കൊവിഡ് പ്രതിസന്ധി മൂലം ബങ്കളുരുവിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച പ്രീമാജിക് ഐടി കമ്പനിയ്ക്ക് 'വര്‍ക്ക് നിയര്‍ ഹോം' സൗകര്യമേര്‍പ്പെടുത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. പ്രീ മാജികിന്റെ 'വര്‍ക്ക് നിയര്‍ ഹോം' ഓഫീസ് ഉദ്ഘാടനം തൃശൂരിലെ കണ്ടശ്ശാംകടവില്‍ കെഎസ്യുഎം സിഇഒ തപന്‍ റായഗുരു നിര്‍വഹിച്ചു.
കൊവിഡ് പ്രതിസന്ധി ഉടലെടുത്ത ഉടന്‍ തന്നെ ആഗോളതലത്തില്‍ ഐടി കമ്പനികള്‍ വീട്ടിലിരുന്ന ജോലി ചെയ്യുന്ന രീതിയിലേക്ക് മാറിയെന്ന് തപന്‍ റായഗുരു പറഞ്ഞു. എന്നാല്‍ ഓഫീസ് അന്തരീക്ഷത്തില്‍ ജോലി ചെയ്യുമ്പോള്‍ ക്രയശേഷി കൂടുതലാണെന്ന തിരിച്ചറിവിലാണ് വര്‍ക്ക് നിയര്‍ ഹോം അഥവാ വീടിനടുത്ത് ഓഫീസ് എന്ന ആശയം പ്രസക്തമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രീമാജികിനെ സംബന്ധിച്ച് വിവാഹഫോട്ടോകളുടെ ക്ലൗഡ് സൗകര്യം തുടക്കം മാത്രമാണെന്ന് തപന്‍ റായഗുരു ചൂണ്ടിക്കാട്ടി. വ്യക്തിപരവും ഔദ്യോഗികവുമായ എല്ലാ ഫോട്ടോ സംബന്ധിയായ ആവശ്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ ഭാവിയില്‍ സാധ്യത തെളിയും. വരും ദിവസങ്ങളില്‍ വര്‍ക്ക് നിയര്‍ ഹോമിന് പ്രാധാന്യമേറുകയാണ്. കെഎസ്യുഎമ്മും ഇതിന്റെ വിജയത്തിനായി ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2018ല്‍ ആരംഭിച്ച പ്രീമാജിക് ഐടി കമ്പനി സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ്(സാസ്) എന്ന പ്രമേയത്തിലധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.ഫോട്ടോഗ്രാഫര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും വേണ്ടിയുള്ളതാണ് പ്രീമാജിക്കെന്ന് കമ്പനിയുടെ സ്ഥാപകന്‍ അനൂപ് മോഹന്‍ പറഞ്ഞു.2019 ലെ ലണ്ടന്‍ ടെക് വീക്കില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച കമ്പനിയാണ് പ്രീമാജിക്. കേരള സര്‍ക്കാരിന്റെ സ്കെയില്‍ അപ് ഗ്രാന്റും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് വെളിയില്‍ പ്രവര്‍ത്തിക്കുന്ന ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ തങ്ങളുടെ കാല്‍വയ്പ് പ്രേരകമാകുമെന്ന് കരുതുന്നതായും അനൂപ് പറഞ്ഞു.