TopTop
Begin typing your search above and press return to search.

ചന്ദ്രനില്‍ പോകുമ്പോള്‍ കാന്തം കൂടെക്കൊണ്ടുപോകണം എന്നു പറയുന്നത് എന്തുകൊണ്ട്?

ചന്ദ്രനില്‍ പോകുമ്പോള്‍ കാന്തം കൂടെക്കൊണ്ടുപോകണം എന്നു പറയുന്നത് എന്തുകൊണ്ട്?

ചിത്രം കണ്ടില്ലേ. ചന്ദ്രന്റെ ഉപരിതലത്തിലെ ഒരു ഭാഗമാണിത്. അതില്‍ വട്ടത്തിനുള്ളില്‍ അടയാളപ്പെടുത്തിയ സ്ഥലം ശ്രദ്ധിച്ചോ? വെളുത്ത നിറത്തില്‍ കുറെ ഭാഗം. അതങ്ങനെ ഒരു വാലു പോലെ നീണ്ടുപോവുകയും ചെയ്യുന്നു.

ചന്ദ്രനെ അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കാണുന്നതാണ് അവിടെ ഇത്തരം അടയാളങ്ങളും മറ്റും. കാറ്റും മഴയും അന്തരീക്ഷവും ഒന്നുമില്ലാത്ത ചന്ദ്രനില്‍ വന്ന ഇത്തരം അടയാളങ്ങള്‍ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിന്റെ കാരണമന്വേഷിച്ച് നടന്നിട്ടുണ്ട്.

ഇതായിരിക്കാം അതിനു കാരണം എന്നു പറഞ്ഞ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അതിനൊരു ഉത്തരം തന്നിരിക്കുകയാണ്.

സൂര്യനില്‍നിന്ന് നിരന്തരം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന പ്രോട്ടോണുകളും ഇലക്ട്രോണുകളും ഒക്കെ അടക്കമുള്ള നിരവധി കണികകള്‍ ഉണ്ട്. ഇത് സൂര്യനു ചുറ്റിലും എല്ലാ ഭാഗത്തേക്കും നിരന്തരം വ്യാപിക്കുകയും ചെയ്യും. സോളാര്‍വിന്‍ഡ് അഥവാ സൗരക്കാറ്റ് എന്നാണ് ഇതിന്റെ പേര്. അപകടകാരിയാണ് ഈ കാറ്റ്. ചാര്‍ജുള്ള കുറെ കണികകളാണിത്. അതും അതീവവേഗതയിലാണ് സഞ്ചാരം. അവ വന്നിടിക്കുന്നിടത്ത് പലതരം ഊര്‍ജ്ജക്കൈമാറ്റങ്ങള്‍ നടക്കും. നമ്മുടെ ദേഹത്തൊക്കെ വന്നിടിച്ചാല്‍ കോശങ്ങളെയും മറ്റും നശിപ്പിക്കാന്‍ അതു ധാരാളം മതി. അധികമേറ്റാല്‍ പലവിധ രോഗങ്ങളും വരും. പക്ഷേ ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് ഇതിനെ വല്ലാണ്ടങ്ങട് പേടിക്കേണ്ടതില്ല. കാരണമെന്തെന്നാല്‍ ഭൂമി ഒരു കാന്തമാണ്. ഒരു വലിയ കാന്തം. ഈ കാന്തികമണ്ഡലം കാരണം സൂര്യനില്‍നിന്നും വരുന്ന ഈ ചാര്‍ജുള്ള കണങ്ങളെ വഴിതിരിച്ചുവിടാന്‍ ഈ കാന്തികമണ്ഡലത്തിനാകുന്നുണ്ട്.

. 36 അടി നീളമുള്ള ഈ തിമിംഗലം ആമസോൺ കാടുകളിൽ എത്തിയതെങ്ങനെ? ഉത്തരം കിട്ടാതെ കുഴങ്ങി ശാസ്ത്രലോകം

. മനുഷ്യനെയും കംപ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ഇലോണ്‍ മസ്‌ക്

. അന്റാർട്ടിക്കയിൽ നിന്ന് അടർന്നത് ന്യൂയോർക്ക് സിറ്റിയുടെ ഇരട്ടി വലുപ്പമുള്ള മഞ്ഞ്പാളി

പക്ഷേ കാന്തികമണ്ഡലം ഇല്ലാത്ത ഗ്രഹങ്ങളോ ആകാശഗോളങ്ങളോ ഒക്കെ ആണെങ്കില്‍ അവരുടെ കാര്യം പോക്കാ. നിരന്തരം ഈ സൗരകണങ്ങളുടെ ഇടിയെല്ലാം കൊണ്ടുവേണം അവര്‍ക്ക് നില്‍ക്കാന്‍. അന്തരീക്ഷംകൂടി ഇല്ലെങ്കില്‍ പറയുകയും വേണ്ട. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചന്ദ്രന്റെ അവസ്ഥ ഇങ്ങനെയാണ്. കാന്തികമണ്ഡലവും ഇല്ല, അന്തരീക്ഷവും ഇല്ല. ഫലമോ നിരന്തരം സൗരക്കാറ്റേല്‍ക്കേണ്ടിവരുന്നു.

പക്ഷേ ശാസ്ത്രജ്ഞര്‍ക്ക് ഇതൊരു നിര്‍ഭാഗ്യമായി കാണാന്‍ പറ്റില്ലല്ലോ. സൗരക്കാറ്റ് അന്തരീക്ഷവും കാന്തികമണ്ഡലവും ഇല്ലാത്ത ഒരു ആകാശഗോളവും സൗരക്കാറ്റും തമ്മിലുള്ള ഈ കൂട്ടിയിടികളെക്കുറിച്ച് പഠിക്കാന്‍ അവര്‍ ഇതൊരു അവസരമായിട്ടാണ് എടുത്തത്. അതിനുവേണ്ടി നാസ പേടകങ്ങളും വിക്ഷേപിച്ചു. ARTEMIS എന്നാണ് ഈ ദൗത്യത്തിന്റെ പേര്.

ഈ ദൗത്യത്തിന്റെ സഹായത്തോടെ കിട്ടിയ ഡാറ്റ വിശകലനം ചെയ്ത ശാസ്ത്രജ്ഞരാണ് ചന്ദ്രനില്‍ കാണുന്ന വെളുത്ത പാടുകള്‍ക്കു പുറകിലെ രഹസ്യത്തെക്കുറിച്ച് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ചന്ദ്രന് ഒരു കാന്തികമണ്ഡലം ഇല്ല എന്നതൊക്കെ ശരിയാണ്. പക്ഷേ ചന്ദ്രനിലെ പല പാറകള്‍ക്കും കാന്തത്തിന്റെ സ്വാഭവമുണ്ടത്രേ. കാന്തികസ്വഭാവം പ്രകടിപ്പിക്കുന്ന പല കുഞ്ഞുകുഞ്ഞു പ്രദേശങ്ങളും ചന്ദ്രനില്‍ കാണപ്പെടുന്നുണ്ട്. കാന്തമുണ്ടെങ്കില്‍ അവിടെ കാന്തികമണ്ഡലവും ഉണ്ടല്ലോ. പക്ഷേ അവയുടെ വലിപ്പം കുറവായിരിക്കും എന്നു മാത്രം. എന്നു പറഞ്ഞാല്‍ ഏതാനും മീറ്ററുകള്‍ മുതല്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ വരെ വലിപ്പം.

സൂര്യനില്‍ നിന്നും വരുന്ന സൗരക്കാറ്റ് ചന്ദ്രനിലെ ഇത്തരം ഇടങ്ങള്‍ക്കും പാറകള്‍ക്കും അരികിലെത്തുമ്പോള്‍ അല്പം വഴിതിരിഞ്ഞുപോകേണ്ടിവരും. കാന്തികമണ്ഡലം ശക്തമല്ലാത്തതിനാല്‍ കുറെ കണികകള്‍ നിലത്തെത്തും. ബാക്കിയുള്ളവ ഈ കാന്തികമണ്ഡലത്തില്‍പ്പെട്ട് അല്പം ദിശമാറി നിലത്തെത്തും. സൗരക്കാറ്റ് ഏല്‍ക്കുന്നതില്‍നിന്നും ചന്ദ്രനിലെ കുറെ ഭാഗങ്ങള്‍ അങ്ങനെ കുറെയൊക്കെ രക്ഷപ്പെടും എന്നര്‍ത്ഥം. ഒന്നോ രണ്ടോ ദിവസമല്ല, അനേകകോടി വര്‍ഷങ്ങളായി ഏതാണ്ട് ഇതേ അവസ്ഥയിലാണ് അത്തരം ചില പ്രദേശങ്ങള്‍. കാന്തികപ്പാറകളും മറ്റും ഉള്ളിടത്ത് സൗരക്കാറ്റ് കുറച്ചേ ഏല്‍ക്കൂ. ഇല്ലാത്തിടത്തോ നിരന്തരം ഏല്‍ക്കും. സൗരക്കാറ്റ് ഏല്‍ക്കുന്ന ഇടത്തെ മണ്ണ് നിരന്തരം രാസപ്രവര്‍ത്തനങ്ങള്‍ നടന്ന് അല്പം കറുത്താണ് ഇരിക്കുക. അതില്ലാത്തിടത്ത് വെളുത്തും. അതാണത്രേ ഇങ്ങനെയുള്ള ചില പാടുകള്‍ ഉണ്ടാവാന്‍ കാരണം.ചുരുക്കത്തില്‍ ഈ കുഞ്ഞ് കുഞ്ഞ് കാന്തികമേഖലകള്‍ ഒരു സണ്‍സ്‌ക്രീന്‍പോലെ പ്രവര്‍ത്തിക്കുയാണ് ചെയ്യുന്നത്. സൗരക്കാറ്റിനെ തടയുന്ന ഒരു കുഞ്ഞുകുട! ഇതാണ് നടക്കുന്നതെങ്കില്‍ മനുഷ്യര്‍ക്കും സന്തോഷിക്കാന്‍ ചില കാര്യങ്ങളുണ്ട്. ചന്ദ്രനില്‍ മനുഷ്യക്കോളനികള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് നാസ അടക്കമുള്ള ബഹിരാകാശഗവേഷണസ്ഥാപനങ്ങളെല്ലാം. ചന്ദ്രനിലെ ഒരു പേടിസ്വപ്നം ഈ സൗരക്കാറ്റ് ആണ്. നിരന്തരം സൗരക്കാറ്റേല്‍ക്കേണ്ടിവന്നാല്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കോളനിയിലെ താമസക്കാരെ പിടികൂടാം. എന്നാല്‍ കോളനിയില്‍ കൃത്രിമമായി ഒരു കാന്തികമണ്ഡലം ഉണ്ടാക്കിയാലോ? ഈ സൗരക്കാറ്റിനെ വഴിമാറ്റാനുള്ള വഴിയാകും. സൗരക്കാറ്റേല്‍ക്കാതെ കോളനിക്കാര്‍ രക്ഷപ്പെടും.

ചന്ദ്രനിലെ ഈ കഥ കേട്ടിട്ട് ആര്‍ക്കെങ്കിലും അവിടെ പോകാന്‍ തോന്നുന്നുണ്ടോ? അങ്ങനെ ചന്ദ്രനില്‍ പോകാന്‍ ഒരുങ്ങുന്നവരെല്ലാം ഒരു കാന്തം കൂടെക്കൊണ്ടുപോകുന്നത് നന്നായിരിക്കും. കാന്തമുണ്ടെങ്കില്‍ സൗരക്കാറ്റിനെ പേടിക്കേണ്ടതില്ലല്ലോ!

ചിത്രത്തിനു കടപ്പാട്: NASA LRO WAC science team

അവലംബം: https://www.nasa.gov/feature/goddard/2019/nasa-mission-reveals-origins-of-moons-sunburn


Next Story

Related Stories