Top

എച്ച്‌ഐവി ചികിത്സയിൽ നിർണ്ണായ വഴിത്തിരിവ്; വ്യതസ്തമായ മറ്റൊരു ജനിതക ഘടനകൂടി കണ്ടെത്തി

എച്ച്‌ഐവി ചികിത്സയിൽ നിർണ്ണായ വഴിത്തിരിവ്; വ്യതസ്തമായ മറ്റൊരു ജനിതക ഘടനകൂടി കണ്ടെത്തി
എച്ച്‌ഐവി യുടെ വ്യതസ്തമായ മറ്റൊരു ജനിതക ഘടനകൂടി കണ്ടെത്തി. പത്തൊൻപത് വർഷത്തിനിടെ ആദ്യമായാണ് എച്ച്‌ഐവി യുടെ വ്യതസ്തമായ മറ്റൊരു ജനിതക ഘടന കണ്ടെത്തുന്നത്. എച്ച്ഐവി 1 ന്റെ ഗ്രൂപ്പ് എം പതിപ്പിന്റെ ഭാഗമാണ് ഈ ഘടനയും. എച്ച്ഐവി എന്ന മഹാമാരി ആഗോള തലത്തില്‍ പടർന്നു പിടിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിക്കുന്ന ഗ്രൂപ്പാണിത് എന്ന് ഗവേഷണത്തിൽ പങ്കാളിയായ അബോട്ട് ലബോറട്ടറീസ് പറയുന്നു. അബോട്ടിലേയും കൻസാസ് സിറ്റിയിലെ മിസോറി സർവകലാശാലയിലേയും ശാസ്ത്രജ്ഞരാണ് ഈ ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത്. അക്വയർഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം ജേണലില്‍ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ആർ എൻ എ (R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ വൈറസ് (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ്. മറ്റുള്ള വൈറസുകള്‍ പോലെ എച്ച്ഐവിക്കും നിരവധി ജനിതക ഘടനകളുണ്ട്. കാലക്രമേണ അത് മാറ്റാനും പരിവർത്തനം ചെയ്യാനും അവക്ക് കഴിയും. എച്ച്‌ഐവി സബ്‌ടൈപ്പുകളെ തരംതിരിക്കുന്നതിനുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ 2000-ലാണ് പുറപ്പെടുവിക്കുന്നത്. ‌അതിനുശേഷം തിരിച്ചറിഞ്ഞ ആദ്യത്തെ പുതിയ ഗ്രൂപ്പ് എം എച്ച്ഐവി ഘടനകളാണിത്. രോഗം കണ്ടെത്തുന്നതിനും ചികിത്സ ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിനും വൈറസിന്റെ ജനിതക ഘടന തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്.

ഇനി മുതല്‍ എച്ഐവി പരിശോധന നടത്തുമ്പോള്‍ ഈ ഘടനകള്‍കൂടെ തിരിച്ചറിയുക എന്നത് ഒരു പ്രധാന വെല്ലുവിളിയാകുമെന്ന് അബോട്ടിലെശാസ്ത്രജ്ഞയായ മേരി റോജേഴ്സ് പറയുന്നു. ലോകത്തിലെ രക്ത വിതരണത്തിന്റെ 60% ത്തിലധികവും അവരുടെ കമ്പനിയാണ് പരിശോധിക്കുന്നത്. ഇനിയും കൂടുതല്‍ രൂപങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും, ലോകത്ത് എവിടെയാണെങ്കിലും അത് കൃത്യമായി കണ്ടെത്താൻ ഞങ്ങൾക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഇപ്പോള്‍ കണ്ടെത്തിയ ജനിതക ഘടന ഒരു പുതിയ ഉപവിഭാഗമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കില്‍ അത്തരം ഘടനകളുള്ള മൂന്ന് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ആദ്യത്തെ രണ്ടെണ്ണം 1983-ലും 1990-ലുമായി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നും കണ്ടെത്തിയിരുന്നു. അമ്മയിൽ നിന്ന് കുട്ടികളിലേക്ക് വൈറസ് പകരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പഠനത്തിന്റെ ഭാഗമായി 2001-ൽ കോംഗോയിൽ നിന്ന് മൂന്നാമത്തെ സാമ്പിളും കണ്ടെത്തി. സാങ്കേതികവിദ്യ അത്രമാത്രം പുരോഗമിക്കാതിരുന്നത് കൊണ്ടാണ് അന്ന് സാമ്പിളുകള്‍ തമ്മിലുള്ള സാമ്യതകള്‍ പരിശോധിക്കാന്‍ കഴിയാതെ പോയത്.

അതിനാൽ അബോട്ടിലെയും മിസോറി സർവകലാശാലയിലെയും ശാസ്ത്രജ്ഞർ 2001-ലെ സാമ്പിൾ കൂടുതല്‍ പഠനവിധേയമാക്കാനും മാപ്പ് ചെയ്യാനും പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. 'അത് ഒരു പുൽത്തകിടിയിൽ ഒരു സൂചി തിരയുന്നത് പോലെ' ആയിരുന്നുവെന്ന് റോജേഴ്സ് പറയുന്നു.



Next Story

Related Stories