UPDATES

സയന്‍സ്/ടെക്നോളജി

മുപ്പത് വര്‍ഷത്തെ വാറ്റല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ചെര്‍ണോബില്‍ വോഡ്ക; അണുവികിരണം ഒട്ടുമുണ്ടാകില്ലെന്ന് ശാസ്ത്രജ്ഞരുടെ ഉറപ്പ്

ആള്‍താമസമില്ലാത്ത ചെര്‍ണോബിലിന്‍റെ പരിസര പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വിവിധ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്‌ത്രജ്ഞരുടെ സംഘമാണ് പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്

ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമായാണ് റഷ്യയില്‍ സംഭവിച്ച ചെര്‍ണോബില്‍ സ്ഫോടനത്തെ കണക്കാക്കുന്നത്. 1986 ഏപ്രില്‍ 26-ലെ രാത്രിയിലാണ് ആണവനിലയങ്ങളില്‍ ഒന്ന് പൊട്ടിത്തെറിക്കുന്നത്. റിയാക്ടറിലെ 2000 ടൺ ഭാരമുള്ള ഉരുക്കു കവചം തകര്‍ത്ത് റേഡിയോ ആക്റ്റീവ് പദാർഥങ്ങൾ ആകാശത്ത് ഒരു കിലോമീറ്റർ ഉയരത്തിലേക്ക് ചീറ്റിത്തെറിച്ചു. എല്ലാം ചാരമായി. സകല ജീവജാലങ്ങളും അണുപ്രസരണമേറ്റ് മരിച്ചുവീഴാന്‍ തുടങ്ങി. പ്രിപ്യാറ്റിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു. പിന്നീടങ്ങോട്ട് പോകാന്‍ എല്ലാവരും ഭയപ്പെട്ടു. ആ പ്രദേശം ഒരു പ്രേത രാജ്യംപോലെയായി. എന്നാലിപ്പോള്‍ സന്തോഷത്തിന്‍റെ ‘ലഹരി’ പകരുന്ന വാര്‍ത്തകളാണ് ചെര്‍ണോബിലില്‍നിന്നും പുറത്തു വരുന്നത്.

പഴയ റിയാക്റ്റർ കോംപ്ലക്സിനു ചുറ്റുമുള്ള ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളിലെ ധാന്യവും വെള്ളവും ഉപയോഗിച്ച് ‘ആറ്റോമിക് വോഡ്ക’ നിര്‍മ്മിച്ചിരിക്കുകയാണ് ഗവേഷകര്‍. ദുരന്തത്തിനു ശേഷം ഈ പ്രദേശത്തുനിന്നും പുറത്തുവരുന്ന ആദ്യത്തെ ഉപഭോക്തൃ ഉൽ‌പന്നമാണിത്!. ആവശ്യത്തിനു ധാന്യങ്ങള്‍ വിളയിക്കാന്‍ പാകത്തിന് ചെര്‍ണോബില്‍ പ്രദേശത്ത് ചെറിയൊരു ഫാം തുടങ്ങിയാണ് ഗവേഷകസംഘം വോഡ്ക പദ്ധതി ആരംഭിച്ചത്.

ആള്‍താമസമില്ലാത്ത ചെര്‍ണോബിലിന്‍റെ പരിസര പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വിവിധ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്‌ത്രജ്ഞരുടെ സംഘമാണ് പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഭൂമിയെ അതിന്‍റെ സാധാരണനിലെയിലേക്ക് എങ്ങിനെ തിരിച്ചുകൊണ്ടുവരാമെന്നാണ് അവര്‍ പ്രധാനമായും അന്വേഷിക്കുന്നത്. അതിന്‍റെ ഏറ്റവും പ്രാരംഭ പദ്ധതിമാത്രമാണിത്. ദുരന്തംമൂലം വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയ ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് ‘ആർറ്റസൻ വോഡ്ക’ വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം ഉപയോഗിക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

‘നമ്മളെന്തു വാറ്റിയാലും അതിലടങ്ങിയിരിക്കുന്ന എല്ലാ അശുദ്ധമായ സംഗതികളും മാലിന്യങ്ങളുടെ കൂടെ ഒഴിവാക്കപ്പെടുമെന്ന് ഏതൊരു രസതന്ത്രജ്ഞനോട്‌ ചോദിച്ചാലും മനസ്സിലാക്കിത്തരും. മികച്ച റേഡിയോ അനലിറ്റിക്കൽ ലബോറട്ടറിയുള്ള സതാംപ്ടൺ സർവകലാശാലയിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് ഈ വോഡ്കയില്‍ എന്തെങ്കിലും റേഡിയോ ആക്റ്റിവിറ്റി കണ്ടെത്താൻ കഴിയുമോയെന്ന് ചോദിച്ചിരുന്നു. നിരവധി പരീക്ഷണങ്ങള്‍ നടത്തിനോക്കിയ അവര്‍ക്ക് യാതൊന്നും കണ്ടെത്താനായില്ല’- യുകെയിലെ പോർട്സ്മൌത്ത് സർവകലാശാലയിൽ നിന്നുള്ള പ്രൊഫസര്‍ ജിം സ്മിത്ത് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍