TopTop
Begin typing your search above and press return to search.

സമുദ്രനിരപ്പ് ഉയരുന്നത് അതിവേഗത്തിൽ, 2050 ഓടെ 300 ദശലക്ഷത്തോളം പേരെ ബാധിക്കും

സമുദ്രനിരപ്പ് ഉയരുന്നത് അതിവേഗത്തിൽ, 2050 ഓടെ 300 ദശലക്ഷത്തോളം പേരെ ബാധിക്കും

കാർബൺ എമിഷന്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും തീരദേശ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ നിലവിൽ 300 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന പ്രദേശങ്ങളില്‍ 2050 ഓടെ വർഷത്തിൽ ഒരിക്കലെങ്കിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഗവേഷകര്‍. സമുദ്രനിരപ്പ് ഉയരുന്നത് മുമ്പ് വിശ്വസിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടിയിലധികം ആളുകൾ ഭീഷണി നേരിടുന്നുവെന്നും പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്ളത്. നേരത്തേ കരുതിയതിനെകാള്‍ 80 ദശലക്ഷത്തോളം പേരെ അധികമായി ബാധിക്കുമെന്നാണ് പുതിയ അനുമാനം.

ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളുടെ ഭൂപ്രകൃതിയെക്കുറിച്ചുള്ള കൂടുതൽ സങ്കീർണ്ണമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗവേഷണങ്ങള്‍ നടത്തിയത്. സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചിരുന്നു നേരത്തെ നടന്ന പഠനങ്ങള്‍. അത്തരം ഡാറ്റകള്‍ ഉയരമുള്ള കെട്ടിടങ്ങളും മരങ്ങളും കാരണം ഭൂമിയുടെ ഉയരത്തെ അമിതമായി കണക്കാക്കും. കൃത്രിമബുദ്ധി ഉപയോഗിച്ചു (artificial intelligence) കൊണ്ടാണ് അത്തരം തെറ്റായ അനുമാനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത്.

നാസ നടത്തിയ മുമ്പത്തെ പഠനത്തിൽ നിന്നുള്ള ഈ ഭീമമായ വ്യത്യാസം ഞെട്ടിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു. ‘നമ്മുടെ ജീവിതകാലത്തുതന്നെ നഗരങ്ങൾ, സമ്പദ്‌വ്യവസ്ഥകൾ, തീരപ്രദേശങ്ങൾ തുടങ്ങി ആഗോളതലത്തിലുള്ള മുഴുവൻ പ്രദേശങ്ങളും മാറ്റി മറിയ്ക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ശക്തിയാണ് ഈ വിലയിരുത്തലുകൾ കാണിച്ചു തരുന്നതെന്ന്’ പഠനത്തിന്റെ പ്രധാന രചയിതാവും ക്ലൈമറ്റ് സെൻട്രലിലെ മുതിർന്ന ശാസ്ത്രജ്ഞനുമായ സ്കോട്ട് കുൽപ് പറഞ്ഞു.

ഏറ്റവും വലിയ മാറ്റം ഉണ്ടാകാന്‍ പോകുന്നത് ലോക ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്ന ഏഷ്യയിലാണ്. 2050-ഓടെ വാർഷിക വെള്ളപ്പൊക്ക സാധ്യത ബംഗ്ലാദേശിൽ എട്ടിരട്ടിയോളവും, ഇന്ത്യയിൽ ഏഴിരട്ടിയും, ചൈനയിൽ മൂന്നിരട്ടിയും വര്‍ധിക്കും. ഇന്തോനേഷ്യ ഇതിനകംതന്നെ കനത്ത ഭീഷണി നേരിടുന്നുണ്ട്. തലസ്ഥാന നഗരം ജക്കാർത്തയിൽ നിന്ന് മാറ്റാനുള്ള പദ്ധതി സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്തോനേഷ്യയിൽ മാത്രം 23 ദശലക്ഷം ആളുകളാണ് അപകടസാധ്യത നേരിടുന്നതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 5 ദശലക്ഷത്തോളം പേരെ ബാധിക്കുമെന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.

വിയറ്റ്നാമിലെ 20 ദശലക്ഷത്തിലധികം ആളുകൾ, ജനസംഖ്യയുടെ നാലിലൊന്ന്, സമീപഭാവിയില്‍തന്നെ മുങ്ങിയേക്കാവുന്ന ഭൂമിയിലാണ് താമസിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ ഹോ ചി മിൻ സിറ്റിയുടെ ഭൂരിഭാഗവും അപ്രത്യക്ഷമാകും. തായ്‌ലൻഡിൽ പത്തു ശതമാനം ജനങ്ങളെ 2050 ഓടെ വെള്ളപ്പൊക്കം ബാധിക്കും. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളായ ചൈനയിലെ ഷാങ്ഹായിയും ഇന്തയിലെ മുംബൈയും മുങ്ങും. അതുകൊണ്ട് എല്ലാറ്റിനുമുപരിയായി, പൗരന്മാരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അടിയന്തിരമായി ആലോചിച്ചു തുടങ്ങണമെന്നും പഠനം നിര്‍ദേശിക്കുന്നു.


Next Story

Related Stories