TopTop
Begin typing your search above and press return to search.

ലോക്ക് ഡൗണ്‍ എഫക്റ്റ്-ശല്യം ചെയ്യാന്‍ ആരുമെത്തിയില്ല, ഇരവികുളത്ത് പിറന്നത് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടി വരയാടുകള്‍

ലോക്ക് ഡൗണ്‍ എഫക്റ്റ്-ശല്യം ചെയ്യാന്‍ ആരുമെത്തിയില്ല, ഇരവികുളത്ത് പിറന്നത് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടി വരയാടുകള്‍

ലോക്ക് ഡൗണ്‍ കാലത്ത് ഇരവികുളം നാഷ്ണല്‍ പാര്‍ക്കില്‍ നിന്നും ലഭിക്കുന്നത് സന്തോഷ വാര്‍ത്തയാണ്. ഈ കാലത്ത് പുതിയ 155 വരയാടിന്‍ കുഞ്ഞുങ്ങളാണ് ഇരവികുളം നാഷ്ണല്‍ പാര്‍ക്കില്‍ ജനിച്ചു വീണിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ഇരവികുളം നാഷ്ണല്‍ പാര്‍ക്കിലേക്ക് സഞ്ചാരികള്‍ എത്തിയിരുന്നില്ല. അതുമൂലം സൃഷ്ടിക്കപ്പെട്ട അന്തരീക്ഷമാണ് ഇത്രയും ജനനത്തിന് കാരണം എന്നാണ് അധികൃതര്‍ പറയുന്നത്.

2019 ല്‍ 81, 2018 ല്‍ 75, 2017 ല്‍ 87 എന്നിങ്ങനെയാണ് വരയാടുകളുടെ ജനന കണക്ക്. ദേശീയ ഉദ്യാനത്തിനുള്ളിലെ രാജമല സാധാരണയായി ജനുവരി പകുതി മുതല്‍ ഏപ്രില്‍ വരെ വരയാടുകളുടെ പ്രസവ കാലത്തോടനുബന്ധിച്ച് അടച്ചിടുകയാണ് പതിവ്. ലോക്ക് ഡൗണായതിനാല്‍ തന്നെ ഇനിയും ദേശീയോദ്യാനം തുറന്നിട്ടില്ല

പുതിയ 155 വരയാടുകളുടെ വരവോടെ ഇരവികുളം നാഷ്ണല്‍ പാര്‍ക്കിലെ വരയാടുകളുടെ എണ്ണം 726 ആയി ഉയര്‍ന്നു. ഏപ്രില്‍ 20 മുതല്‍ 24 വരെ അഞ്ച് ദിവസങ്ങളിലായി നടന്ന സര്‍വേയിലാണ് ഈ പുതിയ കണ്ടെത്തല്‍. സാധാരണ സര്‍ക്കാരിതര സംഘടനകളും വനം വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സര്‍വേ നടത്താറുള്ളത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ഇത്തവണ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സര്‍വേയില്‍ പങ്കെടുത്തത്.

തമിഴ് നാടിന്റെ സംസ്ഥാന മൃഗമായ വരയാട് നീലഗിരി കുന്നുകളില്‍, പശ്ചിമഘട്ടത്തിന്റെ പാലക്കാട് മുതല്‍ ഇടുക്കി വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളില്‍ കണ്ടുവരുന്നു. നീലഗിരി കുന്നുകളില്‍ മാത്രം കണ്ടുവരുന്നതിനാല്‍ തന്നെ നീലഗിരി താര്‍ എന്നാണ് ഇവയെ ഇംഗ്ലീഷില്‍ വിളിക്കുന്നത്. നീല്‍ഗിരിട്രാഗസ് ഹൈലോക്രിയസ് (Nilgiritragus hylocrisu) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.

ഇരവികുളം ദേശീയോദ്യാനത്തില്‍ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളില്‍ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു. ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ലിസ്റ്റില്‍ പെടുന്ന വംശനാശം നേരിടുന്ന ജീവി വര്‍ഗമാണ് ഇവ. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഒന്നാം പട്ടികയിലും ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ചില പ്രദേശങ്ങളിലും ഗവിയിലും ചെറിയതോതില്‍ വരയാടു സമൂഹങ്ങളെ കാണുന്നുണ്ട്.


Next Story

Related Stories