TopTop
Begin typing your search above and press return to search.

ചൈനയുമായി ബന്ധമെന്ന് ആരോപണം: വിഖ്യാത ശാസ്ത്രജ്ഞൻ ചാൾസ് ലീബറിനെ യുഎസ് അറസ്റ്റ് ചെയ്തു

ചൈനയുമായി ബന്ധമെന്ന് ആരോപണം: വിഖ്യാത ശാസ്ത്രജ്ഞൻ ചാൾസ് ലീബറിനെ യുഎസ് അറസ്റ്റ് ചെയ്തു

ചൈനയിൽ നിന്ന് ഗവേഷണത്തിനായി ഫണ്ട് സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രമുഖ ശാസ്ത്രജ്ഞൻ ചാൾസ് ലീബറിനെ അറസ്റ്റ് ചെയ്തു. താൻ സ്വീകരിക്കുന്ന ഫണ്ടുകളെക്കുറിച്ച് യുഎസ് സർക്കാരിന് ലീബർ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. നാനോ സാങ്കേതികവിദ്യയിലെ അതികായനാണ് ചാൾസ് ലീബർ. ഈ മേഖലയിലെ ആദ്യമുന്നേറ്റങ്ങൾ നടത്തിയയാളെന്ന നിലയിലും ശ്രദ്ധേയനാണ്. വൈദ്യശാസ്ത്രമേഖലയിലും ജീവശാസ്ത്രരംഗത്തും ഉപകാരപ്രദമായ നാനോഘടകങ്ങൾ നിർമിച്ചെടുക്കുത്തതിന്റെ പേരിൽ ഏറെ പ്രശസ്തി നേടിയിട്ടുള്ളയാളാണ്. ഹാർവാർഡ് സർവ്വകലാശാലയുടെ കെമിസ്ട്രി വിഭാഗം തലവനാണ് ഇദ്ദേഹം.

ചൈന നടപ്പാക്കിയ 'തൗസൻഡ് ടാലന്റ്സ് പ്ലാനു'മായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്ന് വിവരമുണ്ട്. രാജ്യത്തേക്ക് പ്രമുഖരായ അക്കാദമിക്കുകളെ ആകർഷിക്കാനും സാധിക്കുമെങ്കിൽ കൊണ്ടുവരാനും ഉദ്ദേശിച്ചാണ് ചൈന ഈ പദ്ധതി നടപ്പാക്കിയത്. ഇതുവഴി വുഹാൻ സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് ആയിരക്കണക്കിന് ഡോളർ ലീബറിന് ലഭിച്ചെന്നാണ് ആരോപണം. ഇദ്ദേഹം അവിടെ ഒരു ലാബിന് നേതൃത്വം നൽകാമെന്ന് സമ്മതിച്ചിരുന്നതായും ആരോപണമുണ്ട്.

വുഹാൻ സാങ്കേതിക സർവ്വകലാശാലയുമായുള്ള ബന്ധം സംബന്ധിച്ച അന്വേഷണങ്ങൾക്ക് തനിക്ക് ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

യുഎസ്സിലെ സർവ്വകലാശാലകൾക്കുള്ള വിദേശബന്ധങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി വരികയാണ് സർക്കാർ. യുഎസ് ഗവേഷകരെ സ്വാധീനിച്ച് ബൗദ്ധിക സ്വത്തവകാശങ്ങൾ ചൈന തട്ടിയെടുത്തേക്കുമെന്ന് യുഎസ് ഭയക്കുന്നുണ്ട്.

അതെസമയം, ഇത്രയും ഉന്നതനായ ഒരു ശാസ്ത്രജ്ഞനെ ജയിലിലടച്ചത് രാജ്യത്തെ അക്കാദമിക സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്.

ഗവേഷകരംഗത്ത് വിദേശ ഇടപെടലുകൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് യുഎസ് സർക്കാർ. ചൈനയുടെ തൗസൻഡ് ടാലന്റ്സ് പ്ലാന്‍' യുഎസ് ഗവേഷകരെ വഴിതിരിക്കാനുള്ള പദ്ധതിയാകാമെന്ന് യുഎസ് സെനറ്റ് പാനൽ 2019 നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.


Next Story

Related Stories