TopTop
Begin typing your search above and press return to search.

നിരോധനത്തിന് ശേഷം അടിമുടി മാറ്റവുമായി പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുന്നു

നിരോധനത്തിന് ശേഷം അടിമുടി മാറ്റവുമായി പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുന്നു

'പബ്ജി മൊബൈല്‍ ഇന്ത്യ' എന്ന പേരില്‍ പുതിയ ഗെയിം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പബ്ജി മൊബൈല്‍ ഡെവലപ്പേഴ്‌സ്. ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പബ്ജി ഗെയിമാണിതെന്നും കമ്പനി അറിയിച്ചു. പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്ന ടെന്‍സന്റ് ഗെയിംസുമായുള്ള കരാര്‍ പബ്ജി കോര്‍പ്പറേഷന്‍ പൂര്‍ണമായും അവസാനിപ്പിച്ചതിനാല്‍ ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള ആക്‌സസ് അവസാനിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും, ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത നിരവധി പേര്‍ക്ക് ഗെയിം ഇപ്പോഴും പ്ലേ ചെയ്യാനാകും.

ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായി തയാറാക്കിയ 'പബ്ജി മൊബൈല്‍ ഇന്ത്യ' ഉപയോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നിനൊപ്പം പ്രാദേശിക ചട്ടങ്ങള്‍ പാലിക്കുകയും ചെയ്യുന്നതാണ്, പ്രഖ്യാപനത്തില്‍ പറയുന്നു. ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോറേജ് സിസ്റ്റങ്ങളില്‍ പതിവായി ഓഡിറ്റുകളും പരിശോധനകളും നടക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പറയുന്നു. ഡാറ്റ സ്റ്റോറേജ് സംവിധാനങ്ങളില്‍ കമ്പനി നിരന്തരമായ പരിശോധന നടത്തുകയും ഡേറ്റ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇതോടൊപ്പം ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം എത്തുക. പ്രാദേശികമായ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാകും ഉള്ളടക്കം മെച്ചപ്പെടുത്തുക. ഗെയിമിലെ കഥാപാത്രങ്ങള്‍, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വിര്‍ച്വല്‍ സിമുലേഷന്‍ ട്രെയിനിങ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും പുതിയ ഗെയിമിലുണ്ടാകും.

ഉപയോക്താക്കളുമായി ആശയവിനിമയവും ഗെയിമിങ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്. പബ്ജി കോര്‍പ്പറേഷനും മാതൃകമ്പനിയായ ക്രാഫ്‌റ്റോണും ഇന്ത്യയില്‍ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിക്കുന്നത്. പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്‌പോര്‍ട്‌സ്, വിനോദം, ഐടി മേഖലകളിലായിരിക്കും കമ്പനി പണംമുടക്കുക. അതേസമയം പുതിയ ഗെയിം പുറത്തിറക്കുന്ന തീയതി കമ്പനി വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. പബ്ജി കോര്‍പ്പറേഷന്‍ കൊറിയന്‍ കമ്പനിയാണെങ്കിലും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ചൈനീസ് കമ്പനിയായ ടെന്‍സെന്റായിരുന്നു. ഇതാണ് നിരോധനത്തിന് കാരണമായത്.


Next Story

Related Stories