TopTop
Begin typing your search above and press return to search.

കളിതമാശ പറഞ്ഞിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല; എന്നാല്‍ നുണ പറയുമ്പോഴോ? പഠനങ്ങള്‍ പറയുന്നത് എന്താണ്?

കളിതമാശ പറഞ്ഞിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല; എന്നാല്‍ നുണ പറയുമ്പോഴോ? പഠനങ്ങള്‍ പറയുന്നത് എന്താണ്?

സമയം പോയതറിഞ്ഞില്ല. കളിതമാശകള്‍ പറഞ്ഞിരിക്കുമ്പോള്‍ പൊതുവില്‍ പറഞ്ഞുപോരാറുള്ളതാണിത്. നമ്മള്‍ അത്യന്തം സന്തോഷഭരിതമായിരിക്കുമ്പോള്‍, ചങ്ങാതിമാരുമായും കൂട്ടാളികളുമായിട്ടും കളിതമാശകള്‍ പറഞ്ഞിരിക്കെ വളരെ വേഗത്തിലാകും സമയം കടന്നുപോകുകയെന്ന കാര്യം മനശാസ്ത്ര ഗവേഷകരും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്.

പക്ഷെ നുണ പറയുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്കിലും മറച്ചുവെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സമയം ഏതു തരത്തിലാവും ഒരാള്‍ക്ക് അനുഭവപ്പെടുക? അത് ഇഴഞ്ഞുവലിഞ്ഞു പോകുന്നതുപോലെ അനുഭവപ്പെടും. സെക്കന്റുകള്‍ക്കുപോലും വലിയ ദൈര്‍ഘ്യം തോന്നും. നില്‍ക്കുന്നേടത്തുനിന്നും എവിടേയ്‌ക്കെങ്കിലും ഓടിപ്പോയെങ്കിലെന്ത് എന്നുപോലും ചിന്തിച്ചുപോകും. എങ്ങനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാല്‍ മതി. സാധാരണ നിലയില്‍ പലര്‍ക്കും തോന്നിയിട്ടുള്ളതാണിത്. എന്നാല്‍ ഇക്കാര്യത്തിന് ശാസ്ത്രീയാടിത്തറയുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ മനശാസ്ത്ര ഗവേഷകര്‍.

സമയവും കാലവും എങ്ങനെയാണ് നുണ പറയുന്നവര്‍ക്കുമുന്നില്‍ അനുഭവമായി തീരുക? ഇത്തരം പഠനത്തിനായി ഇറങ്ങിത്തിരിച്ചത് ഗവേഷകരായ ഇസുമി മത്സുദായും ഹിരോഷി നിട്ടോണോയുമാണ്. ജപ്പാനിലെ അയയോമ സര്‍വകലാശാലയിലെ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറാണ് ജപ്പാനിലെ നാഷണല്‍ റിസര്‍ച്ച് ഇനിസ്റ്റിറ്റിയൂട്ട് ഓഫ് പോലീസ് സയന്‍സിലെ ഗവേഷകന്‍ കൂടിയായിരുന്ന ഇസുമി. ഒസാക്ക സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറാണ് ഹിരോഷി. ഇവരുടെ പഠനം ' നിങ്ങള്‍ എന്തെങ്കിലും മറച്ചുവെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സമയം കടന്നുപോകുന്നത് മെല്ലെയാകും' (Time Passes Slowly When You Are Concealing Something) എന്ന ശീര്‍ഷകത്തില്‍ ഇവര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ ബയോളജിക്കല്‍ സൈക്കോളജി ജേര്‍ണലിലും സൈപോസ്റ്റിലും പ്രസിദ്ധീകരിക്കുകയുണ്ടായി.

കളിച്ചും ചിരിച്ചും ഉല്ലസിച്ചും ഇരിക്കുമ്പോള്‍ സമയം പറന്നുപോകുമെന്ന് നേരത്തെ നടത്തിയ പഠങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ നുണ പറയുകയോ എന്തെങ്കിലും മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്യുമ്പോള്‍ ഏതുതരത്തിലാവും സമയം ആളുകള്‍ക്ക് അനുഭവവേദ്യമാകുക? ഇതേക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടക്കാത്ത പശ്ചാത്തലത്തിലാണ് അക്കാര്യം മനസ്സിലാക്കാന്‍ ശ്രമിച്ചത്. ഇസുമിയും ഹിരോഷിയും ചൂണ്ടിക്കാട്ടി.

36 ബിരുദ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ലബോറട്ടറിക്കകത്ത് നടത്തിയ പരീക്ഷണങ്ങളാണ് ഗവേഷകരെ ഈ കണ്ടെത്തലുകളിലേക്ക് എത്തിച്ചത്. പരീക്ഷണത്തിന്റെ ഭാഗമാണെന്നു അറിയിക്കാതെ വിദ്യാര്‍ത്ഥികളെ ലബോറട്ടറിയില്‍ നിന്നും ചില സാധനസാമഗ്രികള്‍ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചു. അക്കാര്യം വിജയകരമായി മറച്ചുവെച്ചാല്‍ 500 ജാപ്പനീസ് യെന്‍ പ്രതിഫലമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നിവരെ ഓരോരുത്തരേയും കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ ഇരുത്തി മോഷ്ടിച്ചവ അടക്കമുള്ള ഏതാനും ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു സെറ്റ് ഇമേജുകള്‍ ആവര്‍ത്തിച്ചു കാണിച്ചിട്ട് നിങ്ങളിതു മോഷ്ടിച്ചുവോയെന്ന് ആരാഞ്ഞു. പിന്നെ മോഷ്ടിച്ച വസ്തുക്കള്‍ ഇല്ലാത്ത ഒരു സെറ്റ് ചിത്രങ്ങളും കാണിച്ചു. ഇത്തരത്തില്‍ കുറ്റബോധം ഉണ്ടാകുന്ന സാഹചര്യങ്ങളും(guilty conditions) നിഷ്‌കളങ്ക സാഹചര്യങ്ങളും(innocent conditions) മാറിമാറി സൃഷ്ടിച്ചായിരുന്നു പഠനം നടത്തിയത്.

ഓരോ ഘട്ടത്തിലുമുള്ള വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തി. സ്‌കിന്‍ കണ്ടക്ടര്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ഓരോ വ്യക്തിയ്ക്കുമുണ്ടാകുന്ന ശാരീരിക വികാരക്ഷോഭങ്ങള്‍ മനസ്സിലാക്കി. കണ്‍സീല്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെസ്റ്റും പോളിഗ്രാഫ് സങ്കേതങ്ങളും അടിസ്ഥാനപ്പെടുത്തി മനോവ്യാപാരങ്ങളും നിരീക്ഷിച്ചു. ഇത്തരത്തില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവേഷകര്‍ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.

കംപ്യൂട്ടര്‍ സ്‌ക്രീനില്‍ മോഷ്ടിച്ച വസ്തുക്കളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈകാരികക്ഷോഭം ഉണ്ടായി. കുറ്റബോധമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിഷ്‌കളങ്ക സാഹചര്യങ്ങളേക്കാള്‍ സമയ പ്രവാഹത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യം അനുഭവപ്പെടുന്ന കാര്യവും പഠനത്തില്‍ തെളിഞ്ഞു. പ്രതികരണങ്ങള്‍ പുറത്തുവരുന്ന സമയത്തിലും ഈ വ്യതിയാനം പ്രത്യക്ഷമായി.

നിങ്ങള്‍ എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സമയപ്രവാഹത്തിന് സാധാരണയേക്കാള്‍ കൂടുതല്‍ ദൈര്‍ഘ്യം തോന്നും. വികാരക്ഷോഭങ്ങള്‍ സൃഷ്ടിയ്ക്കുന്ന സവിശേഷമായ ജാഗ്രതാവസ്ഥയാണ് അതിനു കാരണം. ഈ അവസ്ഥയില്‍ മറയ്ക്കണമെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമല്ല, എന്തുതന്നെ മുന്നിലെത്തിയാലും നിങ്ങളുടെ പ്രതികരണം സമാനമായിരിക്കും-ഗവേഷകര്‍ വിശദീകരിക്കുന്നു. ലബോറട്ടറയ്ക്കത്തെ പ്രത്യേക സാഹചര്യങ്ങളിലാണ് പഠനം നടത്തിയത്. യാഥാര്‍ത്ഥ ലോകത്തില്‍ ഇതില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമെന്നാണ് ഗവേഷകരുടെ അനുമാനം പക്ഷെ ഈ കണ്ടെത്തലുകളെ സാമാന്യവല്‍ക്കരിയ്ക്കുന്നതിനു മുന്‍പു കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ട കാര്യവും അവര്‍ ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories