TopTop

കരയില്‍ കാലുകുത്തിയ ആദ്യ ജീവി തേളിന്റെ പൂര്‍വികര്‍; ഫോസില്‍ കണ്ടെത്തി

കരയില്‍ കാലുകുത്തിയ ആദ്യ ജീവി തേളിന്റെ പൂര്‍വികര്‍; ഫോസില്‍ കണ്ടെത്തി

കരയില്‍ കാലുകുത്തിയ ആദ്യത്തെ മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ വെളിപ്പെടുത്തി യുഎസിലെ ഫോസില്‍ വിദഗ്ധര്‍. ജീവന്റെ ആദ്യ തുടിപ്പുകള്‍ ഉണ്ടായത് ജലത്തിലാണ്. ഭൂമിയെ പൂര്‍ണ്ണമായും വാസസ്ഥലമാക്കി മാറ്റിയ ആദ്യത്തെ ജീവികളില്‍ ഒന്ന് തേളുകളാണെന്ന് അറിയാമെങ്കിലും പുതുതായി കണ്ടെത്തിയ രണ്ട് ഫോസിലുകള്‍ കടലില്‍നിന്നും കരയിലേക്ക് മാറിയത് എന്നുമുതലാണ് എന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

1980-കളില്‍ വിസ്‌കോണ്‍സിനില്‍ നിന്നും ലഭിച്ച ഫോസിലുകള്‍ പ്രകാരം 437 മില്ല്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തേളുകള്‍ ഭൂമിയില്‍ ഉണ്ടായതെന്ന് കരുതപ്പെടുന്നു. എന്നാല്‍ തേളുകളുടെയും പൂര്‍വ്വികര്‍ എന്നു കരുതപ്പെടുന്ന ജീവിയുടെ ഫോസിലുകളാണ് ഇപ്പോള്‍ യുഎസിലെ ഫോസില്‍ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. പരിയോസ്‌കോര്‍പിയോ വെനേറ്റര്‍ എന്നാണ് ഈ ജീവിക്ക് പേര് നല്‍കിയിരിക്കുന്നത്. തേളുകളുടെ വേട്ടക്കാരായ പൂര്‍വ്വികര്‍ എന്നര്‍ത്ഥം. ആധുനിക തേളിനെപ്പോലെ ഈ ജന്തുവിനും രണ്ട് വലിയ നഖങ്ങളും ഒരു വാലും ഉണ്ടായിരുന്നു.

ഈ തേളിന്റെ ആന്തരിക ഘടനയാണ് ഏറ്റവും രസകരമെന്ന് ഗവേഷകര്‍ പറയുന്നു. 'കരയില്‍ ജീവിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന ശ്വസനഘടന ഈ തേളിന് ഉണ്ടായിരുന്നു. ഇത്തരമൊരു തെളിവ് ആദ്യമായാണ് ലഭിയ്ക്കുന്നത്' എന്ന് ഒഹായോയിലെ ഒട്ടര്‍ബെയ്ന്‍ സര്‍വകലാശാലയിലെ പാലിയന്റോളജിസ്റ്റും ഗവേഷകനുമായ ഡോ. ആന്‍ഡ്രൂ ജെ വെന്‍ഡ്രഫ് പറഞ്ഞു. ഇന്നത്തെ തേളുകളില്‍ കാണുന്ന ശ്വസന അവയവങ്ങളെ അതിന്റെ രക്തചംക്രമണ സംവിധാനവുമായി ബന്ധിപ്പിക്കുന്ന പള്‍മോ-പെരികാര്‍ഡിയല്‍ സൈനസുകള്‍ പരിയോസ്‌കോര്‍പിയോ വെനേറ്ററുകളിലും ഉണ്ടായിരുന്നു എന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. അത്തരം ഘടനകളും മൃഗങ്ങളുടെ രക്തചംക്രമണവ്യൂഹത്തിന്റെ മറ്റ് സവിശേഷതകളും ചേര്‍ത്ത് വയ്ക്കുമ്പോള്‍ ആധുനിക തേളുകളെപ്പോലെ വായു ശ്വസിക്കാന്‍ കഴിയുന്ന ജീവിയായിരുന്നു അതെന്ന് ബോധ്യപ്പെട്ടതായി വെന്‍ഡ്രഫ് വ്യക്തമാക്കുന്നു.


Next Story

Related Stories