Top

ചരിത്രത്തിലെ ഏറ്റവും വലിയ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കരിക്കട്ടയായ എ.ഡി. 79ലെ ചുരുളുകള്‍ വീണ്ടും വായിച്ചെടുക്കുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കരിക്കട്ടയായ എ.ഡി. 79ലെ ചുരുളുകള്‍ വീണ്ടും വായിച്ചെടുക്കുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ അഗ്‌നിപര്‍വത സ്‌ഫോടനം നടന്നത് എ.ഡി. 79 ഓഗസ്റ്റ് 24നായിരുന്നു. ഇറ്റലിയുടെ തെക്കുഭാഗത്തുള്ള നേപ്പിള്‍സ് എന്ന ചെറുകടലിന്റെ തീരത്തുള്ള വെസൂവിയസ് എന്ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ പോംപൈ, ഹെര്‍ക്കുലാനിയം എന്നീ രണ്ട് വന്‍നഗരങ്ങളാണ് അപ്പാടെ നശിച്ചത്. അതിന്റെ ഭാഗമായി ഉണ്ടായ ചാരത്തിന്റെയും വാതകത്തിന്റെയും ചൂട് കാരണം കാര്‍ബണൈസ് ചെയ്യപ്പെട്ട ശിലാലിഖിതങ്ങളുടെ കൂട്ടം ശാസ്ത്രലോകത്തെ ഏക്കാലത്തേയും പ്രതീക്ഷയാണ്.

ഹൈ എനര്‍ജി എക്‌സ്-റേകളുടേയും കൃത്രിമബുദ്ധിയുടേയും ഇക്കാലത്ത് അതിനുള്ളില്‍ ഉറഞ്ഞുകിടക്കുന്ന വാക്കുകളും കൗതുകങ്ങളും സത്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ഇക്കാലമത്രയും യാതൊരു പരിശോധനകള്‍ക്കും വിധേമാകാത്ത രണ്ടു ശിലാലിഖിതങ്ങള്‍ പാരീസിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഡി ഫ്രാന്‍സി'ല്‍ ഉണ്ട്. 1758ല്‍ ഹെര്‍ക്കുലേനിയം ഖനനത്തിനിടെ ആദ്യമായി കണ്ടെത്തിയ 1,800 ഓളം ശിലാലിഖിതങ്ങളുടെ വിസ്മയകരമായ ശേഖരത്തിന്റെ ഭാഗമാണത്.

ഈ ശേഖരത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ നേപ്പിള്‍സിലെ ഒരു മ്യൂസിയത്തില്‍ സംരക്ഷിച്ചിരിക്കുകയാണ്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പകുതിയോളം ലിഖിതങ്ങളിലേയും എഴുത്തുകളുടെ ചുരുളഴിക്കാന്‍ ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരുന്നുണ്ട്. ഫലകങ്ങളില്‍ പലതും ഈ പ്രക്രിയയുടെ ഭാഗമായി നശിപ്പിക്കപ്പെടുകയും തുറന്ന അന്തരീക്ഷത്തില്‍ കിടക്കുന്നതിലൂടെ അവ മങ്ങലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലിലെ എന്‍-ഗെഡിയിലെ ഒരു സിനഗോഗിന്റെ വിശുദ്ധ പേടകത്തില്‍ നിന്ന് കണ്ടെത്തിയ 1,700 വര്‍ഷം പഴക്കമുള്ള ഹീബ്രു തോല്‍കടലാസ് ഹൈ എനര്‍ജി എക്‌സ്-റേ ഉപയോഗിച്ച് നേരത്തെ പരിശോധിക്കപ്പെട്ടിരുന്നു. അതിലെ വാചകങ്ങള്‍ ബുക്‌സ് ഓഫ് ലെവിറ്റ്കസില്‍ (പഴയ തോറ ബൈബിളിലെ മൂന്നാം പുസ്തകം) നിന്നുള്ളതാണെന്ന് അങ്ങിനെയാണ് കണ്ടെത്തിയത്. ആ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ തന്നെയാണ് വെസൂവിയസ് അവശേഷിപ്പിച്ച ഫലകങ്ങളും പരിശോധിക്കാന്‍ പോകുന്നത്.

ലോകത്തിലെ മറ്റ് പുരാവസ്തുഗവേഷക സ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി പോംപൈയുടെയും ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളുടെയും അവശിഷ്ടങ്ങള്‍ ഒന്നാം നൂറ്റാണ്ടിലെ ദൈനംദിന ജീവിതത്തെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാന്‍ സഹായിക്കുന്നവയാണ്. മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അതിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'നിലവിലെ സാങ്കേതികവിദ്യയെ നമുക്കാവശ്യമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഞങ്ങള്‍ ആദ്യം ചെയ്യാന്‍ പോകുന്നത്' എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന കെന്റക്കി സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ചെയര്‍ പ്രൊഫ. ബ്രെന്റ് സീല്‍സ് പറഞ്ഞു. ശിലാലിഖിതങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട അക്ഷരങ്ങളാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. എപ്പിക്യൂറനിസത്തെ ചുറ്റിപ്പറ്റിയുള്ള ഗ്രീക്ക് തത്ത്വചിന്തകളാവാം അതെന്ന് ഏറെക്കുറെ ഉറപ്പാണ്.


Next Story

Related Stories