സമർപ്പണം ചെയ്തിട്ടുള്ളത് ഏതോ ദൈവിക ശക്തികൾക്കാണ്. കടുത്ത ഭക്തരിൽ ചില ഈ പ്രവർത്തിയെ വിലയിരുത്തുന്നത് താന്താങ്ങളുടെ വിശ്വാസങ്ങൾക്കുള്ള സാധുതയായാണ്. ഈ വിഷയത്തെയാണ് ഞാനിവിടെ പ്രതിപാദനവിധേയമാക്കുന്നതും. പ്രത്യേകിച്ച് ഇന്ത്യയിൽ ഹിന്ദുത്വ ശക്തികളും പാക്കിസ്ഥാനിൽ അഹമ്മദിയകളുടെ വിധ്വംസക വൃത്തികളും അരങ്ങേറുന്ന പശ്ചാത്തലത്തിൽ ഈ അവകാശവാദങ്ങൾക്ക് സവിശേഷ പ്രസക്തി കൈവരുന്നുണ്ട്. അതിനാൽ തന്നെ സൂക്ഷ്മവും നിഷ്പക്ഷവുമായ വിശകലനം ആവശ്യമാവുകയും ചെയ്യുന്നു.


രാമനുജന്റേതിനെക്കാൾ കാല്പനിക സുന്ദരമായ കഥ മറ്റൊരു ഗണിത ശാസ്ത്രജ്ഞനും ഉണ്ടാവുകയില്ല. അതിനാൽ തന്നെ നിരവധി പുസ്തകങ്ങൾ, നാടകങ്ങൾ, 'ദ് മാൻ ഹൂ ന്യൂ ഇൻഫിനിറ്റി' (2015) പോലുള്ള സിനിമകൾ എന്നിവ ഈ ദുർഗ്രാഹ്യ വ്യക്തിത്വത്തെ അടിസ്ഥാനമാക്കി വരികയുണ്ടായി. ആഴത്തിലുള്ള അന്തർജ്ഞാനത്തിലൂന്നി സംഖ്യകളെയും, അവയുടെ വർത്തുള  പ്രകൃതത്തെയും, അനന്ത ശ്രേണിയേയും കുറിച്ച് സിദ്ധാന്തങ്ങൾ  രൂപീകരിച്ചു. ഗണിത ശാസ്ത്ര വിശാരദരായ പണ്ഡിതർക്കു പോലും വർഷങ്ങൾ വേണ്ടി വന്നും രാമാനുജന്റെ സങ്കീർണ ആശയങ്ങൾ ഗ്രഹിക്കുവാൻ.


മദിരാശിയിലെ ഒരു ഇടത്തരം ഉദ്യോഗസ്ഥ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച രാമാനുജൻ ആചാരവിശ്വാസങ്ങളുടെ നിഷ്ഠാപൂർണ്ണമായ ജീവിതത്തിലേക്കാണ് ബന്ധിപ്പിക്കപ്പെട്ടത്, ക്ഷേത്രാചാരങ്ങൾ പാലിച്ച്, ഭക്തി കീർത്തനങ്ങൾ ഉരുവിട്ട്, ശുദ്ധ വെജിറ്റേറിയനായാണ് രാമാനുജന്റെ ബാല്യം കടന്നു പോയത്. എന്നാൽ 12-ആം വയസ്സിൽ തന്നെ രാമാനുജൻ പോയ നൂറ്റാണ്ടിലെ യൂറോപ്യൻ ഗണിത ശാസ്ത്രജ്ഞരുടെ സ്ഥാപിതമായ കണ്ടെത്തലുകളെ വിലക്ഷണമാം വിധം അനുകരിച്ച് ക്ലിഷ്ടങ്ങളായ തിയറങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങി. കണക്കിലൊഴികെ മറ്റ് വിഷയങ്ങളിൽ ഒന്നും താത്പര്യം തോന്നാതിരുന്ന രാമാനുജന് രണ്ട് തവണ കോളേജിൽ നിന്ന്  പുറത്താകേണ്ടിയും വന്നു. ആകെ അമ്പരപ്പിലായ അധ്യാപകർ രാമാനുജൻ ശരിക്കും ഒരു പ്രതിഭയോ അതോ തട്ടിപ്പുകാരനോ എന്ന് തിരിച്ചറിയാനാകാതെ കുഴങ്ങി.


16-ആം വയസ്സിൽ അധ്യാപകരുടെ പ്രേരണയെ തുടർന്ന് അക്കാലത്ത് പ്രശസ്തനായിരുന്ന കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജി.ഡബ്ല്യൂ ഹാർഡി എന്ന ഗണിതശാസ്ത്രജ്ഞന് കത്തെഴുതി. ഒൻപത് പേജുകളിലായി എഴുതി നിറച്ച തിയറങ്ങളും ഒപ്പമുണ്ടായിരുന്നു. ഹാർഡി ഈ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ട് രാമാനുജനെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു. ജ്യോതിഷ നിലകൾ പരിശോധിച്ച് കുടുംബ ദേവതയായ നാമഗിരി ദേവതയോട് അനുവാദം വാങ്ങി രാമാനുജൻ വിദേശയാത്രക്ക് അനുമതി തേടി.


32-ആം വയസ്സിൽ അദ്ദേഹം മരിച്ചു. അപ്പോഴേക്കും ഇംഗ്ലണ്ടിലെ മഞ്ഞുകാലാവസ്ഥയും, അർദ്ധപട്ടിണിയും മൂലം ആകെ പരിക്ഷീണതനായി രാമാനുജൻ മദ്രാസിലേക്ക് മടങ്ങി കഴിഞ്ഞിരുന്നു. മരണശയ്യയിലും അദ്ദേഹത്തിന്റെ പേന അതിശയിപ്പിക്കുന്ന ഫലങ്ങൾ കണ്ടെത്തി കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. ഒരു നൂറ്റാണ്ടിനു ശേഷവും ഇവയിൽ പലതും മഹാ മനീഷികളായ ഗണിത ശാസ്ത്രജ്ഞരെയും, സൈദ്ധാന്തികരെയും കുഴയ്ക്കുന്നവയാണ്. രാമാനുജൻ തന്റെ അനിതരസാധാരണമായ കഴിവുകളൊക്കെയും സമർപ്പിച്ചത് നാമഗിരി ദേവിക്കാണ്, തനിക്ക് ഉണ്ടായ ദിവ്യ ദർശനങ്ങളിൽ ദേവി തന്നിലേക്ക് മന്ത്രിച്ചതാണത്രേ ഈ സമവാക്യങ്ങൾ. ചിലതൊക്കെ "ദേവി എന്റെ നാവിലെഴുതുകയായിരുന്നു" എന്നദ്ദേഹം പറയുമായിരുന്നു. "ദൈവിക ചിന്തകളുടെ പ്രതിഫലനമില്ലാത്ത ഏത് സമവാക്യവും എന്നെ സംബന്ധിച്ച് നിരർത്ഥകമാണ്" എന്ന് രാമാനുജൻ സഹപ്രവർത്തകരോട് തുറന്ന് പറഞ്ഞു.


ഈ വിധമാണ്  രാമാനുജൻ കാര്യങ്ങളെ വീക്ഷിച്ചത്. പക്ഷേ അദ്ദേഹത്തെക്കാളും ഉയരത്തിൽ നിലകൊള്ളുന്ന യൂളർ, ബെർണൌലി, ഗാസ്, കാന്റർ, ഹിൽബർട്ട്, ഗോഡ്ല് തുടങ്ങിയ അബ്രാഹ്മണരായ ഗണിത ശാസ്ത്രജ്ഞരെ എങ്ങനെ വിശദീകരിക്കാനാകും? ആധുനിക ഗണിതശാസ്ത്രം രാമാനുജനെക്കാളും കടപ്പെട്ടിട്ടുള്ളത് ഈയുള്ളവരോടാണ്. ഇവരിൽ  ചിലർ തികഞ്ഞ കത്തോലിക്കരും ചിലർ അവിശ്വസികളും നിരീശ്വരവാദികളും ആയിരുന്നു. ഇവരുടെ കർതൃത്ത്വങ്ങളെ എങ്ങനെ വിശദീകരിക്കുമെന്ന് ആർക്കറിയാം!


20 വർഷങ്ങൾക്കു മുന്നേ സങ്കീർണ്ണമായ ഒരു ഗണിത പ്രശ്നത്തിന് രാമാനുജൻ കണ്ടെത്തിയ ഉത്തരത്തേക്കാൾ ലളിതമായ പരിഹാരം അവതരിപ്പിച്ചു കൊണ്ടാണ് തന്റെ 19-മത്തെ വയസ്സിൽ ലാഹോറിലെ ഗവണ്മെന്റ് കോളെജിൽ അബ്ദുസ് സലാം തന്റെ ആദ്യ പേപ്പർ അവതരിപ്പിക്കുന്നത്. "അദ്ദേഹത്തിന്റെ (രാമാനുജന്റെ) സൊല്യൂഷൻ കൂടുതൽ ദുഷ്ക്കരമാണ്" എന്ന് വിജയകരമായി പ്രഖ്യാപിച്ച് കൊണ്ടാണ് അബ്ദുസ് സലാം തന്റെ പേപ്പർ അവതരണം പരിസമാപിപ്പിച്ചത്.


ഗണിത ലോകത്തേക്കുള്ള സലാമിന്റെ അരങ്ങേറ്റം ഇങ്ങനെയായിരുന്നു. ലാഹോറിനടുത്ത് ചാംഗ് നഗരത്തിൽ കടുത്ത മതനിഷ്ഠയുള്ള കുടുംബത്തിൽ ജനിച്ച സലാം ബാല്യത്തിൽ തന്നെ അതിവേഗം ഗണിതത്തിൽ തന്റെ അധ്യാപകരെ കടത്തിവെട്ടി. ഭാഗ്യവശാൽ അവർ അസൂയാലുക്കളായിരുന്നില്ല, പകരം അവർ അവനെ ലാഹോറിലേക്ക് നീങ്ങുവാൻ സഹായിച്ചു. പിന്നീട് അദ്ദേഹം കേംബ്രിഡ്ജിലെത്തി പ്രസിദ്ധിയാർജ്ജിച്ചു. 1960 ആകുമ്പോഴേക്കും അദ്ദേഹം പാർട്ടിക്കിൾ ഫിസിക്സിൽ ലോകത്തെ സമുന്നത ശാസ്ത്രജ്ഞനായി തീരുകയും, 1979-ൽ നോബൽ പുരസ്ക്കാരമുൾപ്പടെ 29 അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.


അവസാന നാളുകളിൽ അദ്ദേഹം പ്രിന്റിലും, ക്യാമറകളിലുമായി റെക്കോർഡ് ചെയ്യപ്പെട്ട അനവധി അഭിമുഖങ്ങളും പ്രഭാഷണങ്ങളും നടത്തുകയുണ്ടായി, ഇവയിലൊക്കെയും തന്നിലെ ചോദനക്ക് ആധാരമായി അദ്ദേഹം ഉയർത്തിക്കാട്ടിയത് തന്റെ മതവിശ്വാസത്തെ ആയിരുന്നു. പ്രപഞ്ചത്തിലെ ആധാര ശക്തികളെ ഏകോപിപ്പിക്കുവാനും മൌലിക കണങ്ങളെ അന്വേഷിക്കുവാനും തനിക്ക് പ്രേരണയായത് ഏക ദൈവ സങ്കല്പമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.


എന്നെക്കാൾ ഉന്നതനും സീനിയറുമായ ഒരാളുമായി ഇത്തരം സെൻസിറ്റീവ് ആയ കാര്യങ്ങളിൽ സംവാദത്തിലെർപ്പെടുക എന്നത് എന്നെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള ഒന്നായിരുന്നു. എങ്കിലും, 1986-ൽ ഒരിക്കൽ ധൈര്യം സംഭരിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, തികഞ്ഞ വിശ്വാസി ആയ അദ്ദേഹവും അറിയപ്പെടുന്ന നാസ്തികനായ സ്റ്റീവൻ വെയിൻബെർഗ്ഗും, താന്താങ്ങളുടെ സ്വന്തം നിലയ്ക്ക് പ്രപഞ്ചത്തിലെ നാല് ആധാര ശക്തികളിൽ രണ്ടെണ്ണത്തെ ഏകോപിപ്പിക്കാൻ നടത്തിയ പരിശ്രമങ്ങൾ രണ്ടും എത്തിച്ചേർന്നത് ഒരേ നിഗമനത്തിലാണ്. എങ്ങനെ?


ഈ ചോദ്യത്തിന് സലാം മറുപടി നൽകിയത് ഇസ്ലാമിനെയും ശാസ്ത്രത്തെയും കുറിച്ചുള്ള എന്റെ പുസ്തകത്തിന് അദ്ദേഹം എഴുതിയ അവതാരികയിലാണ്, "ഇദ്ദേഹത്തിന്റെ (ഹുഡ്ബോയ്) വാദങ്ങൾ വാസ്തവമാണെന്ന് എനിക്ക് പറയുവാൻ കഴിയും" എന്ന് പറഞ്ഞ ശേഷം ഏകീകരണ മാതൃകയോടുള്ള അദ്ദേഹത്തിന്റെ പക്ഷപാതം സ്വന്തം മതചിന്തയുടെ അബോധപ്രേരണയാൽ മാത്രം ഉരുവപ്പെട്ടതാണെന്ന് അദ്ദേഹം തുടർന്ന് വ്യക്തമാക്കുകയും ചെയ്തു.


സലാം തന്റെ കണ്ടെത്തലുകൾക്ക് ഉപകരണമാക്കിയത് വെയിബെർഗിനെ പോലെ തന്നെ പ്രധാനമായും ക്വാണ്ടം മെക്കാനിക്സും, ആപേക്ഷികതാ സിദ്ധാന്തവുമായിരുന്നെന്നും, മറ്റ് ഭൌതിക ശാസ്ത്രജ്ഞന്മാരെ പോലെ (ഒരു പക്ഷേ അവരിൽ പലരെക്കാളും ഭംഗിയായി) ഭൌതിക ശാസ്ത്ര രീതികളുമായിരുന്നു എന്നതിൽ സംശയമൊന്നുമില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം സലാമും വെയിൻബെർഗും ഫിസിക്സിലെ രണ്ട് മഹാപ്രതിഭകളായിരുന്നെങ്കിലും ഐൻസ്റ്റീൻ, പോളി, ഡയാർക്ക്, വീലർ, ഫെനിമാൻ തുടങ്ങിയ മഹാരഥന്മാരുടെ ചുമലേറിയാണ് അവർ നിലകൊണ്ടത് എന്ന യാഥാർത്ഥ്യമാണ്, ഈ പറഞ്ഞ മഹാരഥരാകട്ടെ വ്യത്യസ്ത ജീവിത ദർശനങ്ങളും നിലപാടുകളും പുലർത്തുന്നവരും.


സലാം തന്റെ കണ്ടെത്തലുകളുടെയെല്ലാം ചോദനയായി കണ്ടത് തന്റെ മതവിശ്വാസത്തെയെങ്കിൽ, രാമാനുജനെ സംബന്ധിച്ചിടത്തോളം അവയൊക്കെയും ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലാണെന്ന് അവകാശപ്പെട്ടു. ഈ അവകാശവാദങ്ങളെ തെളിയിക്കാനോ നിരാകരിക്കുവാനോ ഒരിക്കലും സാധ്യമല്ല തന്നെ. സലാം സ്വയം ഒരു മുസ്ലിം ആയി സങ്കല്പിക്കുമ്പോഴും പാക്കിസ്ഥാനിലെ നിയമപ്രകാരം അദ്ദേഹം മുസ്ലീം ആകുന്നില്ല എന്നതും ഇവിടെ അസംഗതമാകും.


തീവ്രമായ ശാസ്ത്ര ശിക്ഷണങ്ങളില്ലാതെ പ്രതിഭാ‍ശാലിത്വം എങ്ങനെ ഫലപ്രാപ്തിയിലെത്തുമെമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. രാമനുജന്റെയും സലാമിന്റെയും വിജയങ്ങൾക്ക് രണ്ട് വിശദീകരണങ്ങൾ നൽകാനാകും. ഒന്ന്, അപൂർവ്വം വ്യക്തിത്വങ്ങളിൽ നൈസർഗ്ഗികവും അതിശയാവഹവുമായ ഗണിതശേഷി പ്രകൃതി തന്നെ കനിഞ്ഞ് നൽകുന്നു. ഇത് പാരീറ്റൽ ലോബിലെ (മസ്തിഷ്ക്ക ഭാഗം) സർക്ക്യൂട്ടുകളോട് ബന്ധപ്പെട്ടതും ജനിതകപരമായി ആർജ്ജിക്കുന്നതുമാകുന്നു. രണ്ടാമത്തേത് ഭാഗ്യമാണ്, തങ്ങളുടെ ബൌദ്ധിക പ്രതിഭയക്ക് പൂത്തുലയാൻ സാധിക്കുന്ന കേംബ്രിഡ്ജിന്റെ അക്കാദമിക്ക് മണ്ണിലേക്ക് പറിച്ചു നടപ്പെട്ടത് രാമാനുജനും സലാമിനും സിദ്ധിച്ച ഭാഗ്യമാകുന്നു. ഇരുവരിൽ ആരെങ്കിലും നാട്ടിൽ തുടർന്നിരുന്നെവെങ്കിൽ ആ പേര് ഇന്നും അപ്രശസ്തമായേനെ.


സ്വവംശജരുടെ പ്രതിഭയിൽ ഊറ്റം കൊള്ളുക എന്നത് മനുഷ്യ സഹജമായ ഒന്നാണ്. പൌരാണികങ്ങളായ ചൈനീസ്, ഇന്ത്യൻ, ഗ്രീക്ക്, അറബിക്ക് നാഗരികതകളും, ആധുനിക യൂറോപ്പ്യൻ നാഗരികതയും ഒന്ന് മറ്റൊന്നിനെക്കാൾ ഉത്കൃഷ്ടത അവകാശപ്പെടുന്നത് അവരിൽ നിന്നും മുള പൊട്ടിയ മഹാ മനീഷകളുടെ പേരിലാണല്ലോ! എന്നാൽ വാസ്തവത്തിൽ ഒരു വ്യക്തിയുടെ അസാധാരണ പ്രതിഭയും അനുകൂല സാഹചര്യങ്ങളും ഒന്നു ചേരുമ്പോളാണ് അത് സംഭവിക്കുന്നത്, അതല്ലാതെ മറ്റേതെങ്കിലും അഭൌമ ഇടപെടൽ നിമിത്തമല്ല. ചോദനകളുടെ ഉറവിടങ്ങൾ വിഭിന്നങ്ങളാകാം, പക്ഷേ പ്രായോഗികവും യുക്തിയുക്തവുമായ അനുമാനത്തിലൂടെ രൂപപ്പെടുന്ന നിഗമനങ്ങൾ വിഭിന്നമാകുകയില്ല. ശാസ്ത്രവും ശാസ്ത്രലോകത്തെ നായകരും മുഴുവൻ മനുഷ്യരാശിക്കും സ്വന്തമാണ് ഏതെങ്കിലും ഒരു വംശത്തിനല്ല.


http://www.azhimukham.com/opinion-doomsday-clock-and-armageddon-by-da-ly/

Next Story

Related Stories