Top

കോശത്തിലെ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള ഗവേഷണത്തിന് നൊബേല്‍; മൂന്ന് പേര്‍ പങ്കിടും

കോശത്തിലെ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള ഗവേഷണത്തിന് നൊബേല്‍; മൂന്ന് പേര്‍ പങ്കിടും

2019ലെ ശരീരശാസ്ത്രം / വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വീഡീഷ് അക്കാദമി പ്രഖ്യാപിച്ചു. ഹൈപോഷ്യയെ സംബന്ധിച്ച് ഗവേഷണം നടത്തിയ ഡോ. വില്ല്യം ജി കെലിന്‍, ഡോ. ഗ്രേഗ് എല്‍ സെമന്‍സ, ഡോ. പീറ്റര്‍ ജെ റാറ്റ്ക്ലിഫ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഓക്‌സിജന്‍ കോശത്തിലേക്ക് എത്തുന്നതിന്റെ ലഭ്യത കുറവിനെയാണ് ഹൈപോഷ്യ എന്ന് വിളിക്കുന്നത്. 1901-ല്‍ ആരംഭിച്ചത് മുതല്‍ ഈ വിഭാഗത്തിലെ 110-ാമത്തെ പുരസ്‌കാരമാണിത്.

പുരസ്‌കാരത്തിനൊപ്പമുള്ള 9 മില്യണ്‍ ക്രോണര്‍ (ഏകദേശം ആറരക്കോടി രൂപ) മൂവരും തുല്യമായി പങ്കിടുമെന്ന് സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് പേരും നടത്തിയ കണ്ടെത്തലുകള്‍ക്ക് ഫിസിയോളജിയില്‍ (ശരീരശാസ്ത്രം) വളരെ പ്രാധാന്യമുണ്ടെന്നും കൂടാതെ വിളര്‍ച്ച, കാന്‍സര്‍, മറ്റ് പല രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെയും പോരാടുന്നതിന് പുതിയ കണ്ടെത്തലുകള്‍ സഹായിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

ആല്‍ഫ്രഡ് ബെണ്‍ഹാര്‍ട് നോബേലിന്റെ വില്‍പത്ര പ്രകാരം രൂപപ്പെടുത്തിയ ഈ പുരസ്‌കാരത്തിന്റെ സാര്‍വ്വലൗകികമായ സ്വീകാര്യത കഴിഞ്ഞ കുറെവര്‍ഷങ്ങളായി പതിനെട്ടംഗ സ്വീഡിഷ് അക്കാദമി സമിതി തകിടം മറിച്ചുവെന്ന ആരോപണം ശക്തമാണ്. വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. അതു കൂടി ചേര്‍ത്ത് ഇത്തവണ രണ്ട് നോബേല്‍ സാഹിത്യ പുരസ്‌ക്കാരങ്ങളാകും പ്രഖ്യാപിക്കുക. നോബേല്‍ അക്കാദമിയെ ബാധിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന പുരുഷ - യൂറോ കേന്ദ്രീകൃത സമീപനങ്ങള്‍ ഒഴിവാക്കി, എല്ലാ വിവാദങ്ങള്‍ക്കപ്പുറമുള്ള സാഹിത്യ പുരസ്‌ക്കാരമായിരിക്കും ഇത്തവണ പ്രഖ്യാപിക്കുകയെന്നാണ് സാഹിത്യ ലോകം പ്രതീക്ഷിക്കുന്നത്.



Next Story

Related Stories