TopTop

കാലാവസ്ഥ മാറ്റങ്ങളെ നേരിടാനുള്ള ശേഷി ഗ്രാമീണ സ്ത്രീകള്‍ക്കുണ്ട്: പഠനം

കാലാവസ്ഥ മാറ്റങ്ങളെ നേരിടാനുള്ള ശേഷി ഗ്രാമീണ സ്ത്രീകള്‍ക്കുണ്ട്: പഠനം
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ മാറ്റത്തിന്റെ ആഘാതങ്ങള്‍ അനുഭവപ്പെടുന്നു എന്നു കാലം തെറ്റിയ മഴയും കടുത്ത കാലാവസ്ഥയും വിളവെടുപ്പ് കാലങ്ങളിലെ മാറ്റവും പ്രകടമാക്കുന്നുണ്ട്. കൃഷിയിലും വീടുകളിലും ഈ മാറ്റങ്ങളെ നേരിടുന്നത് വളരെ പ്രധാനമാണ്. കാലാവസ്ഥ മാറ്റത്തിലെ അപായസാധ്യതകളെ നേരിടാന്‍ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചും പ്രാന്തവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ സ്ത്രീകള്‍ക്ക് ആവശ്യമായ ശേഷിയുണ്ടെന്ന് എന്നാണ് ഒരു പുതിയ പഠനം കാണിക്കുന്നത്.

കാലാവസ്ഥ മാറ്റവുമായി പൊരുത്തപ്പെടാന്‍, പ്രത്യേകിച്ച് വെള്ളപ്പൊക്കവും വരള്‍ച്ചയും വരുന്ന കിഴക്കന്‍ ഇന്ത്യയിലെ നെല്‍കൃഷി കാര്‍ഷികവൃത്തി, ഊര്‍ജം എന്നീ മേഖലകളില്‍ വ്യക്തിഗത തലത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കാണ് പഠനത്തില്‍ വിലയിരുത്തിയത്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായിരുന്നു എന്നു പഠനം കാണിക്കുന്നു. സമയാസമയത്തുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ അഭാവത്തില്‍ സ്ത്രീകള്‍ ഈ വെല്ലുവിളികളെ നേരിടാന്‍ അറിവും പുതുവിദ്യകളും കൈമാറുന്നുണ്ട്.

ഉദാഹരണത്തിന് പഞ്ഞമാസങ്ങളില്‍ ഭക്ഷണവും പോഷകാഹാരവും ഉറപ്പാക്കാന്‍ സ്ത്രീകള്‍ പുതിയ പല രീതികളും പ്രയോഗിക്കുന്നു. വീട്ടിലേക്കുവേണ്ട ചുരയ്ക്ക, മത്തങ്ങ, വെണ്ടയ്ക്ക തുടങ്ങിയവയൊക്കെ അവര്‍ ഇക്കാലത്ത് കൃഷിചെയ്യുന്നു. വേനലില്‍ ഇവയ്ക്ക് വില കൂടുതലാണ്. ഭാവിയിലേക്കായി പഴം പച്ചക്കറി സംസ്കരണം നടത്തി ചില സ്ത്രീകള്‍ സൂക്ഷിയ്ക്കും. കളകള്‍ വേര്‍തിരിച്ച് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും കഴിക്കാവുന്നവയായി മാറ്റുകയും ഭക്ഷ്യയോഗ്യമല്ലാത്തത് വളമാക്കുകയും ചെയ്യുന്നു. വരണ്ടതും മിതമായി വരണ്ടതുമായ പ്രദേശങ്ങളിലെ സ്ത്രീകള്‍ ഭക്ഷണത്തിനായി വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ചെടികളുടെ ഇലകളും തണ്ടുകളും ഉപയോഗിക്കുന്നു. ഇതില്‍ പലതും പരമ്പരാഗതമായി ചികിത്സയ്ക്ക് ഉപയോഗിച്ച് വരുന്നവയാണ് എന്ന് പഠനത്തില്‍ പറയുന്നുണ്ട്. ഇത്തരം കളകളുടെ ഉപയോഗം രേഖപ്പെടുത്തിയിട്ടുമുണ്ട്. കാര്‍ഷിക വിഭവങ്ങളല്ലാത്തവ ഭക്ഷണത്തിനും പോഷകാഹാരത്തിനുമായി ഉപയോഗിക്കുന്നത് കാലാവസ്ഥ മാറ്റം മൂലമുള്ള ഭക്ഷ്യ പ്രശ്നങ്ങളെ നേരിടാന്‍ സഹായിക്കും.

“സാങ്കേതിക ബദലുകള്‍ അത്ര ലഭ്യമല്ലാത്ത സാഹചര്യത്തില്‍, വര്‍ഗ, സാംസ്കാരിക അതിരുകളെ മറികടന്ന് സ്ത്രീകള്‍ വിഭവ കൈകാര്യത്തിന് പുതിയ വഴികള്‍ കണ്ടെത്തുന്നുണ്ട്,” പഠനം നടത്തിയ അഹമദാബാദ് ഐ ഐ എമ്മിലെ ഡോ. അനില്‍ ഗുപ്ത പറയുന്നു.

ഉത്തര്‍പ്രദേശിലെ ഇസൌലിബാരി, ശിവ്നാഥ്പൂര്‍, ഖരെല എന്നീ മൂന്നു ഗ്രാമങ്ങളില്‍ കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ നഷ്ടം എന്നതിനെക്കുറിച്ചുള്ള ദീര്‍ഘകാല പഠനത്തിന്റെ ഭാഗമായിരുന്നു ഈ ഗവേഷണം. സരയൂ നദിയുടെ വെള്ളപ്പൊക്ക പ്രദേശത്താണ് ഈ മൂന്നു ഗ്രാമങ്ങളും. മഴയെ ആശ്രയിച്ചുള്ള അരി-ഗോതമ്പ് കൃഷിയാണ് നടത്തുന്നത്. കാലാവസ്ഥ മാറ്റത്തിന്റെ പ്രശ്നങ്ങള്‍ ഈ പ്രദേശം നേരിടുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത് കാലവര്‍ഷത്തിന്റെ വരവിലും പോക്കിലുമുള്ള ചാഞ്ചാട്ടങ്ങളും മഴ ദിവസങ്ങളിലും മൊത്തം മഴയിലും ശരാശരി മഴയിലും വന്ന കുറവുമാണ്.

“സ്ത്രീകളുടെ ഇത്തരം അറിവുശൃംഖലകള്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. എന്നാല്‍ ഇത്തരം അനൌപചാരിക മാര്‍ഗങ്ങള്‍ ശാസ്ത്രീയ വ്യവഹാരങ്ങളില്‍ രേഖപ്പെടുത്തുന്നില്ല,” ഡോ. ഗുപ്ത പറഞ്ഞു.

ഇത്തരം വിവര ശൃംഖലകളെ അവഗണിക്കുന്നതിന് പകരം അതിനെ കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാനുള്ള വഴികളായി ഉപയോഗപ്പെടുത്താം എന്ന് പഠനം പറയുന്നു. വെള്ളപ്പൊക്കം, വിളനാശം, വരള്‍ച്ച തുടങ്ങിയ പ്രതിസന്ധികളില്‍ സ്ത്രീ സംഘങ്ങളെ വിശ്വാസത്തിലെടുത്താല്‍ അവര്‍ കൂടുതല്‍ തുറന്ന രീതിയില്‍ വിവരങ്ങള്‍ പങ്കുവെച്ചേക്കും. മാത്രവുമല്ല ക്രിസ്തുവര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായ പ്രാദേശിക കലണ്ടര്‍ അനുസരിച്ചുള്ള കാലാവസ്ഥ വിവരങ്ങള്‍ നല്കണം. World Development എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം വന്നത്.

(Source: Indian Science Wire)


Next Story

Related Stories