Top

ചന്ദ്രന്‍മാരുടെ എണ്ണത്തില്‍ ശനി വ്യാഴത്തെ തോല്‍പ്പിച്ചു

ചന്ദ്രന്‍മാരുടെ എണ്ണത്തില്‍ ശനി വ്യാഴത്തെ തോല്‍പ്പിച്ചു

സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന റെക്കോര്‍ഡ് ഇനിമുതല്‍ ശനിക്ക് സ്വന്തം. നിരവധി വളയങ്ങളുള്ള ശനിയെ 20 പാറക്കൂട്ടങ്ങള്‍ കൂടി പരിക്രമണം ചെയ്യുന്നതായി ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. അതോടെ ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം 82 ആയി ഉയര്‍ന്നു. 79 ഉപഗ്രഹങ്ങളാണ് വ്യാഴത്തെ പരിക്രമണം ചെയ്യുന്നത്. സൂര്യനില്‍ നിന്ന് അഞ്ചാമത്തേതും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹവുമാണ് വ്യാഴം. സൂര്യനില്‍ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി, വ്യാഴത്തിനു ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്.

'വലിയ ആവേശത്തോടെയാണ് ശനിയെ വലയംവെക്കുന്ന കൂടുതല്‍ ഉപഗ്രഹങ്ങള്‍ കണ്ടെത്തിയതെന്ന്' നിരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാഷിംഗ്ടണ്‍ ഡിസിയിലെ കാര്‍നെഗീ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സയന്‍സിലെ ജ്യോതിശാസ്ത്രജ്ഞനായ സ്‌കോട്ട് ഷെപ്പാര്‍ഡ് പറഞ്ഞു. ഈ ഉപഗ്രഹങ്ങള്‍ ശനിയില്‍നിന്നും വളരെ അകലെയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹവായിയിലെ മൌനാ കിയയിയില്‍ സ്ഥാപിച്ചിട്ടുള്ള സുബാരു ദൂരദര്‍ശിനി പകര്‍ത്തിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രങ്ങളെ പുതിയ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചപ്പോഴാണ് കൂടുതല്‍ ഉപഗ്രങ്ങള്‍ ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെടുന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് നിശ്ചല നക്ഷത്രങ്ങളും താരാപഥങ്ങളും ഗ്രഹത്തെ ചുറ്റിപ്പറ്റിയുള്ള ഉപഗ്രഹങ്ങളും തമ്മില്‍ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞത്.

വളരെയധികം പ്രസിദ്ധമാണ് ശനിയുടെ വളയങ്ങള്‍. അതാണ് ശനിയെ സൗരയൂഥത്തിലെ ഏറ്റവും പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന വസ്തുവാക്കി മാറ്റുന്നതും. ശനിയുടെ മധ്യരേഖയില്‍ നിന്നും 6,630 കിലോമീറ്റര്‍ ഉയരം മുതല്‍ 120,700 കിലോമീറ്റര്‍ ഉയരം വരെ ശരാശരി 20 മീറ്റര്‍ കനത്തോടുകൂടി ഇവ കിടക്കുന്നു, ഇവയുടെ ഘടകങ്ങളില്‍ 93 ശതമാനവും ജലഹിമമാണ്. ഈ വളയങ്ങളുടെ രൂപീകരണത്തെപ്പറ്റി രണ്ട് സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ആദ്യ സിദ്ധാന്തമനുസരിച്ച് ഈ വളയങ്ങള്‍ ശനിയുടെ തകര്‍ന്ന ഉപഗ്രഹാവശിഷ്ടങ്ങളില്‍ നിന്നും ഉണ്ടായതാണ്. ശനി രൂപപ്പെട്ട നെബുലയിലെ ബാക്കിയുള്ള ഭാഗത്തില്‍ നിന്നും രൂപം കൊണ്ടതാണ് ഈ വളയങ്ങളെന്നാണ് രണ്ടാമത്തെ സിദ്ധാന്തം ഉന്നയിക്കുന്നത്.

ഇതുവരെ കുറഞ്ഞത് 62 ഉപഗ്രഹങ്ങളെങ്കിലും ശനിക്കുണ്ടെന്നായിരുന്നു ധാരണ. അതാണ് ഇപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നത്. ടൈറ്റനാണ് ഏറ്റവും വലിയ ഉപഗ്രഹം, ശനിക്കുചുറ്റിലുമുള്ള എല്ലാ ഉപഗ്രഹങ്ങളുടേയും വളയങ്ങളുടേയും മൊത്തം പിണ്ഡത്തിന്റെ 90 ശതമാനവും ടൈറ്റനിലാണ്.



Next Story

Related Stories