251 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന് അവകാശപ്പെട്ട് വലിയ തോതില്‍ ബുക്കിങ് നടത്തിയ 'റിങ് ബെല്‍' സ്ഥാപകന്‍ മോഹിത് ഗോയല്‍ അറസ്റ്റില്‍. ഡ്രൈ ഫ്രൂട്ട്സ് ഇടപാടുമായി ബന്ധപ്പെട്ട് വ്യാപാരികളില്‍ നിന്ന് 200 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പുതിയ കേസിലാണ് അറസ്റ്റ്. മോഹിത്തിനൊപ്പം അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളെയും നോയിഡ പൊലീസ് വലയിലാക്കിയിട്ടുണ്ട്. രണ്ട് ആഡംബര കാറുകള്‍, ഡ്രൈഫ്രൂട്സ്, ചില രേഖകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ദുബൈ ഫ്രൂട്ട്സ് ആന്‍ഡ് സ്പൈസസ് ഹബ് എന്ന പേരില്‍ നോയിഡ സെകടര്‍ 62ല്‍ ഗോയലും അഞ്ച് പേരും ചേര്‍ന്ന് ആരംഭിച്ച കമ്പനിയുടെ മറവിലാണ് വന്‍ തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികളില്‍ നിന്നും മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വില നല്കി ഡ്രൈ ഫ്രൂട്ട്സ് വാങ്ങിയായിരുന്നു ബിസിനസ്. ആദ്യ ഘട്ടത്തില്‍ വിശ്വാസം സമ്പാദിക്കാന്‍ കച്ചവടക്കാര്‍ക്ക് പണം മുഴുവനായി നല്‍കും. കച്ചവടക്കാരുമായി മികച്ച ബന്ധം സാധ്യമാകുന്നതോടെ കൂടിയ തോതില്‍ ഫ്രൂട്ട്സ് വാങ്ങുകയും 40 ശതമാനം വില നെറ്റ് ബാങ്ങിങ് മുഖേനെ കൈമാറുകയും ചെയ്യും. ബാക്കി തുകയ്ക്ക് ഗോയലും സംഘവും ചെക്ക് നല്‍കും. കമ്പനി നല്കിയ ചെക്കുകളെല്ലാം കൂട്ടത്തോടെ മടങ്ങിയതോടെ വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പഞ്ചാബ്, ഹരിയാന, രാജസഥാന്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നീ സംസഥാനങ്ങളില്‍ നിന്നായി കമ്പനിക്കെതിരെ 40ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്.
2016ലാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ഫോണ്‍ എന്ന പ്രഖ്യാപനവുമായി 'ഫ്രീഡം 251' ഫോണുമായി മോഹിത് എത്തിയത്. 251 രൂപ മാത്രമായിരുന്നു വിലയിട്ടത്. 30,000 പേര് ഫോണ്‍ ബുക്ക് ചെയ്തു. ഏഴ് കോടിയാളുകളാണ് ഫോണ്‍ വാങ്ങാനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഫോണ്‍ ബുക്ക് ചെയ്ത ആര്‍ക്കും സാധനം കൈയില്‍ ലഭിച്ചില്ല. ഇതോടെ കേസുകളില്‍ പെട്ട് കമ്പനി പൂട്ടി. ഫ്രീഡം 251ഉമായി ബന്ധപ്പെട്ട് നിലവില്‍ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇവ കൂടാതെ പുതിയ കേസുണ്ടായിരിക്കുന്നത്.