TopTop
Begin typing your search above and press return to search.

ടെക്ക് ലോകത്തെ വിസ്മയിപ്പിച്ച്‌ ഇനി ഗൂഗിളിന്റെ ക്വാണ്ടം കംപ്യട്ടറുകള്‍

ടെക്ക് ലോകത്തെ വിസ്മയിപ്പിച്ച്‌ ഇനി ഗൂഗിളിന്റെ ക്വാണ്ടം കംപ്യട്ടറുകള്‍

വിവരസാങ്കേതിക രംഗത്ത് ഗൂഗിളിന്റെ ജൈത്രയാത്ര തുടരുന്നതിന്റെ വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്. ഇന്ത്യയിലെ ബംഗളുരുവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ ലാബ് സ്ഥാപിക്കുമെന്ന കമ്ബനിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഗൂഗിള്‍ ക്വാണ്ടം സുപ്രീമസി കൈവരിച്ചു എന്നുള്ള സൂചനയാണ് ഇപ്പോള്‍ ടെക് ലോകത്തെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ക്ലാസിക്കല്‍ ശൈലിയിലെ കമ്ബ്യൂട്ടറുകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സമസ്യകള്‍ പരിഹരിക്കാന്‍ ക്വാണ്ടം കമ്ബ്യൂട്ടറുകള്‍ കഴിവ് നേടുന്നതിനെയാണ് ക്വാണ്ടം സുപ്രീമസി എന്ന് പറയുന്നത്.

സുപ്രധാനമായ ഈ പ്രഖ്യാപനം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ആയ നാസയുടെ വെബ്സൈറ്റില്‍ ആണ് പ്രത്യക്ഷപ്പെട്ടത്. അല്പസമയത്തിനുള്ളില്‍ തന്നെ നാസ ആ പോസ്റ്റ് പിന്‍വലിച്ചെങ്കിലും, അതിനു മുന്‍പ് ദി ഫിനാന്‍ഷ്യല്‍ ടൈംസിന് വാര്‍ത്ത ലഭിക്കുകയായിരുന്നു.

ക്വാണ്ടം കമ്ബ്യൂട്ടറുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലെ ഒരു നാഴികക്കല്ല് എന്ന നിലയ്ക് ഈ സംഭവത്തിന് സവിശേഷപ്രാധാന്യമുണ്ട്. ഗൂഗിളിന്റെ ക്വാണ്ടം കമ്ബ്യൂട്ടര്‍ മൂന്ന് മിനുട്ടും കുറച്ചു സെക്കന്‍ഡുകളും കൊണ്ട് ചെയ്തു തീര്‍ത്തത്, ഒരു സൂപ്പര്‍ കമ്ബ്യൂട്ടറിനു ചെയ്യാന്‍ 10000 ത്തില്‍ അധികം വര്‍ഷം വേണ്ടി വന്നേക്കാവുന്ന സങ്കീര്‍ണമായ ഒരു ഗണിത സമസ്യയാണ്. ഇത് വഴി ക്വാണ്ടം സുപ്രീമസി കൈവരിക്കുന്ന ആദ്യത്തെ കമ്ബനി ആയി ഗൂഗിള്‍ മാറി.

'ഞങ്ങളുടെ കണക്കുകൂട്ടലനുസരിച്ചു, ഒരു ക്വാണ്ടം പ്രോസസ്സര്‍ ഉപയോഗിച്ച്‌ മാത്രം ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ഗണിതക്രിയ ആണ് ഈ പരീക്ഷണത്തിലൂടെ വിജയകരമായി പൂര്‍ത്തിയാക്കിയത്', ഗൂഗിള്‍ പുറത്തിറക്കിയ പേപ്പറില്‍ പറയുന്നു. 'ക്വാണ്ടം കമ്ബ്യൂട്ടിങ് യൂസിങ് എ പ്രോഗ്രാമബിള്‍ സൂപ്പര്‍കണ്ടക്റ്റിംഗ് പ്രോസസ്സര്‍' എന്നാണ് ഗൂഗിളിന്റെ ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട്.

ഈ വാര്‍ത്ത നാസയുടെ വെബ്സൈറ്റില്‍ വളരെ പെട്ടെന്നു തന്നെ വന്നെങ്കിലും ഈ നേട്ടം കുറച്ചു കൂടി പ്രാധാന്യത്തോടെ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനുള്ള ഗൂഗിളിന്റെ താല്പര്യമാണ് നാസ വാര്‍ത്ത പിന്‍വലിച്ചതിനു പിന്നിലെന്ന് കരുതപ്പെടുന്നു.
പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായാല്‍, കെമിസ്ട്രി, ക്രിപ്‌റ്റോഗ്രഫി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ് എന്നിങ്ങനെ പല മേഖലകളിലെ പ്രവര്‍ത്തനങ്ങളിലും ക്വാണ്ടം കമ്ബ്യൂട്ടറുകള്‍ക്ക് നിര്‍ണ്ണായകമായ പങ്ക് വഹിക്കാനാകും. ലോകത്തു നിലവിലുള്ള എല്ലാ കമ്ബ്യൂട്ടറുകളുടെയും ശേഷി, മൂര്‍സ് ലോ അനുസരിച്ചു, 18 മാസം കൂടുമ്ബോഴാണ് ഇരട്ടിക്കുന്നത്. എന്നാല്‍ ക്വാണ്ടം കംപ്യൂട്ടറുകളുടെ ശേഷി 'ഡബിള്‍ എക്‌സ്‌പോനെന്‍ഷ്യല്‍ റേറ്റ്' ല്‍ വികസിക്കുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്. ഒറ്റയടിക്ക് പ്രോസസ്സ് ചെയ്യാവുന്ന വിവരങ്ങളുടെ അളവ് ക്വാണ്ടം കമ്ബ്യൂട്ടറുകള്‍ ഗണ്യമായി വര്‍ധിപ്പിക്കും.

2017 അവസാനത്തോടെ ക്വാണ്ടം സുപ്രീമസി സാധ്യമാകുമെന്നായിരുന്നു ഗൂഗിള്‍ മുന്‍പ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കമ്ബനി ഇതിനായി വികസിപ്പിച്ച 72-ക്യൂബിറ്റ് സംവിധാനം നിയന്ത്രിക്കുക ദുഷ്‌കരമായതോടെ ഈ ലക്ഷ്യം കൈവരിക്കുക പ്രയാസമായി. (ക്വാണ്ടം കംപ്യൂട്ടിങ്ങില്‍ ഉപയോഗിക്കുന്ന അടിസ്ഥാന യൂണിറ്റാണ് ക്യൂബിറ്റ്.) പിന്നീട്, സൈക്കമോര്‍ എന്നറിയപ്പെടുന്ന 53-ക്യൂബിറ്റ് ഡിസൈന്‍ ഗൂഗിള്‍ വികസിപ്പിച്ചതോടെ വിപ്ലവകരമായ ഈ നേട്ടത്തിലേക്കുള്ള വഴി തെളിഞ്ഞു.

സൗത്ത് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ലിഡാര്‍ ഗൂഗിളിന്റെ നേട്ടത്തെ പ്രശംസിച്ചു. 'ക്വാണ്ടം കമ്ബ്യൂട്ടറിന്റെ ക്യൂബിറ്റുകള്‍ തമ്മില്‍ ഇന്ററാക്‌ട് ചെയ്യുന്ന മേഖലകള്‍ മനസ്സിലാക്കി, മുഴുവനായും എറര്‍-കറക്റ്റഡ് ആയ ഒരു ക്വാണ്ടം കമ്ബ്യൂട്ടര്‍ വികസിപ്പിക്കാനായാല്‍, പിന്നെ നേടിയെടുക്കാവുന്നതിനു പരിധികളില്ല', അദ്ദേഹം ദി ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.

പരിമിതമായ പ്രായോഗിക പ്രയോജനങ്ങള്‍ മാത്രമുള്ള, ഗവേഷണപ്രാധാന്യം കൂടുതലുള്ള ഒരു ആശയമായി ഇപ്പോള്‍ തോന്നാമെങ്കിലും, കമ്ബ്യൂട്ടിങ് മേഖലയിലെ ഒരു യുഗപ്പിറവിയ്ക്കാണ് ക്വാണ്ടം കമ്ബ്യൂട്ടറിന്റെ വരവോടെ തുടക്കമാവുന്നത്. സബ് അറ്റോമിക് കണങ്ങളുടെ ക്വാണ്ടം എഫക്ടുകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇന്നത്തെ സൂപ്പര്‍ കംപ്യൂട്ടറുകളുടെ പല മടങ്ങു പ്രവര്‍ത്തനക്ഷമത ക്വാണ്ടം സംവിധാനങ്ങള്‍ക്ക് നേടാനാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ ലാബ് നിര്‍മിക്കുമെന്ന ഗൂഗിളിന്റെ പ്രഖ്യാപനവും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. പ്രശസ്ത കമ്ബ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ആയ മനീഷ് ഗുപ്തയുടെ നേതൃത്വത്തിലാകും ലാബിന്റെ പ്രവര്‍ത്തനം. ഗൂഗിളിന്റെ എ.ഐ വിഭാഗത്തിന് കീഴില്‍ നിരവധി ലാബുകള്‍ ലോകത്താകമാനം നിലവിലുണ്ടെങ്കിലും ബംഗളുരുവിലേത് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ലാബാകും.

ക്വാണ്ടം കമ്ബ്യൂട്ടിങ്ങിനെ പോലെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ചൊല്ലിയും ഒട്ടേറെ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. ഒരു ന്യൂനപക്ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിലവിലുള്ള തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുമെന്ന് ഭയപ്പെടുമ്ബോഴും, ഭൂരിപക്ഷം പേരും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത് അത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെയാണ്. 1956 ല്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. അന്ന് തൊട്ടു തന്നെ ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരാശയവുമാണിത്. പലരും കരുതുന്നത് പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നുള്ളത് ഒരിക്കലും ബുദ്ധിയെ സംബന്ധിക്കുന്ന ഒന്നല്ല. ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത് എ.ഐ എന്നത് ഒരു 'പാറ്റേണ്‍ മാച്ചിങ് ടൂള്‍' ആണെന്നാണ്. നമ്മളുടെ സങ്കല്പത്തിലുള്ള ബുദ്ധി എന്ന ഗുണം അത് ഒരു തരത്തിലും സൃഷ്ടിക്കുന്നില്ല. ശാസ്ത്രജ്ഞരുടെ ചെറുതായെങ്കിലും ഉള്ള സഹായത്തോടെയല്ലാതെ അതിനു ഒറ്റയ്ക്കു ഒരു പ്രവൃത്തി വിജയകരമായി ചെയ്യാനും കഴിയില്ല.

ഇന്നത്തെ ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേതാണ് എന്ന് വ്യക്തമാണെങ്കിലും ഈ ആശയം പുതിയതായി ഉയര്‍ന്നു വന്നതല്ല. വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ക്രമേണ ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയിലേയ്ക് നയിച്ചത് പോലെ കമ്ബ്യൂട്ടിങ് രംഗത്തെ പരിണാമങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എത്തി നില്‍ക്കുന്നു എന്ന് പറയുന്നതാകും ശരി. ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ എ.ഐ. രണ്ടു കാര്യങ്ങളാണ് ചെയ്യുന്നത്: ആവര്‍ത്തനസ്വഭാവമുള്ള, എന്നാല്‍ കുറഞ്ഞ മൂല്യവര്‍ധന നടക്കുന്ന പ്രവൃത്തികളെ അത് യന്ത്രവത്ക്കരിക്കുന്നു. ഇത് ചെറിയൊരളവില്‍ അവിദഗ്ധ തൊഴിലുകള്‍ ഇല്ലാതാകുന്നതിനു കാരണമാകുമെന്നുറപ്പാണ്. അതേസമയം, കൂടുതല്‍ സങ്കീര്‍ണമായ ജോലികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പൂര്‍ത്തിയാക്കാന്‍ എ.ഐ മനുഷ്യരെ സഹായിക്കും എന്നുള്ളതും വസ്തുതയാണ്.

ക്രമരഹിതമായി അക്കങ്ങള്‍ ജെനറേറ്റു ചെയ്യുന്ന ഒരു സംവിധാനം ഉണ്ടെന്നു വയ്ക്കുക. അത് യഥാര്‍ത്ഥത്തില്‍ ക്രമരഹിതമായാണോ അക്കങ്ങള്‍ ജെനറേറ്റു ചെയ്യുന്നത് അതോ അതിനു പിന്നിലും വ്യക്തമായ ഒരു യുക്തിയുണ്ടോ എന്ന് നിര്‍ണയിക്കുക വളരെ സങ്കീര്‍ണമായ ഒരു ഗണിതപ്രക്രിയ ആണ്. എന്നാല്‍, ഇതിനായി ഗൂഗിള്‍ വികസിപ്പിച്ച സൈക്കമോര്‍ എന്ന് പേരുള്ള ക്വാണ്ടം ചിപ്പ് ഈ നിര്‍ണയം നടത്താനുള്ള സംവിധാനം വെറും 3 മിനുട്ടും 20 സെക്കന്‍ഡും കൊണ്ട് നിര്‍മ്മിച്ചെടുത്തു. ഈ ടെക്‌നിക്കല്‍ ടെസ്റ്റിലൂടെയാണ് ഗൂഗിള്‍ ക്വാണ്ടം സുപ്രീമസി നേടിയെന്നു തെളിയിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിമിതമായ ഈ പരീക്ഷണ വിജയത്തിലെത്താന്‍ ഒട്ടേറെ കടമ്ബകള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഓരോ നേട്ടത്തിനും വേറെ ഒരുപാടു പ്രായോഗിക പ്രയോജനങ്ങളുമുണ്ട്. ക്രമേണ ഇവയെല്ലാം തന്നെ പൂര്‍ണ തോതിലുള്ള ക്വാണ്ടം കമ്ബ്യൂട്ടിങ് യാഥാര്‍ഥ്യമാക്കുന്നതിലേയ്ക് സഹായകമാകുമെന്നുറപ്പാണ്. ക്യൂബിറ്റുകളുടെ മേലുള്ള നിയന്ത്രണം പരിമിതമാണ് എന്നതായിരുന്നു നിലവിലുള്ള എല്ലാ ക്വാണ്ടം സംവിധാനങ്ങളുടെയും പ്രധാന ന്യുനത. അവ അവയുടെ ക്വാണ്ടം സ്റ്റേറ്റില്‍ ഒരു സെക്കന്റിന്റെ ചെറിയൊരംശം സമയമേ നിലനിന്നിരുന്നുള്ളു. എന്നാല്‍ ഈ ന്യൂനത പരിഹരിക്കാന്‍ വഴി തെളിഞ്ഞതോടെ ക്വാണ്ടം കമ്ബ്യൂട്ടിങ് നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിക്കാണ് ഉത്തരമായത്.

സൗത്ത് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് പ്രൊഫസര്‍ ആയ ലിഡാറിന്റെ അഭിപ്രായത്തില്‍, ക്രോസ്സ്‌ടോക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ക്യൂബിറ്റുകള്‍ തമ്മിലുള്ള ഇന്ററാക്ഷന്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടം. സൈക്കമോര്‍ വികസിപ്പിച്ച സംവിധാനത്തില്‍ വന്നിട്ടുള്ള പിഴവുകള്‍ വ്യത്യസ്തമാണെന്നും അവ തമ്മില്‍ ബന്ധമില്ലെന്നും തെളിയിക്കാന്‍ ഗൂഗിളിനായി. ഇത് സൂചിപ്പിക്കുന്നത് പിഴവുകള്‍ തിരുത്താന്‍ ഗൂഗിള്‍ ഉപയോഗിച്ച വിദ്യകള്‍ ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ സംവിധാനങ്ങള്‍ രൂപപെടുത്താന്‍ ഉപയോഗിക്കാമെന്നാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories