TopTop
Begin typing your search above and press return to search.

മസ്കിനെ മറികടന്ന് ബ്രാന്‍സന്‍; ചരിത്രത്തിലാദ്യമായി ഹൈപ്പര്‍ലൂപ്പ് സംവിധാനത്തില്‍ മനുഷ്യന്റെ അതിവേഗ യാത്ര (വീഡിയോ)

മസ്കിനെ മറികടന്ന് ബ്രാന്‍സന്‍; ചരിത്രത്തിലാദ്യമായി ഹൈപ്പര്‍ലൂപ്പ് സംവിധാനത്തില്‍ മനുഷ്യന്റെ അതിവേഗ യാത്ര (വീഡിയോ)

ചരിത്രത്തിലാദ്യമായി മനുഷ്യര്‍ ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയിലൂടെ യാത്ര ചെയ്തു. ഭാവിയുടെ ഗതാഗത സംവിധാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കിയത് ശതകോടീശ്വരനായ വിര്‍ജീനിയ ഗ്രൂപ്പിന്റെ തലവന്‍ റിച്ചാര്‍ഡ് ബ്രാന്‍സനാണ്. മണിക്കൂറില്‍ 670 മൈല്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനമാണ് തങ്ങള്‍ ഒരുക്കുന്നതെന്ന് മനുഷ്യരെയും വഹിച്ചുള്ള ആദ്യ പരീക്ഷണ ഓട്ടട്ടത്തിനു ശേഷം വിര്‍ജീനിയ ഹൈപ്പര്‍ലൂപ്പ് വ്യക്തമാക്കി.

അമേരിക്കയിലെ നെവാദ സംസ്ഥാനത്ത് ലാസ് വെഗാസിനു പുറത്തുള്ള മരുഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള കമ്പനിയുടെ പരീക്ഷണ ട്രാക്കിലായിരുന്നു ആദ്യ യാത്ര. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും സഹ സ്ഥാപകനുമായ ജോഷ് ഗൈഗല്‍, പാസഞ്ചേഴ്‌സ് എക്‌സ്പീരിയന്‍സ് മേധാവി സാറാ ലൂച്ചിന്‍ എന്നിവരായിരുന്നു വിര്‍ജീനിയ കമ്പനിയുടെ പേരു കൊത്തിയ പോഡ് അഥവാ വാഹനത്തിലെ ആദ്യ പരീക്ഷണ യാത്രയിലെ യാത്രക്കാര്‍. വായുവിന്റെ സമ്മര്‍ദ്ദം പ്രത്യേകമായ അളവില്‍ ക്രമീകരിച്ച കുഴലുകളാണ് ഹൈപ്പര്‍ലൂപ്പുകള്‍ എന്നറിയപ്പെടുന്നത്. വായു വലിച്ചെടുത്ത ശേഷം ഈ കുഴലുകള്‍ക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പോഡുകള്‍ ബുള്ളറ്റ് ട്രെയിന്‍ മാതൃകയില്‍ കാന്തിക ശക്തിയാല്‍ ഉയര്‍ത്തിയശേഷം തള്ളി വിടുന്നതാണ് സാങ്കേതിക വിദ്യ. ഗൈഗലും ലൂച്ചിനും എക്സ്പെരിമെന്റല്‍ പോഡ്-2 (XP-2) എന്ന് പേരിട്ടിട്ടുള്ള വാഹനത്തിള്ളില്‍ പ്രവേശിച്ചതിനു ശേഷം 100 മൈല്‍ (160 കി.മീ) വേഗതയില്‍ ഹൈപ്പര്‍ലൂപ്പ് പോഡ് ചലിച്ചു. നെവാദ മരൂഭൂമിയിലെ പരീക്ഷണ ട്രാക്ക് 500 മീറ്ററാണ്. ഇവിടെ സെക്കന്റില്‍ 48 മീറ്റര്‍ എന്ന കണക്കിലാണ് ഇവര്‍ യാത്ര ചെയ്തത്. മനുഷ്യരെ ഉള്‍ക്കൊള്ളിച്ചുള്ള യാത്രയ്ക്കു മുമ്പ് 400 തവണ പരീക്ഷണ യാത്ര നടത്തിയിരുന്നു എന്ന കമ്പനി പറയുന്നു.

2013-ല്‍ ടെസ്ലയുടേയും സ്‌പേസ്എക്‌സിനെ്‌റയും സി.ഇ.ഒയായ ഇലോണ്‍ മസ്‌ക്ക് ആണ് ഹൈപ്പര്‍ലൂപ്പ് ആശയം അവതരിപ്പിച്ചതെങ്കിലും ഇത് ആദ്യം പ്രവര്‍ത്തിപഥത്തിലെത്തിക്കുന്നത് ബ്രാന്‍സണിന്റെ വിര്‍ജീനിയ ഗ്രൂപ്പാണ്. 2014-ല്‍ തുടങ്ങിയ ഹൈപ്പര്‍ലൂപ്പ് പരീക്ഷണം തുടങ്ങിയ കമ്പനി പിന്നീട് ബ്രാന്‍സന്‍ ഏറ്റെടുക്കുകയായിരുന്നു. ഭാവിയില്‍ മനുഷ്യരുടെ ജീവിതവും യാത്രയുമെല്ലാം മാറിമറിയുന്ന വിധത്തില്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ മണിക്കൂറില്‍ 760 മൈല്‍ (1223 കി.മീ) സഞ്ചരിക്കാവുന്ന ആശയമാണ് മസ്‌ക് അവതരിപ്പിച്ചതെങ്കിലും വിര്‍ജീനിയയുടെ ഹൈപ്പര്‍ലൂപ്പ് ഇപ്പോള്‍ 100 മൈല്‍ വേഗത്തിലാണ് സഞ്ചരിച്ചത്. വൈകാതെ തങ്ങള്‍ 28 യാത്രക്കാരുമായി 670 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിധത്തിലേക്ക് ഇതിനെ മാറ്റിയെടുക്കുമെന്നാണ് ഗൈഗല്‍ പറയുന്നത്.

ഇന്ന് ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ ഷാംഗ്ഹായി മാഗ്‌ലേവ് ആണ്. 300 മൈല്‍ വേഗത്തിലാണ് ഇത് യാത്ര ചെയ്യുന്നത്. ഹൈപ്പര്‍ലൂപ്പ് സംവിധാനം 670 മൈല്‍ വേഗത്തില്‍ സാധ്യമായാല്‍, ലോസ് ഏഞ്ചല്‍സില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് വിമാനത്തിലും റോഡ് വഴി ആറ് മണിക്കൂറും എടുക്കുന്ന യാത്ര 45 മിനിറ്റു കൊണ്ട് സാധ്യമാകും എന്നാണ് വിര്‍ജീനിയ ഗ്രൂപ്പ് പറയുന്നത്. മുംബൈ, ബെംഗളൂരു നഗരങ്ങളും പഞ്ചാബും ഹൈപ്പര്‍ലൂപ്പ് സംവിധാനം ഭാവിയില്‍ സജ്ജമാക്കുന്നതിന് വിര്‍ജീനിയ ഗ്രൂപ്പുമായി കരാര്‍ ഒപ്പു വച്ചിട്ടുണ്ട്.



Next Story

Related Stories