Top

ചന്ദ്രയാൻ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ

ചന്ദ്രയാൻ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ

ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചാന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിന് തൊട്ടുമുമ്പായി ഐഎസ്ആര്‍ഒ കേന്ദ്രവുമായുള്ള ബന്ധം വിക്രം ലാന്‍ഡറിന് നഷ്ടപ്പെടുകയായിരുന്നു. ലൂണാര്‍ റെക്കൊണൈസെന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) എടുത്ത ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാന്‍ഡര്‍ തകര്‍ന്നുവീണ സ്ഥലത്തിന് 750 മീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ചെന്നൈ സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് എല്‍ആര്‍ഒ പ്രോജക്ടുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു.

നേരത്തെയുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് എല്‍ആര്‍ഒ സ്ഥിരീകരിക്കുകയായിരുന്നു. ഒക്ടോബര്‍ 14, 15 തീയതികളിലും നവംബര്‍ 11നും ചിത്രങ്ങള്‍ ലഭിച്ചിരുന്നു. വിക്രം ലാന്‍ഡറിന് ഓര്‍ബിറ്ററുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചതിന് പിന്നാലെ ലാന്‍ഡര്‍ ചന്ദ്രയാനില്‍ ഇടിച്ചിറങ്ങുകയായിരുന്നു എന്ന് ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട നാസ വ്യക്തമാക്കിയിരുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്തിന് 2.1 കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഓര്‍ബിറ്ററിന് നഷ്ടമായത്. സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിരുന്നെങ്കില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യവും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യവും ആയേനെ ഇന്ത്യ. വിക്രം ലാന്‍ഡറിനകത്തെ പ്രഗ്യാന്‍ റോവര്‍ ലാന്‍ഡിംഗിന് ശേഷം ലാന്‍ഡറില്‍ നിന്ന് വേര്‍പെട്ട് ചിത്രങ്ങളും വിവരങ്ങളും മറ്റും ശേഖരിക്കുമെന്നായിരുന്നു പദ്ധതി. ഒരു ചാന്ദ്രദിനം അല്ലെങ്കില്‍ ഭൂമിയിലെ 14 ദിനങ്ങളായിരുന്നു ദൗത്യത്തിന്റെ സമയപരിധി. ഇത് അവസാനിക്കുകയും ചന്ദ്രനില്‍ വെളിച്ചം നഷ്ടമാകുന്നതിന് മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന് കഴിയാതെ വരുകയും ചെയ്തതോടെ ദൗത്യം പരാജയപ്പെട്ടിരുന്നു.

അതേസമയം ചന്ദ്രന്റെ ധാതുക്കള്‍, അതിന്റെ ധ്രുവപ്രദേശങ്ങളിലെ ജലസാന്നിധ്യം തുടങ്ങിയവയുടെ മാപ്പിംഗ്, ചന്ദ്രന്റെ പരിണാമം തുടങ്ങിയവ മനസിലാക്കാന്‍ ഓര്‍ബിറ്ററിന് കഴിയും. ഓര്‍ബിറ്റര്‍ ഏഴ് വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തനസജ്ജമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഈ വര്‍ഷം ജൂലായ് 22ന് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. ജൂലായ് 15ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.


Next Story

Related Stories