TopTop
Begin typing your search above and press return to search.

ജിബു ഏലിയാസ് സ്പ്രിംഗര്‍ എഐ ആന്‍ഡ് എതിക്സ് ജേണല്‍ എഡിറ്റോറിയല്‍ ബോര്‍‍ഡിലേക്ക്

ജിബു ഏലിയാസ് സ്പ്രിംഗര്‍ എഐ ആന്‍ഡ് എതിക്സ് ജേണല്‍ എഡിറ്റോറിയല്‍ ബോര്‍‍ഡിലേക്ക്

വിഖ്യാതമായ അക്കാദമിക പ്രസിദ്ധീകരണശാലയായ സ്പ്രിംഗര്‍ പുറത്തിറക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് എതിക്സ് ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് ജിബു ഏലിയാസ് തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഇന്ത്യയുടെ വരുംകാലത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ കേന്ദ്രീകരിച്ചുള്ള ജിബു ഏലിയാസിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞാണ് ഈ തീരുമാനമെന്ന് എഐ ആന്‍ഡ് എതിക്സ് മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫുമാരിലൊരാളായ, യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സന്‍ഡര്‍ലാന്‍ഡിന്റെ പ്രോ വൈസ് ചാന്‍സലറുമായ ജോണ്‍ മകന്റൈര്‍ അറിയിച്ചു.

നാഷണല്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ ആയ INDIAAIയില്‍ കണ്ടന്‍റ് ആന്‍ഡ് റിസര്‍ച്ച് ലീഡായും നാസ്കോമില്‍ (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സോഫ്റ്റ്വെയര്‍ ആന്ഡ് സെര്‍വീസ് കമ്പനീസ്) ഗവേഷകനായും പ്രവര്‍ത്തിക്കുന്ന ജിബു അഴിമുഖം ന്യൂസ് പോര്‍ട്ടലിന്റെ കണ്‍സള്‍ട്ടന്‍റ് കൂടിയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് വേണ്ടി ടെക്സ്റ്റ് പുസ്തകങ്ങള്‍ തയ്യാറാക്കുന്ന അടല്‍ ഇന്നൊവേഷന്‍ മിഷനില്‍ മൊഡ്യൂള്‍ കമ്മിറ്റി അംഗമായും ജിബു പ്രവര്‍ത്തിക്കുന്നുണ്ട്. നിതി അയോഗിന് കീഴിലുള്ള പ്രത്യേക പദ്ധതിയാണ് അടല്‍ ഇന്നൊവേഷന്‍ മിഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിലവില്‍ ഇന്ത്യയില്‍ കാര്‍ഷിക മേഖലയിലും കാലാവസ്ഥാ നിരീക്ഷണ മേഖലയിലും മറ്റും ഗൗരവമേറിയ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എങ്കിലും കാര്യമായ വളര്‍ച്ചയിലേക്ക് ഈ മേഖല കടന്നുവരുന്നതേയുള്ളൂ. ഇതിനകം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും പലനിലയില്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന യുഎസ് പോലുള്ള രാജ്യങ്ങളില്‍ അവയുടെ ദുരുപയോഗ സാധ്യതകള്‍ വലിയ ചര്‍ച്ചയാണ്. ഇന്ത്യയില്‍ പക്ഷെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ ഉപയോഗം അതിന്റെ ദൂഷ്യഫലങ്ങള്‍ പ്രകടിപ്പിക്കുന്ന നിലയിലേക്ക് വളര്‍ന്നെത്തിയിട്ടില്ല. ഭാവിയില്‍ വരാനിടയുള്ള ഇത്തരം പ്രശ്നങ്ങളെ ഇപ്പോള്‍ത്തന്നെ അഭിസംബോധന ചെയ്ത് തുടങ്ങുകയെന്നത് പ്രധാനമാണെന്ന് ജിബു ഏലിയാസ് പറയുന്നു.

പല രാജ്യങ്ങളും പല നൈതിക മാനദണ്ഡങ്ങളാണ് പുലര്‍ത്തി വരുന്നത്. ഇന്ത്യ തുടക്കം മുതല്‍ തന്നെ ഈ വിഷയത്തിലൂന്നി ഏറെ പ്രവര്‍ത്തിച്ചതിനാല്‍ തന്നെ തരക്കേടില്ലാത്ത മുന്നേറ്റമുണ്ടാക്കാനും മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് മുന്നില്‍ വരാനും സാധിച്ചിട്ടുണ്ടെന്ന് ജിബു ചൂണ്ടിക്കാട്ടുന്നു. ഫീഡ് ചെയ്യുന്ന ഡാറ്റയിലുണ്ടാകുന്ന മുന്‍വിധികളും പക്ഷപാതങ്ങളും തന്നെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ നല്‍കുന്ന ഫലങ്ങളിലും പ്രതിഫലിക്കുക എന്നതിനാല്‍, ഇത്തരം കാര്യങ്ങള്‍ അടിസ്ഥാന പാഠങ്ങളായി പ്രചരിക്കേണ്ടതുണ്ട്. സിബിഎസ്ഇ അടക്കമുള്ള വിവിധ സിലബസ്സുകളിലും കരിക്കുലങ്ങളിലും ഇത്തരം കാര്യങ്ങള്‍ ഇടംപിടിച്ചു തുടങ്ങിയിട്ടുണ്ടെന്നും ജിബു ഏലിയാസ് വ്യക്തമാക്കി. നീതി ആയോഗിന്റെ ഒരു സ്ട്രാറ്റജി പേപ്പര്‍ കൃത്രിമധിഷണാ മേഖലയിലെ നൈതിക വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതായി നിലവിലുണ്ട്. ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ വിഷയത്തില്‍ നിലവിലുണ്ട്.

സെപ്തംബര്‍ അവസാനത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് എതിക്സ് ജേണല്‍ പുറത്തിറങ്ങുക.


Next Story

Related Stories