TopTop
Begin typing your search above and press return to search.

കേരളത്തിലെ വെള്ളപ്പൊക്കം: ഒരു കാലാവസ്ഥാ ശാസ്ത്ര അവലോകനം

കേരളത്തിലെ വെള്ളപ്പൊക്കം: ഒരു കാലാവസ്ഥാ ശാസ്ത്ര അവലോകനം

കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തില്‍ ഉള്ള ഒരു വെള്ളപ്പൊക്കത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ സാക്ഷ്യം വഹിച്ചത്. കണക്കുകള്‍ പറയുന്നത് ഓഗസ്റ്റ്‌ 8-15 വരെ കേരളത്തില്‍ കിട്ടിയ മഴയുടെ അളവ് വച്ച് നോക്കുമ്പോള്‍ ശരാശരിയില്‍ നിന്നും 3.5 മടങ്ങ്‌ കൂടുതല്‍ ആണ് പെയ്തിരിക്കുന്നത്. ഇത് മൊത്തം കേരളത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ ജില്ല തിരിച്ചു നോക്കുമ്പോള്‍ കാര്യങ്ങള്‍ ഇതിലും ഭീകരം ആണ്. സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്ന് ഓഗസ്റ്റ്‌ പതിനാറിന് മാത്രം കേരളത്തില്‍ പെയ്ത മഴയുടെ അളവ് 137 mm ആണ്. ആ ദിവസത്തെ മഴയുടെ ശരാശരിയുടെ പത്തു മടങ്ങാണ് ഇത് എന്നത് ഞെട്ടിക്കുന്നതാണ്.

ഏകദേശം രണ്ട് ദിവസത്തോളം അതായത് ഓഗസ്റ്റ്‌ പതിനഞ്ചിനും പതിനാറിനും കേരളം മുഴുവന്‍ ചുവന്ന ചായം കോറിയിട്ട പോലെ ആയിരുന്നു കാലാവസ്ഥ വകുപ്പിന്റെ മഴ ഭൂപടം കാണിച്ചിരുന്നത്. ചുവപ്പ് നിറം എന്നത് അതി ഭയങ്കര മഴയെ ആണ് സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച മാത്രം ആറു ജില്ലകളില്‍ ശരാശരിയുടെ പത്ത് മടങ്ങ്‌ മഴ ആണ് ലഭിച്ചത്. ഇടുക്കി ജില്ലയില്‍ മാത്രം 266 mm മഴ ലഭിച്ചു. ഓഗസ്റ്റ്‌ 7 നും 13 നും അടുപ്പിച്ചു ഒറീസയുടെ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ആണ് ഈ ശക്തിയായ മഴക്ക് കാരണം ആയി വിലയിരുത്തുന്നത്. പതിമൂന്നിനുണ്ടായ ന്യൂന മര്‍ദം പിന്നീട് അതി ന്യൂന മര്‍ദം ആയി ശക്തി പ്രാപിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കാലാവസ്ഥാ വകുപ്പ് കേരളം ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളില്‍ അതിശക്തിയായ മഴ പ്രവചിക്കുകയും ഉണ്ടായി. താരതമ്യേന ഇതൊന്നും കാര്യം ആയി എടുക്കാത്ത നമ്മള്‍ ഇതിനെയും പതിവ് പോലെ പുച്ചിച്ചു തള്ളിക്കാണണം.

എന്തുകൊണ്ടാണ് ഇത്രക്കും ഭയങ്കരമായ മഴ ഒറ്റ ദിവസം കൊണ്ടൊക്കെ പെയ്യുന്നത് ?

കാലാവസ്ഥാ വ്യതിയാനം മൂലം അതിതീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉടലെടുക്കും എന്നുള്ളത് IPCC യുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാവുന്ന അഭയാര്‍ഥികളെ കാലാവസ്ഥാ വ്യതിയാന അഭയാര്‍ഥികള്‍ എന്നാണ് വിളിക്കുക. സമുദ്ര ജലനിരപ്പ് ഉയരുക, കൂടുതല്‍ ചുഴലിക്കാറ്റുകള്‍ തീവ്രതയോടെ വീശുക, ഇന്ത്യന്‍ സമുദ്രത്തില്‍ കൂടുതല്‍ ന്യൂന മര്‍ദങ്ങള്‍ രൂപപ്പെടുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. സമുദ്രം കൂടുതല്‍ ചൂടകുംതോറും അതിനു സംഭരിച്ചു വക്കാന്‍ ഉള്ള ഊര്‍ജം പല തട്ടുകളില്‍ ആയി ശേഖരിച്ചു വക്കുകയും കാലാന്തരേണ ചുഴലിക്കാറ്റുകള്‍ ആയോ ന്യൂന മര്‍ദങ്ങള്‍ ആയോ ഈ ഊര്‍ജം അന്തരീക്ഷത്തിലേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നു. ഇതിനെ നമുക്ക് വായു-കടല്‍ സമ്പര്‍ക്കം എന്ന് വിളിക്കാം (Air-Sea interaction).

ഇങ്ങനെ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാവുന്ന പ്രതിഭാസങ്ങള്‍ ചിലപ്പോള്‍ നൂറു വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ ഇത് പോലെ സംഭവിക്കുന്നു. അത് പ്രവചനാതീതമാണ്. നാല്‍പതു വര്‍ഷത്തിനു ശേഷം ഉണ്ടാവുന്ന മെയ്‌ മാസത്തിലെ ചൂട് നമുക്ക് കാലാവസ്ഥാ മോഡലുകളില്‍ നിന്നും മനസിലാക്കാവുന്നതാണ്. എന്നാല്‍ 40 വര്‍ഷത്തിന് ശേഷം ഒന്നാം തീയതി മെയ്‌ മാസത്തില്‍ എത്ര മഴ പെയ്യും എന്ന് ചോദിച്ചാല്‍ മോഡലുകള്‍ നിസഹായരാണ്. ഇവിടെ ആണ് ശാസ്ത്രത്തിന്റെ പരിമിതി. നമ്മുടെ ശാസ്ത്രം അത്രത്തോളം വളര്‍ന്നിട്ടില്ല. എന്തുകൊണ്ട് നൂറു വര്‍ഷത്തിനു ശേഷം മാത്രം സംഭവിക്കാവുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളായ 99ലെ (1924) വെള്ളപ്പൊക്കവും 1341 AD യിലെ കൊടുങ്ങല്ലൂര്‍ തുറമുഖം ഒലിച്ചു പോയ വെള്ളപ്പൊക്കവും ഒന്നും നമുക്ക് പ്രവചിക്കാന്‍ പറ്റാത്തത് എന്താണെന്ന് ചോദിച്ചാല്‍ ഇതാണ് ഉത്തരം.

ഇത്തരം കെടുതിയായി ശക്തിയോടെ രണ്ടു ദിവസം കേരളത്തില്‍ നിര്‍ത്താതെ മഴ പെയ്തത് കൊണ്ടാണ് കേരളം മുങ്ങിയത്. അല്ലാതെ ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടു മാത്രം അല്ല. ഡാമുകള്‍ മഴവെള്ളത്തെ തടഞ്ഞു നിര്‍ത്തുകയാണ് ചെയ്യുന്നത്. ഡാമുകള്‍ ഇല്ലയിരുന്നെങ്കില്‍ സംഗതി ഇതിലും ഭീകരം ആയേനെ. ഡാമിലേക്ക് പോയ വെള്ളവും കൂടി ഒഴുകി വന്നിരുന്നെങ്ങില്‍ പെരിയാര്‍ മാത്രം അല്ല എല്ലാ നദികളും കര കവിഞ്ഞു ഒഴുകിയേനെ.

ഇപ്പോഴത്തെ സാഹചര്യം പെട്ടെന്ന് മനസിലാക്കാന്‍ വേണ്ടി എളുപ്പത്തില്‍ ഒരു ഉദാഹരണം പറഞ്ഞ് നിര്‍ത്താം. വട്ടത്തില്‍ ഉള്ള ഒരു ചോറ്റുപാത്രം എടുക്കുക. അതില്‍ നിറച്ചും വെള്ളം എടുത്താല്‍ ഏകദേശം 10 cm ആഴത്തില്‍ വെള്ളം കൊള്ളും എന്ന് വിചാരിക്കുക. ഇനി ഈ ചോറ്റു പാത്രം കേരളം ആണെന്ന് സങ്കല്‍പ്പിക്കുക. ഇനി ആ പത്ത് സെന്റി മീറ്റര്‍ കൊള്ളുന്ന ചോറ്റു പാത്രത്തിലേക്ക് നമ്മള്‍ പത്തിരട്ടി വെള്ളം അതായത് 100 സെന്റി മീറ്റര്‍ വെള്ളം ഒഴിച്ചാല്‍ കേരളം ആകുന്ന ചോറ്റു പാത്രം മുങ്ങില്ലേ. അത് തന്നെ ആണ് ഇവിടെ സംഭവിച്ചത്. എന്തുകൊണ്ടാണ് ഇത്തരം ശക്തിയായ മഴ പെയ്തത് എന്ന് അറിയാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ വിശകലനങ്ങള്‍ വേണ്ടി വരും. ശാസ്ത്രസമൂഹവും കാലാവസ്ഥാ ശാസ്ത്രജ്ഞരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്.


Next Story

Related Stories