UPDATES

സയന്‍സ്/ടെക്നോളജി

ചന്ദ്രനിലേക്ക് പോകുന്ന വഴി ഭൂമിയ്‌ക്കൊപ്പം ഒരു സെൽഫി

ഭൂമിയിൽ നിന്നും 23 364 മൈൽ അകലെ നിന്നെടുത്ത ഈ സെൽഫിയിൽ ഇസ്രായേൽ ഫ്ലാഗ് പതിപ്പിച്ച പ്ലക്കാർഡിൽ എഴുതപ്പെട്ട വാചകം ഇങ്ങനെയാണ്- “ചെറിയ രാജ്യം വലിയ സ്വപ്‌നങ്ങൾ”.

മുഴുവൻ ഭൂമിയും ഒരുമിച്ച് കിട്ടുന്ന ഒരു സെൽഫിയെടുക്കാൻ കൊതിച്ചിട്ടുണ്ടോ? ഇസ്രായേൽ പോലൊരു “ചെറിയ” രാജ്യം കണ്ട “വലിയ” സ്വപ്നമായിരുന്നു അങ്ങനെയൊരു സെൽഫിയും ചന്ദ്രനിലേക്കുള്ള പ്രയാണവും. ചന്ദ്രനെ കീഴടക്കാൻ പുറപ്പെട്ട ഇസ്രായേൽ ദൗത്യം  സ്പേസ് X ന്റെ   “ബെയർ ഷീറ്റ്” എന്ന റോബോട്ട് ഭൂമിയ്‌ക്കൊപ്പം നിന്ന് എടുത്ത സെൽഫിയാണ് ഇപ്പോൾ തരംഗമാകുന്നത്. ഭൂമിയിൽ നിന്നും 23 364 മൈൽ അകലെ നിന്നെടുത്ത ഈ സെൽഫിയിൽ ഇസ്രായേൽ ഫ്ലാഗ് പതിപ്പിച്ച പ്ലക്കാർഡിൽ എഴുതപ്പെട്ട വാചകം ഇങ്ങനെയാണ്- “ചെറിയ രാജ്യം വലിയ സ്വപ്‌നങ്ങൾ”.

ബൈബിളിന്റെ ആദ്യ പേജുകളിലുള്ള “ബെയർഷീറ്റ്” എന്ന  ഹീബ്രു വാക്കിന്റെ അർഥം ആരംഭം, ആരംഭിക്കുക എന്നൊക്കെയാണ്.   100  മില്യൺ ഡോളറിന്റെ പദ്ധതിയായ ഈ ദൗത്യം ഇസ്രായേലിലെ സ്‌പേസ് IL എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. ഏപ്രിൽ 11 നു വിചാരിച്ചതുപോലെ തന്നെ ബെയർഷീറ്റ് ചന്ദ്രനെ തൊട്ടാൽ ചാന്ദ്രദൗത്യത്തിൽ പരിപൂർണ്ണ വിജയം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇസ്രായേൽ മാറും. ഈ വലിയ ലക്‌ഷ്യം കൈവരിക്കാനായി ഇനിയും  239, 000 മൈൽ ദൂരം കൂടി ബെയർഷീറ്റ് സഞ്ചരിക്കേണ്ടതുണ്ട്. “അമേരിക്ക, റഷ്യ, ചൈന, മുതലായ വൻ ശക്തികൾക്ക് മാത്രമല്ല ആറോ എട്ടോ മില്യൺ ആളുകൾ മാത്രമുള്ള ഇസ്രേയേൽ പോലുള്ള ഒരു ചെറിയ രാജ്യത്തിനും ഇത്തരം വലിയ സ്വപ്‌നങ്ങൾ കാണാനും അത് സാക്ഷാത്കരിക്കാനും കഴിയണം എന്ന താല്പര്യമായിരുന്നു ഈ പദ്ധതിയ്ക്ക് പിന്നിൽ”. ദൗത്യത്തിന് സാമ്പത്തികസഹായം ചെയ്ത മോറിസ് കാൺ ബിസിനസ്സ് ഇൻസൈഡറിനോട് പറയുന്നു.

പല പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്തുകൊണ്ടാണ് ബെയർഷീറ്റ്  ഇത് വരെ എത്തിയത്. ആരംഭത്തിൽ തന്നെയുണ്ടായ ഒരു കംപ്യൂട്ടർ എറർ ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയൊക്കെ ആദ്യഘട്ടത്തിൽ നിരാശപ്പെടുത്തിയത്.  എൻജിൻ പ്രവർത്തന രഹിതമാകുന്നതിനു മുൻപ് റീബൂട്ട് ചെയ്ത് സമയബന്ധിതമായിത്തന്നെ പ്രശ്നം  തന്നെ പരിഹരിച്ചുകൊണ്ടാണ് ഇത് പ്രയാണം തുടരുന്നത്. പുറപ്പെട്ട് രണ്ടാഴ്ച കഴിയുമ്പോഴാണ് വഴിവക്കിൽ നിന്നുള്ള ഈ ഭൂമിയുമൊത്തുള്ള സെൽഫി.  ഇത് പോലൊരു വലിയ യജ്ഞത്തിന്റെ തുടക്കത്തിൽ ഇത്തരം ചില ബാലാരിഷ്ടതകളൊക്കെ സ്വാഭാവികമാണെന്നും അതിലൊന്നും തളരാതെ നമ്മൾ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നുമാണ് ബെയർ ഷീറ്റ് മിഷനിലുണ്ടായിരുന്ന ഓഫർ ഡോറോൺ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍