TopTop

രാത്രികള്‍ നമുക്ക് നഷ്ടപ്പെടുകയാണോ? കേരളത്തിലെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയായി 'പ്രകാശ മലിനീകരണം'

രാത്രികള്‍ നമുക്ക് നഷ്ടപ്പെടുകയാണോ? കേരളത്തിലെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയായി
വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം, ഇങ്ങനെ പലതരത്തിലുള്ള മലിനീകരണങ്ങള്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളില്‍ ചിലതാണ്. ഇതിനെതിരെ ധാരാളം ക്യാമ്പയ്‌നുകളും ലോകമൊട്ടാകെ നടക്കുന്നുമുണ്ട്. എന്നാല്‍ ഇന്ന് കേരളമുള്‍പ്പടെയുള്ള പല പ്രദേശങ്ങളും നേരിടുന്ന 'പ്രകാശ മലിനീകരണം' എന്ന് പ്രശ്‌നത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
കേരളത്തിലെ മാധ്യമങ്ങള്‍ പോലും ഈ വിഷയത്തിലേക്ക് എത്തിയത് 2012-ന് ശേഷമാണ്. നമ്മുടെ സമൂഹത്തില്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അധികം വന്നിട്ടുമില്ല. അധികാരികമായ പഠനങ്ങളും കുറവാണ്. കേരളത്തിലെ നഗരങ്ങളില്‍ 'പ്രകാശ മലിനീകരണം' വര്‍ധിക്കുന്നുവെന്നാണ് ഇപ്പോഴുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.

എന്താണ് പ്രകാശ മലിനീകരണം? അമിതമായ അളവിലോ, തെറ്റായ ദിശയിലോ, തെറ്റായ സമയങ്ങളിലോ (പ്രധാനമായും രാത്രികളില്‍), അനാവശ്യമായി കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണമെന്ന് ലളിതമായി പറയാം. നൈസര്‍ഗികമായ പ്രകാശിത ചുറ്റുപാടുകളില്‍ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യ പ്രകാശം എന്നത് മുതല്‍ മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വരെ പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലങ്ങള്‍ ചെന്നെത്തുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. വൈദ്യുതി വിളക്കുകള്‍, കെട്ടിടങ്ങളുടെ ഉള്ളിലും പുറത്തുമുള്ള വിളക്കുകള്‍, പരസ്യപ്പലകകള്‍, ഓഫീസുകള്‍, ഫാക്ടറികള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രകാശം ഇവയെല്ലാം പ്രകാശ മലിനീകരണത്തിന് കാരണമാകുന്നതാണ്.

പ്രകാശ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ചില്ലറയല്ല. ആകാശകാഴ്ച മറയുന്നുവെന്നതാണ് പ്രകാശ മലിനീകരണം കാരണം ആദ്യം ശ്രദ്ധിക്കപ്പെട്ട മാറ്റം. സസ്യങ്ങളുടെ പ്രകാശസംശ്ശേഷണം, ജീവികളുടെ പ്രത്യുല്‍പാദനം, പക്ഷികളുടെ ദിശാബോധം, ജലജീവികളുടെ ജീവിതം അങ്ങനെ പല ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും പ്രകാശ മലിനീകരണം കാരണമാകുന്നുണ്ട്. ഇതുകൊണ്ടും തീരുന്നില്ല, മനുഷ്യരില്‍ പ്രകാശ മലിനീകരണം സിര്‍കാഡിയന്‍ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദന, മൈഗ്രേന്‍, ഉറക്കക്കുറവ്, പൊണ്ണത്തടി, പ്രമേഹം എന്നിവയും വന്നു ചേരാം. പലതരം അര്‍ബുദങ്ങള്‍ക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു എന്നും വാദമുണ്ട്. 
(നിശ്ചിത തോതിലും ദൈര്‍ഘ്യത്തിലുമുള്ള ശീതോഷ്ണം, വെളിച്ചം, ഇരുട്ട് തുടങ്ങിയ ബാഹ്യഘടകങ്ങള്‍ക്ക് വിധേയമായും അനുയോജ്യമായുമുള്ള ജീവരാശികളുടെ ആവര്‍ത്തനപരമായ സവിശേഷ പ്രവര്‍ത്തനമാണ് Circadian rhythm)

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ- കാലിക്കറ്റിലെ അസിസ്റ്റന്‍ന്റ് സുവോളജിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട് പ്രതികരിച്ചത്, 'ജീവജാലങ്ങളെ പ്രകാശ മലിനീകരണം ബാധിക്കുന്നുണ്ട്. ഞങ്ങള്‍ ഈ വിഷയത്തില്‍ അല്ല ഗവേഷണം നടത്തുന്നത്. പക്ഷെ മറ്റ് പല കാര്യങ്ങളിലും ജീവികളെ നിരീക്ഷിക്കുമ്പോള്‍ പ്രകാശ മലിനീകരണവും ജീവികളെ ബാധിക്കുന്നുണ്ട് എന്ന് കണ്ടു. ഉദ്ദാഹരണമായി പറയുകയാണെങ്കില്‍ ഞങ്ങളുടെ ഒരു ഗവേഷണ വിഭാഗം കക്കയം ഡാമിന്റെ പ്രദേശത്തുള്ള നിശാലഭങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. ഒരു കാലത്ത് ധാരാളം നിശാലഭങ്ങളുള്ള ഡാമിന്റെ പരിസരത്ത് ഇപ്പോള്‍ ആ ജീവികളെ കാണുന്നതെയില്ല. ടൂറിസ വികസനത്തിന്റെയും മറ്റും ഭാഗമായി അവിടെ ശക്തിയേറിയ പ്രകാശം വന്നതാണ് അതിന് പ്രധാന കാരണം. അതുപോലെ തന്നെ ആ പ്രദേശത്തുണ്ടായിരുന്ന ചില ജീവികളെയും അത് ബാധിച്ചിട്ടുണ്ട്. ഈ വിഷയത്തെ നമ്മള്‍ ഇന്നും ഗൗരവപരമായി പഠിച്ചിട്ടില്ലെന്നാണ് എന്റെ അറിവ്. വിദേശ
 രാജ്യങ്ങളൊക്കെ ഇതില്‍ കാര്യമായ പഠനങ്ങള്‍ നടത്തുന്നുണ്ട്. നാസയിലെ ഗവേഷണ വിഭാഗമൊക്കെ ഇതില്‍ കാര്യമായി നിരീക്ഷണം നടത്തുന്നവരാണ്.'

പ്രകാശ മലിനീകരണം കാരണം സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കൃത്യമായി ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാത്രിയില്‍ പുറത്തിറങ്ങുന്ന ജീവികളെയാണ് പ്രധാനമായും ഇത് ദോഷകരമായി ബാധിക്കുക. ചില ജീവികള്‍ ക്രമാതീതമായി പെരുകുന്നതിനും മറ്റ് ചിലതിന്റെ നാശത്തിനും കാരണമാകുന്നു. ജീവികളുടെ ജൈവഘടികാരം രാത്രിയുടേയും പകലിന്റെയും ആവര്‍ത്തനങ്ങളെ ആശ്രയിച്ചുള്ളതാണ്. അമിത പ്രകാശം ചൊരിയുന്ന നഗരങ്ങള്‍ക്കടുത്തുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചില തവളകളുടെ പ്രത്യുല്‍പാദനത്തെ പ്രകാശ മലിനീകരണം ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. വമ്പന്‍ കെട്ടിടത്തില്‍ നിന്നുള്ള പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നുവെന്നും ജലത്തിലുള്ള ചെറുജീവികളെയും കടല്‍ ജീവികളുടെ സൈര്യവിഹാരത്തെയും ഇരകളും ഇരപിടിയന്‍മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

(പ്രകാശ മലിനീകരണം മൂലം ആകാശകാഴ്ച മറയുന്നു)

ബ്രിട്ടണിലെ നഗരങ്ങളില്‍ നടത്തിയ പഠനം കാണിക്കുന്നത് പ്രകാശ മലിനീകരണത്തിന്റെ ഫലമായി വസന്ത കാലം എത്തിയതായി സസ്യങ്ങള്‍ തെറ്റിദ്ധരിക്കുന്നു എന്നാണ്. ഇതു കാരണം ശൈത്യകാലം അവസാനിക്കുന്നതിന് മുന്‍പേ ചെടികള്‍ തളിരിടാനും പൂവിടാനും തുടങ്ങി. ബ്രിട്ടണിലെ വിവിധ നഗരങ്ങളില്‍ ഓക്ക്, ആഷ്, ബീച്ച് തുടങ്ങി പലതരം മരങ്ങളില്‍ പതിമൂന്ന് വര്‍ഷം നീണ്ട പഠനം നടത്തിയപ്പോള്‍ പ്രകാശമലിനീകരണം കൂടിയ സ്ഥലങ്ങളില്‍ മരങ്ങള്‍ നേരത്തെ പൂവിടുന്നതായിട്ടാണ് കണ്ടെത്തിയത്. തളിരിലകള്‍ തിന്ന് ജീവിക്കുന്ന പുഴുക്കള്‍, ശലഭങ്ങള്‍ എന്നിവയേയും ഇവയെ ആഹാരമാക്കുന്ന പക്ഷികളേയും എല്ലാം ഇത് ബാധിക്കുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രകാശമലിനീകരണം ബാധിക്കുന്നതിന്റെ ആദ്യ സമഗ്ര തെളിവായിട്ടാണ് പലരും ഈ പഠനത്തെ കാണുന്നത്.

പ്രകാശ മലിനീകരണം വാനനിരീക്ഷകരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നഗ്ന നേത്രങ്ങള്‍ കൊണ്ടുപോലും കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളെയും മറ്റും നഗര പ്രദേശങ്ങളിലും നിന്ന് കാണാന്‍ സാധിക്കാത്ത വന്നത്തോടെ ജ്യോതിശാസ്ത്രജ്ഞരാണ് ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇത് ഒരു ഗുരുതരമായ പ്രശ്‌നമാണെന്ന് കണ്ട് കാര്യമായ ഗവേഷണത്തിലേക്കും കടന്നു. പ്രകാശ മലിനീകരണം കാരണം രാത്രികാലങ്ങളില്‍ നക്ഷത്രങ്ങളുടെ പ്രകാശം മറഞ്ഞുപോകുന്നതിനാല്‍ ചില വാനനിരീക്ഷണശാലകള്‍ അടച്ചിടേണ്ടി വന്നിട്ടുപോലുമുണ്ട്. പ്രധാനമായും ന്യൂയോര്‍ക്ക്, ടോക്കിയോ, ബോംബെ എന്നീ നഗരങ്ങളുടെ ആകാശ കാഴ്ച മറഞ്ഞ് കിടക്കുകയാണ്. അടുത്തകാലത്തായി നാസ പുറത്തുവിട്ട ഭൂമിയുടെ ആകാശചിത്രത്തില്‍ ആഫ്രിക്കയുടെയും, ചൈനയുടെയും ചില ഭാഗങ്ങള്‍ ഒഴികെ ലോകത്തിന്റെ മിക്ക ഭാഗങ്ങളും പ്രകാശ മലിനീകരണം ബാധിക്കപ്പെട്ടതായിട്ടാണ് കാണപ്പെട്ടത്.

വെയ്‌നു ബാപ്പു വാനനിരീക്ഷണ കേന്ദ്രത്തിലെ റിസര്‍ച്ച് അസിസ്റ്റന്‍ന്റ് വെങ്കിടേഷ് ശങ്കറിനെ ഉദ്ധരിച്ച് മാതൃഭൂമി ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച് പറയുന്നത്, തമിഴ്‌നാട് കവലൂരിലെ വെയ്‌നു ബാപ്പു വാനനിരീക്ഷണ കേന്ദ്രവും പ്രകാശമലിനീകരണം കാരണം പ്രതിസന്ധിയിലാണെന്നാണ്. '1970ല്‍ സ്ഥാപിതമായ വാനനിരീക്ഷണ കേന്ദ്രത്തില്‍ വര്‍ഷത്തില്‍ 300 ദിവസമെങ്കിലും തെളിഞ്ഞ ആകാശത്ത് നിരീക്ഷണം സാധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 120-130 ദിവസം മാത്രമെ വാനനിരീക്ഷണം സാധ്യമാകുന്നുള്ളൂ.'
എന്നാണ്.

കോഴിക്കോടെ റിജീയണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനെറ്റോറിയവും സമാന പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെന്നാണ് സ്ഥാപനത്തിലെ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റായ ജസ്റ്റിന്‍ ജോസഫ് പറയുന്നത്. 'മിക്ക പ്ലാനെറ്റോറിയങ്ങളും നഗരങ്ങളോട് ചേര്‍ന്നിട്ടുള്ളവയാണ്. അവിടെയൊക്കെ ഈ പ്രശ്‌നങ്ങളുണ്ട്. 22 വര്‍ഷമായി ഇവിടെ എത്തിയിട്ട്, മുമ്പ് വൈദ്യുതി വിളക്കുകളോ ഇപ്പോഴുള്ളതുപോലെയുള്ള ശക്തിയേറിയ ലൈറ്റുകളോ മറ്റോ ഉണ്ടായിരുന്നില്ല. ധ്രുവ നക്ഷത്രത്തെ നഗ്ന നേത്രം കൊണ്ട് കാണാന്‍ സാധിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അത് കഴിയില്ല. ഹൊറൈസണില്‍ ഒരു മുപ്പത്ത്, നാല്‍പ്പത് ഡിഗ്രിയോളം മങ്ങി കിടക്കുവാണ്. എത്ര രാത്രിയായാലു നല്ല ഒരു ഇരുട്ട് നമുക്കിപ്പോള്‍ കിട്ടുന്നില്ല. നഗരങ്ങളില്‍ നിന്ന് മില്‍ക്കി വേ (ആകാശ ഗംഗ) ഇപ്പോള്‍ നഗ്ന നേത്രം കൊണ്ട് കാണുകയെന്നത് പ്രയാസകരമാണ്. കോമറ്റ് (വാല്‍ നക്ഷത്രം) ഒക്കെ ദൂരദര്‍ശനി ഇല്ലാതെ ഇപ്പോള്‍ നഗരങ്ങളില്‍ നിന്ന് കാണാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണ്.


ഡാര്‍ക്ക് സ്‌കൈ എന്നത് എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമുള്ളതാണ്. പകുതി ഇരുട്ടും പകുതി വെളിച്ചവും ആണ് ഉണ്ടാകേണ്ടത്. നമ്മുടെ ജൈവ ഘടികാരമൊക്കെ അതിനനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഇരുട്ട് കുറയുമ്പോള്‍ എല്ലാ ജീവാജാലങ്ങളുടെയും ആവാസവ്യവസ്ഥക്ക് അത് പ്രശ്‌നമാകും. ആകാശത്ത് എത്രമാത്രം ബ്രൈറ്റനസ് ഉണ്ടെന്നുള്ളതിന് വേള്‍ഡ് അറ്റ്‌ലസ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ നൈറ്റ് സ്‌കൈ ബ്രൈറ്റനസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്, ലോകത്തിലെ എണ്‍പത് ശതമാനം സ്ഥലങ്ങളിലും രാത്രിയില്‍ മുഴുവന്‍ ഇരുട്ട് ലഭിക്കുന്നില്ലെന്നാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ തൊണ്ണൂറ് തൊണ്ണൂറ്റി രണ്ട് ശതമാനമവും അങ്ങനെതന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലെ ആളുകള്‍ ഇതിനെക്കുറിച്ച് ബോധവാന്‍മാരല്ല. ലോകത്ത് പലയിടത്തും ഇത് സംബന്ധിച്ച് പല പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നടന്നിട്ടുണ്ട്. പ്രകാശ മലിനീകരണം ഒരു ഗുരുതരമായ പ്രശ്‌നമാണെന്ന് തന്നെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഡാര്‍ക്ക് സ്‌കൈ അസോസിയേഷന്‍ ഒക്കെ ഈ വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്.'


(രാത്രിയിലെ ഭൂമി. നാസ പുറത്തുവിട്ട ചിത്രം)

പ്രകാശ മലിനീകരണം ഒഴിവാക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ഡാര്‍ക്ക് സ്‌കൈ അസോസിയേഷന്‍ നിര്‍ദേശിക്കുന്നുണ്ട്. പല പ്രദേശങ്ങളിലെയും വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലുമുളള വൈദ്യുതി വിളക്കുകളില്‍ പലതും അനാവശ്യമാണെന്നാണ് ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഉദ്ദാഹരണമായി, മ്യൂസിയത്തില്‍ പല തട്ടുകളിലായി ഗ്ലോബ് രൂപത്തില്‍ സ്ഥാപിച്ച അലങ്കാരവിളക്കുകള്‍, ഇതിന്റെ എണ്‍പത് ശതമാനവും ആര്‍ക്കും ഉപകാരമില്ലാതെ ആകാശത്തേക്കാണ് പോകുന്നത്. ഹൈമാസ് വിളക്കുകള്‍, റോഡുകളിലെ വിളക്കുകാലുകളും ശാസ്ത്രീയമല്ല. ആകാശത്തേക്ക് വെളിച്ചം പ്രസരിക്കാത്ത രീതിയിലുള്ള വിളക്കുകള്‍ ഉപയോഗിക്കുക, ജീവജാലങ്ങള്‍ കൂട്ടമായി വസിക്കുന്ന ഇടങ്ങളില്‍, വനമേഖലകളില്‍ ശക്തിയേറിയ വെളിച്ചങ്ങള്‍ ഉപയോഗിക്കാതിരിക്കുക, ആ പ്രദേശങ്ങളില്‍ രാത്രി തുടര്‍ച്ചയായി വെളിച്ചം ഉപയോഗിക്കാതിരിക്കുക, രാത്രിയിലുള്ള കടുത്ത വെളിച്ചം ഉപയോഗിച്ചുള്ള ഇല്യുമിനേഷന്‍ പാര്‍ട്ടികള്‍ക്കും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇതൊക്കെ പാലിക്കുകയും ഡാര്‍ക്ക് സ്‌കൈ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു വൈദ്യുതീകരണം നടത്തുകയുമൊക്കെ ചെയ്താല്‍ ഒരു പരിധിവരെ പ്രകാശ മലിനീകരണത്തെ ചെറുക്കാന്‍ സാധിക്കും.

പ്രകാശ മലിനീകരണം തടയുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്‌കൈ അസോസിയേഷന്‍ (IDA- International Dark-Sky Association). 1988-ല്‍ അമേരിക്ക ആസ്ഥാനമായി വാനനിരീക്ഷകരായിരുന്ന ഡോ. ഡേവിഡ് ക്രഫോര്‍ഡും ടിം ഹണ്ടറുമാണ് ഈ സംഘടന സ്ഥാപിച്ചത്. വെളിച്ചമാലിന്യത്തില്‍ നിന്നു നഗരത്തെയും ഗ്രാമങ്ങളെയും വനപ്രദേശങ്ങളെയും രക്ഷിക്കുക, വെളിച്ചത്തിന്റെ അതിപ്രസരത്തില്‍ ആകാശത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ കറുത്ത ആകാശം നിലനിറുത്തുക തുടങ്ങിയ കാര്യങ്ങളാണ് സംഘടനയുടെ ലക്ഷ്യം.

കടപ്പാട്‌

1. https://ml.wikipedia.org/wiki/പ്രകാശ_മലിനീകരണം

2. https://ml.wikipedia.org/wiki/ഇന്റർനാഷണൽ_ഡാർക്ക്_സ്കൈ_അസോസിയേഷൻ


3. https://digitalpaper.mathrubhumi.com/110504/Vidya/30-April-2013#page/1/2


4. https://www.mathrubhumi.com/print-edition/kerala/light-pollution-in-kerala-cities-1.3708502


5. http://pravasakeralam.com/?p=135


6. https://royalsocietypublishing.org/doi/full/10.1098/rspb.2016.0813


7. http://advances.sciencemag.org/content/2/6/e16003778. Circadian rhythm - https://ml.wikipedia.org/wiki/അന്തർജാത-നിജാവർത്തനം.
ചിത്രങ്ങള്‍ - വിക്കി പീഡിയNext Story

Related Stories