Top

'മഹ' ചുഴലിക്കാറ്റ് 'ഓഖി'ക്ക് സമാനം; അപൂര്‍വ്വ പ്രതിഭാസമായ 'ഫ്യൂജിവോറ ഇഫക്ട്' ഭയന്ന് കലാവസ്ഥാ വിദഗ്ധര്‍

അറബിക്കടലില്‍ ആദ്യമായി രണ്ട് ചുഴലികള്‍ ഒന്നിച്ച്. 'ക്യാര്‍' ചുഴലിക്കാറ്റിന് പുറമെ 'മഹ' ചുഴലിക്കാറ്റും രൂപപ്പെട്ടതോടെ അറബിക്കടലും ചരിത്രപരമായ അപൂര്‍വ പ്രതിഭാസത്തിന് വഴി മാറി. പസഫിക് മഹാസമുദ്രത്തിലുള്‍പ്പെടെ ഇടക്കിടെ ഉണ്ടാവാറുള്ള പ്രതിഭാസം അറബിക്കടലില്‍ ആദ്യമായാണ് സംഭവിക്കുന്നത്. 'ഫ്യൂജിവോറ ഇഫക്ട്'(Fujiwhara effect) സംഭവിക്കുമോ എന്നതിലേക്കാണ് ശാസ്ത്ര ലോകം ഉറ്റു നോക്കുന്നത്. രണ്ട് ചുഴലിക്കാറ്റുകള്‍ ഒന്നായി മാറുന്ന 'ഫ്യൂജിവോറ ഇഫക്ട്' അറബിക്കടലില്‍ സംഭവിക്കാനുള്ള സാധ്യതകളാണ് നിലവില്‍ ഉള്ളതെന്ന് ദുരന്ത നിവാരണ അതോറിറ്റിയിലെ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. അതി തീവ്ര ചുഴലിക്കാറ്റാണ് നിലവില്‍ ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

സൂപ്പര്‍ സൈക്ലോണായ ക്യാര്‍ നിലവില്‍ ദുര്‍ബലമായി തുടങ്ങി. എന്നാല്‍ അതേസമയം അപ്രതീക്ഷിതമായി 'മഹ' ചുഴലിക്കാറ്റ് രൂപപ്പെടുകയും പടിഞ്ഞാറന്‍ ദിശയില്‍ അതിവേഗം സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. കാറ്റിന്റെ വേഗതയും ഗതിയും രേഖപ്പെടുത്തുമ്പോള്‍ അതിതീവ്ര ചുഴലിക്കാറ്റായാണ് 'മഹ' രൂപം കൊണ്ടിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ദ്ധന്‍ ഫഹദ് മര്‍സൂക് പറയുന്നു. ഒരേ സമയം അറബിക്കടലില്‍ ഇത്രയും വലിയ സൈക്ലോണ്‍ സിസ്റ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ' രണ്ട് ചുഴലികള്‍ ഒന്നിച്ച് ഉണ്ടാവുക എന്നത് അറബിക്കടലില്‍ ഇതേവരെ കാണാത്ത കാര്യമാണ്. രണ്ട് ചുഴലികള്‍ ഉണ്ടായതിനേക്കാള്‍ വലിയ സിസ്റ്റം ഉണ്ടായി വരും എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അത് ഫ്യൂജിവോറ ഇഫക്ട് ആണ്. ക്യാര്‍ ദുര്‍ബലമാവുകയും മഹാ ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ അത് സംഭവിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇത്രയും വലിയ സിസ്റ്റം അറബിക്കടലില്‍ ഉണ്ടായിട്ടില്ല. രണ്ട് ചുഴലികളും ഒന്ന് ചേര്‍ന്നാല്‍ അത് കൂടുതല്‍ ശക്തി പ്രാപിക്കും. എന്നാല്‍ അടുത്ത ദിവസത്തോടെ ക്യാര്‍ കൂടുതല്‍ ദുര്‍ബലപ്പെടുകയും 'മഹ' ദുര്‍ബലപ്പെടാനുള്ള സാധ്യതകളും നിലനില്‍ക്കുന്നതിനാല്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് കരുതുന്നത്.'

ഒരേ സമയം ഒരു സമുദ്രത്തില്‍ രണ്ട് സൈക്ലോണ്‍ സിസ്റ്റങ്ങള്‍ രൂപപ്പെടുമ്പോഴാണ് സാധാരണ ഫ്യൂജിവോറ ഇഫക്ട് സംഭവിക്കുക. ഒരു സൈക്ലോണ്‍ സിസ്റ്റം ദുര്‍ബലപ്പെടുകയും മറ്റൊന്ന് ശക്തമായി തുടരുകയും ചെയ്യുമ്പോള്‍ ദുര്‍ബലമായ സൈക്ലോണ്‍ സിസ്റ്റം ശക്തമായതിലേക്ക് ഒരു പ്രത്യേക ബിന്ദുവിലേക്ക് കൂടിച്ചേരുന്നതാണ് 'ഫ്യൂജിവോറ ഇഫക്ട്'. ജാപ്പനീസ് ശാസ്ത്രജ്ഞനായ ഫ്യൂജിവോറയാണ് ഈ പ്രതിഭാസം ആദ്യം നിരീക്ഷിച്ചത് എന്നതിനാല്‍ ഈ പ്രതിഭാസത്തിന് ആ പേര് ലഭിച്ചത്. രണ്ട് സൈക്ലോണുകള്‍ തമ്മില്‍ 1200 കിലോ മീറ്ററില്‍ കുറവ് അകലമാണെങ്കിലേ ഫ്യൂജി വോറ ഇഫക്ട് സംഭവിക്കാനുള്ള സാധ്യതയുള്ളൂ എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

'ക്യാര്‍' ശക്തമായി രൂപം കൊണ്ടത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും എന്ന നിരീക്ഷണം കാലാവസ്ഥാ വിദഗ്ദ്ധര്‍ പങ്കുവച്ചിരുന്നു. യെമന്‍, ഒമാന്‍ തീരങ്ങളില്‍ വലിയ തോതില്‍ അടിച്ചേക്കാവുന്ന കാറ്റ്, എന്നാല്‍ കടലില്‍ തന്നെ വീശിയടിച്ച് ദുര്‍ബലപ്പെടുകയായിരുന്നു. പ്രവചനത്തിന് പോലും സാധ്യതയില്ലാത്ത തരത്തിലായിരുന്നു 'മഹ' ചുഴലിയുടെ രൂപം കൊള്ളല്‍. അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ട് വരുകയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് വളരെ ചുരുങ്ങിയ സമയം കൊണ്ട് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുകയും പിന്നീട് ചുഴലിയായി രൂപാന്തരപ്പെടുകയുമായിരുന്നു. പ്രവചന സാധ്യതകളെ അപ്രസക്തമാക്കിക്കൊണ്ടാണ് 'മഹ' രൂപപ്പെട്ടതെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഓഫ് അറ്റ്‌മോസ്ഫിയറിക് സയന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് പറഞ്ഞു. ' മുമ്പ് സൈക്ലോണ്‍ രൂപപ്പെട്ട് വരുന്നത് പ്രവചന സാധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സാധ്യതകള്‍ കുറയുകയാണ്. ഒരു ദിവസം കൊണ്ട് ന്യൂനമര്‍ദ്ദം, അതിശക്തമായ ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റ് എന്ന നിലയിലേക്ക് ഒരു സിസ്റ്റം ഡവലപ് ചെയ്യുന്നത് സാധാരണ സംഭവിക്കാറുള്ളതല്ല. സമുദ്രോപരിതലത്തിലെ താപനില കൂടിയിരിക്കുന്നതിനാല്‍ നവംബര്‍ മാസം അവസാനം വരെ ന്യൂനമര്‍ദ്ദങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഏത് രീതിയിലായിരിക്കും സിസ്റ്റം ഡവലപ് ചെയ്ത് വരിക എന്ന് പറയുക അസാധ്യമാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന 'മഹാ' ചുഴലിക്കാറ്റ് തന്നെ അതി വേഗത്തില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കേരള തീരത്ത് 'മഹ' ചുഴലി കൊണ്ട് അപകടമില്ല. പടിഞ്ഞാറ് മാറിയാണ് സൈക്ലോണ്‍ സിസ്റ്റം ഉണ്ടായിരിക്കുന്നത്. എന്നാല്‍ 'ഓഖി' രൂപപ്പെട്ട സ്ഥലത്തായിരുന്നു ഇത് ഉണ്ടായതെങ്കില്‍ കേരളത്തെ കാര്യമായി തന്നെ ബാധിക്കുമായിരുന്നു. 'ക്യാര്‍' രൂപപ്പെടലിനെ അല്‍പ്പം ആശങ്കയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ അത് കേരളത്തെ ബാധിക്കാതെ നീങ്ങി. എന്നാല്‍ ഏത് സമയവും മാറ്റം വരാവുന്ന സ്വഭാവമാണ് ഓരോ സിസ്റ്റവും കാണിക്കുന്നതെന്നതിനാല്‍ പ്രവചനങ്ങള്‍ ഒരു പരിധി വരെ അസാധ്യമാവുകയാണ്.'

'മഹ' 'ഓഖി'ക്ക് സമാനം

കേരളത്തില്‍ ആഞ്ഞടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയ, ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ എടുത്ത 'ഓഖി' ചുഴലിക്കാറ്റിന് സമാനമാണ് നിലവില്‍ അറബിക്കടലില്‍ ഉടലെടുത്ത ' മഹ' എന്ന് ദുരന്ത നിവാരണ സേനയിലെ കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. കേരള തീരത്തെ 'മഹ' ബാധിക്കാനിടയില്ലെങ്കിലും കടലില്‍ അതിശക്തമായി രൂപപ്പെട്ടിരിക്കുന്ന കാറ്റ് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതാണ്. ' ശക്തമായ ന്യൂനമര്‍ദ്ദം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. എന്നാല്‍ കേരള തീരം ശാന്തമായതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ പലരും കടലില്‍ പോവാനെത്തിയിരുന്നു. അറസ്റ്റ് ചെയ്തും പേടിപ്പിച്ചും തിരിച്ചയച്ചതിനാലാണ് രക്ഷപെട്ടത്. അല്ലെങ്കില്‍ ഓഖിയേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുമായിരുന്നു' അതോറിറ്റിയിലെ വിദഗ്ദ്ധര്‍ പറഞ്ഞു. കഴിഞ്ഞ 130 വര്‍ഷത്തിനിടെ ആറ് ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതില്‍ രണ്ട് ചുഴലി മാത്രമാണ് കേരളത്തില്‍ കരയിലേക്കെത്തി നാശം വിതച്ചത്. സാധാരണ ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ അതിരുകളിലാണ് നാശം വിതക്കുക എന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. അതിനാല്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലിലുണ്ടാവുന്ന ചുഴലിയായിരിക്കും കേരളത്തിലുള്‍പ്പെടെ നാശമുണ്ടാക്കുക. അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലികള്‍ യെമന്‍, ഒമാന്‍ തീരങ്ങളിലേക്കാണ് സാധാരണ സഞ്ചരിക്കാറ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാറ്റിന്റെ ഗതി ഏത് ദിശയിലേക്കും മാറാമെന്നും ശക്തി പ്രാപിക്കാമെന്നുമിരിക്കെ സൈക്ലോണ്‍ സിസ്റ്റം ഏത് ദിശയില്‍ സഞ്ചരിക്കുമെന്ന് മുന്‍കൂട്ടി പറയല്‍ ബുദ്ധിമുട്ടാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ന്യൂനമര്‍ദ്ദങ്ങള്‍ തുടരാനിട

അറബിക്കടലിന്റെ മുകള്‍ പാളി ക്രമാതീതമായി ചൂട് പിടിച്ചതോടെ കാലാവസ്ഥയിലും കാര്യമായ വ്യത്യാസങ്ങളാണ് ഉണ്ടായത്. ജൂണ്‍ മാസത്തില്‍ എത്തേണ്ട മണ്‍സൂണിനെ തടഞ്ഞത് മുതല്‍ അത് ശ്രദ്ധേയമാണ്. മണ്‍സൂണ്‍ സിസ്റ്റം രൂപപ്പെട്ട് വരുന്നതിനിടയിലാണ് ' വായു' ചുഴലിക്കാറ്റ് രൂപപ്പെട്ടത്. അത്തരത്തില്‍ സൈക്ലോണ്‍ സിസ്റ്റം രൂപപ്പെടാനുള്ള സമയമല്ല അതെന്നിരിക്കെ സമുദ്രോപരിതലത്തിലെ ചൂടേറിയത് അത്തരത്തില്‍ ഒരു മാറ്റത്തിന് വഴി വച്ചു. മണ്‍സൂണ്‍ കഴിഞ്ഞാല്‍ സാധാരണ അറബിക്കടല്‍ തണുത്ത് തുടങ്ങുമെങ്കിലും ഇത്തവണ അതുണ്ടായില്ല. ചൂടേറിയ വര്‍ഷമായിരുന്നു കഴിഞ്ഞത്. കടലും ക്രമേണ ചൂടു പിടിച്ച് ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റും രൂപപ്പെടാനുള്ള സാഹചര്യങ്ങളിലേക്ക് എത്തി. ഒക്ടോബര്‍, നവംബര്‍ കാലയളവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റും രൂപംകൊള്ളുക സാധാരണമാണ്. എന്നാല്‍ അറബിക്കടലില്‍ ഈ മാസങ്ങളില്‍ തുര്‍ച്ചയായ ന്യൂനമര്‍ദ്ദങ്ങളും ചുഴലിയും രൂപം കൊള്ളുന്നതിന് കാരണം കടലിലെ മേല്‍ പാളി ചൂട് പിടിച്ചിരിക്കുന്ന അവസ്ഥയില്‍ തുടരുന്നതാണ്. ഡിസംബര്‍ പകുതി വരെ ഈ അവസ്ഥ തുടരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇക്കാലയളവിനുള്ളില്‍ അടിക്കടി ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളാനുള്ള സാധ്യതകളും ഇവര്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളാനിടയുണ്ട്. ഇത് കേരളത്തില്‍ മഴ ലഭിക്കുന്നതിന് കാരണമാവുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

തിര ഉയരും

രണ്ട് ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റുകള്‍ ദുര്‍ബലപ്പെടുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നു. കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും ശക്തമായ കാറ്റും മഴയും ലഭ്യമാവുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലും തീരപ്രദേശത്തും ശക്തമായ കാറ്റുണ്ടാവും. അതീവ ജാഗ്രത പാലിക്കാനാണ് അതോറിറ്റിയുടെ നിര്‍ദ്ദേശം. എന്നാല്‍ ചുഴലി ദുര്‍ബലപ്പെട്ട് കഴിയുമ്പോള്‍ ചെല്ലാനം പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ തിരയിളക്കം അതിരൂക്ഷമാവാനുള്ള സാധ്യത അധികൃതര്‍ പങ്കുവക്കുന്നു. 3.1 മുതല്‍ നാല് മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കും. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കായിരിക്കും ഇതിന്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരിക. തിരമാല ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ബീച്ചിലേക്കുള്ള പോക്ക് പരമാവധി ഒഴിവാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.


Next Story

Related Stories