TopTop
Begin typing your search above and press return to search.

സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടോ? പര്യവേക്ഷണത്തിനായി 'ചിയോപ്സ്' പുറപ്പെടുന്നു

സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടോ? പര്യവേക്ഷണത്തിനായി ചിയോപ്സ് പുറപ്പെടുന്നു

മനുഷ്യന് വാസയോഗ്യമായ ഇടങ്ങൾ സൗരയൂഥത്തിനു പുറത്ത് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) അയയ്ക്കുന്ന സാറ്റലൈറ്റ് ടെലസ്കോപ്പ് ഇന്ന് പുറപ്പെടും. കാരക്റ്ററൈസിങ് എക്സോപ്ലാനറ്റ് സാറ്റലൈറ്റ് (CHaracterising ExOPlanet) എന്ന പേരിൽ നിന്നാണ് ചിയോപ്സ് എന്ന ചുരുക്കപ്പേര് കണ്ടെത്തിയത്. ഇഎസ്എ വെബ്സൈറ്റിൽ സാറ്റലൈറ്റ് ലോഞ്ചിന്റെ ലൈവ് സംപ്രേഷണം ലഭ്യമാണ്.

ഭൂമിക്ക് അഞ്ഞൂറ് മൈലുകൾക്കപ്പുറത്താണ് ഈ സാറ്റലൈറ്റ് അതിന്റെ സഞ്ചാരപഥം കണ്ടെത്തുക. സൂര്യന് ഒരിക്കലും അഭിമുഖമായി വരാത്ത രീതിയിലാണ് സാറ്റലൈറ്റിനെ സ്ഥാപിക്കുക. സമാനമായ ജോലി ചെയ്തു വരുന്ന ഹബിൾ സ്പേസ് ടെലസ്കോപ്പ് ഭൂമിയിൽ നിന്നും 350 മൈൽ‌ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറു നിന്നും കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു.

എന്താണ് ചിയോപ്സിന്റെ ലക്ഷ്യം?

സൗരയൂഥത്തിനു പുറത്തുള്ള, ഏതെങ്കിലുമൊരു സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുക എന്ന ജോലിയാണ് ചിയോപ്സ് ചെയ്യാൻ പോകുന്നത്. ഇത്തരം ജോലികൾ ചെയ്യുന്ന നിരവധി സാറ്റലൈറ്റുകളുണ്ട് നിലവിൽ. കഴിഞ്ഞ ദശകങ്ങളിൽ ഇത്തരം നിരവധി ഗ്രഹങ്ങളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചിയോപ്സിന്റെ ജോലി ഒരൽപം വ്യത്യസ്തമായ രീതിയിലായിരിക്കും. ഇതുവരെ കണ്ടെത്തിയതും ഇനി കണ്ടെത്തുന്നതുമായ ഗ്രഹങ്ങളെ കൂടുതൽ പഠനങ്ങൾ വിധേയമാക്കും ഈ ടെലിസ്കോപ്.

നിലവിൽ ജ്യോതിശാസ്ത്രജ്ഞർ സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും നക്ഷത്രത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്നത് ഗുരുത്വാകർഷണപരമായ ബലവ്യതിയാനങ്ങളെ ആസ്പദിച്ചാണ്. ഇതുവഴി പ്രസ്തുത ഗ്രഹങ്ങളുടെ പിണ്ഡം തിരിച്ചറിയാനാകും. എന്നാൽ ആ ഗ്രഹങ്ങളുടെ നിർമിതി എങ്ങനെയാണെന്നതും അവയുടെ സവിശേഷതകൾ എന്താണെന്നതുമെല്ലാം ഇന്നും അജ്ഞാതമാണ്. ചിയോപ്സ് ചെയ്യാൻ പോകുന്നത് ഇതെല്ലാം പഠനവിധേയമാക്കുകയാണ്.

ഇത്തരം ഗ്രഹങ്ങൾ കടന്നുപോകുന്ന വേളയിൽ അവ ചുറ്റിക്കൊണ്ടിരിക്കുന്ന നക്ഷത്രമുതിര്‍ക്കുന്ന വെളിച്ചത്തിൽ വരുന്ന വ്യതിയാനങ്ങളെ പഠനവിധേയമാക്കും. ഇങ്ങനെ ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്ത് ഗ്രഹം ഭൂമിയെപ്പോലെ പാറകളും കടുപ്പമുള്ള മണ്ണും നിറഞ്ഞതാണോയെന്നും, അതോ മൃദുലമായ മറ്റേതെങ്കിലും ഘടകങ്ങൾ ചേർന്നതാണോയെന്ന് മനസ്സിലാക്കാൻ കഴിയും.

ചിയോപ്സിന്റെ ആത്യന്തികമായ ലക്ഷ്യം ഭൂമിക്കു പുറത്ത്, സൗരയൂഥത്തിനു പുറത്ത് ജീവനുണ്ടോയെന്നും ആവാസവ്യവസ്ഥയുണ്ടോയെന്നും കണ്ടെത്തല്‍ തന്നെയാണ്. ഭൂമിയുടെ സമാനമായ പിണ്ഡമുള്ള, സൗരയൂഥത്തിനു പുറത്തൊരു സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെയാണ് ചിയോപ്സ് പഠിക്കുക.


Next Story

Related Stories