Top

ശാസ്ത്രം അത് കണ്ടെത്തി; 2 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വികര്‍ ജീവിച്ചിരുന്ന സ്ഥലം - എഡിറ്റോറിയല്‍

ശാസ്ത്രം അത് കണ്ടെത്തി; 2 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വികര്‍ ജീവിച്ചിരുന്ന സ്ഥലം - എഡിറ്റോറിയല്‍

മാനവരാശിയുടെ ചരിത്രത്തിലെ നിര്‍ണായകമായൊരു വഴിത്തിരിവിനാണ് ശാസ്ത്രലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ആഫ്രിക്കയുടെ ദക്ഷിണ മേഖലയിലുള്ള വടക്കന്‍ ബോട്‌സ്വാനയിലാണ് ഇന്നുള്ള 770 കോടി മനുഷ്യരുടെയും പൂര്‍വികര്‍ ജീവിതമാരംഭിച്ചത് എന്നതാണ് പുതിയ കണ്ടെത്തല്‍.

മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വര്‍ഗമെന്ന നിലയില്‍ മനുഷ്യന്‍ ഉണ്ടായത്- ഹോമോസാപിയന്‍സ്- വടക്കന്‍ ആഫ്രിക്കയിലാണെങ്കിലും ഇന്ന് ഭൂമിയില്‍ ശേഷിക്കുന്ന മനുഷ്യരുടെ പുര്‍വികര്‍ ആഫ്രിക്കയുടെ ദക്ഷിണ മേഖലയില്‍ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവരാണ് എന്നാണ് ശാസ്ത്രം പറയുന്നത്. ഇന്നത്തെ ബോട്‌സ്വാനയുടെ വടക്കന്‍ മേഖലയിലായിരുന്നു അതെന്നും ശാസ്ത്രം പറയുന്നു.

വടക്കന്‍ ആഫ്രിക്കയിലെ മൊറോക്കയില്‍ നിന്ന് ലഭിച്ച ഫോസില്‍ മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടേതാണ്. അതാണ്‌ ആധുനിക മനുഷ്യരുടെതായി ഇതുവരെ ലഭിച്ചിരിക്കുന്ന ഏറ്റവും പഴക്കമുള്ള തെളിവ്. എന്നാല്‍ ആ വംശം ഇല്ലാതായിപ്പോയെന്നും അവരുടെ പൂര്‍വികര്‍ ഇന്നില്ലെന്നുമാണ് പുതിയ പഠനം തെളിയിക്കുന്നത്. നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശാസ്ത്രജ്ഞരുടെ പുതിയ വെളിപ്പെടുത്തല്‍. മാനവരാശിയുടെ ഉത്ഭവത്തിന്റെയും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുണ്ടായ കുടിയേറ്റത്തിന്റെയും ചരിത്രം കൂടിയാണ് ഇതുവഴി തെളിഞ്ഞു വരുന്നത്. ഗാര്‍വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ ജനിതകശാസ്ത്രജ്ഞയായ വനേസ ഹയാസിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ആഫ്രിക്കയുടെ ദക്ഷിണ മേഖലയിലുള്ള തദ്ദശീയരായ 1200 മനുഷ്യരുടെ മാതൃപരമ്പരകളുടെ ജനിതകപഠനം നടത്തിയാണ് ശാസ്ത്രം പുതിയ കണ്ടെത്തലിലേക്ക് എത്തിയത്. ഇപ്പോള്‍ മരുഭൂമിയും ഉപ്പുപാടങ്ങളുമായി മാറിയിട്ടുള്ള വടക്കന്‍ ബോട്‌സ്വാനയിലെ വലിയ ചതുപ്പു പ്രദേശങ്ങളിലായിരുന്നു രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ ജീവിതമാരംഭിച്ചത്. ഇതിനു ശേഷം 70,000 വര്‍ഷം ഈ മനുഷ്യരുടെ പരമ്പര ഇവിടെ ജീവിച്ചിരുന്നുവെന്നും തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തോടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറ്റം തുടങ്ങുകയായിരുന്നു എന്നുമാണ് ഇവരുടെ പഠനം പറയുന്നത്.

ഇന്ന് 59,947 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ആഫ്രിക്കയിലെ വിക്‌ടോറിയ തടാകത്തിന്റെ രണ്ടിരട്ടി വലിപ്പമുള്ള ഒരു തടാകമാണ് അന്ന് ജീവിക്കാനാവശ്യമായ വിധത്തില്‍ ഈ ഭൂഭാഗത്തെ മാറ്റുന്നത്. ഇത് ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ സംബേസിയുടെ നദീതട പ്രദേശങ്ങളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്നതായിരുന്നു. ആ പ്രദേശങ്ങള്‍ വടക്കന്‍ ബോട്‌സ്വാന മുതല്‍ പടിഞ്ഞാറ് നമീബിയ വരെയും കിഴക്ക് സിംബാബ്‌വെ വരെയും പരന്നുകിടന്നിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

"ഈ പഠനം പൂര്‍ത്തിയാകുന്നതു വരെ ആധുനിക മനുഷ്യന്റെ പൂര്‍വികര്‍ എവിടെയാണ് ജീവിച്ചിരുന്നത് എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല"- വനേസ പറയുന്നു. "മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടേതായി മെറോക്കോയില്‍ നിന്ന് ലഭിച്ച ഫോസിലും പുതിയ കണ്ടെത്തലും തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല. എന്നാല്‍ ആ ഹോമോസാപിയന്‍സ് വംശമറ്റു പോയി എന്നാണ് കരുതുന്നത്. എന്നാല്‍ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സതേണ്‍ ആഫ്രിക്കന്‍ മനുഷ്യരുടെ പരമ്പര ഇന്നും ജീവിച്ചിരിക്കുന്നു"- ഈ പഠനം നടത്തിയവരില്‍ വനേസയ്‌ക്കൊപ്പമുണ്ടായിരുന്ന ദക്ഷിണ കൊറിയയിലെ പുസാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ആക്‌സല്‍ ടിമ്മര്‍മാന്‍ വ്യക്തമാക്കുന്നു.

ഭൂമിയുടെ അച്ചുതണ്ടിലും ഭ്രമണപഥത്തിലുമുണ്ടായ മാറ്റങ്ങള്‍ മൂലം കാലാവസ്ഥ, മഴ, സസ്യജാലങ്ങള്‍ എന്നിവയ്ക്കുണ്ടായ മാറ്റത്തോടെയാണ് രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് താമസം തുടങ്ങിയ പ്രദേശത്തു നിന്ന് മനുഷ്യര്‍ ആദ്യ കുടിയേറ്റം തുടങ്ങുന്നത്. ഇത് 1.30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കു കിഴക്കന്‍ മേഖലകളിലേക്കും പിന്നീട് 1.10 ലക്ഷം വര്‍ഷം മുമ്പ് ദക്ഷിണ പടിഞ്ഞാറ് മേഖലയിലേക്കുമായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ജ്യോതിശാസ്ത്രപരമായുണ്ടായ മാറ്റങ്ങളെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനുഷ്യരുടെ വലിയ തോതിലുള്ള കുടിയേറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകളാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ടിമ്മര്‍മാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. "ഈ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണ് വിവിധ ജനിതകവംശങ്ങള്‍ രൂപപ്പെടുന്നതും അത് പിന്നീട് വ്യത്യസ്ത സാംസ്‌കാരിക, വംശീയ, ഭാഷാ വിഭാഗങ്ങളായി മാറുന്നതും"-ടിമ്മര്‍മാന്‍ പറയുന്നു.

അതായത്, രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയുടെ ദക്ഷിണ മേലഖയില്‍ താമസമാരംഭിച്ച മനുഷ്യര്‍ അവിടെ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്നത്. കാലാവസ്ഥാ മാറ്റത്തോടെയുണ്ടായ വിവിധ രീതിയിലുള്ള രൂപാന്തരങ്ങളാണ് വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് കാരണമായതെന്നും ശാസ്ത്രം പറയുമ്പോള്‍, ആധുനിക ലോകത്തെ മനുഷ്യര്‍ എന്ന നിലയില്‍ നാമൊന്നു തിരിഞ്ഞു നോക്കേണ്ടതുണ്ട്. കലാപങ്ങളുടെയും പലായനങ്ങളുടേയും വംശീയ മഹത്വങ്ങളുടെ വാഴ്ത്തലുകളുടേയും എല്ലാം യാഥാര്‍ത്ഥ്യം അപ്പോള്‍ നമുക്ക് മുന്നില്‍ തെളിഞ്ഞു വരും. ഒപ്പം, കാലാവസ്ഥാ വ്യതിയാനം ഒരു മിത്തല്ല എന്നു നാം തിരിച്ചറിയുന്നുണ്ട്, അതിന്റെ ഭവിഷ്യത്തുകള്‍ നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രം ചിലപ്പോഴൊക്കെ നമുക്ക് മുന്നില്‍ തുറന്നു തരുന്നത് ചരിത്രത്തിന്റെ സത്യസന്ധത കൂടിയാണ്. അത് കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരായി ജീവിക്കാന്‍ എല്ലാവര്‍ക്കും പ്രചോദനവും നല്‍കട്ടെ.

(ചിത്രം: മനുഷ്യരുടെ പൂര്‍വികരെ കണ്ടെത്താനുള്ള പരീക്ഷണത്തിന് ജീന്‍ പ്രദാനം ചെയ്ത Ju/'hoansi കുടുംബത്തില്‍പ്പെട്ട ഒരാള്‍ക്കൊപ്പം വനേസ ഹയാസ്)


Next Story

Related Stories